മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
ഇന്ന് സംസ്ഥാനത്ത് 6820 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 26 പേര് മരണമടഞ്ഞു. 84,087 പേര് നിലവില്‍ ചികിത്സയിലുണ്ട്. 5935 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 730 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 60 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 61,388 സാമ്പിളുകള്‍ പരിശോധന നടത്തി. 7699 പേര് രോഗമുക്തരായി.
കേരളത്തില്‍ ഒരേസമയം ചികിത്സിയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി വന്നത് ഒക്ടോബര്‍ 24നാണ്. 97,417 പേര് ആ ദിവസം ചികിത്സയിലുണ്ടായിരുന്നു. അതിനു ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു വരുന്നതായാണ് കാണുന്നത്.
ഓരോ ദിവസത്തേയും കണക്ക് തൊട്ടുമുന്‍പുള്ള ആഴ്ചയിലെ അതാതു ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1 മുതല്‍ 10 ശതമാനം വരെ കുറവു കാണുന്നുണ്ട്. ഇന്നലത്തെ കണക്കുകള്‍ നോക്കിയാല്‍ കഴിഞ്ഞ ചൊവ്വാഴ്ചയിലെ ആക്റ്റീവ് കേസുകളേക്കാള്‍ 10 ശതമാനത്തോളം കുറവാണ്. ഇത്തരത്തിലുള്ള പ്രവണത ഇത്രയധികം ദിവസങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നത് ആദ്യമായാണ്.
ഈ കണക്കുകള്‍ കാണുമ്പോള്‍ രോഗം പതുക്കെ പിന്‍വലിയുകയാണോ എന്നൊരു തോന്നല്‍ നമുക്ക് വന്നേക്കാം. അതിന്റെ ഭാഗമായി മുന്‍കരുതകലുകളില്‍ വീഴ്ച വരുത്താനും സാദ്ധ്യതയുണ്ട്. അത്തരമൊരു അനാസ്ഥയിലേയ്ക്ക് പോയിക്കൂടാ. നിരവധി സ്ഥലങ്ങളില്‍ രോഗം ഒരു തവണ ഉച്ചസ്ഥായിയില്‍ എത്തിയതിനു ശേഷം ഇടവേള പിന്നിട്ട് വീണ്ടും ആദ്യത്തേക്കാള്‍ മോശമായ രീതിയില്‍ പീക്ക് ചെയ്യുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അതുപോലൊരു സാഹചര്യമുടലെടുത്താല്‍ രോഗമേല്‍പ്പിക്കുന്ന ആഘാതം നിയന്ത്രണാതീതമായി വളരും.
കോവിഡ് മാറുന്ന ആളുകളില്‍ രോഗസമയത്ത് ഉടലെടുത്ത വിഷമതകള്‍ മരണകാരണമായേക്കാം. ചിലരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാനോ, ഹൃദയാഘാതത്തിലേയ്ക്ക് നയിക്കാനോ സാധ്യതയുണ്ടാകാം. അല്ലെങ്കില്‍ രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും. അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണമുണ്ടാകുന്ന അവശതകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പോസ്റ്റ്കോവിഡ് സിന്‍ഡ്രോം എന്ന അവസ്ഥ ചെറുതല്ലാത്ത ഒരു ശതമാനം ആളുകളിലും കാണുന്നുണ്ട്. അതിനാല്‍ മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ നിസ്സാരവല്ക്കരിക്കാന് ആരും തയ്യാറാകരുത്.
കേസുകള്‍ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മുടെ ജാഗ്രത കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ നിര്‍ബാധം തുടരേണ്ടതാണ്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാനും ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പെയ്ന് കരുതലോടെ മുന്നോട്ടു കൊണ്ടുപോകാനും ശ്രദ്ധിക്കണം. കോവിഡ് ബാധിച്ച ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം ആളുകളെ നമ്മുടെ മുന്‍കരുതലുകള്‍ കാരണം കോവിഡ് വരാതെ കാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മള് ഓരോരുത്തരും കാണിക്കുന്ന ജാഗ്രത നിരവധി മനുഷ്യരുടെ ജീവനാണ് സുരക്ഷിതമാക്കുന്നത്.
കോവിഡ് മുക്തി നേടിയവര്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം അവസ്ഥയുള്ളവരുടെ പരിശോധനകള്‍ക്കായുള്ള പ്രത്യേക സംവിധാനമാണീത്. എല്ലാ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 2 വരെയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും റഫറല്‍ ക്ളിനിക്കുകളും പ്രവര്‍ത്തിക്കും.
തൊഴില്‍ നേട്ടം
നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങള്‍ എന്ന ലക്ഷ്യം മറികടന്ന വിവരം സസന്തോഷം പ്രഖ്യാപിക്കുകയാണ്. രണ്ടു മാസം പിന്നിടുമ്പോള്‍ 61,290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. അഭിമാനകരമായ ആ നേട്ടം കരസ്ഥമാക്കാന്‍ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ഇന്ന് പുതിയൊരു ലക്ഷ്യവും കൂടി നിശ്ചയിക്കുകയാണ്. ഡിസംബര്‍ അവസാനിക്കുന്നതിനു മുമ്പ് മറ്റൊരു അമ്പതിനായിരം തൊഴിലവസരം കൂടി സൃഷ്ടിക്കും. അങ്ങനെ നാലു മാസം കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍.
സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ 19,607 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടും. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നോ എടുത്ത വായ്പയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുള്ള സംരംഭങ്ങളില്‍ 41,683 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
സംരംഭകത്വ മേഖലയില്‍ ഏറ്റവും വലിയ തൊഴില്‍ദാതാവ് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ ക്വാട്ട 15,000 ആയിരുന്നു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി 19,135 പേര്‍ക്ക് കുടുംബശ്രീ തൊഴില്‍ നല്കി. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളിലാണ് 6965 പേര്. സെപ്തംബറിനുശേഷം തുടങ്ങിയ ജനകീയ ഹോട്ടലുകളില്‍ 613 പേര്‍ക്ക്. ഹോം ഷോപ്പികളിലും വിപണന കിയോസ്കുകളിലുമായി 2620 പേര്. മൃഗസംരക്ഷണത്തില്‍ 2153 പേര്. 1503 പേര് കാര്‍ഷിക മൂല്യവര്‍ദ്ധിത സംരംഭങ്ങളിലാണ്. തൊഴിലവസര സൃഷ്ടിക്കുവേണ്ടി അതിവിപുലമായ ഒരു പരിപാടിയാണ് കുടുംബശ്രീ ആവിഷ്കരിച്ചിട്ടുള്ളത്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് താല്‍പ്പര്യമുള്ളവരുടെ പൊതുഅവബോധ പരിശീലനം നടത്തുവാന്‍ പോവുകയാണ്. അയല്‍ക്കൂട്ടങ്ങളില്‍ നടത്തിയ കാമ്പയിന്റെ ഭാഗമായി ഒരുലക്ഷത്തിലേറെ പേര് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതു പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംരംഭകത്വ പരിശീലനമോ നൈപുണി പോഷണമോ നല്‍കും. കെഎഫ്സിയില് നിന്ന് വായ്പയും കുടുംബശ്രീയുടെ സഹായവും ലഭ്യമാക്കും.
സംരംഭകത്വ മേഖലയില്‍ 12,325 തൊഴിലുകള്‍ വ്യവസായ ഡയറക്ടറേറ്റ് സൃഷ്ടിച്ചു. കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി 1.01 ലക്ഷം പേര്‍ക്ക് 4525 കോടി രൂപ അധികവായ്പയായി ലഭിച്ചതില്‍ 1200 അധിക തൊഴില്‍ കണക്കാക്കപ്പെടുന്നു. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴിയുള്ള വ്യവസായ യൂണിറ്റുകളും കേരള എംഎസ്എംഇ ഫെസിലിറ്റേഷന്‍ ആക്ടിനു കീഴില്‍ ആരംഭിച്ച യൂണിറ്റുകളും ഉള്‍പ്പെടെയാണ് ഇത്രയും തൊഴിലുകള്‍ സൃഷ്ടിച്ചിട്ടുള്ളത്.
കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് മുഖേന വായ്പയെടുത്ത 500 സംരംഭങ്ങളില്‍ 1602 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഇതുപോലെ പിന്നാക്ക സമുദായ കോര്‍പറേഷന്റെ സംരംഭക വായ്പയില്‍ നിന്ന് 1490ഉം സഹകരണ സംഘങ്ങള്‍ നല്കിയ വായ്പയില്‍ നിന്ന് 4030ഉം മത്സ്യബന്ധന വകുപ്പില്‍ നിന്നുള്ള വായ്പയുടെ അടിസ്ഥാനത്തില്‍ 842ഉം പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനുകളിലും മറ്റുമായി 782 പേര്‍ക്ക് ജോലി ലഭിച്ചു.
ഇതിനുപുറമേ, നേരിട്ട് ജോലി നല്‍കിയതില്‍ മുന്നില്‍ നില്‍ക്കുന്നത് സപ്ലൈകോ ആണ്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പില്‍ 7900ല്‍പ്പരം പേര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ പായ്ക്കു ചെയ്യുന്നതിന് സെപ്തംബര്‍ മുതല്‍ താല്‍ക്കാലിക ജോലി നല്‍കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പില്‍ 4962 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതില്‍ എയിഡഡ് സ്കൂളുകളിലെ 3139ഉം ഹയര്‍ സെക്കന്‍ഡറിയിലെ 92ഉം വിഎച്ച്എസ് സിയിലെ 23ഉം നിയമനങ്ങള്‍ ഉള്‍പ്പെടുന്നു.
കെഎസ്എഫ്ഇയില്‍ 774 പേര്‍ക്ക് പിഎസ്സി വഴി നിയമനം ലഭിച്ചു. ആരോഗ്യവകുപ്പില്‍ 3069 പേര്‍ക്കാണ് ജോലി ലഭിച്ചത്. ഇതില്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റിലെ 2491 താല്‍ക്കാലിക നിയമനങ്ങളും ഉള്‍പ്പെടും.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ 453 പേര്‍ക്ക് ജോലി ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ 180 പേര്‍ക്കും.
കാര്‍ഷികേതര മേഖലയില്‍ ഓരോ തദ്ദേശ ഭരണസ്ഥാപനങ്ങളിലും 1000 പേര്‍ക്കുവീതം തൊഴില്‍ നല്‍കുന്നതിന് ഒരു പരിപാടി ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. അപ്രതീക്ഷിതമായി ഉണ്ടായ കോവിഡ് സംഭവവികാസങ്ങള്‍ ഈ പരിപാടിയ്ക്ക് വിലങ്ങുതടിയായി. ഈയൊരു സാഹചര്യത്തിലാണ് 100 ഇന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ 100 ദിവസം കൊണ്ട് കാര്‍ഷികേതര മേഖലയില്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് ലോകമെങ്ങും തൊഴിലവസരങ്ങള്‍ കുറയുമ്പോള്‍ നാം കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃക കാട്ടുന്നത് അഭിമാനകരമായ നേട്ടമാണ്.
അതോടൊപ്പം സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായും കാര്‍ഷിക, മത്സ്യമേഖലകളില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതിനു പുറമെ കാര്‍ഷികേതര മേഖലയിലും തൊഴിലവസരങ്ങളുണ്ടാകും.
സര്‍ക്കാര്‍ നിലപാട്
ആശ്വാസം പകരുന്ന നടപടികള്‍ കൈക്കൊള്ളുകയും നാടിന്റെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാനായി അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുകയും ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് നാടിന്റെ താല്പര്യങ്ങള്ക്ക് അനുകൂലമായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്തത്. അതിന്റെ ഫലമായാണ് നിസ്സാന്‍, എയര്‍ ബസ്, ടെക്ക് മഹീന്ദ്ര തുടങ്ങിയ വന്‍കിട സംരംഭങ്ങള്‍ കേരളത്തില്‍ കാലുകുത്തിയത്. ഇതോടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് നമ്മുടെ നാട്ടില്‍ തന്നെ തൊഴില്‍ ലഭ്യമാകുന്ന അവസ്ഥയാണ് സംജാതമായത്. വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ച് ഈ മഹാമാരിയുടെ ഘട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികള്‍ക്കുള്‍പ്പെടെ ആശ്വാസം പകരാന്‍ കഴിയുന്ന നിലയിലേക്ക് വ്യവസായ മേഖലയെ മെച്ചപ്പെടുത്തുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഇന്റര്‍നെറ്റ് അതിവേഗത്തിലാണ് നമുക്കിടയില്‍ സ്ഥാനമുറപ്പിച്ചത്. ഭക്ഷണവും വെള്ളവും പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി ഇന്നത് മാറിക്കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് ഈ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ ഓരോ വീട്ടിലും വൈദ്യുതി പോലെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ-ഫോണ്‍ പദ്ധതി വിഭാവനം ചെയ്തത്.
അതുപോലെ തന്നെ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ മറ്റൊരു പ്രധാന പദ്ധതിയാണ് ഇ-മൊബിലിറ്റി. വായുമലിനീകരണവും കാര്‍ബണ്‍ ഇന്ധനങ്ങളുടെ ഉപഭോഗവും കുറയ്ക്കുന്നതിന് ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. അതിന്റെ ഭാഗമായി ഘട്ടംഘട്ടമായി കേരളത്തിലെ പൊതുവാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളായി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ നയം അംഗീകരിച്ചിട്ടുണ്ട്. ഈ നയം അനുസരിച്ച് 2025നകം 3000 ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഇതിന്റെ ഭാഗമായാണ് പ്രവാസി മലയാളികളുടെ കൂടി പ്രരണയില്‍ പ്രധാന ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മ്മാതാക്കളായ സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള ഹെസ് കേരളത്തില്‍ മുതല്‍ മുടക്കാന്‍ താല്പര്യം പ്രകടിപ്പിച്ചത്. ഇതിന്റെ ധാരണാപത്രം വിവിധ തലങ്ങളില്‍ നിയമപരമായ പരിശോധനയിലാണ്. 51 ശതമാനം ഹെസ്സിനും 49 ശതമാനം കെ.എ.എല്ലിനും ഓഹരിയുള്ള സംയുക്ത സംരംഭം വഴി കെഎസ്ആര്‍ടിസിക്ക് ആവശ്യമായ മൂവായിരം ബസ്സുകള്‍ കേരളത്തില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.
അഞ്ചുവര്‍ഷത്തോളം ചുവപ്പ് നാടയില്‍ കുടുങ്ങികിടന്ന ടെക്നോപാര്‍ക്ക് ടോറസ് ഡൗണ്‍ ടൗണ്‍ പദ്ധതി അക്ഷരാര്‍ത്ഥത്തില്‍ ഐടി മേഖലയ്ക്ക് പുതുജീവന്‍ നല്‍കുന്നതാണ്. ഇതിലൂടെ 1500 കോടി രൂപയുടെ നിക്ഷേപമാണ് എത്തുന്നത്. 20 ഏക്കറിലെ പദ്ധതിയില്‍ 50 ലക്ഷം ചതുരശ്ര അടി ബില്ടപ്പ് ഏരിയ ഉണ്ടാകും. ഐടി സ്പേസ് മാത്രം 12.3 ഏക്കറിലായി 33 ലക്ഷം ചതുരശ്ര അടിയാണ്. യുഎസിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സും ഇന്ത്യയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ എംബസി ഗ്രൂപ്പിന്റെ എംബസി പ്രോപ്പര്‍ട്ടി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നുള്ള ജോയിന്റ് വെഞ്ച്വര്‍ കമ്പനിയാണ് ഈ കമ്പനി യാഥാര്‍ത്ഥ്യമാക്കുന്നത്.
ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനം യാഥാര്‍ത്ഥ്യമാക്കുന്നതും കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതും ഇവിടെ തൊഴിലുകള്‍ സൃഷ്ടിക്കുന്നതുമായ സുപ്രധാന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വെക്കാനാണ് ഒരു കൂട്ടരുടെ ശ്രമം. അതിന്റെ ഭാഗമായാണ് കേരള സമൂഹത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാ എന്ന് ഉറപ്പുവരുത്തുന്ന കെ-ഫോണ്‍ എന്ന സുപ്രധാന പദ്ധതിയെ അടക്കം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
അതിനായി ഇവിടത്തെ പ്രതിപക്ഷ കക്ഷികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ്. ചില നിക്ഷിപ്ത താല്പര്യക്കാര് അവ ഏറ്റുപിടിച്ച് പൊതുസമൂഹത്തില്‍ ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇവയുടെയൊക്കെ ചുവടുപറ്റിക്കൊണ്ട് ചില കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ കഴിയുമോ എന്നു കൂടി ശ്രമിക്കുകയാണ്.
ഈ നാട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചുമതലയേറ്റവരാണ് ഞങ്ങള്‍ എന്നും ഈ നാട്ടുകാരുടെ പ്രശ്നങ്ങളാണ് ഞങ്ങളെ അലട്ടുന്നതെന്നും വിവാദങ്ങളുടെ പുറകെ പോകാന്‍ ഞങ്ങളില്ലാ എന്നും അവയുടെയൊക്കെ ഇടയിലും സംസ്ഥാനത്തിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കി മുന്നോട്ടു പോകുമെന്നും ഈ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതു തന്നെയാണ് പറയാനുള്ളത്. ഒരു ശക്തിക്കും ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്ന് ഞങ്ങളെ പിന്തിരിക്കാന് കഴിയില്ല. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ കൊടുത്തിട്ടുള്ള ഉറപ്പാണ്. ജനങ്ങള്‍ ഏല്‍പ്പിച്ച ചുമതല നിറവേറ്റുന്നതാണ്.
നാടിന്റെ കുതിപ്പിന് സഹായകമായ പദ്ധതികളെ തുരങ്കംവെച്ചും അവയ്ക്കെതിരെ അപവാദം പറഞ്ഞും അവയെ നാടുകടത്തിയും ഹീനമായ രാഷ്ട്രീയം കളിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറാകണം. എന്തിനാണ് ഈ പദ്ധതികള്‍. അത് നടപ്പിലായാല്‍ നാടിനാകെ ഗുണമാണ്. അത് മനസ്സിലാണമെന്നാണ് അത്തരമാളുകളോട് പറയാനുള്ളത്.
ഉദ്ഘാടനങ്ങള്‍
ഇന്നലെ പ്രധാനപ്പെട്ട ചില ഉദ്ഘാടനങ്ങള്‍ നടന്നു. ജനസൗഹൃദപരമായ ഒരു സേവനത്തിന് തുടക്കമെന്ന നിലയില്‍ ‘എന്റെ ജില്ല’ എന്ന മൊബൈല്‍ ആപ്പ് ആരംഭിച്ചു. ഇതിലൂടെ ഓരോ ജില്ലയിലെയും 10 പ്രധാനപ്പെട്ട ഓഫീസുകള്‍ പൊതുജനങ്ങളുമായി ബന്ധിപ്പിച്ചു. ഓഫീസുകളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങള്‍ക്ക് ഈ ആപ്പിലൂടെ ബന്ധപ്പെടാനും, അവരുടെ സേവനങ്ങള്‍ തൃപ്തികരമാണോ അല്ലയോ എന്ന് വിലയിരുത്താനുമുള്ള സംവിധാനവും ഇതിലുണ്ട്.
ജില്ലാ കലക്ടറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം കണക്കാക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ സമര്‍പ്പിക്കാന്‍ കഴിയും. ഇന്ത്യയിലെ മികച്ച ഭരണനിര്‍വ്വഹണം നടത്തുന്ന സംസ്ഥാനം എന്ന അംഗീകാരം കേരളത്തിന് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു സംവിധാനം അതിന് കൂടൂതല്‍ ആക്കം കൂട്ടുകയാണ് ചെയ്യുക.
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളിലൊന്നാണ് വില്ലേജ് ഓഫീസുകള്‍. ദിനംപ്രതി ഒട്ടേറെപ്പേരാണ് നിരവധിയായ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നത്.
മെച്ചപ്പെട്ട കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ചേര്‍ന്ന നിരവധി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ സംസ്ഥാനത്ത് സജ്ജമായിക്കഴിഞ്ഞു. പുതുതായി അഞ്ചെണ്ണം കൂടി ഉദ്ഘാടനം ചെയ്തു. 159 ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനവും നടന്നു. ഇവ കൂടി പൂര്‍ത്തിയാകുന്നതോടെ, സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ എണ്ണം 305 ആകും.
പട്ടയം
1,63,610 കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമിയായിരിക്കുന്നു. ജീവിതത്തില്‍ സ്വന്തമായി ഭൂമി ആഗ്രഹിച്ചു വര്‍ഷങ്ങളായി നിന്നവര്‍ക്കാണ് സര്‍ക്കാര്‍ പട്ടയം ലഭ്യമാക്കിയത്. 6526 പട്ടയങ്ങള്‍ വിതരണം ചെയ്തു. മുന്‍ കാലത്തേക്കാള്‍ റെക്കോര്‍ഡ് പട്ടയമാണ് ഈ സര്‍ക്കാര്‍ വിതരണം ചെയ്തത്.
അര്‍ഹരായ ആളുകള്‍ക്ക് പട്ടയം നല്‍കുക എന്നത് ഈ സര്‍ക്കാര്‍ ഏറ്റെടുത്ത അതീവ പ്രധാന്യമുള്ള ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. കാലങ്ങളായി സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയിലെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന വലിയ വിഭാഗം ജനതയ്ക്ക് പട്ടയം നല്കാന് ഈ സര്‍ക്കാരിനായിട്ടുണ്ട്. ഇച്ഛാശക്തിയോടെ നടത്തിയ ഭരണനടപടികളും ചട്ടഭേദഗതികളുമാണ് ഇതിന് കാരണമായത്.
ഈ കോവിഡ് കാലത്തും ഭൂരഹിതരായവര്‍ക്ക് ഭൂമിയും, ഭവനങ്ങളും നല്കി സുരക്ഷിത ജീവിതമൊരുക്കാന്‍ ആവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.
പൊതുവിദ്യാഭ്യാസം
നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. പുതുതായി നിര്‍മിച്ച 46 സ്കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു. 79 സ്കൂള്‍ കെട്ടിടങ്ങള്‍ക്കുള്ള ശിലാസ്ഥാപനവും നിര്‍വഹിച്ചു. മുമ്പ് രണ്ടു ഘട്ടങ്ങളിലായി 124 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു.
പിണറായി എ.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കന്റി സ്കൂളില്‍ രണ്ടുകോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഗെയില്‍ കമ്പനിയുടെ പൊതുനډ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
ആലപ്പുഴ പൈതൃക പദ്ധതി
ആലപ്പുഴ പട്ടണത്തെ പുനരുജ്ജീവിപ്പിക്കാനും പട്ടണത്തിന്റെ സുവര്‍ണകാലം വീണ്ടെടുക്കാനുമുള്ള ആലപ്പുഴ പൈതൃക പദ്ധതിയുടെ നാല് ഘട്ടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഒമ്പത് പുതിയ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും നടത്തി.
20 മ്യൂസിയങ്ങള്‍, 11 സ്മാരകങ്ങള്‍, 5 പൊതുഇടങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണ, നവീകരണ, സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് പൈതൃക പദ്ധതി വഴി നടപ്പാക്കുന്നത്.
പോര്‍ട്ട് മ്യൂസിയത്തിനു വേണ്ടി നിര്‍മിച്ച കെട്ടിടം, 30 കോടി രൂപ ചെലവില്‍ നടത്തിയ കനാലുകളുടെ ഒന്നാംഘട്ട പുനരുദ്ധാരണത്തിന്റെ പൂര്‍ത്തീകരണം, ശൗക്കര് മസ്ജിദ് നവീകരിച്ച് സംരക്ഷിത ആരാധനാകേന്ദ്രമാക്കി മാറ്റിയത്, പോര്‍ട്ട് മ്യൂസിയത്തിനു സമീപത്തായി മിയാവാക്കി വനം നിര്‍മിക്കുന്ന പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയാണ് യാഥാര്‍ത്ഥ്യമായത്.
നാലുകോടി രൂപ ചെലവില്‍ ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യവല്‍ക്കരണം, കടല്‍പ്പാലത്തിന്റെ പുനരുദ്ധാരണം, മരിടൈം സിഗ്നല്‍ മ്യൂസിയത്തിന്റെ നിര്‍മാണം, സേത്ത് ബ്രദേഴ്സ് കമ്പനിയുടെ രത്ന പണ്ടകശാല നവീകരിച്ച് ഹെറിറ്റേജ് മ്യൂസിയമാക്കുന്ന പദ്ധതി, സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനുവേണ്ടി നിര്‍മിക്കുന്ന പുതിയ കെട്ടിടം, കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയത്തിന്റെ നിര്‍മാണം, 14 കോടി രൂപ ചെലവില്‍ നടത്തുന്ന രണ്ടാംഘട്ട കനാല്‍ പുനരുദ്ധാരണ പദ്ധതി, ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ സ്മരണയ്ക്കായി കൊച്ചി രൂപത എഡി 1888ല്‍ സ്ഥാപിച്ച ലിയോ സ്കൂള്‍ കെട്ടിട സമുച്ചയം സംരക്ഷിച്ച് സ്മാരകമായി നിലനിര്‍ത്തുന്ന പദ്ധതി എന്നിവയുടെ നിര്‍മാണമാണ് ആരംഭിച്ചത്.
പെരുമണ്‍ പാലം
കൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമണ്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. പനയം, മണ്‍റോതുരുത്ത് നിവാസികള്‍ നിലവില്‍ അഷ്ടമുടിക്കായലിലൂടെ കടത്തിന്റെ സഹായത്താലാണ് ഇരു പ്രദേശങ്ങളിലേക്കും യാത്രചെയ്യുന്നത്. ഈ യാത്രാക്ലേശത്തിന് അറുതിവരുത്താനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ പാലം വിഭാവനം ചെയ്തത്.
കിഫ്ബിയില്‍ നിന്നും 42 കോടി രൂപ ചെലവഴിച്ചാണ് അഷ്ടമുടിക്കായലിനു കുറുകെ 396 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലം നിര്‍മിക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള പാക്കേജിനും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ ഡിസൈനില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാവും പാലം നിര്‍മിക്കുക. പാലത്തിന്റെ പൂര്‍ത്തീകരണത്തോടെ കൊല്ലത്ത് നിന്നും മണ്‍റോതുരുത്തിലേക്കുളള ദൂരം 10 കിലോമീറ്ററോളം കുറയും.
കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി
കാര്‍ഷികരംഗത്ത് യന്ത്രവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനായി കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി അഥവാ സബ്മിഷന് ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ ആരംഭിച്ചു. വിവിധ കാരണങ്ങളാല്‍ ഉല്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ കൃഷി ലാഭകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് യന്ത്രോപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിന് വ്യക്തിഗത ആനുകൂല്യം നല്‍കും. സംരംഭകര്‍ക്കും അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, സഹകരണ സംഘങ്ങള്‍, ഗ്രാമ പഞ്ചായത്തുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് തുടങ്ങിയവയ്ക്കും കാര്‍ഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിങ് സെന്ററുകള്‍ അഥവാ വാടക കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനാണ് ആനുകൂല്യം നല്‍കുന്നത്.
എരുമക്കുഴി ഉദ്യാനം
തിരുവനന്തപുരം നഗരത്തിന്റെ മാറ്റത്തിന്റെ പ്രതീകമാണ് എരുമക്കുഴിയില്‍ ഉദ്ഘാടനം ചെയ്ത സډതി ഉദ്യാനം. മാലിന്യ സംസ്കരണത്തിന്റെയും, മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന്റെയും കേന്ദ്രമായിരുന്ന സ്ഥലം ഇന്ന് പൂന്തോട്ടമായി മാറിയിരിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് ഈ മാലിന്യകേന്ദ്രത്തെ ഇത്തരത്തില്‍ മാറ്റിയെടുത്തത്.
തളിപ്പറമ്പ് വുഡ് ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍
തളിപ്പറമ്പ് വുഡ് ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍, ധര്‍മ്മടം മണ്ഡലത്തിലെ പിണറായി കണ്വെന്ഷന് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും ഇന്നലെ നിര്‍വഹിച്ചു.
ഇന്നത്തെ ഉദ്ഘാടനങ്ങള്‍
നെല്‍കൃഷിയ്ക്കനുയോജ്യമായ വയലുകളുടെ ഉടമസ്ഥര്‍ക്ക് റോയല്‍റ്റി വിതരണം ചെയ്യുന്ന പദ്ധതിക്ക് ഇന്ന് തുടക്കമായി. അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് പണമായിത്തന്നെ നിക്ഷേപിക്കുകയാണ്. നാട്ടിലെ നെല്‍കൃഷി നഷ്ടമാണ് എന്ന പേരില്‍ കൃഷിനിലം തരിശിടുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ഈ പദ്ധതി കാര്‍ഷിക കേരളത്തിന്റെ മുഖച്ഛായ മാറ്റാനുള്ള ഈ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ഇടപെടലുകളുടെ തുടര്‍ച്ചയാണിത്.
3909 കര്‍ഷകര്‍ക്കുള്ള ആനുകൂല്യത്തിന്റെ വിതരണമാണ് നടന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് ഇത്രയും ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിക്കായി ഉപയുക്തമാക്കുകയും ചെയ്യുന്ന നിലം ഉടമകള്‍ക്കാണ് ഈ പദ്ധതിപ്രകാരം സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത്.
അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കില്‍ ഓരോ സാമ്പത്തിക വര്‍ഷവും റോയല്‍റ്റി ലഭിക്കും.
നിലവില്‍ നെല്‍കൃഷി ചെയ്യുന്ന എല്ലാ ഭൂഉടമകളും ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ ഹൃസ്വകാലവിളകള്‍ കൃഷി ചെയ്യുന്ന നിലമുടമകള്‍ക്കും റോയല്‍റ്റി അനുവദിക്കും. നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്നവര്‍ സ്വന്തമായോ, ഏജന്‍സികള്‍ മുഖേനയോ കൃഷിക്കായി ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലും ഈ ആനുകൂല്യം നല്‍കും. ഈ പദ്ധതിക്കായി 400 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.
ആധുനിക കയര്‍പിരി യന്ത്രങ്ങള്‍
100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 100 കയര്‍ സഹകരണ സംഘങ്ങളില്‍ ആധുനിക കയര്‍പിരി യന്ത്രങ്ങള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം വിചാരിച്ചതിലും വേഗത്തില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഏതാണ്ട് 75 ദിവസംകൊണ്ട് 100 സഹകരണ സംഘങ്ങള്‍ യന്ത്രവല്‍കൃത തൊഴില്‍ശാലകളായി മാറി. ഈ യന്ത്രവല്‍കൃത ഫാക്ടറികളുടെ കൂടി ഉല്പാദനത്തിന്റെ ഫലമായി അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നമ്മുടെ സംസ്ഥാനത്തെ കയറുല്പാദനം 8 ലക്ഷം ക്വിന്റലായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഷ്ടപ്പെട്ട ആ പ്രൗഢി തിരിച്ചുപിടിച്ച് കയര്‍ വ്യവസായ മേഖല സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹൈടെക് കൃഷി
പച്ചക്കറിയുടേയും പുഷ്പ വിളകളുടേയും ഹൈടെക് കൃഷിസാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിന്, ഇന്‍ഡോ-ഡച്ച് കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഒരു മികവിന്റെ കേന്ദ്രം (സെന്റര്‍ ഓഫ് എക്സെലന്‍സ്), കേരളത്തില്‍ സ്ഥാപിതമാവുകയാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയിലെ അമ്പലവയലിലുള്ള പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കാമ്പസിലാണ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
പച്ചക്കറി കൃഷിയിലും പുഷ്പകൃഷിയിലും മികച്ച സാങ്കേതിക വിദ്യകള്‍ അവലംബിച്ചു വരുന്ന നെതര്ലന്റുമായുള്ള സഹകരണത്തിലൂടെ, അത്തരം സാങ്കേതിക വിദ്യകള്‍ നമ്മുടെ നാട്ടിലെത്തിച്ച് കര്‍ഷകര്‍ക്ക് പകര്ന്നുനല്കാന് ഈ മികവിന്റെ കേന്ദ്രത്തിലൂടെ സാധിക്കും. സുഭിക്ഷ കേരളം പോലെ കാര്‍ഷിക സ്വയംപര്യാപ്തത നേടാന്‍ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഈ ഘട്ടത്തില്‍ ഈ കേന്ദ്രം നമ്മുടെ സംസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടാകും.