Month: January 2021

വാര്‍ത്താകുറിപ്പ്: 28-01-2021

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 5771 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 19 പേര്‍ മരണമടഞ്ഞു. 72,392 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 5228 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 410 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 45 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 58,472 സാമ്പിളുകള്‍ പരിശോധന നടത്തി. 5594 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകള്‍ കൂടി വരുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലേയ്ക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ രോഗവിമുക്തരുടെ എണ്ണം രോഗികളുടെ എണ്ണത്തിനു തുല്യമോ കൂടുതലോ ആയിരുന്ന സ്ഥിതിയില്‍ എത്തിയിരുന്നു. നേരത്തെ ഉണ്ടായിട്ടുള്ളത്ര വ്യാപകമായ വര്‍ദ്ധനവില്ലെങ്കിലും രോഗവിമുക്തരേക്കാള്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടുന്ന ഒരു സാഹചര്യം വന്നിട്ടുണ്ട്. തികഞ്ഞ ജാഗ്രതയോടെ നമ്മള്‍ സമീപിക്കേണ്ട കാര്യമാണിതെന്നതില്‍ സംശയമില്ല.

കേരളത്തില്‍ കേസ് പെര്‍ മില്യണ്‍ ഇതുവരെ 25,762.11 ആണ്. മിക്ക സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണിത്. അതെ സമയം 2,67,648.74 ആണ് നമ്മുടെ ടെസ്റ്റ് പെര്‍ മില്യണ്‍. മിക്ക സംസ്ഥാനങ്ങളേക്കാളും കൂടുതലാണ് നമ്മള്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം. എന്നാലും അത് ഇനിയും വര്‍ധിപ്പിക്കണം എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കേരളത്തില്‍ മറ്റു പല സ്ഥലങ്ങളേക്കാള്‍ ഉയര്‍ന്നിരിക്കുന്നു. എന്നാല്‍, മരണസംഖ്യ താരതമ്യേന കുറവാണ്. പത്തു ലക്ഷത്തില്‍ 104.32 പേരാണ് കേരളത്തില്‍ മരിച്ചത്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ഈ സംഖ്യ ഇവിടത്തേക്കാള്‍ ഉയര്‍ന്ന നിലയിലാണ്. കേസ് ഫെറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞിരിക്കുന്ന സംസ്ഥാനവും കേരളം തന്നെ. 0.4 ശതമാനം മാത്രമാണ് കേരളത്തിലെ കേസ് ഫെറ്റാലിറ്റി റേറ്റ്.

ഈ മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ ഒരാഴ്ചയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടായതായി കാണാന്‍ സാധിക്കും. ജനുവരി 4നും 10നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 35,296 ആയിരുന്നു. ജനുവരി 11 മുതലുള്ള ആഴ്ചയില്‍ അത് 36,700 ആയും, ജനുവരി 18 മുതലുള്ള ആഴ്ചയില്‍ സമയത്ത് അത് 42,430 ആയും ഉയര്‍ന്നു.

കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ നാം സ്വീകരിച്ച സമീപനം യഥാര്‍ത്ഥ സ്ഥിതി അതുപോലെ ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കലാണ്. ഇത്തരമൊരു നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിലെ തീരദേശ മേഖലയില്‍ സമൂഹവ്യാപനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അതു പരസ്യമായി പൊതുസമൂഹത്തെ അറിയിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.

എന്നാല്‍ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് കേരളത്തില്‍ മാത്രം ഇത്രയും രോഗികള്‍ കൂടി എന്നതാണ്. നിലവില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. പൊതു ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച മാതൃകകളായി വാഴ്ത്തപ്പെടുന്നത് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെയാണ്. അവിടെ ഉള്‍പ്പെടെ കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ഉണ്ടായത് നമ്മള്‍ കണ്ടതാണ്. അവിടങ്ങളില്‍ ഇപ്പോഴും രോഗവ്യാപനം കുറഞ്ഞു എന്നു പറയാന്‍ ആയിട്ടില്ല. കോവിഡ് പോലെ അതിവേഗം പടരുന്ന ഒരു മഹാമാരിയുടെ കാര്യത്തില്‍ വളരെ സ്വാഭാവികമായ ഒരു പരിണതിയാണീ സംഭവിച്ചിരിക്കുന്നത്.

രോഗവ്യാപനം ഇപ്പോഴും വര്‍ദ്ധിക്കുന്നു എന്നത്, അത്തരം ഇടങ്ങളിലെല്ലാം രോഗികളാകാന്‍ സാധ്യതയുള്ള ഇതുവരെ രോഗബാധിതരാകാത്ത ആളുകള്‍ ഒരുപാടുണ്ട് എന്നതിന്റെ സൂചനയാണ്. കേരളത്തിലെ സ്ഥിതിയെടുത്താല്‍ ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ചിട്ടുള്ളത്.

രോഗികളെ കണ്ടെത്താനും, ചികിത്സിക്കാനും ശേഷിയുള്ള ആരോഗ്യസംവിധാനവും, രോഗത്തെക്കുറിച്ച് അവബോധമുള്ള ഒരു സമൂഹവും കേരളത്തിലുണ്ട്. ഐസിഎംആര്‍ ഇതുവരെ നടത്തിയ സെറോ പ്രിവേെലന്‍സ് പഠനങ്ങളിലെല്ലാം കോവിഡ് വന്നു മാറിയവരുടെ എണ്ണം ഏറ്റവും കുറച്ചുണ്ടായിരുന്ന പ്രദേശം കേരളമാണ്. അതുകൊണ്ട് തന്നെ പുതിയ സെറൊ പ്രിവേലെന്‍സ് ഡാറ്റയുടെ സഹായത്തോടെ മാത്രമേ കേരളത്തില്‍ നിലവില്‍ രോഗവ്യാപനം ചിലര്‍ ആരോപിക്കുന്ന രീതിയില്‍ അസ്വഭാവികമായോ എന്നു പറയാന്‍ സാധിക്കൂകയുള്ളൂ.

നമ്മുടെ ആരോഗ്യവ്യവസ്ഥയുടെ മികവിനെ വെല്ലുവിളിക്കുന്ന രീതിയില്‍, കൈകാര്യം ചെയ്യാനാകാത്ത തലത്തിലേക്ക് രോഗവ്യാപനം വളര്‍ന്നില്ല എന്നതും നാം മനസ്സിലാക്കേണ്ടതാണ്. നമ്മുടെ ജാഗ്രതയുടേയും മികവിന്റേയും നേട്ടമാണിത്. അതുകൊണ്ടുതന്നെ, വിമര്‍ശനങ്ങള്‍ ഏതൊക്കെ തരത്തിലുണ്ടായാലും കോവിഡിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോകില്ല. യഥാര്‍ഥ കണക്കുകള്‍ നിര്‍ഭയം ജനങ്ങള്‍ക്കു മുന്‍പില്‍ വയ്ക്കും; ഒത്തൊരുമിച്ച് ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കേണ്ടതുണ്ട്.

സര്‍ക്കാര്‍ ആന്റിജന്‍ ടെസ്റ്റുകളെയാണ് അധികം ആശ്രയിക്കുന്നതെന്ന് ഒരു പരാതിയുണ്ട്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കും. അതിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തില്‍, 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണ് എന്ന് വ്യക്തമായിട്ടുണ്ട്. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിട്ടുള്ളതു കൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല. നമ്മുടെയാകെ ശ്രദ്ധ എവിടെയും കുറയാന്‍ പാടില്ല എന്നാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പോലീസിന്റെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, ആശുപത്രികള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്നും മാസ്‌ക് ധരിക്കുന്നുവെന്നും പൊലീസ് ഉറപ്പാക്കും. നിലവില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ വിന്യസിച്ചിട്ടുണ്ട്. എങ്കിലും വീണ്ടും ആവശ്യമുള്ള സ്ഥലങ്ങലില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ വിന്യസിക്കും. ഇതിനായി സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ നാളെ രാവിലെ മുതല്‍ ഫെബ്രുവരി പത്തു വരെ 25,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

പൊതുസമ്മേളനങ്ങള്‍, വിവാഹം, അതുപോലുളള മറ്റ് ചടങ്ങുകള്‍ എന്നിവ നടത്തുന്നതിന് അടഞ്ഞ ഹാളുകള്‍ കഴിയുന്നതും ഒഴിവാക്കണം. പകരം അവ തുറസ്സായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് നടത്തുകയാവും ഉചിതം. ഇക്കാര്യത്തില്‍ ഹോട്ടല്‍ അധികൃതരുടെയും മറ്റും സഹകരണം അത്യാവശ്യമാണ്. രാത്രിയില്‍ അത്യാവശ്യ യാത്രകള്‍ മാത്രമേ നടത്താവൂ. രാത്രി പത്ത് മണിക്കുശേഷം യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ‘അടിസ്ഥാനങ്ങളിലേയ്ക്ക് തിരികെ പോവുക’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പ്രതിരോധപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമിച്ചുവരുന്നത്. അതിന്റെ ഭാഗമായി മാധ്യമങ്ങള്‍ ഉപയോഗിച്ചും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരിക്കാനും പ്രവര്‍ത്തന സജ്ജരാക്കാനും വേണ്ട കാര്യങ്ങള്‍ നടന്നു വരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാലുടനെ ടെസ്റ്റ് നടത്താനും രോഗം കണ്ടെത്താനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. സെറോ സര്‍വൈലന്‍സ് സര്‍വേയും ജീനോം പഠനവും നടന്നു വരികയാണ്. ഫെബ്രുവരി 15ന് ആദ്യത്തെ റിപ്പോര്‍ട്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് വാക്‌സിന്‍

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ 7,94,000 ഡോസുകളാണ് കേരളത്തിനു ലഭിച്ചിട്ടുള്ളത്. നമ്മുടെ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരില്‍ 17.54 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

മാസ്‌ക് ഉപയോഗം കുറഞ്ഞു വരുന്നുണ്ട്. ട്രെയിന്‍ യാത്രക്കാരില്‍ ഈ പ്രവണത കൂടുതലായി കാണുന്നു. നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ ഇനി കോവിഡിനെ ഭയപ്പെടേണ്ടതില്ല എന്ന പൊതുസമീപനത്തില്‍ ആളുകള്‍ എത്തിയിട്ടുണ്ട്. അത് വലിയ അപകടമാണുണ്ടാക്കുക. അക്കാര്യത്തിലും സമൂഹത്തിന്റെ പൊതുവായ ജാഗ്രത വര്‍ധിക്കണം.

നാം മാതൃകാപരമായി തന്നെ ഈ രോഗത്തോട് പൊരുതുകയാണ്. നമ്മുടെ ആരോഗ്യമേഖല ആകെയും സമൂഹം ഒന്നടങ്കവും ഈ പോരാട്ടത്തില്‍ ഉണ്ട്. രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്. നാടിന്റെ കൂട്ടായ്മയും നമ്മുടെയാകെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവും കൊണ്ട് ഈ അപകടസന്ധി മുറിച്ചുകടക്കാന്‍ നമുക്ക് കഴിയും.

ലൈഫ്

ലൈഫ് മിഷന്റെ ഭാഗമായി രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നു.

കൃത്യമായി പറഞ്ഞാല്‍ 2,57,547. ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് സ്വന്തം വീട് എന്നതിനാല്‍ ഇതിലെ ഓരോ എണ്ണവും പ്രധാനപ്പെട്ടതാണല്ലോ. പാര്‍പ്പിടം എന്ന അടിസ്ഥാന ആവശ്യത്തെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടതും അത് കൈകാര്യം ചെയ്തതും.

ഇനിയും അടച്ചുറപ്പില്ലാത്ത കിടപ്പാടമില്ലാത്തതിന്റെ പേരില്‍ വിഷമിക്കുന്ന ധാരാളം പേരുണ്ട്. അവര്‍ക്കും വൈകാതെ തന്നെ ആത്മസംതൃപ്തിയോടെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനുള്ള നടപടികള്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 85 ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഭൂമി കണ്ടെത്തിയതില്‍ 52 സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 5 സമുച്ചയങ്ങളുടെ നിര്‍മാണം രണ്ടു മാസത്തിനുള്ളിലും 32 സമുച്ചയങ്ങള്‍ മെയ് മാസത്തോടെയും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വടക്കാഞ്ചേരി നഗരസഭയില്‍ യുഎഇ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടന സ്‌പോണ്‍സര്‍ഷിപ്പിലൂടെ നേരിട്ട് 140 ഫ്‌ളാറ്റുകളാണ് നിര്‍മിക്കുന്നത്. അവിടെ ഭവനസമുച്ചയം മാത്രമല്ല ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവും നിര്‍മിക്കുന്നുണ്ട്. ജനങ്ങള്‍ക്കു അനുഭവവേദ്യമാകുന്ന ഇത്തരം വികസന പദ്ധതികള്‍ ആരുടെയെങ്കിലും ആരോപണങ്ങളിലും ആരോപണങ്ങളിലും ഭയന്ന് ഈ സര്‍ക്കാര്‍ ഉപേക്ഷിക്കില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ഹോം ഉള്‍പ്പടെ മറ്റു വകുപ്പുകള്‍ തുടങ്ങിവച്ച ഭവനനിര്‍മാണ പദ്ധതികളും സംസ്ഥാനത്താകെ പുരോഗമിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഭൂമിയുള്ള ഭവനരഹിതര്‍ക്കു 51,317 വീടുകളും ഭൂരഹിതരായ ഭവനരഹിതര്‍ക്കു 29,608 വീടുകളും നിര്‍മിക്കുകയാണ്. ഇത്തരത്തില്‍ വിവിധ പദ്ധതികളിലൂടെ 8,823 കോടി രൂപയുടെ വീടുനിര്‍മാണമാണ് ഇതേവരെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

കേരള ലുക്‌സ് എഹെഡ്ഡ്

നാളത്തെ കേരളം എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും വിവിധ മേഖലകളില്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുണ്ടായ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ പുതിയ കാഴ്ചപ്പാടുകളും സമീപനവും ആവിഷ്‌കരിക്കേണ്ടതുണ്ട്. ആധുനിക മേഖലകള്‍ കണ്ടെത്തി വ്യവസായ ഉല്‍പാദനം വര്‍ധിപ്പിക്കാനും കൃഷി-ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള സാധ്യതകളാണ് അത്യാവശ്യമായിട്ടുള്ളത്. അത്തരം കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായ പിന്തുണയും പിന്‍ബലവും വേണം.

ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒന്‍പതു സുപ്രധാന മേഖലകളില്‍ നടപ്പിലാക്കേണ്ട പരിപാടികള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ‘കേരള ലുക്‌സ് എഹെഡ്ഡ്’ എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതല്‍ മൂന്നുവരെ സംഘടിപ്പിക്കുകയാണ്. ലോകപ്രശസ്തരായ വിദഗ്ധര്‍ അതില്‍ പങ്കെടുത്ത സംസാരിക്കും. കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ കോണ്‍ഫറന്‍സ് പൂര്‍ണമായും ഓണ്‍ലൈനായാണ് സംഘടിപ്പിച്ചിട്ടുള്ളത്.

രാജ്യാന്തര തലത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകള്‍, നൈപുണ്യ വികസനം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ-ഗവേണന്‍സ് എന്നീ പ്രധാന സാമ്പത്തിക മേഖലകള്‍ക്കു പുറമെ തദ്ദേശഭരണം, ഫെഡറലിസം, വികസനോന്‍മുഖ ധനവിനിയോഗം എന്നീ പ്രത്യേക വിഷയങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാകും.

രാജ്യാന്തര തലത്തിലും ഇന്ത്യക്കുള്ളിലും ഉണ്ടായ പുതിയ നീക്കങ്ങളും ഇടപെടലുകളും മനസ്സിലാക്കുവാനും അതിലൂടെ കേരളത്തിന്റെ പ്രത്യേകതകള്‍ക്ക് അനുസൃതമായ വികസന തന്ത്രങ്ങള്‍ രൂപീകരിക്കുവാനും ഈ കോണ്‍ഫറന്‍സ് സഹായിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കൊവിഡ് കാരണം നഷ്ടപ്പെട്ട തൊഴിലും തൊഴിലവസരങ്ങളും വീണ്ടെടുക്കണമെങ്കില്‍ ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്തെ തൊഴിലവസരങ്ങളും നൂതന തൊഴില്‍ സംരംഭങ്ങളുടെ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാനാകണം.

വിശ്രുത സാമ്പത്തിക വിദഗ്ധനും നോബല്‍ സമ്മാന ജേതാവുമായ പ്രൊഫ. അമര്‍ത്യാ സെന്‍, സാമ്പത്തിക നോബേല്‍ സമ്മാന ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, വ്യവസായ പ്രമുഖരായ ശ്രീ. രത്തന്‍ ടാറ്റ, ശ്രീ. ആനന്ദ് മഹീന്ദ്ര, ശ്രീ. എം.എ. യൂസുഫ് അലി, കിരണ്‍ മസുംദാര്‍ ഷാ, ഡോ. രവി പിള്ള, ക്രിസ് ഗോപാലക്രഷ്ണന്‍, ഡോ. ആസാദ് മൂപ്പന്‍, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇവരുടെ കാഴ്ചപ്പാടുകളും സംസ്ഥാനത്തിന്റെ ഭാവിക്കായി അവര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളും ഈ സമ്മേളനത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

ഇതില്‍ പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഏവര്‍ക്കും ഏതു സെഷനും കാണാന്‍ സാധിക്കുന്ന വിധത്തിലാണ് സമ്മേളനത്തിന്റെ ക്രമീകരണം. കോണ്‍ഫെറെന്‍സ് വെബ്‌സൈറ്റായ www.keralalooksahead.com എന്ന സൈറ്റില്‍ എല്ലാ സെഷനുകളും ലൈവായി വീക്ഷിക്കാവുന്നതാണ്.

നൂറുദിന പരിപാടി

ഡിസംബര്‍ 17ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറുദിന പരിപാടിയുടെ പുരോഗതി കഴിഞ്ഞ ദിവസം വിലയിരുത്തി. പദ്ധതികള്‍ തീവ്ര വേഗത്തില്‍ പുരോഗമിക്കുകയാണ്. 27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുന്നത്.
100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടതില്‍ ഇതിനകം 23,606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതിതെങ്കിലും പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.

അഴിമതി വിരുദ്ധ പരിപാടി

സര്‍ക്കാര്‍ സംവിധാനത്തില്‍ എപ്പോഴെങ്കിലും അഴിമതിയോ മറ്റു തെറ്റുകളോ ഉണ്ടായാല്‍ പ്രതികരിക്കണമെന്നും ഇടപെടണമെന്നും ജനങ്ങള്‍ ആഗ്രഹിക്കാറുണ്ട്. പക്ഷെ, ആരോടാണ് പരാതിപ്പെടേണ്ടത്, എന്ത് വിവരമാണ് നല്‍കേണ്ടത്, ഇതൊക്കെ ഉയര്‍ത്തുന്നതുകൊണ്ട് വ്യക്തിപരമായ അപകടങ്ങള്‍ സംഭവിക്കുമോ, ബുദ്ധിമുട്ടുന്നതുകൊണ്ട് എന്തെകിലും ഗുണം ഉണ്ടാകുമോ എന്നിങ്ങനെയുള്ള ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്.

സത്യസന്ധരായ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. സത്യസന്ധമായി ജോലി ചെയ്യുന്നതിനിടയില്‍ ആരെങ്കിലും വ്യാജ പരാതികള്‍ നല്‍കുമോ? മറ്റ് ഉപദ്രവങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെ അവരും ചിന്തിക്കുന്നു.

ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ‘ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരത്തുന്നതിനും’ ജനങ്ങളുമായി സഹകരിച്ചു ഒരു പദ്ധതി ആരംഭിക്കുകയാണ്.’2021-ലെ പത്തിന കര്‍മ്മപരിപാടി’കളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. പൊതുജനങ്ങള്‍ക്ക് തെളിവുകളടക്കം സമര്‍പ്പിക്കാവുന്ന ഒരു വെബ്‌സൈറ്റ് ഒരുങ്ങുകയാണ്. ഇതുവഴി ഫോണ്‍ സന്ദേശങ്ങള്‍, സ്‌ക്രീന്‍ ഷോട്‌സ്, എസ്എംഎസ്, ഓഡിയോ റെക്കോര്‍ഡിങ് തുടങ്ങിയ തെളിവുകള്‍ സമര്‍പ്പിക്കാം.

ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള ദുഷ്പ്രവണതകളെക്കുറിച്ചു വിപുലമായ വിവര ശേഖരണം സാധ്യമാകും. അതോടുകൂടി ഭാവിയില്‍ ഈ പ്രവണതകള്‍ തടയുന്നതിന് ആവശ്യമായ കൃത്യവും ശക്തവുമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയും. ജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി നടത്തുന്ന പദ്ധതി ആയതിനാല്‍, ഈ പദ്ധതിയുടെ പേര് ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി ഉടനെ പരസ്യപ്പെടുത്തും.

സാന്ത്വന സ്പര്‍ശം

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും.

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. സാന്ത്വന സ്പര്‍ശത്തിന്റെ പ്രധാന ചുമതല കലക്ടര്‍മാര്‍ക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്‍ കാര്യക്ഷമമായി പരാതികള്‍ക്ക് പരിഹാരം കാണന്നുണ്ട്. ഇതുവരെ ലഭിച്ച 3,21,049 പരാതികളില്‍ 2,72,441 എണ്ണം തീര്‍പ്പാക്കി. സിഎം പോര്‍ട്ടലില്‍ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 34,778 എണ്ണമാണ് തീര്‍പ്പാക്കാനുള്ളത്. ഇതിനെല്ലാമുപരി പരാതികള്‍ പൊതുജനങ്ങള്‍ക്കുണ്ടെങ്കില്‍ ഉന്നതതലത്തില്‍ നേരിട്ട് പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് ‘സാന്ത്വന സ്പര്‍ശം’ സംഘടിപ്പിക്കുന്നത്.

ആലപ്പുഴ ബൈപ്പാസ്

ദശാബ്ദങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്ക്കാകെ അഭിമാനം പകര്‍ന്നു ബൈപ്പാസ് ഉദ്ഘാടനം ചെയ്തു. ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്.

വാര്‍ത്താകുറിപ്പ്: 27-01-2020

നൂറുദിന പരിപാടിയുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി
13,000 പട്ടയം വിതരണം ചെയ്യും. തൊഴിലവസരങ്ങള്‍ 50,000

സര്‍ക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികളുടെ പുരോഗതി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി.

27 വകുപ്പുകളിലായി 150 പദ്ധതികളാണ് പൂര്‍ത്തിയാക്കുകയോ അവയ്ക്ക് തുടക്കം കുറിക്കുകയോ ചെയ്യുന്നത്. ഡിസംബര്‍ 17-ന് പ്രഖ്യാപിച്ച പരിപാടി മാര്‍ച്ച് 27-ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിനകം 9 പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു.

100 ദിന പരിപാടിയില്‍ അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനകം 23606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 100 ദിവസത്തിനുള്ളില്‍ പതിനായിരം പട്ടയങ്ങള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍തന്നെ പതിമൂവായിരം പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറാണെന്ന് അവലോകന യോഗത്തില്‍ വ്യക്തമായി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 1400 രൂപയില്‍ നിന്ന് 1500 രൂപയാക്കാനുള്ള പ്രഖ്യാപനവും നടപ്പായി. അടുത്ത ആഴ്ച മുതല്‍ 1500 രൂപയാക്കിയ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങും.

16 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കില്‍ 19 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയായി.

100 ദിന പരിപാടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇപ്പോള്‍ തുടക്കം കുറിച്ച പരിപാടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാലും പൂര്‍ത്തിയാക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ ശ്രദ്ധിക്കണം.

ആരോഗ്യവകുപ്പില്‍ പുതുതായി 49 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് കൂടാതെ 53 ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഡയാലിസിസ് സൗകര്യവും പുതിയ ഒ.പി. ബ്ലോക്കും ആരംഭിക്കും.

സ്ത്രീ സുരക്ഷയ്ക്കുള്ള സംയോജിത സ്ത്രീസുരക്ഷ ആപ്പ് പോലീസ് വകുപ്പ് ഉടനെ പുറത്തിറക്കും. തനിച്ച് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംരക്ഷണയും പിന്തുണയും നല്‍കാനുള്ള പോലീസ് വകുപ്പിന്റെ വി-കെയര്‍ പദ്ധതിയും താമസിയാതെ ആരംഭിക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ 13 കോളേജുകളിലും എം.ജി. സര്‍വകലാശാല കാമ്പസിലുമായി കിഫ്ബി വഴി 205 കോടി രൂപയുടെ നിര്‍മാണം ഈ കാലയളവില്‍ ആരംഭിക്കും. എയ്ഡഡ് കോളേജുകളില്‍ 721 തസ്തികകള്‍ സൃഷ്ടിക്കും. കയര്‍ മേഖലയില്‍ വിര്‍ച്വല്‍ കയര്‍മേള ഫെബ്രുവരിയില്‍ നടക്കും. കയര്‍ കോമ്പോസിറ്റ് ഫാക്ടറിയില്‍ ബൈന്റര്‍ലെസ് ബോര്‍ഡ് നിര്‍മിക്കുന്ന ലോകത്തെ ആദ്യ പ്ലാന്റിന്റെ ഉദ്ഘടാനത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.

കായികരംഗത്ത് 185 കോടി രൂപ ചെലവില്‍ ഒമ്പത് സ്റ്റേഡിയങ്ങളുടെ നിര്‍മാണം ആരംഭിക്കും.

കാര്‍ഷിക മേഖലയില്‍ 496 കോടി രൂപയുടെ 46 പദ്ധതികളാണ് നടപ്പാക്കുന്നത്.

ആറ്റിങ്ങലില്‍ സംയോജിത നാളികേര സംസ്‌കരണ പ്ലാന്റിന് തുടക്കം കുറിക്കും.

ജലവിതരണ മേഖലയില്‍ ഭൂരിഭാഗം പദ്ധതികളും നല്ലനിലയില്‍ പുരോഗമിക്കുകയാണ്.

തദ്ദേശസ്വയംഭരണ വകുപ്പ് ലൈഫ് പദ്ധതിയില്‍ 15,000 വീടുകള്‍ പൂര്‍ത്തിയാക്കും. കൂടാതെ 35,000 വീടുകളുടെ നിര്‍മാണം ആരംഭിക്കും.

ഭൂമിയില്ലാത്തവര്‍ക്ക് അഞ്ച് ഭവനസമുച്ചയങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കും.

153 കുടുംബശ്രീ ഭക്ഷണശാലകള്‍ ആരംഭിക്കും. കുടുംബശ്രീയുടെ 500 കയര്‍ക്രാഫ്റ്റ് സ്റ്റാളുകളും തുറക്കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ 1620 പ്രവൃത്തികളിലായി 3598 കിലോമീറ്റര്‍ റോഡ് ജനുവരി 31-നകം പൂര്‍ത്തിയാക്കും.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 8 ലക്ഷം തൊഴിലുറപ്പ് ദിനങ്ങള്‍ സൃഷ്ടിക്കും.

വയനാട്ടില്‍ തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതിയുടെ ശിലാസ്ഥാപനം ഉടന്‍ നടക്കും.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള നവജീവന്‍ തൊഴില്‍ പദ്ധതിക്ക് തുടക്കും കുറിക്കും.

3500 പട്ടികവര്‍ഗക്കാര്‍ക്ക് വനാവകാശരേഖ കൊടുക്കും. ഈ വിഭാഗത്തിനുവേണ്ടി 4800 വീടുകള്‍ പൂര്‍ത്തിയാക്കും.

500 കിലോമീറ്റര്‍ നീളത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉന്നതനിലവാരത്തില്‍ 11 റോഡുകള്‍ നിര്‍മിക്കും.

റീബില്‍ഡ് കേരള പദ്ധതിയില്‍ 1613 കോടി രൂപ ചെലവില്‍ റോഡ് നിര്‍മാണത്തിന് തുടക്കും കുറിക്കും.

വിദ്യാഭ്യാസ മേഖലയില്‍ അഞ്ചുകോടി ചെലവില്‍ അമ്പതു സ്‌കൂളുകളുടെയും മൂന്നു കോടി ചെലവില്‍ നവീകരിച്ച 30 സ്‌കൂളുകളുടെയും ഉദ്ഘാടനം നടക്കും. ഇതു കൂടാതെ 3 കോടിയും ഒരു കോടിയും ചെലവു വരുന്ന 100 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടും.

20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തും.

60 കോടി രൂപ ചെലവില്‍ 87 തീരദേശ റോഡുകളുടെ ഉദ്ഘാടനം നടക്കും.

ചെത്തി മത്സ്യബന്ധന തുറമുഖത്തിന് തറക്കല്ലിടും.

വളഞ്ഞവഴിയില്‍ ആറ്റുകൊഞ്ച് ഹാച്ചറി, പന്നിവേലിച്ചിറ ഫിഷ് ഹാച്ചറി, കുളത്തൂപ്പുഴ, കണത്താര്‍കുന്നം ഫിഷറീസ് ഫാമുകള്‍ എന്നിവയുടെ ഉദ്ഘാടനം ഉടനെ നടക്കും.

കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനത്തിന് സജ്ജമായി.

കെ-ഫോണിന്റെ ഒന്നാംഘട്ടം ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും.

കൊച്ചി വാട്ടര്‍മെട്രോയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കും.

ടൂറിസം രംഗത്ത് 310 കോടി രൂപ ചെലവില്‍ 27 പദ്ധതികളാണ് നടപ്പാക്കുന്നത്.

200 കോടി രൂപ ചെലവില്‍ കെഎസ്ഡിപിയുടെ ഓങ്കോളജി പാര്‍ക്കിന് തറക്കല്ലിടും.

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ വെള്ളൂര്‍ എച്ച്.എന്‍.എല്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും.

മുട്ടം സുഗന്ധദ്രവ്യ പാര്‍ക്കിന് തറക്കല്ലിടും.

മലബാര്‍ കോഫി പൗഡര്‍ വിപണിയില്‍ ഇറക്കുന്നതിന് പ്രത്യേക കമ്പനിക്ക് രൂപം നല്‍കും.

പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമാകും.

സഹകരണ മേഖലയില്‍ 150 പച്ചക്കറി സ്റ്റാളുകള്‍ തുടങ്ങും.

അവലോകന യോഗത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുത്തു.
കോവിഡ്: നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും; ടെസ്റ്റ് വര്‍ധിപ്പിക്കും

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും.

പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് ഇപ്പോള്‍ നിരീക്ഷണ ചുമതല നിര്‍വഹിക്കുന്നത്. അത് തുടരും. അവരോടൊപ്പം പോലീസ് കൂടി രംഗത്തുണ്ടാകണമെന്നാണ് തീരുമാനം. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വര്‍ധിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കണ്ടെയിന്റ്‌മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല.

കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതില്‍ 75 ശതമാനം ആര്‍ടിപിസിആര്‍ പരിശോധനയായിരിക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികള്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങള്‍, വയോജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാവരേയും ടെസ്റ്റ് ചെയ്യണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാര്‍ഡുതല സമിതികള്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കണം. ബോധവല്‍ക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനും ജീവിതോപാധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും തടസ്സമുണ്ടാകില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനം വ്യക്തമാക്കുന്നത്, 56 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകള്‍ക്ക് അകത്തുനിന്നു തന്നെയാണ്. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടില്‍ കഴിയുന്നവര്‍ക്ക് രോഗം നല്‍കുന്നത്. 20 ശതമാനം പേര്‍ക്ക് രോഗം പകരുന്നത് മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, റസ്റ്റോറണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നും യോഗസ്ഥലങ്ങളില്‍ നിന്നുമാണ്. തൊഴിലിടങ്ങളില്‍ നിന്ന് രോഗം പടരുന്നത് 20 ശതമാനത്തോളം പേര്‍ക്കാണ്. രോഗബാധിതരാകുന്ന 65 ശതമാനം പേരും സാമൂഹിക അകലം പാലിക്കാത്തവരാണ്. 45 ശതമാനം മാസ്‌ക്ക് ധരിക്കാത്തവര്‍. രോഗലക്ഷണമൊന്നുമില്ലാത്തവരില്‍ നിന്ന് 30 ശതമാനത്തോളം പേര്‍ക്ക് രോഗം പകരുന്നുണ്ട്. കുട്ടികളില്‍ 5 ശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നു. എന്നാല്‍ 47 ശതമാനം കുട്ടികള്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നു തന്നെയാണ്.

യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധ സമിതി അംഗങ്ങളും പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്: 22-01-2020

സാന്ത്വന സ്പര്‍ശം
ഫെബ്രുവരി 1 മുതല്‍ 18 വരെ
പരാതി പരിഹരിക്കാന്‍ മന്ത്രിമാര്‍ ജില്ലകളിലേക്ക്

ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍ദ്ദേശിച്ചു.

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്‍ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ 5 ജില്ലകളില്‍ അദാലത്ത് നടക്കും. ഈ ജില്ലകളില്‍ ജനുവരി 24ന് ഉച്ച മുതല്‍ 28 വൈകിട്ട് വരെ പരാതികള്‍ സ്വീകരിക്കും.

ഫെബ്രുവരി 8, 9, 11 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍. ഈ ജില്ലകളില്‍ ജനുവരി 27 ഉച്ച മുതല്‍ ഫെബ്രുവരി 2ന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും.

ഫെബ്രുവരി 15,16, 18 തീയതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍. ഈ ജില്ലകളില്‍ ഫെബ്രുവരി 3 ഉച്ച മുതല്‍ ഫെബ്രുവരി 9 വൈകിട്ട് വരെ പരാതി സ്വീകരിക്കും.

ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് അക്ഷയ സെന്‍ററുകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആദിവാസികള്‍ക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കണം. ഇതിനുള്ള പ്രവര്‍ത്തനം കലക്ടര്‍മാര്‍ ഏകോപിപ്പിക്കണം. സാന്ത്വന സ്പര്‍ശത്തിന്‍റെ പ്രധാന ചുമതല കലക്ടര്‍മാര്‍ക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിക്കും.

പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്‍ററുകള്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം നല്‍കുന്നതാണ്. പരാതികള്‍ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ ഓരോ ജില്ലയിലും കലക്ടര്‍ നിയോഗിക്കും. റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ഈ ടീമില്‍ ഉണ്ടാവുക. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ, ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാര്‍ക്ക് അദാലത്തില്‍ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയില്‍ പരാതികള്‍ പരിഹരിക്കേണ്ടതാണ്.

പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം. പരാതി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സാന്ത്വന സ്പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണണം. അദാലത്തില്‍ ലഭിക്കുന്ന പരാതികളില്‍ നിയമഭേദഗതി വഴിയോ ചട്ടത്തില്‍ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങള്‍ കലക്ടര്‍മാര്‍ ഏകീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം.

മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്‍ കാര്യക്ഷമമായി പരാതികള്‍ക്ക് പരിഹാരം കാണന്നുണ്ട്. ഇതുവരെ ലഭിച്ച 3,21,049 പരാതികളില്‍ 2,72,441 എണ്ണം തീര്‍പ്പാക്കി. സി.എം.ഒ പോര്‍ട്ടലില്‍ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 34,778 എണ്ണമാണ് തീര്‍പ്പാക്കാനുള്ളത്. ഇതിനെല്ലാമുപരി പരാതികള്‍ പൊതുജനങ്ങള്‍ക്കുണ്ടെങ്കില്‍ ഉന്നതതലത്തില്‍ നേരിട്ട് പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്‍റെ ഭാഗമായാണ് സാന്ത്വന സ്പര്‍ശം സംഘടിപ്പിക്കുന്നത്.

യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.പി. ജോയ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക് എന്നിവരും പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്: 20-01-2020

ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്‍ത്തി.

കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. തനിക്ക് വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 20-01-2021

തോട്ടവിള നയം അംഗീകരിച്ചു

സംസ്ഥാനത്തെ തോട്ടം മേഖല അഭിവൃദ്ധിപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പ്ലാന്‍റേഷന്‍ പോളിസിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു.

അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. തൊഴിലാളികള്‍ക്ക് ലൈഫ് മിഷനിലൂടെ വീടുകള്‍ നല്‍കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തോട്ടങ്ങള്‍ ലാഭകരമാക്കും. തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് കര്‍മപദ്ധതി നടപ്പാക്കും. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് തോട്ടവിള നയത്തിന് രൂപം നല്‍കിയത്.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണറും മറ്റു ജില്ലാ ആസ്ഥാനങ്ങളില്‍ താഴെപ്പറയുന്ന മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തലസ്ഥാനത്തെ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

കൊല്ലം – ജെ. മേഴ്സിക്കുട്ടിയമ്മ, പത്തനംതിട്ട – കെ. രാജു, ആലപ്പുഴ – ജി. സുധാകരന്‍, കോട്ടയം – പി. തിലോത്തമന്‍, ഇടുക്കി – എം.എം. മണി, എറണാകുളം – എ.സി. മൊയ്തീന്‍, തൃശ്ശുര്‍ – അഡ്വ. വി.എസ്. സുനില്‍കുമാര്‍, പാലക്കാട് – കെ. കൃഷ്ണന്‍കുട്ടി, മലപ്പുറം – ഡോ. കെ.ടി ജലീല്‍, കോഴിക്കോട് – ടി.പി. രാമകൃഷ്ണന്‍, വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ – ഇ.പി. ജയരാജന്‍, കാസറഗോഡ് – ഇ. ചന്ദ്രശേഖരന്‍.

അഞ്ച് പുതിയ ഐടിഐകള്‍

സംസ്ഥാനത്ത് അഞ്ച് പുതിയ ഗവണ്‍മെന്‍റ് ഐടിഐകള്‍ സ്ഥാപിക്കും. കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ, പോരുവഴി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, കരുണാപുരം, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നിവിടങ്ങളിലായിരിക്കും ഐടിഐകള്‍ സ്ഥാപിക്കുക. ഇതിനാവശ്യമായ 50 തസ്തികകള്‍ സൃഷ്ടിക്കും.

2014-15 അധ്യയനവര്‍ഷം ആരംഭിച്ച 27 എയ്ഡഡ് ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ക്ക് വേണ്ടി 173 തസ്തികകള്‍ സൃഷ്ടിക്കാനും 21 തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

വാര്‍ത്താകുറിപ്പ്: 16-01-2020

ദാരിദ്ര്യനിര്‍മാര്‍ജനം: കുടുംബശ്രീയുടെ പങ്ക് പ്രധാനം – മുഖ്യമന്ത്രി

ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യനിര്‍മാണമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്കുള്ള ചാലകശക്തിയായിട്ടാണ് കുടുംബശ്രീയെ സര്‍ക്കാര്‍ കാണുന്നത്.

14 ജില്ലകളിലേയും കുടുംബശ്രീ പ്രാദേശിക ഭാരവാഹികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നവകേരള നിര്‍മിതിക്കുള്ള നാലു മിഷനുകള്‍ക്കും കുടുംബശ്രീ വലിയ പിന്തുണയാണ് നല്‍കിയത്. അഗതിരഹിത കേരളം പദ്ധതി വിജയിപ്പിക്കുന്നതിനും കുടുംബശ്രീ അംഗങ്ങള്‍ വലിയ പങ്ക് വഹിച്ചു. കേരളം അവിടെനിന്നും മുന്നോട്ടുപോകണം. അതുകൊണ്ടാണ് പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജനമെന്ന ലക്ഷ്യം ബജറ്റില്‍ പ്രഖ്യാപിച്ചത്.

കുടുംബശ്രീ അംഗങ്ങളായ 45 ലക്ഷം സ്ത്രീകളിലൂടെയാണ് സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങളുമായി കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. ഓരോ കുടുംബത്തിന്‍റെയും പ്രശ്നങ്ങള്‍ അവര്‍ക്ക് അറിയാന്‍ കഴിയും. തൊഴിലെടുക്കാന്‍ ശേഷിയുണ്ടായിട്ടും തൊഴിലില്ലാതെ വീടുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. തൊഴില്‍ പരിശീലനത്തിലൂടെയും നൈപുണ്യവികസനത്തിലൂടെയും അവര്‍ക്ക് തൊഴിലും വരുമാനവും ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഓരോ വീട്ടിലും കഴിയുന്ന സ്ത്രീകള്‍ക്ക് ഏതു തരത്തിലുമുള്ള പരിശീലനമാണ്, പിന്തുണയാണ് വേണ്ടതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. അതനുസരിച്ച് നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിയും.

ഇടവേളയില്ലാത്ത പ്രതിസന്ധികളാണ് കഴിഞ്ഞ നാലു വര്‍ഷം കേരളം നേരിട്ടത്. ഈ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കുടുംബശ്രീ സഹോദരിമാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മഹാപ്രളയകാലത്ത് രണ്ടു ലക്ഷം വീടുകളാണ് കുടുംബശ്രീ അംഗങ്ങള്‍ വൃത്തിയാക്കിയത്. മാനസികമായി തകര്‍ന്ന 50,000 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ദുരിതത്തിലായവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുത്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍ അവരുടെ സമ്പാദ്യത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്തു. ഇതിനുപുറമെ നവകേരള ലോട്ടറിയിലൂടെ ഒമ്പത് കോടി രൂപ സമാഹരിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സഹായമായത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. ആരും പട്ടിണി കിടക്കരുത് എന്ന പ്രഖ്യാപനം സമൂഹഅടുക്കളകള്‍ ആരംഭിച്ചുകൊണ്ട് മികച്ച രീതിയില്‍ അവര്‍ നടപ്പാക്കി. ഇത്തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ വളര്‍ന്നു. 2016-ല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചത്. 2015-16-ല്‍ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിയത് 75 കോടി രൂപയായിരുന്നു. ഇത് പടിപടിയായി വര്‍ധിപ്പിച്ചു. ഈ ബജറ്റില്‍ വിവിധ പദ്ധതികളിലായി 1749 കോടി രൂപയാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്. നാലര വര്‍ഷത്തിനിടയില്‍ 2000 കോടി രൂപ വിവിധ ഇനങ്ങളില്‍ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും സഹായിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടികള്‍ വിജയിപ്പിക്കുന്നതിന് കുടുംബശ്രീ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യ നൂറുദിന പരിപാടിയില്‍ സംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആവേശകരമായ പ്രതികരണമാണ് ഇതിനുണ്ടായത്. കുടുംബശ്രീയിലൂടെ മാത്രം 40,917 തൊഴിലാവസരങ്ങള്‍ സൃഷ്ടിച്ചു. കുടുംബശ്രീയുടെ നേതൃശേഷിയും സംഘടനാപാടവവും ഉത്തരവാദിത്വബോധവുമാണ് ഇതിലൂടെ പ്രകടമായത്.

നാലു വര്‍ഷം കൊണ്ട് 850 പഞ്ചായത്തുകളില്‍ ഹരിതകര്‍മസേന രൂപീകരിച്ച് മാലിന്യനിര്‍മാര്‍ജനം നടത്തുകയാണ്. 25000 കുടുംബശ്രീ അംഗങ്ങളാണ് ഇതില്‍ പങ്കാളികളാകുന്നത്. ലൈഫ് മിഷനിലൂടെ 350 വീടുകളുടെ നിര്‍മാണം കുടുംബശ്രീയുടെ നിര്‍മാണ യൂണിറ്റ് പൂര്‍ത്തിയാക്കി. പ്രളയത്തെതുടര്‍ന്ന് 2.02 ലക്ഷം കുടുംബങ്ങള്‍ക്ക് കുടുംബശ്രീ വഴി 1794 കോടി രൂപ പലിശരഹിത വായ്പയായി വിതരണം ചെയ്തു. കോവിഡ് കാലത്ത് 1907 കോടി രൂപയാണ് കുടുംബശ്രീ വഴി വായ്പയായി നല്‍കിയത്.

എല്ലാ വീടുകളിലും മത്സ്യം വളര്‍ത്താനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ കുടുംബങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ഈ പദ്ധതിയിലും കുടുംബശ്രീക്ക് നല്ല പങ്കുവഹിക്കാന്‍ കഴിയും. ജോലി നഷ്ടപ്പെട്ട് നാലു ലക്ഷം പ്രവാസികളാണ് തിരിച്ചുവരുന്നത്. അവരെ സഹായിക്കാനുള്ള പ്രവര്‍ത്തനവും കുടുംബശ്രീ ഏറ്റെടുക്കണം. ജാതി-മത ചിന്തകള്‍ക്കും വലുപ്പചെറുപ്പത്തിനും അതീതമായ തുല്യതയുടെ ഇടങ്ങളാണ് കുടുംബശ്രീയുടെ അയല്‍ക്കൂട്ടങ്ങള്‍. മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നാട് കെട്ടിപ്പടുക്കുന്നതിന് കുടുംബശ്രീക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

14 ജില്ലകളിലെയും കുടുംബശ്രീ ഭാരവാഹികള്‍ വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അവയെല്ലാം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ എന്നിവരും സംബന്ധിച്ചു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 13-01-2021

പ്രവാസികള്‍ക്ക് ധനസഹായത്തിന് 25 കോടി രൂപ കൂടി
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 01-01-2020 നു ശേഷം കേരളത്തിലെത്തി വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കഴിയാത്ത പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായം നല്‍കുന്നതിന് 25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നോര്‍ക്ക റൂട്ടിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച 58.5 കോടി രൂപയ്ക്കു പുറമെയാണിത്.

സെക്രട്ടറിയേറ്റില്‍ പുതിയ പ്രവേശന നിയന്ത്രണ സംവിധാനം
സെക്രട്ടറിയേറ്റിലേക്കുള്ള ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം ക്രമീകരിക്കുന്നതിന് പ്രവേശന നിയന്ത്രണ ഉപാധി (ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം) കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ മുഖേന നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അംഗപരിമിതര്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിയന്ത്രണ സംവിധാനം. കെ.എം.ആര്‍.എല്‍ സൗജന്യമായാണ് ഈ പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുക.

നാവിക അക്കാദമിക്ക് ഭൂമി
കാസര്‍കോഡ് ഹോസ്ദുര്‍ഗ് താലൂക്കില്‍ സൗത്ത് തൃക്കരിപ്പൂര്‍ വില്ലജില്‍ 33.7 ആര്‍ ഭൂമി ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിക്ക് ബോട്ട് ഷെഡ് നിര്‍മാണത്തിന് സൗഹൃദസൂചകമായി പതിച്ചു നല്‍കും.

തസ്തികകള്‍
ഇടയാറില്‍ സ്ഥാപിച്ച മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ ആധുനിക മാംസ സംസ്കരണ പ്ലാന്‍റിലേക്ക് 40 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ധാരണാപത്രം
കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയ 27 റെയില്‍വെ ഓവര്‍ബ്രിഡ്ജുകളുടെ / അണ്ടര്‍ ബ്രിഡ്ജുകളുടെ നിര്‍മാണത്തിന് ഭേദഗതി വരുത്തിയ ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരും റെയില്‍വെയും തമ്മിലാണ് ധാരണാപത്രം.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഓണ്‍ലൈന്‍ വഴി സംഭരിക്കുന്നതിന് ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ ‘ഗവണ്‍മെന്‍റ് ഇ-മാര്‍ക്കറ്റ്പ്ലേയ്സു’മായി (ജെം) ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചു.

കോവളത്ത് 22 കാശ്മീരി കുടുംബങ്ങള്‍ക്ക് സഹായം
കോവളത്ത് കരകൗശല സാധനങ്ങളുടെ കച്ചവടം നടത്തുന്ന 22 കാശ്മീരി കുടുംബങ്ങള്‍ക്ക് കോവിഡ് മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട സാഹചര്യത്തില്‍ 10,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് കാര്‍ഡ് നല്‍കാനും തീരുമാനിച്ചു.

ശമ്പളം പരിഷ്കരിക്കും
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡിലെ ഓഫീസര്‍മാരുടെ ശമ്പളം 2017 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവര്‍ഷത്തേക്ക് പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

പരസ്യനിരക്ക് പരിഷ്കരിക്കും
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പരസ്യനിരക്ക് പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.
സ്ഥലം മാറ്റം

പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.

സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടിഎല്‍ റെഡ്ഡിയെ പത്തനംതിട്ട ജില്ലാ കലക്ടറായും പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായും പരസ്പരം മാറ്റി നിയമിക്കും.  

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ജോഷി മൃണ്‍മയി ശശാങ്കിനെ പാലക്കാട് ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.

വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉമേഷ് എന്‍.എസ്.കെയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിക്കും. കെ.എസ്.ഐ.ഡി.സി ഇന്‍വെസ്റ്റ്മെന്‍റ് സെല്‍, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. 

വാര്‍ത്താകുറിപ്പ്: 11-01-2020

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; വിനോദ നികുതിയിലടക്കം ഇളവുകൾ

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്നസ്, ആരോഗ്യം, ഫയര്‍ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

വാര്‍ത്താകുറിപ്പ്: 08-01-2020

പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും
ആരോഗ്യ ഇന്‍ഷുറന്‍സ്

പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും norka.raksha@gmail.com എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.

പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്‍റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താകുറിപ്പ്: 07-01-2020

വയനാട്ടില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളേജ് സ്ഥാപിക്കും

വയനാട് ജില്ലയില്‍ ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് വയ്ക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

സ്വകാര്യ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഡി.എം. വിംസിന്‍റെ ഉടമസ്ഥരായ ഡി.എം. എജുക്കേഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു. ഇത് കണക്കിലെടുത്താണ് സ്വന്തം നിലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി.

യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി പി.കെ. അരവിന്ദബാബു, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ എന്നിവര്‍ പങ്കെടുത്തു.

‘ഫിലമെന്‍റ് രഹിത കേരളം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഫിലമെന്‍റ് രഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കാന്‍ ഇത് കൊണ്ടു കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ണമായാല്‍ 100 മുതല്‍ 150 വരെ മെഗാവാട്ട് വൈദ്യുതി ലഭിക്കാന്‍ കഴിയും. ഇതുവഴി കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങല്‍ ചെലവ് കുറയും.

മൂന്നുവര്‍ഷം ഗ്യാരന്‍റിയുള്ള എല്‍.ഇ.ഡി. ബള്‍ബുകളാണ് നല്‍കുന്നത്. 100 രൂപയിലധികം വിലയുള്ള ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുക. ഗ്യാരന്‍റി കാലയളവിനിടയില്‍ കേടായാല്‍ മാറ്റി നല്‍കും. ബള്‍ബിന്‍റെ വില വൈദ്യുതി ബില്ലിന്‍റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം.

കെ.എസ്.ഇ.ബിയുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ബള്‍ബ് നല്‍കുന്നത്. നിലവില്‍ 17 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് നല്‍കാന്‍ 1 കോടി ബള്‍ബുകള്‍ ഈ ഘട്ടത്തില്‍ വേണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. പരമാവധി പേര്‍ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആഭ്യര്‍ത്ഥിച്ചു.

പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ് കെ.എസ്.ഇ.ബിയും എനര്‍ജി മാനേജ്മെന്‍റ് സെന്‍ററും ചേര്‍ന്ന് നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി തിരിച്ചെടുക്കുന്ന ഫിലമെന്‍റ് ബള്‍ബുകള്‍ ക്ലീന്‍ കേരള കമ്പനിക്ക് നല്‍കും. അവര്‍ അതു ശാസ്ത്രീയമായി സംസ്കരിക്കും. ആഗോളതാപനം തടയാന്‍ കേരളം മുന്നോട്ടുവെയ്ക്കുന്ന ബദല്‍ ഇടപെടലാണ് ഫിലമെന്‍റ് രഹിത കേരളം പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരുവു വിളക്കുകള്‍ പൂര്‍ണമായി എല്‍.ഇ.ഡി.യായി മാറ്റാനുള്ള ‘നിലാവ്’ പദ്ധതി നടപ്പാക്കാനുള്ള നടപടി ആരംഭിച്ചിരിക്കുകയാണ്. 16 ലക്ഷം തെരുവുവിളക്കുകളില്‍ 5.5 ലക്ഷം ഇപ്പോള്‍ തന്നെ എല്‍.ഇ.ഡി.യാണ്. ബാക്കി 10.5 ലക്ഷം മാറ്റാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷം ബള്‍ബുകള്‍ മാറ്റും. അടുത്ത ഘട്ടത്തില്‍ ബാക്കി മുഴുവന്‍ മാറ്റും. വൈദ്യുതി ഉല്പാദന-വിതരണ-പ്രസരണ രംഗങ്ങളില്‍ നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി നാലുവര്‍ഷം ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ് കേരളത്തിന് ലഭിച്ചത് ഇതിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മന്ത്രി എം.എം. മണി, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍ സ്വാഗതം പറഞ്ഞു.