വാര്‍ത്താകുറിപ്പ്:31-03-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി ഉണ്ടായി. കോവിഡ് 19 ബാധിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍നിന്ന് രണ്ടുപേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധയുണ്ടായത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലുള്ള രണ്ടുപേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്.

1,63,129 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6381 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ലാബുകള്‍ കൂടുതല്‍ സാമ്പിള്‍ എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് വാങ്ങാന്‍ നമുക്കു കഴിയുന്നുണ്ട്. കാസര്‍കോട്ടെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്- 163 പേര്‍. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.

കൂടുതല്‍ രോഗവ്യാപന ഭീഷണിയുയര്‍ന്ന കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍പ്ലാന്‍ നടപ്പാക്കും. പഞ്ചായത്ത്തല ഡാറ്റാ എടുത്ത് പെട്ടെന്നു തന്നെ ടെസ്റ്റിന് അയക്കും. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയ്യാറാക്കും.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ടെസ്റ്റിങ്ങിന് ഐസിഎംആര്‍ അനുമതി കിട്ടി.

മാസ്കുകളുടെ കാര്യത്തില്‍ ദൗര്‍ലഭ്യമില്ല. എന്‍ 95 മാസ്ക് രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്കു മാത്രം മതി എന്നതടക്കമുള്ള മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ വന്നിട്ടുള്ള ഒരു വിഷയം നിസാമുദ്ദീനിലും മലേഷ്യയിലും നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്കുണ്ടായ രോഗബാധയുമായി ബന്ധപ്പെട്ടതാണ്. ഇക്കാര്യത്തില്‍ പൊലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. പങ്കെടുത്തവരുടെ ലിസ്റ്റ് ജില്ലാ കലക്ടര്‍മാര്‍ മുഖേന നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലകള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുന്നുമുണ്ട്.

സൗജന്യ റേഷന്‍ വിതരണം

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുകയാണ്.

എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ
അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും (നീല, വെള്ള കാര്‍ഡുകള്‍ക്ക്) റേഷന്‍ വിതരണം നടത്തും.

ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ചുപേര്‍ വരെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.

സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ശാരീരിക അകലം പാലിച്ചു മാത്രമേ വിതരണം നടത്താവൂ. ഇതിനായി ടോക്കണ്‍ വ്യവസ്ഥ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സ്വയം സന്നദ്ധരായി വരുന്നവരെ പ്രോത്സാഹിപ്പിക്കാനാവില്ല. ജനപ്രതിനിധികളുടെയോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ ഇതില്‍ റേഷന്‍ വ്യാപാരികള്‍ക്ക് സ്വീകരിക്കാവൂ.

നേരിട്ടെത്തി റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം റേഷന്‍ കടകളില്‍ ഉറപ്പുവരുത്തും.

ഈ മാസം റേഷന്‍ വിതരണം കൂടുതല്‍ അളവിലാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ധാന്യം വാങ്ങാന്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധം ക്രമീകരണം നടത്തുവാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ ഉണ്ടാവണം. സാധാരണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ട് ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. പക്ഷേ ഈ ഘട്ടത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയുണ്ടാവണം.

സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ടത് അന്ത്യോദയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആദ്യം ധാന്യം ലഭ്യമാക്കുന്നതിലാണ്.

വീടുകളില്‍ തനിയെ താമസിക്കുന്ന മുതിര്‍ന്ന പൗരډാര്‍, ശാരീരിക അവശതകള്‍ ഉള്ളവര്‍, അസുഖം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിച്ചുകൊടുക്കുവാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തയ്യാറാകണം. ഇത് തികഞ്ഞ സത്യസന്ധതയോടും സുതാര്യതയോടും കൂടി ചെയ്യണം. റേഷന്‍ കടകളില്‍ ഉണ്ടാകാനിടയുള്ള അഭൂതപൂര്‍വ്വമായ തിരക്ക് ഒഴിവാക്കണം. ശാരീരിക അകലം ഉറപ്പാക്കാനുള്ള ക്രമീകരണം വരുത്തണം. പെന്‍ഷന്‍ വിതരണത്തിനു ചെയ്തതു പോലെ കാര്‍ഡ് നമ്പര്‍ വെച്ചാണ് വിതരണം ക്രമീകരിക്കുക.

റേഷന്‍ കാര്‍ഡ് നമ്പര്‍ 0, 1 എന്ന അക്കത്തില്‍ അവസാനിക്കുന്നവര്‍ക്ക് ഒന്നാം തീയതി റേഷന്‍ നല്‍കും. 2, 3 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് രണ്ടാം തീയതി; 4, 5 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് മൂന്നാം തീയതി; 6, 7 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് നാലാം തീയതി; 8, 9 എന്ന അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് അഞ്ചാം തീയതി എന്നിങ്ങനെയാകും റേഷന്‍ ലഭിക്കുക. അഞ്ചു ദിവസത്തിനുള്ളില്‍ എല്ലാവര്‍ക്കും റേഷന്‍ നല്‍കാനാകും. നിശ്ചിത ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ അവസരമുണ്ടാകും.

മുംബെയില്‍നിന്നും ഡെല്‍ഹിയില്‍നിന്നും മറ്റും ആശുപത്രികളിലെ നഴ്സുമാര്‍ രോഗഭീതിയില്‍ വിളിക്കുന്നുണ്ട്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ലോക രാഷ്ട്രങ്ങളിലും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലയാളി സാന്നിധ്യമുണ്ട്. പ്രത്യേകിച്ചും മലയാളി നഴ്സുമാര്‍. അവരില്‍ പലരും തങ്ങളുടെ ആശങ്ക വിളിച്ചുപറയുന്നുണ്ട്. അവരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍  കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തും.

കോഴി, താറാവ്, കന്നുകാലികള്‍, പന്നി ഇവയ്ക്ക് തീറ്റ കിട്ടാതെയുള്ള പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അക്കാര്യത്തില്‍ പ്രാദേശികതലത്തില്‍ ഇടപെടല്‍ ഉണ്ടാകണം എന്ന് നിര്‍ദേശം നല്‍കി.

നാളെ ഏപ്രില്‍ ഒന്നാണ്. പലരും മറ്റുള്ളവരെ കളിയാക്കാനും തമാശയായി പറ്റിക്കാനും നോക്കുന്ന ദിവസം. ഈ ഏപ്രില്‍ ഒന്നിന് അത്തരം തമാശകള്‍ പൂര്‍ണമായും ഒഴിവാക്കണം. തെറ്റായ ഒരു സന്ദേശവും പ്രചരിപ്പിക്കാന്‍ പാടില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം എവിടെനിന്നുണ്ടായാലും ശക്തമായ നടപടി സ്വീകരിക്കും.

അതിഥി തൊഴിലാളികള്‍ക്ക് സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി തൊഴിലാളികളുടെ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ എഡിജിപിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള സംവിധാനം. 48 മണിക്കൂറിനുള്ളില്‍ ഇത് നടപ്പാക്കിത്തുടങ്ങും. തൊഴിലാളികള്‍ക്ക് പൊലീസിന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് നല്‍കും. ഈ ഐഡി കാര്‍ഡ് വഴി തൊഴില്‍വകുപ്പ് പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. ഇതിനുപുറമെ മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ കാര്‍ഡ് സഹായകമാകും.

അതിഥി തൊഴിലാളികള്‍ രണ്ടുതരത്തിലുണ്ട്. കരാറുകാരുടെ കീഴിലുള്ളവരും ഒറ്റപ്പെട്ടുള്ളവരും. ഭക്ഷണവും മറ്റു സഹായവും നല്‍കുമ്പോള്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ ഒഴിവായിപ്പോകാന്‍ പാടില്ല. അവര്‍ക്ക് മാന്യമായ ഭക്ഷണം ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ശ്രദ്ധിച്ചേ തീരൂ. അതില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകാന്‍ പാടില്ല.

സാധാരണ ലേബര്‍ വകുപ്പാണ് അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. തദ്ദേശസ്വയംഭരണ ഭാരവാഹികളും വ്യക്തിപരമായി തന്നെ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലയുമുണ്ട്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് പരിശോധിച്ച് നടപടിയെടുക്കാന്‍ വിജിലന്‍സിനെ കൂടി ചുമതലപ്പെടുത്തി. വില കൂട്ടി സാധനങ്ങള്‍ വില്‍ക്കുന്നത് ഗുരുതരമായ തെറ്റായിട്ടാണ് കാണുന്നത്. ശക്തമായ നടപടിയെടുക്കും.

സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ തലത്തിലും ശ്രദ്ധിക്കണം എന്ന് നിര്‍ദേശം നല്‍കി. ട്രക്കുകളുടെ വരവ്  വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് ആവശ്യമായ ട്രക്കുകള്‍ മുഴുവന്‍ നീങ്ങിത്തുടങ്ങിയിട്ടില്ലെങ്കിലും നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. എല്‍പിജി സിലിണ്ടര്‍ പോലുള്ള സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകാന്‍ പാടില്ല. വടക്കന്‍ ജില്ലകളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ അറച്ചുനില്‍ക്കുന്നവരുണ്ട്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുള്ളവരെ ബോധവല്‍ക്കരിച്ച് തടസ്സമില്ലാതെ സാധനങ്ങള്‍ എത്തിക്കാനുള്ള ക്രമീകരണം ഉണ്ടാക്കും.

കോവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനും മെഡിക്കല്‍ സേവനം ലഭ്യമാക്കാനും മൊബൈല്‍ ആപ്പ് ആരംഭിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ കൗണ്‍സിലിങ് വ്യാപകമാക്കിയിട്ടുണ്ട്. സാമൂഹ്യനീതിവകുപ്പിലെ കണ്‍സിലര്‍മാരും മനഃശാസ്ത്ര വിദഗ്ധരുമടങ്ങുന്ന ഹെല്‍പ്പ്ഡെസ്ക്ക് രൂപീകരിക്കാനാണ് ഉദ്ദേശിച്ചിക്കുന്നത്.

കമ്യൂണിറ്റി കിച്ചന്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആരംഭിച്ചിട്ടുണ്ട്. 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ 1304 കമ്യൂണിറ്റി കിച്ചനുകളാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ തന്നെ നല്‍കിയ പൊതു നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അതുമായി ബന്ധപ്പെട്ടവര്‍ മാത്രമേ പാടുള്ളൂ. തിരക്ക് പാടില്ല. അര്‍ഹതയുള്ളവരെ തദ്ദേശസ്വയഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ച് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കണം.

പച്ചക്കറി വീടുകളില്‍ ഉല്‍പാദിപ്പിക്കുന്നതിന് കൃഷി വകുപ്പിന്‍റെ ഫാമുകളിലും കാര്‍ഷിക സര്‍വകലാശാലയിലുമുള്ള വിത്തുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മൂന്നുലക്ഷം വിത്ത് പാക്കറ്റുകള്‍ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. ഇതിനുപുറമെ കൃഷിവകുപ്പിന്‍റെ ഫാമുകളില്‍ 9100 പച്ചക്കറി വിത്തുപാക്കറ്റുകളും 1.91 ലക്ഷം തൈകളും വിതരണത്തിന് തയ്യാറായി. ഇത് ഉടനെ വിതരണം ചെയ്യും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ചുമതലപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സഹായസഹകരണങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്തം സമൂഹത്തിന്‍റേതാണ്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ കോവിഡ് 19 ചികിത്സയ്ക്ക് സഹായകമായ പാക്കേജ് നടപ്പാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടും കണ്ണൂരിലും കോട്ടയ്ക്കലിലും വയനാട്ടിലുമുള്ള ആശുപത്രികളില്‍ 750 കിടക്കകള്‍ മാറ്റിവെക്കാം എന്നും അറിയിച്ചു. ആശുപത്രികള്‍ക്കു ചുറ്റുമുള്ള ഹോട്ടലുകളിലോ ലോഡ്ജുകളിലോ നിരീക്ഷണത്തില്‍ കഴിയുന്നവരെ പാര്‍പ്പിക്കുന്നുണ്ടെങ്കില്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ചികിത്സിക്കാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
 
ദുരിതാശ്വാസ നിധി

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്ല നിലയില്‍ തന്നെ ലഭിക്കുന്നുണ്ട്. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ മൂന്നുകോടി രൂപ നല്‍കിയിട്ടുണ്ട്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാര്‍ ആസാദ് മൂപ്പന്‍ രണ്ടരക്കോടി രൂപ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഗവണ്‍മെന്‍റ് സെക്രട്ടറിയറ്റ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ ഒരുകോടി രൂപ നല്‍കിയിട്ടുണ്ട്. ഭീമാ ജുവലേഴ്സിനുവേണ്ടി ഡോ. ബി ഗോവിന്ദന്‍ ഒരുകോടി രൂപ നല്‍കി. മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം സംഭാവനയായി വന്നുതുടങ്ങിയിട്ടുണ്ട്. ഇന്ന് ലഭിച്ചത് 5,09,61,000 രൂപയാണ്.

റോഡിലെ തിരക്ക്

റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ ആദ്യം വേണ്ടത് സ്വയം നിയന്ത്രണം തന്നെയാണ്. മുന്നില്‍ നില്‍ക്കുന്ന അപകടത്തിന്‍റെ രൂക്ഷത മനസ്സിലാക്കി ഓരോരുത്തരും അനാവശ്യമായ പുറത്തിറങ്ങല്‍ ഒഴിവാക്കണം. അതീവ അടിയന്തര കാര്യത്തിനല്ലാതെ പുറത്തിറങ്ങരുത്. ജാഗ്രതക്കുറവും ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മറച്ചുവെയ്ക്കലുമാണ് നമുക്കു മുന്നിലെ വലിയ അപകടമെന്ന് മനസ്സിലാക്കണം. എല്ലാവരും ജാഗ്രത പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ഈ ഘട്ടത്തില്‍ വീട്ടില്‍ കഴിയുന്നവര്‍ കൂടുതലാണ്. പുതിയ സാഹചര്യത്തില്‍ വീട്ടിനകത്ത് ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാവരും ശ്രദ്ധിക്കണം, പ്രത്യേകിച്ചും മുതിര്‍ന്നവര്‍ അക്കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തണം. ഏറ്റവും പ്രധാനം പരസ്പരം ആശയവിനിമയമാണ്. എല്ലാവരും കൂടി കാര്യങ്ങള്‍ സംസാരിക്കുക, ചര്‍ച്ച ചെയ്യുക, കുട്ടികളുമായി ആവശ്യമായ കാര്യങ്ങള്‍ പങ്കുവെയ്ക്കുക. കുറച്ച് സമയം അതിനുവേണ്ടി മാറ്റിവെക്കുക. ഇതെല്ലാം വീടുകളില്‍ നല്ല അന്തരീക്ഷം ഉണ്ടാക്കുന്നതിന് സഹായിക്കും.

പല വീടുകളിലും സ്ത്രീകള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഈ ഘട്ടത്തില്‍ അല്പം ചില വീട്ടു കാര്യങ്ങളില്‍ സഹായിച്ചുകൊടുക്കുന്നത് വലിയ തോതില്‍ സ്ത്രീജനങ്ങള്‍ക്ക് സഹായകമാകും. അത്തരം കാര്യങ്ങള്‍ വീട്ടിന്‍റെ അന്തരീക്ഷം നന്നാക്കുന്നതിന് ഉപകരിക്കും. മദ്യാസക്തിയുള്ള ആളുകള്‍ക്ക് വീടിനടുത്തുള്ള വിമുക്തി കേന്ദ്രവുമായി ബന്ധപ്പെടാന്‍ കുടുംബാംഗങ്ങളുടെ പിന്തുണയോടുകൂടി ശ്രമിക്കണം. അങ്ങനെ മദ്യാസക്തിയില്‍ നിന്ന് മോചനം നേടാന്‍ മദ്യത്തിന് അടിമപ്പെട്ടു പോയവര്‍ ഈ ഘട്ടത്തില്‍ ശ്രമിക്കുന്നത് നല്ലതാണ്.

വീട്ടില്‍ തുടര്‍ച്ചയായി കഴിയുമ്പോള്‍ അപൂര്‍വ്വം വീടുകളില്‍ ഗാര്‍ഹിക അതിക്രമമുണ്ടാകാന്‍ സാധ്യതയുണ്ട്. സ്ത്രീകളും കുട്ടികളും പലപ്പോഴും അതിന് ഇരയാവുകയാണ്. അത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത പൊതുവില്‍ പാലിക്കണം. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, അങ്കന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊക്കെ വലിയ പങ്കുവഹിക്കാനാകും.

പെന്‍ഷന്‍ വാങ്ങുന്നവരില്‍ മഹാഭൂരിഭാഗവും മുതിര്‍ന്നവരും ആരോഗ്യ പ്രശ്നമുള്ളവരുമാണ്. അവരെ മറ്റുള്ളവര്‍ സഹായിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. അതറിഞ്ഞുകൊണ്ട് സഹായിക്കാന്‍ സന്നദ്ധരാകണം.

ഇപ്പോള്‍ എവിടെയാണോ നാം, അവിടെ തുടരുക എന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. നമ്മുടെ ചില ബന്ധുക്കള്‍ ഇങ്ങോട്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. അവര്‍ അവിടെ തന്നെ തുടരുക എന്നതു മാത്രമാണ് നിലവില്‍ സ്വീകരിക്കാവുന്ന നില.

ആശുപത്രികളില്‍ കഴിയുന്ന രോഗികളെ സംരക്ഷിക്കാന്‍ നമ്മുടെ ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റാഫും അവരുടെ ജീവന്‍ അപായപ്പെടുത്തിയുള്ള പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍പരമൊരു ത്യാഗമില്ല. ആ ത്യാഗം ശരിയായ രീതിയില്‍ നിര്‍വഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് നമുക്കുള്ളത്. അത് നാം മനസ്സിലാക്കണം. സമ്പന്നര്‍ എന്നു സ്വയം കരുതുന്ന ചിലര്‍ ആരോഗ്യപ്രവര്‍ത്തകരെ പരിഹസിക്കുകുയം പുച്ഛിക്കുകയും ചെയ്യുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അങ്ങേയറ്റം അപത്കരമായ പ്രവണതയാണ്. ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ കഴിയില്ലെങ്കിലും നിന്ദിക്കുന്ന നില ഒരു കാരണവശാലും സ്വീകരിക്കാന്‍ പാടില്ല. അത് ഗൗരവമായി തന്നെ സര്‍ക്കാര്‍ കാണുകയാണ്.

നാം ഇപ്പോള്‍ തൃപ്തികരമായി മുന്നോട്ടുപോവുകയാണ്. ഒരു ചെറിയ പാളിച്ചപോലും വലിയ വീഴ്ചയായി മാറാം. പൊലീസോ സര്‍ക്കാര്‍ സംവിധാനങ്ങളോ ആരോഗ്യവകുപ്പോ മാത്രം ശ്രദ്ധിച്ചാല്‍ അത് ഒഴിവാക്കാനാവില്ല. അതുകൊണ്ട് വീണ്ടും വീണ്ടും പറയുകയാണ്, നമ്മള്‍ ഓരോരുത്തരും ജാഗരൂകരായി മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കണം. അശ്രദ്ധ ഒട്ടും ഉണ്ടാകരുത്.