വാര്‍ത്താകുറിപ്പ്: 19-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിൽ നിന്ന്
19.05.2020

12 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആരുടെയും പരിശോധനാ ഫലം നെഗറ്റീവായിട്ടില്ല. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് പോസിറ്റീവായ എല്ലാ കേസുകളും പുറത്തുനിന്ന് വന്നതാണ്. വിദേശത്തുനിന്ന് നാലുപേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന എട്ടുപേരില്‍ ആറുപേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്. ഗുജറാത്തില്‍നിന്ന് ഒരാളും തമിഴ്നാട്ടില്‍നിന്ന് ഒരാളുമുണ്ട്.

ഇതുവരെ 642 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 142 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 72,000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 71,545 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 46,958 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 45,527 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

33 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍ എന്നിവയും കോട്ടയത്ത് കോരിത്തോട് പഞ്ചായത്തും പുതുതായി ഹോട്ട്സ്പോട്ടുകളായി. കണ്ടെയിന്‍മെന്‍റ് സോണുകളുടെ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കും.

ഇന്ന് ആകെ 1297 സാമ്പിളുകളാണ് പരിശോധിച്ചത്. നമ്മുടെ ബ്രേക്ക് ദി ചെയിന്‍, ക്വാറന്‍റൈന്‍, റിവേഴ്സ് ക്വാറന്‍റൈന്‍ എന്നിവ കൂടുതല്‍ ശക്തമായി തുടരേണ്ടതിന്‍റെ സൂചനയാണിത്. കേരളം പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാതെ പിടിച്ചുനിന്നിരുന്നു. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയപ്പോള്‍ പ്രതീക്ഷിച്ചത് പോലെ കോവിഡ് പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ധിച്ചു. അതിന്‍റെ അടുത്ത ഘട്ടം സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമാണ്. ഇതുവരെ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരുടെ എണ്ണം പരിമിതമാണ്. എന്നാല്‍, ഇനി നാം സമ്പര്‍ക്കത്തെ തന്നെയാണ് ഭയപ്പെടേണ്ടത്.

ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായാധിക്യമുള്ളവര്‍, ക്വാറന്‍റൈനിലുള്ളവര്‍ തുടങ്ങിയ രോഗസാധ്യതയുള്ള മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവരെ ടെസ്റ്റ് ചെയ്യുന്നത് രോഗബാധ എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് മനസ്സിലാക്കാനാണ്. ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 5,630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5,340 നെഗറ്റീവായിട്ടുണ്ട്. ഇങ്ങനെയുള്ള പരിശോധനയില്‍ ഇതുവരെ കേവലം നാലുപേര്‍ക്ക് മാത്രമാണ് രോഗമുണ്ടെന്ന് കണ്ടത്. ഇതിനര്‍ത്ഥം കോവിഡ് രോഗത്തിന്‍റെ സാമൂഹ്യ വ്യാപനം കേരളത്തില്‍ നടന്നിട്ടില്ലെന്നാണ്. ശാരീരിക അകലം പാലിക്കുക, ആവര്‍ത്തിച്ച് കൈ കഴുകുക, മാസ്ക് ധരിക്കുക തുടങ്ങിയ ബ്രേക്ക് ദി ചെയിന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലും ക്വാറന്‍റൈന്‍ കൃത്യമായി നടപ്പിലാക്കുന്നതിലും നമ്മള്‍ മുന്നേറി എന്നാണ് അനുഭവം.

സംസ്ഥാനത്ത് ഇതുവരെ 74,426 പേര്‍ കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ കോവിഡ് പാസുമായി എത്തിയിട്ടുണ്ട്. ഇവരില്‍ 44,712 പേര്‍ റെഡ് സോണ്‍ ജില്ലകളില്‍നിന്നാണ്. റോഡുവഴി എത്തിയത് 63,239 പേരാണ്. ഇതുവരെ 26 വിമാനങ്ങളും മൂന്ന് കപ്പലുകളിലുമാണ് ഇന്നലെ വരെ വന്നത്. എത്തിയ 6,054 പേരില്‍ 3,305 പേരെ സര്‍ക്കാര്‍ വക ക്വാറന്‍റൈന്‍ സംവിധാനത്തിലേക്ക് അയച്ചു. ഇങ്ങനെ നമ്മുടെ സഹോദരങ്ങള്‍ തുടര്‍ച്ചയായി എത്തുമ്പോള്‍ സ്വാഭാവികമായും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തീവ്രതയും വര്‍ധിപ്പിക്കേണ്ടതുണ്ട്.

ഇത് ഇങ്ങനെ വിശദമായി പറയുന്നത് ധാരണാപിശക് കൊണ്ട് ഒരാളിലും അലംഭാവം ഉണ്ടായിക്കൂട എന്ന് ഉറപ്പുവരുത്താനാണ്. ആ പറയുന്നതിന്‍റെ അടിസ്ഥാനം ഈ നാട്ടില്‍ എല്ലാവര്‍ക്കും സുരക്ഷ ഉണ്ടാകണം എന്നതു തന്നെയാണ്. അതിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിലര്‍ വളച്ചൊടിക്കുന്നത് കണ്ടു. അതില്‍ സഹതാപം മാത്രമേ ഉള്ളു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്താകെ ലഘൂകരിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തെ നേരിടുമ്പോള്‍ അതുകൂടി മനസ്സില്‍വെച്ചുള്ള ജാഗ്രതയാണുണ്ടാകേണ്ടത്.

നാട്ടിലേക്ക് വരാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യം എത്തേണ്ട ആളുകളെ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, രോഗബാധിതര്‍, കുട്ടികള്‍ ഇങ്ങനെയുള്ള ആളുകളാണ് ആദ്യം എത്തേണ്ടത്. അതിനനുസരിച്ചാണ് സര്‍ക്കാരുകള്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, അത്ര അത്യാവശ്യമില്ലാത്ത പലരും ഈ സംവിധാനത്തിന്‍റെ പ്രയോജനം പറ്റുകയാണ്. അതിന്‍റെ ഭാഗമായി മുന്‍ഗണന ലഭിക്കേണ്ടവര്‍ കുടുങ്ങിപ്പോകുന്നു.

ഈ അവസ്ഥ ഒഴിവാക്കണം. അതിന് ഔദ്യോഗിക സംവിധാനങ്ങളോട് സഹകരിക്കാന്‍ ജനങ്ങളാകെ തയ്യാറാകണം. ആരും ഇപ്പോഴുള്ളിടത്തു തന്നെ അനന്തമായി കുടുങ്ങിക്കിടക്കാന്‍ പോകുന്നില്ല. അവര്‍ക്ക് നാട്ടിലേക്ക് എത്താനുള്ള സംവിധാനങ്ങള്‍ ക്രമാനുഗതമായി ഒരുങ്ങുന്നുണ്ട്. പ്രയാസങ്ങളുണ്ടാകാം. എന്നാല്‍, അനാവശ്യമായ തിക്കും തിരക്കും അപകടമുണ്ടാക്കുകയേ ഉള്ളു.
വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ സംസ്ഥാനത്ത് ഈ കാലത്ത് എത്തുന്ന എല്ലാവരുടെയും വിവരങ്ങള്‍ ആരോഗ്യ-തദ്ദേശ വകുപ്പുകളും പൊലീസും സൂക്ഷിക്കണം.

വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള യാത്രകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ഗുണം ചെയ്യില്ല. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നപ്പോള്‍ പൊതുവെ ചലനാത്മകത ഉണ്ടായി. പക്ഷേ, കാര്യങ്ങള്‍ അയഞ്ഞുപോകുന്നതിലേക്ക് ഇത് പോകരുത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ്തല സമിതികളുടെയും ഇടപെടല്‍ പ്രധാനമാണ്. തുറന്ന മനസ്സോടെയും അര്‍പ്പണബോധത്തോടെയുമാണ് എല്ലാവരും പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹായം ഉണ്ടാകണം.

ചെക്ക്പോസ്റ്റുകളിലും ആശുപത്രികളിലും പിപിഇ കിറ്റുകളും മാസ്കും മറ്റും ആവശ്യാനുസരണം ലഭ്യമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മരുന്ന് ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിടത്ത് പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തിയിട്ടുണ്ട്.

റോഡരികിലെ തട്ടുകടകള്‍ റെസ്റ്റോറന്‍റ് മാതൃകയില്‍ ആളുകളെ ഇരുത്തി ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ പതിവായിട്ടുണ്ട്. ഇത് അനുവദിക്കാന്‍ പറ്റുന്ന പ്രവണതയല്ല. പാഴ്സല്‍ ഭക്ഷണമേ സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും സ്വകാര്യ ട്യൂഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നതായി പറയുന്നുണ്ട്. സ്കൂള്‍ തുറക്കുന്ന മുറയ്ക്ക് മാത്രമാണ് ട്യൂഷന്‍ തുടങ്ങാന്‍ അനുവാദമുണ്ടാവുക. നിര്‍ബന്ധമാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ട്യൂഷനാകാം.

ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുന്നുണ്ട്. അത് നിയന്ത്രിക്കും. തിക്കിത്തിരക്കി രോഗികളും സഹായികളും എത്തുന്നതും സാമൂഹിക അകലം പാലിക്കാത്തതും ആശുപത്രികളിലാകുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക. അടിയന്തര ഇടപെടല്‍ അക്കാര്യത്തില്‍ ആരോഗ്യവകുപ്പില്‍നിന്നും ഉണ്ടാകും.

എയ്ഡ്സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്ന പ്രശ്നം പരിഹരിക്കും. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഇതില്‍ ഉടനെ ഇടപെടണം.

തുണിക്കടകള്‍ക്ക് പൊതുവേ അനുവാദം നല്‍കിയിട്ടുണ്ട്. ഒന്നിലധികം നിലകളുള്ള കടകള്‍ക്കും പ്രവര്‍ത്തിക്കാം. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെയും കൊണ്ട് ഷോപ്പിംഗിന് എത്തുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. രക്ഷിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. തുണി മൊത്തവ്യാപാര കടകള്‍ക്ക് പ്രവര്‍ത്തന അനുവാദമുണ്ട്.

പരീക്ഷകള്‍ തുടങ്ങുന്നതിനാല്‍ ആവശ്യമായ സജജീകരണങ്ങള്‍ – ബസുകള്‍ ഉള്‍പ്പെടെ – വേണ്ടതുണ്ട്. വിദ്യാഭ്യാസവകുപ്പിന്‍റെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഫോട്ടോ സ്റ്റുഡിയോകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഔദ്യോഗികമായ പല ആവശ്യങ്ങള്‍ക്കും അപേക്ഷ നല്‍കാനും ഫോട്ടോ ആവശ്യമുണ്ട്. അതുകൊണ്ട് ഫോട്ടോകള്‍ എടുക്കാന്‍ സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തന അനുവാദം നല്‍കുന്നതാണ്.

പ്രത്യേക ട്രെയിന്‍

കേരളത്തിലേയ്ക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ നാളെ വൈകിട്ട് ആറിന് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. 1304 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. 971 പേര്‍ ഡല്‍ഹിയില്‍ നിന്നും 333 പേര്‍ യുപി, ജമ്മു കാശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമാണ്.
ബംഗളൂരുവില്‍നിന്ന് മറ്റെന്നാള്‍ മുതല്‍ ദിവസേന നോണ്‍ എസി ചെയര്‍കാര്‍ ട്രെയിന്‍ ഉണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍

നാട്ടിലേക്ക് തിരികെ പോകണമെന്നാവശ്യപ്പെട്ട് മുന്നൂറോളം അതിഥി തൊഴിലാളികള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ബഹളംവെച്ച സംഭവം ഉണ്ടായി. യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇവര്‍ റെയില്‍പ്പാളത്തിലൂടെ നടന്നാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. പൊലീസും മറ്റും അനുനയിപ്പിച്ച് അവരെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ താമസസ്ഥലങ്ങളിലേക്ക് തിരിച്ചയച്ചു. ഇതുപോലുള്ള ചില സംഭവങ്ങള്‍ മറ്റ് സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്.

അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും അവരുടെ ക്ഷേമത്തിനായി സര്‍ക്കാരും ജനമൈത്രി പൊലീസും സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് നല്‍കുകയും ചെയ്യും. മടങ്ങാന്‍ താല്‍പര്യമുളളവര്‍ക്ക് നാട്ടിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്ന മുറയ്ക്ക് തിരിച്ചുപോകാമെന്നും അറിയിക്കും.

കോഴിക്കോട് നിന്ന് ഒറീസയിലേക്ക് 17 സൈക്കിളുകളിലായി പോകാന്‍ ശ്രമിച്ച ഒരു സംഘം അതിഥിതൊഴിലാളികളെ പൊലീസ് ഇടപെട്ട് തടയുകയും ക്യാമ്പുകളിലേക്ക് തിരിച്ച് അയയ്ക്കുകയും ചെയ്യുകയുണ്ടായി. ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്ന മുറയ്ക്ക് അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കും.

മാസ്ക്

പൊതുജനങ്ങള്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ് രൂപം നല്‍കിയ ടാസ്ക് ഫോഴ്സിന്‍റെ ചുമതല ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരിക്ക് നല്‍കി. മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പൊലീസ് ആരംഭിച്ച ബാസ്ക് ഇന്‍ ദി മാസ്ക് എന്ന ക്യാമ്പയിന്‍ കൂടുതല്‍ പുതുമകളോടെ തുടരും. സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്ത 2036 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 14 കേസുകളും രജിസ്റ്റര്‍ ചെയ്തു.

നീറ്റ് പരീക്ഷ

ഗള്‍ഫിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് ഉള്‍പ്പടെയുള്ള പ്രവേശന പരീക്ഷകള്‍ എഴുതാനാകുമോ എന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ജൂലൈ 26നാണ് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ. യാത്രാ വിലക്ക് ഉള്ളതിനാല്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇങ്ങോട്ടെത്തി പരീക്ഷ എഴുതാനാവില്ല. കൂടുതല്‍ മലയാളികള്‍ ജീവിക്കുന്ന യുഎഇയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ തുറന്ന് ഈ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കത്ത് വഴി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കെഎസ്എഫ്ഇ ‘ജീവനം’ സൗഹൃദ പാക്കേജ്

കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ വരെ സ്വര്‍ണ്ണപ്പണയ വായ്പാ പദ്ധതി നടപ്പാക്കും. ആദ്യ നാലു മാസത്തേക്ക് പലിശനിരക്ക് 3 ശതമാനവും തുടര്‍ന്ന് സാധാരണ നിരക്കിലുമായിരിക്കും പലിശ. നോര്‍ക്ക ഐഡിയുള്ള ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് വന്ന പ്രവാസി കേരളീയര്‍ക്കും ഇതേ വായ്പ ലഭിക്കും.

പ്രവാസി ചിട്ടിയിലെ അംഗങ്ങള്‍ക്ക് 3 ശതമാനം പലിശനിരക്കില്‍ 1.5 ലക്ഷം രൂപ വരെ വായ്പ നല്‍കും. 10,000 രൂപ വരെയുള്ള സ്വര്‍ണ്ണപ്പണയ വായ്പ, നിലവിലുള്ള പലിശ നിരക്കില്‍ നിന്നും ഒരു ശതമാനം കുറച്ച് 8.5 ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കും.

ചെറുകിട വ്യാപാരികള്‍ക്ക് 1 ലക്ഷം രൂപ വരെ വായ്പ നല്‍കും. കാലാവധി 24 മാസമാണ്. ഡെയിലി ഡിമിനിഷിങ് രീതിയില്‍ 11.50 ശതമാനമാണ് പലിശ നിരക്ക്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ 11 ശതമാനം. എഫ്ഡി, ബാങ്ക് ഗ്യാരന്‍റി, സ്വര്‍ണം എന്നിവ ജാമ്യം നല്‍കുന്നവര്‍ക്ക് 10.5 ശതമാനം പലിശ.

വ്യാപാരികള്‍ക്ക് രണ്ടു വര്‍ഷം കാലാവധിയുള്ള ഗ്രൂപ്പ് വായ്പാ പദ്ധതി. ഓരോ ഗ്രൂപ്പിലും 20 പേര്‍ വീതമാണ് ഉണ്ടാകുക. എല്ലാ മാസവും നിശ്ചിത തുക വെച്ച് എല്ലാവരും അടക്കണം. 4 മാസങ്ങള്‍ക്കു ശേഷം ആവശ്യക്കാര്‍ക്ക് ചിട്ടി / വായ്പ പദ്ധതി തുക മുന്‍കൂറായി നല്‍കും. 4 മാസങ്ങള്‍ക്കുശേഷം തുക കൈപ്പറ്റുന്ന അംഗങ്ങള്‍ക്ക് നേരത്തേ എടുക്കുന്ന അംഗങ്ങളേക്കാള്‍ കൂടുതല്‍ തുക ലഭിക്കും.

കുടിശ്ശികക്കാര്‍ക്ക് ആശ്വാസമായി എല്ലാ റവന്യു റിക്കവറി നടപടികളും ജൂണ്‍ 30 വരെ നിര്‍ത്തിവെക്കും. 2019-20ല്‍ പ്രഖ്യാപിച്ച കുടിശിക നിവാരണ ഇളവ് പദ്ധതികള്‍ ജൂണ്‍ 30 വരെ നീട്ടി.

പിഴപ്പലിശ ബാധകമായ എല്ലാ വായ്പാ പദ്ധതികളുടെയും 2020 മാര്‍ച്ച് 21 മുതല്‍ 2020 ജൂണ്‍ 30 വരെയുള്ള കാലയളവിലെ തവണകള്‍ക്കു പിഴപ്പലിശ ഒഴിവാക്കി. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ
കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത മഴയുടെ അനുഭവം നാം മറക്കാനിടയില്ല. ഒരു ദിവസത്തെ മഴ കൊച്ചി നഗരത്തെ തന്നെ വെള്ളക്കെട്ടിനടിയിലാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് നടപ്പാക്കിയ ‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’ പദ്ധതി കൊച്ചിയെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു.

കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകാന്‍ ‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’ തുടരാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. 25 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കേണ്ട പ്രവൃത്തികള്‍ക്കുള്ള പദ്ധതി രേഖ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ആദ്യ ഘട്ടത്തിലെ 35 പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടതാണെങ്കിലും കോവിഡ് 19 ലോക്ക്ഡൗണ്‍ കാരണം നീണ്ടു പോയി. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രവൃത്തികള്‍ ഇപ്പോള്‍ പുനരാരംഭിച്ചു. 23 പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണസംവിധാനം അറിയിച്ചിരിക്കുന്നത്.

മെയ് 31നുള്ളില്‍ ഒന്നാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ടാം ഘട്ടത്തിലെ പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. കൊച്ചിയിലെ ജനങ്ങള്‍ക്ക് വെള്ളക്കെട്ടില്‍ നിന്നും ശാശ്വത പരിഹാരം ഉണ്ടാകുന്ന തരത്തില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദേശീയപാതാ വികസനം

ദേശീയപാതാ വികസനത്തിന്‍റെ തടസ്സം നീങ്ങുന്ന കാര്യം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തലപ്പാടി ചെങ്കള റീച്ചിലെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ച കാര്യമായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചത്. അതിന്‍റെ തുടര്‍ച്ചയായി ചെങ്കള നീലേശ്വരം റീച്ചിന്‍റെ വികസനത്തിനും സ്റ്റാന്‍ഡിങ് ഫിനാന്‍സ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. 37.268 കി.മീ ദൂരം ആറു വരി ആക്കി വികസിപ്പിക്കാനാണ് പദ്ധതി. പദ്ധതിയുടെ മൊത്തം ചെലവ് 1197.568 കോടി രൂപയാണ്. രണ്ടരവര്‍ഷം കൊണ്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നത്. 40.7803 ഹെക്റ്റര്‍ ഭൂമിയാണ് ഈ ഘട്ടത്തില്‍ ഏറ്റെടുക്കേണ്ടത്.

വിക്ടേഴ്സ് ചാനല്‍

ജൂണ്‍ ഒന്നുമുതല്‍ സ്കൂള്‍ അധ്യാപകര്‍ക്ക് വിക്ടേഴ്സ് ചാനലിലൂടെ പരിശീലനം നല്‍കാനും കുട്ടികള്‍ക്ക് വെര്‍ച്ച്വല്‍ ക്ലാസ് നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ കേബിള്‍ – ഡിടിഎച്ച് സേവന ദാതാക്കളും വിക്ടേഴ്സ് ചാനലിനെ നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുത്തിയാലാണ് കുട്ടികള്‍ക്ക് പൂര്‍ണതോതില്‍ പ്രയോജനം ലഭിക്കുക. കേന്ദ്രം പ്രഖ്യാപിച്ച ‘സ്വയംപ്രഭ’ പദ്ധതിയുടെ ഭാഗമായി വിക്ടേഴ്സിനെ ഡിടിഎച്ച് നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പ്രകാശ് ജാവ്ദേക്കറിന് കത്തയച്ചിട്ടുണ്ട്.

സഹായം

കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം 10 ലക്ഷം രൂപയുടെ ഫെയ്സ് ഷീല്‍ഡ് കൈമാറി.

ദുരിതാശ്വാസ നിധി

സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിന്ന് സഹകരണ വകുപ്പ് മുഖാന്തിരം ലഭിച്ചത് 151.96 കോടി രൂപ,112.79 കോടി രൂപ ആദ്യ ഗഡുവായും 39.17 കോടി രൂപ രണ്ടാം ഗഡുവായും കൈമാറി.

കോഴിക്കോട് അര്‍ബര്‍ സഹകരണ ബാങ്ക് രണ്ട് ഗഡുക്കളായി 50 ലക്ഷം രൂപ

കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ് 50 ലക്ഷം രൂപ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍, ജീവനക്കാരുടെ വിഹിതം 45,97,080 രൂപ

ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍റര്‍, പാല 33 ലക്ഷം രൂപ

വിളപ്പില്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാര്‍ 25 ലക്ഷം രൂപ

കാരമുക്ക് സര്‍വ്വീസ് സഹകരണ ബാങ്ക് 23,46,856 രൂപ

വലപ്പാട് ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ

ഫെഡറല്‍ ബാങ്ക് 13,44,000 രൂപ

ചെല്ലാനം ഗ്രമാപഞ്ചായത്ത് 10 ലക്ഷം രൂപ

ഏലൂര്‍ നഗരസഭ 10 ലക്ഷം രൂപ

കണ്ണിപ്പൊയില്‍ ബാബു രക്തസാക്ഷി ദിനാചരണത്തിന്‍റെ ഭാഗമായി, മാഹി, പള്ളൂരിലെ സിപിഐ എം പ്രവര്‍ത്തകര്‍ സ്വരൂപിച്ച 2,35,800 രൂപ

മൂവാറ്റുപുഴ നഗരസഭ 10 ലക്ഷം രൂപ

ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഎഡബ്ലൂഎഫ് 4,30,123 രൂപ

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന ടി കെ പരീക്കുട്ടിഹാജി സക്കാത്ത് വിഹിതത്തില്‍നിന്ന് 1.35 ലക്ഷം രൂപ.

ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ 2 ലക്ഷം രൂപ

കുവൈറ്റിലെ മലയാളി കുട്ടായ്മ സാന്ത്വനം കുവൈറ്റ് 3,50,607 രൂപ

റിട്ട. ഹൈക്കോടി ജഡ്ജി എന്‍ കൃഷ്ണന്‍നായര്‍ 1 ലക്ഷം.