വാര്‍ത്താകുറിപ്പ്: 27-05-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള നമ്മുടെ സഹോദരങ്ങളുടെ മരണം അത്യന്തം വേദനാജനകമാണ്. കഴിഞ്ഞയാഴ്ച ഇക്കാര്യം സൂചിപ്പിക്കുമ്പോള്‍ കോവിഡ് 19 ബാധിച്ച് മരിച്ച വിദേശത്തുള്ള പ്രവാസികള്‍ 124 പേരായിരുന്നു. ഇന്നലെ വരെ ലഭിക്കുന്ന കണക്കനുസരിച്ച് അത് 173 ആയി മാറിയിട്ടുണ്ട്. അവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ സംസ്ഥാനവും പങ്കുചേരുന്നു.

40 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് പോസിറ്റീവായവരില്‍ 16 പേര്‍ മഹാരാഷ്ട്രയില്‍നിന്നു വന്നവരാണ്. തമിഴ്നാട് 5, തെലങ്കാന 1, ഡെല്‍ഹി 3, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ് ഓരോരുത്തര്‍ വീതം, വിദേശത്തുനിന്ന് 9 പേര്‍, സമ്പര്‍ക്കം 3 എന്നിങ്ങനെയാണ് മറ്റ് പോസിറ്റീവ് കേസുകള്‍.

മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

ഇതുവരെ 1004 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 445 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,07,832 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,06,940 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലോ ആണ്. 892 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 58,866 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 56,558 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 9095 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8541 നെഗറ്റീവാണ്. ആകെ 81 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് പുതുതായി 13 ഹോട്ട്സ്പോട്ട്. പാലക്കാട് 10, തിരുവനന്തപുരം 3.

സര്‍വ്വകക്ഷിയോഗം

വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികള്‍ ധാരാളമായി വരാന്‍ തുടങ്ങിയതോടെ നമ്മുടെ രോഗപ്രതിരോധ പ്രവര്‍ത്തനം പുതിയ ഘട്ടത്തിലേക്ക് കടന്നു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ആശങ്കയുളവാക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കുന്നതിനും വിവിധ കക്ഷികളുടെ അഭിപ്രായം ആരായുന്നതിനും ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയുണ്ടായി. ഇന്നത്തെ സാഹചര്യം നേരിടുന്നതിന് സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളാകെയും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായമാണ് യോഗത്തിലുണ്ടായത്. രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളില്‍ എല്ലാ കക്ഷിനേതാക്കളും മതിപ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് നേതാക്കള്‍ പിന്തുണ അറിയിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രാഷ്ട്രീയ പാര്‍ടികളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ മുന്നോട്ടുവച്ചു. അവയെല്ലാം സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കും. നാം നിതാന്തജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകട സാധ്യത ഉണ്ടെന്ന സര്‍ക്കാരിന്‍റെ നിലപാടിനോട് എല്ലാവരും യോജിച്ചു. പുറത്തു നിന്നും നമ്മുടെ സഹോദരډാര്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവിടെയുള്ളവരുടെ ജാഗ്രത പ്രധാനമാണ്. ജനങ്ങളാകെ ഈ പോരാട്ടത്തില്‍ സ്വയം പടയാളികളായി മാറണം. നിരീക്ഷണത്തിലുള്ളവര്‍ നിബന്ധനകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നില്ലെങ്കില്‍ ഉടനെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാന്‍ ചുറ്റുപാടുള്ള നാട്ടുകാര്‍ തയ്യാറാകണം. നിരീക്ഷണം പാലിക്കാത്തവരെ ഉപദേശിക്കാനുള്ള ചുമതലയും ജനങ്ങള്‍ ഏറ്റെടുക്കണം.

പ്രവാസികളുടെ കാര്യത്തില്‍, വിദേശത്തുനിന്നായാലും ഇതര സംസ്ഥാനങ്ങളില്‍ നിന്നായാലും, വരാനാഗ്രഹിക്കുന്ന എല്ലാവരേയും സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. ഇക്കാര്യം തുടക്കം മുതലേ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. ഒരു ക്രമീകരണവുമില്ലാതെ ആളുകള്‍ ഒന്നിച്ചു വന്നാല്‍ രോഗവ്യാപനം തടയാന്‍ നാം സ്വീകരിക്കുന്ന നടപടികള്‍ അപ്രസക്തമാകും. നല്ല ആസൂത്രണത്തോടെയും ചിട്ടയോടേയും വേണം പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കുന്നതും ക്വാറന്‍റൈനിലേക്ക് അയക്കുന്നതും. അതിനുള്ള ഫലപ്രദമായ സംവിധാനം നമുക്കുണ്ട്. വിമാനത്താവളത്തിലോ റെയില്‍വേ സ്റ്റേഷനിലോ എത്തുന്നവരെ സ്വീകരിച്ച് നേരെ ക്വാറന്‍റൈനിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഹോം ക്വാറന്‍റൈനില്‍ പോകുന്നവര്‍ വഴിയില്‍ ഇറങ്ങാനോ ആരേയും കാണാനോ പാടില്ല. ഈ നിബന്ധനകള്‍ ലംഘിച്ചാല്‍ പ്രതീക്ഷിക്കാത്ത പ്രത്യാഘാതമുണ്ടാകും. ഇത്തരം ക്രമീകരണം ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്.

സര്‍ക്കാരിനെ അറിയിക്കാതെ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ അനധികൃതമായി സംസ്ഥാനത്ത് എത്തുന്നവരുടെ കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. എവിടെ നിന്നായാലും ഫ്ളൈറ്റുകളും ട്രെയിനുകളും വരട്ടെ. ഒരു നിബന്ധന മാത്രമേ സംസ്ഥാനത്തിനുള്ളൂ. എല്ലാവരുടേയും വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കണം. അതിനുവേണ്ടി സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ നിവൃത്തിയില്ല. വരുന്നവരുടേയും നാട്ടിലുള്ളവരുടേയും ആരോഗ്യസുരക്ഷ സര്‍ക്കാരിന് പ്രധാനമാണ്. വരുന്നവരുടെ നാട്ടിലെ വിലാസവും മറ്റു വിവരങ്ങളും ലഭിച്ചാല്‍ മാത്രമേ വീട്ടില്‍ ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയൂ. സൗകര്യം ഇല്ലാത്തവരെ സര്‍ക്കാര്‍ ക്വാറന്‍റൈനിലേക്ക് അയക്കേണ്ടതുണ്ട്. ഈ രീതിയില്‍ രജിസ്ട്രേഷനും മറ്റു ക്രമീകരണങ്ങളും നിഷ്കര്‍ഷിക്കുന്നത് തെറ്റിദ്ധരിച്ചാണ് കേന്ദ്ര റെയില്‍വേ മന്ത്രി ചില പ്രതികരണങ്ങള്‍ നടത്തിയത്. നാം നമ്മുടെ പ്രയാസവും ഉല്‍ക്കണ്ഠയും ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്.

വിദേശത്തു നിന്നും വരുന്നവരുടെ ക്വാറന്‍റൈന്‍ ചിലവ് അവരില്‍ നിന്നും ഈടാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. സര്‍വ്വകക്ഷിയോഗത്തിലും ഈ പ്രശ്നം വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കും. ക്വാറന്‍റൈന്‍ ചിലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് അത് ഈടാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. അതു സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയിക്കുന്നതാണ്.

വിദേശത്തുള്ള ചില സംഘടനകള്‍ ഫ്ളൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി പറയുന്നുണ്ട്. ഫ്ളൈറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നതിന് സംസ്ഥാനത്തിന് ഒരു വിരോധവുമില്ല. മുന്‍കൂട്ടി വിവരം ലഭിച്ചാല്‍ മാത്രം മതി. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ഇല്ലാത്തതുകൊണ്ട് ചാര്‍ട്ടര്‍ ചെയ്ത വിമാനം വരുന്നില്ലെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്.

ലോക്ക്ഡൗണില്‍ ഇളവു വന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇന്നത്തെ സര്‍വ്വകക്ഷിയോഗത്തിലും വരികയുണ്ടായി. സ്ഥിതിഗതികള്‍ മെച്ചപ്പെട്ട ശേഷം അക്കാര്യം പരിഗണിക്കാമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട് (കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനവും ഇതുതന്നെയാണ്). ആരാധനാലയം ആകുമ്പോള്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുക എന്നത് പ്രയാസമായിരിക്കും. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതെല്ലാം തടസ്സമാകും.

സ്രവപരിശോധനയുടെ എണ്ണം കൂട്ടണമെന്ന നിര്‍ദ്ദേശവും സര്‍വ്വകക്ഷിയോഗത്തില്‍ വരികയുണ്ടായി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ടെസ്റ്റ് കിറ്റ് ആവശ്യത്തിന് കിട്ടിയിരുന്നില്ല. എന്നാല്‍ ഇനിയുള്ള ദിവസങ്ങളില്‍ മൂവായിരം വീതം ടെസ്റ്റ് നടത്താനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്.

ഞായറാഴ്ച

ഞായറാഴ്ച ഇപ്പോള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണാണ്. കാലവര്‍ഷം തുടങ്ങുകയാണ്. കോവിഡിനു പുറമെ നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം മഴക്കാല രോഗങ്ങള്‍ തടയുക എന്നതാണ്. അതിന് ശുചീകരണം അനിവാര്യമാണ്. വരുന്ന ഞായറാഴ്ച സംസ്ഥാനത്താകെ ശുചീകരണദിനമായിരിക്കും. ഇതുസംബന്ധിച്ച് സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം കണക്കിലെടുത്താണ് ഈ തീരുമാനം. മുഴുവന്‍ ആളുകളും വീടും പരിസരവും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നതില്‍ വ്യാപൃതരാകും. രോഗങ്ങള്‍ പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുന്ന തരത്തിലാകും. ഈ ശുചീകരണ പ്രവര്‍ത്തനം. ഇതിന് എല്ലാ കക്ഷികളുടെയും സംഘടനകളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

ജനങ്ങള്‍ ഒന്നിച്ചു നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്. എല്ലാ പാര്‍ട്ടികളുടേയും സഹകരണം സര്‍ക്കാര്‍ ഇതിനുവേണ്ടി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിനും ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ഓരോ പാര്‍ട്ടിയും പ്രത്യേകം ശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എല്ലാവരും അത് സ്വീകരിച്ചു എന്നതില്‍ സര്‍ക്കാരിന് സന്തോഷമുണ്ട്. എല്ലാ കക്ഷിനേതാക്കളോടും സര്‍ക്കാര്‍ നന്ദി പ്രകടിപ്പിക്കുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കൂടാതെ എം.വി. ഗോവിന്ദന്‍, തമ്പാനൂര്‍ രവി, കെ. പ്രകാശ് ബാബു, കെ.പി.എ മജീദ്, പി.ജെ ജോസഫ്, സി.കെ. നാണു, ടി.പി. പീതാംബരന്‍മാസ്റ്റര്‍, കെ. സുരേന്ദ്രന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി.സി. ജോര്‍ജ്, വി. സുരേന്ദ്രന്‍പിള്ള, എ.എ. അസീസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ഹോം ക്വാറന്‍റൈൻ

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കു നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ട്. മാസ്ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന്  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ഈ മാസം നാലുമുതല്‍ 25 വരെ സംസ്ഥാനത്ത് ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞത് 78,894 പേരാണ്. നമ്മുടെ നാട്ടിലെ സാഹചര്യം മെച്ചപ്പെട്ട ഹോം ക്വാറന്‍റൈന്‍ സാധ്യമാകുന്നതാണ്. ഇത്രയും പേര്‍ കഴിഞ്ഞതില്‍ 468 പേരാണ് ക്വാറന്‍റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതായി ഈ ദിവസങ്ങളില്‍ കണ്ടെത്തിയത്. ഇവയില്‍ 453 കേസ് രജിസ്റ്റര്‍ ചെയ്തു.

ഉദ്യോഗസ്ഥരുടെ ചെക്കിങ്ങിനിടെയാണ് 145 കേസുകള്‍ കണ്ടെത്തിയത്. 48 കേസുകള്‍ അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ പോലുള്ള സാങ്കേതികവിദ്യയുടെ സഹായത്താല്‍ 260 ക്വാറന്‍റൈന്‍ ലംഘനങ്ങള്‍ കണ്ടെത്തി. ഇത് വ്യക്തമാക്കുന്നത് ഹോം ക്വാറന്‍റൈന്‍ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പാകുന്നു എന്നും അതിന്‍റെ ലംഘനം തടയാന്‍ അടിമുടി ജാഗ്രത പുലര്‍ത്തുന്നു എന്നുമാണ്.

ലംഘനങ്ങള്‍ ഒന്നുകില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തും; അല്ലെങ്കില്‍ അയല്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തും; അതുമല്ലെങ്കില്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ പിടിക്കപ്പെടും. രോഗവ്യാപന തോത് നമുക്ക് പിടിച്ചുനിര്‍ത്താന്‍ വലിയ ഒരളവ് കഴിഞ്ഞത് ഫലപ്രദമായ ഹോം ക്വാറന്‍റൈന്‍ സംവിധാനം ഒരുക്കി എന്നതുകൊണ്ടു കൂടിയാണ്.

അദാലത്ത്

പരാതി പരിഹാര അദാലത്തുകള്‍ സംസ്ഥാനത്താകെ നടന്നുവരികയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ അതിന് തടസ്സം നേരിട്ടു. പരിഹാരമെന്ന നിലയില്‍ ഓണ്‍ലൈന്‍ വഴി അദാലത്ത് നടത്താന്‍ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നലെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ അദാലത്ത് വിജയമായിരുന്നു. അടുത്ത ആഴ്ച എല്ലാ ജില്ലകളിലും ഓരോ താലൂക്കില്‍ ഈ രീതിയില്‍ അദാലത്ത് നടത്തും.

സര്‍ക്കാര്‍ ഓഫീസുകള്‍

ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്‍റ് സോണുകളില്‍ പ്രത്യേക ക്രമീകരണമായിരിക്കും.

കോവിഡ് നിര്‍വ്യാപന-പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും പൂര്‍ണമായി തുറക്കും. ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിലെ മറ്റു സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ഹാജരാകണം.

വേറെ ജില്ലകളില്‍ അകപ്പെട്ടുപോയ ജീവനക്കാര്‍ക്ക് ജോലിസ്ഥലത്തേക്ക് മടങ്ങാനുള്ള ബസ് സൗകര്യം കലക്ടര്‍മാര്‍ ഒരുക്കും. മടങ്ങാന്‍ കഴിയാത്തവര്‍ അതത് കലക്ടര്‍മാര്‍ക്കു മുമ്പാകെ റിപ്പോര്‍ട്ട് ചെയ്ത് ആ ജില്ലയില്‍ തന്നെ തുടരേണ്ടതാണ്. കോവിഡ് നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അവരെ ഉപയോഗിക്കുകയോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുകയോ ചെയ്യാം. ഇതിനുള്ള ക്രമീകരണം കലക്ടറേറ്റുകളില്‍ ഉണ്ടാകണം. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരാള്‍ക്ക് കോവിഡ് രോഗബാധയുണ്ടായാല്‍ പിന്നാലെ കുടുംബത്തിലെ നിരവധിപ്പേര്‍ക്ക് അസുഖമുണ്ടാകുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചില സംഭവങ്ങളില്‍ കുടുംബാംഗത്തിനുണ്ടാകുന്ന രോഗബാധ അറിയാത്തതുകൊണ്ടാണ് പകരുന്നത്. അതേസമയം  രോഗസാധ്യതയുള്ള ആളുകള്‍ വേണ്ട മുന്‍കരുതല്‍ എടുക്കാത്തതു കൊണ്ടുകൂടി ഇങ്ങനെ സംഭവിക്കുന്നത്. രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍നിന്ന് എത്തുന്നവര്‍ ക്വാറന്‍റൈന്‍ നിബന്ധനകള്‍ പാലിച്ചേ തീരൂ. അതിന് കുടുംബവ്യാപനം എന്ന് പറയുന്നത് ശരിയല്ല. ഹോം ക്വാറന്‍റൈന്‍ എന്നത് നിര്‍ബന്ധമായും റൂം ക്വാറന്‍റൈന്‍ തന്നെയായി മാറണം. കുടുംബാംഗങ്ങള്‍ ഈ പ്രത്യേക സമയത്ത് അടുത്തിടപഴുകാതെ ശ്രദ്ധിക്കുകയും ആവശ്യമായ സഹായങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കുകയും ചെയ്താല്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും.
 
വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ട്. ആലപ്പുഴയില്‍ മുംബൈയില്‍ നിന്നെത്തിയ യുവാവ് കോവിഡ് കെയര്‍ സെന്‍ററില്‍ ആയിരുന്നു. ഇയാള്‍ നിരവധി ഇടങ്ങളില്‍ സഞ്ചരിച്ചു എന്ന രീതിയില്‍  ഫോട്ടോയടക്കം സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തി. വീട്ടിലേക്ക് ഭീഷണി ഫോണ്‍കോളുകള്‍ എത്തുന്നു. കടയില്‍ നിന്ന് സാധനങ്ങള്‍ നല്‍കുന്നില്ല. സമീപവാസികള്‍ ഒറ്റപ്പെടുത്തുന്നു എന്ന പരാതിയും ഉയര്‍ന്നു. ഇത്തരത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടികള്‍ അനിവാര്യമാണ്. അത് തുടരുകയുമാണ്.

സന്നദ്ധപ്രവര്‍ത്തകരെ പൊലീസ് വളണ്ടിയര്‍മാരായി നിയോഗിക്കുന്ന പദ്ധതി നാളെ നടപ്പില്‍വരും. ക്വാറന്‍റൈന്‍ ലംഘനം കണ്ടെത്തുന്നതിനുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്, ജനമൈത്രി പൊലീസിനോടൊപ്പം കണ്ടെയ്ന്‍മെന്‍റ് മേഖലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പൊലീസ് വളണ്ടിയര്‍മാരെ നിയോഗിക്കും. പൊലീസിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും അധികജോലിഭാരംമൂലം ഇപ്പോള്‍ ഉള്ള ബുദ്ധിമുട്ട് കുറയ്ക്കാനും ഈ നടപടികളിലൂടെ കഴിയും.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാവാതിരിക്കാന്‍ വ്യത്യസ്ത നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഫീല്‍ഡ് ജോലിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിപിഇ കിറ്റ് ലഭ്യമാക്കുന്നതിന് സ്പോണ്‍സര്‍മാരുടെ സേവനം തേടും.

മദ്യവില്‍പ്പനശാലകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ അവയ്ക്ക് മുന്നില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കും. മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് നിയന്ത്രിതമായ തോതില്‍ വസ്ത്രവ്യാപാരശാല പ്രവര്‍ത്തിക്കുന്നുണ്ട്. അവിടങ്ങളില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ ട്രയല്‍ റണ്‍ നടത്താന്‍ പാടില്ല. ഒരാള്‍ ശരീരത്തില്‍ ഇട്ടുനോക്കിയ വസ്ത്രം തന്നെ മറ്റൊരാളും പരീക്ഷിച്ചുനോക്കുന്നത് വൈറസ് പകരാന്‍ ഇടയാക്കും. ഇക്കാര്യത്തില്‍ വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഒരേസമയം അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ ആളുകള്‍ വസ്ത്രം വാങ്ങാനെത്തുന്നതും ഒഴിവാക്കണം.

മെയ് 31 സര്‍ക്കാര്‍ സര്‍വീസിലെ അനേകം ആളുകളുടെ റിട്ടയര്‍മെന്‍റ് ദിവസമാണ്. സാധാരണ സര്‍വീസില്‍നിന്ന് വിരമിക്കുമ്പോള്‍ യാത്രയയപ്പ് പരിപാടികള്‍ ഉണ്ടാകാറുണ്ട്. ഇതേ സാഹചര്യം കഴിഞ്ഞ മാര്‍ച്ച് 31നും വന്നിരുന്നു. ആളുകള്‍ കൂടുന്ന പരിപാടിയും പാര്‍ട്ടികളും പാടില്ല. വൈകാരികമായ മുഹൂര്‍ത്തമാണെങ്കിലും നിലവിലുള്ള സാഹചര്യത്തിന്‍റെ ഗൗരവം പരിഗണിച്ച് യാത്രയയപ്പ് പരിപാടികള്‍ പരിമിതപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ തുടരുകയാണ്. പരീക്ഷകള്‍ അവസാനിക്കുന്ന ദിവസം  ആഘോഷിക്കുന്ന പതിവ് വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. അത്തരം ആഘോഷങ്ങള്‍ ഈ ഘട്ടത്തില്‍ പാടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷയ്ക്കുശേഷം വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോകേണ്ടതാണ്.

ശ്രീ. ടോം ജോസ് വിരമിക്കുന്ന ഒഴിവില്‍ സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ വിശ്വാസ് മേത്തയെ നിയമിക്കും. ശ്രീ. ടോം ജോസ് സ്ത്യുത്യര്‍ഹമായ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.