വാര്‍ത്താകുറിപ്പ്: 03-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

82 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 19 പേര്‍. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായി. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗം ബാധിച്ചത്. അതില്‍ ഒരാളുടെ ഹിസ്റ്ററി വ്യക്തമാകുന്നതേയുള്ളു.

24 പേര്‍ ഇന്ന് കോവിഡ് മുക്തരായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂര്‍ 1, കോഴിക്കോട് 5, കണ്ണൂര്‍ 2, കാസര്‍കോട് 4, ആലപ്പുഴ 1 എന്നിങ്ങനെയാണ് എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ, കോഴിക്കോട് 7 വീതം, പാലക്കാട്, കൊല്ലം, എറണാകുളം 5 വീതം, തൃശൂര്‍ 4, കാസര്‍കോട് 3, കണ്ണൂര്‍, പത്തനംതിട്ട 2 വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് 4004 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 832 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,60,304 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,58,861 പേര്‍ വീടുകളിലും 1440 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 241 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 73,712 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 69,606 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 16,711 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15,264 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 128 ആയി.

പ്രവാസി യാത്രാ പ്രശ്നം

വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ കഴിയുന്ന നമ്മുടെ സഹോദരങ്ങളില്‍, ഈ ഘട്ടത്തില്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും കൊണ്ടുവരാനും അവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇതനുസരിച്ച് പുറത്തുനിന്ന് ദിവസേന ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അവരെ സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും വൈദ്യപരിശോധന, അതിനുശേഷം ക്വാറന്‍റൈന്‍, വിദേശത്തുനിന്ന് എത്തിയവര്‍ക്ക്  ക്വാറന്‍റൈന്‍ കഴിയുമ്പോള്‍ സ്രവ പരിശോധന, പോസിറ്റീവ് ആവുന്നവര്‍ക്ക് വിദഗ്ധ ചികിത്സയും പരിചരണവും, വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ നിരീക്ഷണം, വൃദ്ധര്‍ക്കും രോഗികള്‍ക്കും പ്രത്യേക ശ്രദ്ധ – ഇതെല്ലാം ചിട്ടയായി നാം ചെയ്തുകൊണ്ടിരിക്കുകയാണ്. പുറത്തുനിന്ന് ആളുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ രോഗമുള്ളവരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ടെങ്കിലും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതിന്‍റെ തോത് പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

മെയ് 7 മുതലാണ് വിദേശത്തുനിന്ന് ‘വന്ദേഭാരത്’ പരിപാടി പ്രകാരം ഫ്ളൈറ്റുകള്‍ വരാന്‍ തുടങ്ങിയത്. ജൂണ്‍ 2 വരെ 140 ഫ്ളൈറ്റുകള്‍ വന്നു. 24,333 പേരാണ് വിമാനം വഴി വന്നത്. കൂടാതെ 3 കപ്പല്‍ വഴി 1488 പേരും വിദേശത്തുനിന്ന് എത്തി. മൊത്തം 25,821 പേരാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നത്. വന്ദേഭാരതത്തിന്‍റെ ഭാഗമായി ഫ്ളൈറ്റുകള്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വെച്ചിട്ടില്ല. ഒരു ഫ്ളൈറ്റും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. മാത്രമല്ല, കേന്ദ്ര വിദേശമന്ത്രാലയം ചോദിച്ച എല്ലാ ഫ്ളൈറ്റിനും അനുമതി നല്‍കിയിട്ടുമുണ്ട്.

വന്ദേഭാരതത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ മാസം ഒരു ദിവസം 12 ഫ്ളൈറ്റ് ഉണ്ടാകുമെന്നാണ് വിദേശ മന്ത്രാലയം പറഞ്ഞത്. സംസ്ഥാനം അതിന് പൂര്‍ണസമ്മതം അറിയിച്ചു. അതുപ്രകാരം ജൂണില്‍ 360 ഫ്ളൈറ്റുകളാണ് വരേണ്ടത്. എന്നാല്‍, ജൂണ്‍ 3 മുതല്‍ 10 വരെ 36 ഫ്ളൈറ്റുകള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

അതിനര്‍ത്ഥം കേരളം അനുമതി നല്‍കിയ 324 ഫ്ളൈറ്റുകള്‍ ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട് എന്നാണ്. കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയില്‍ ഫ്ളൈറ്റ് ഓപറേറ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. അതില്‍ കുറ്റപ്പെടുത്താനാവില്ല. രാജ്യമാകെ ബാധകമായ വലിയൊരു ദൗത്യമായതുകൊണ്ട് ഒന്നിച്ച് ഒരുപാട് ഫ്ളൈറ്റുകള്‍ അയച്ച് ആളുകളെ കൊണ്ടുവരുന്നതിന് പ്രയാസമുണ്ടാകും.

കേരളത്തെ സംബന്ധിച്ച്, ഇപ്പോള്‍ അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 ഫ്ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്തുകഴിഞ്ഞാല്‍ ഇനിയും ഫ്ളൈറ്റുകള്‍ക്ക് അനുമതി നല്‍കാന്‍ ഒരുക്കമാണ്. അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചെയ്യേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യും.

വന്ദേഭാരത് മിഷനില്‍ ഇനി എത്ര ഫ്ളൈറ്റുകള്‍ക്ക് അനുമതി നല്‍കണമെന്ന് വിദേശ മന്ത്രാലയത്തോട് നാം ചോദിച്ചിട്ടുണ്ട്. ഈ വിവരം കിട്ടിയാല്‍ അത്രയും ഫ്ളൈറ്റുകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം.

വന്ദേഭാരത് പരിപാടിയില്‍ പെടാതെയുള്ള 40 ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്ക് വിദേശമന്ത്രാലയത്തിന് കേരളം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജൂണ്‍ 2 വരെ 14 ഫ്ളൈറ്റുകള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തത്. അനുമതി നല്‍കിയതില്‍ 26 ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. അതു പൂര്‍ത്തിയായാല്‍ ഇനിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തയ്യാറാണ്. ഇതുവരെ ഒരു ഫ്ളൈറ്റിനും സംസ്ഥാനം നോ പറഞ്ഞിട്ടില്ല.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ കൊണ്ടുവരുന്നതിന് തൊഴിലുടമകളോ ഏതെങ്കിലും ഗ്രൂപ്പോ സംഘടനകളോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഒരു തടസ്സവും സംസ്ഥാനം പറഞ്ഞിട്ടില്ല. എന്നാല്‍ യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ കൊണ്ടുവരികയാണെങ്കില്‍ അതിന് സര്‍ക്കാര്‍ നിബന്ധന വെച്ചിട്ടുണ്ട്.

ഒന്ന്, വിമാന നിരക്ക് ഏകദേശം വന്ദേഭാരത് നിരക്കിന് തുല്യമായിരിക്കണം. രണ്ട്, സീറ്റ് നല്‍കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നവരെ ആദ്യം പരിഗണിക്കണം. ജോലി നഷ്ടപ്പെട്ടവര്‍, വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, മറ്റു രോഗങ്ങളുള്ള വയോധികര്‍, കുടുംബത്തില്‍ നിന്ന് വേര്‍പെട്ടുപോയ കുട്ടികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. മറ്റു വ്യവസ്ഥളൊന്നും ഇല്ല. ഈ രണ്ടു നിബന്ധനകള്‍ തന്നെ, പ്രവാസികളുടെ താല്‍പര്യം പരിഗണിച്ചാണ്.

അതിനിടെ, ചില സ്വകാര്യ വിമാന കമ്പനികള്‍ പ്രവാസികളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് അനുമതി ചോദിച്ചിട്ടുണ്ട്. അതിനും സര്‍ക്കാര്‍ അനുമതി നല്‍കുന്നതാണ്.

സ്പൈസ് ജെറ്റിന് കേരളത്തിലേക്ക് 300 ഫ്ളൈറ്റിന് അനുമതി നല്‍കിയിട്ടുണ്ട്. ഒരുദിവസം പത്ത് എന്ന തോതില്‍ ഒരുമാസം കൊണ്ടാണ് ഇത്രയും ഫ്ളൈറ്റ് വരിക. കോവിഡ് 19 ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരിക എന്ന് സ്പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. ഇത് സ്പൈസ് ജെറ്റ് ഏര്‍പ്പെടുത്തിയ നിബന്ധനയാണ്. സ്പൈസ് ജെറ്റിനു അനുമതി നല്‍കിയ 300 ഫ്ളൈറ്റിന് പുറമെ അബുദാബി കെഎംസിസിക്ക് 40 ചാര്‍ട്ടേഡ് ഫ്ളൈറ്റിനും അനുമതി കൊടുത്തിട്ടുണ്ട്.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍

നമ്മുടെ സംസ്ഥാനത്ത് 41 ലക്ഷം കുട്ടികളാണ് ഒന്ന് മുതല്‍ 12-ാം ക്ലാസ്സ് വരെ പൊതുവിദ്യാലയങ്ങളുടെ ഭാഗമായുള്ളത്. പ്ലസ്വണ്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടാതെയുള്ള കണക്കാണിത്. പ്ലസ്വണ്‍ പ്രവേശനം നടന്നിട്ടില്ല. ജൂണ്‍ മാസം കുട്ടികളുടെ ക്ലാസുകള്‍ ആരംഭിക്കുന്ന സമയമാണ്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യം ഉടലെടുത്തു. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള പദ്ധതികളാണ് തയ്യാറാക്കിയത്. വിക്ടേഴ്സ് ചാനല്‍ വഴിയും വിക്ടേഴ്സിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും കുട്ടികളെ പഠിപ്പിക്കുകയെന്നതായിരുന്നു തീരുമാനം.

അതിന്‍റെ ഭാഗമായി ജൂണ്‍ 1ന് ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. വലിയ സ്വീകാര്യതയാണ് ഓണ്‍ലൈന്‍ പഠനത്തിന് ലഭിച്ചത്. പല ക്ലാസുകളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നന്നായി ഇഷ്ടപ്പെട്ടു എന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യമായാണ് ഇത്തരം ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്വം നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നു. ഓണ്‍ലൈനെ സംബന്ധിച്ച് തീരുമാനമെടുത്തപ്പോള്‍ തന്നെ എത്രത്തോളം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സാധ്യമാകുമെന്ന പരിശോധനയും വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്. അധ്യാപകര്‍ തന്നെ കുട്ടികളും രക്ഷിതാക്കളുമായി ബന്ധപ്പെടാനും പരിശോധന നടത്താനുമായിരുന്നു തീരുമാനിച്ചത്.

വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക് പ്രകാരം 41 ലക്ഷത്തില്‍ 2,61,784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല എന്ന് കണ്ടെത്തിയിരുന്നു. സര്‍ക്കാരിനെ സംബന്ധിച്ച് ഈ 2,61,784 കുട്ടികളും ഓണ്‍ലൈന്‍ സംവിധാനത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ടവര്‍ തന്നെയാണ്. ഇവര്‍ക്കും പഠനം സാധ്യമാക്കാം എന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്.

ചില കുട്ടികള്‍ക്ക് വീട്ടില്‍ ടിവി ഉണ്ടാകില്ല. മറ്റ് ചിലര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാകില്ല തുടങ്ങിയ പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടായിരുന്നു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകാത്ത കുട്ടികള്‍ക്ക് സൗകര്യമേര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അധ്യാപകര്‍, പിടിഎ, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇത്തരം കുട്ടികളുടെ കാര്യത്തില്‍ പഠന സൗകര്യമൊരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് എല്ലാ എംഎല്‍എമാരുടെ പിന്തുണയും തേടിയിരുന്നു. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ എംഎല്‍എമാര്‍ ഈ സംവിധാനം ഒരുക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടുമുണ്ട്.

വായനശാല, അയല്‍പക്ക ക്ലാസ്സുകള്‍, പ്രദേശിക പ്രതിഭ കേന്ദ്രം, ഊര് വിദ്യാകേന്ദ്രം, സാമൂഹിക പഠന മുറികള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ക്ലാസുകള്‍ കാണുന്നതിനുള്ള ക്രമീകരണമാണ് പുരോഗമിക്കുന്നത്. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.  

കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കിയ കാര്യം കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ പൊതുനډ ഫണ്ട് ഉപയോഗിച്ച് 500 ടിവി സെറ്റുകള്‍ വാങ്ങി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥി സംഘടനകളും, യുവജന സംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.

ഓണ്‍ലൈന്‍ ക്ലാസുകളുടെ സംപ്രേഷണ കാര്യത്തിലും എല്ലാവര്‍ക്കും പഠനം സാധ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇത് പറഞ്ഞിരുന്നതാണ്.ഇത്തരം കുട്ടികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കാന്‍ ആദ്യത്തെ രണ്ടാഴ്ച ട്രയല്‍ സംപ്രേഷണമാണ്. അപ്പോഴേക്കും എല്ലാ കുട്ടികളെയും ഇതിന്‍റെ ഭാഗമാക്കാനാകും. ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതുവരെയുള്ള താല്‍ക്കാലിക പഠനസൗകര്യമാണ്.

ഒരു മഹാമാരിയെ നേരിടുന്ന നാട് എത്രകാലം കൊണ്ടാണ് പൂര്‍വസ്ഥിതിയിലാവുക എന്ന് ഉറപ്പിച്ചുപറയാന്‍ പറ്റാത്ത നിലയുണ്ട്. ഒരു കാര്യത്തില്‍ യാതൊരു സംശയവുമില്ല. പഠനമെപ്പോഴും ക്ലാസ് മുറികളില്‍ തന്നെയാണ് നല്ലത്. പ്രത്യേകിച്ചും ചെറിയ കുട്ടികള്‍ക്ക്. അതിന് അവസരം വന്നാല്‍ അപ്പോള്‍തന്നെ സാധാരണ നിലയിലുള്ള ക്ലാസുകള്‍ ആരംഭിക്കും.

സ്കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ നമ്മുടെ കുട്ടികളെ വൈകാതെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാനം. ഇത് സ്കൂള്‍ പഠനത്തിന് ബദലോ സമാന്തരമോ അല്ല എന്ന് കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു പരിപാടി കുട്ടികളുടെ മാനസികമായ വളര്‍ച്ചയ്ക്കും അനിവാര്യമാണെന്നാണ് വിലയിരുത്തിയത്. ഈ ലക്ഷ്യം പൂര്‍ണമായി ഉള്‍ക്കൊള്ളാതെയാണ് ഇപ്പോള്‍ ചില വിമര്‍ശനങ്ങള്‍ വരുന്നത്.

കുട്ടികള്‍ക്ക് വീണ്ടും കാണാന്‍ പറ്റുന്ന തരത്തില്‍ യൂട്യൂബ്, ഫെയ്സ്ബുക്ക് എന്നിവയില്‍ ക്ലാസുകളുടെ വീഡിയോ നല്‍കും. അതായത് മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് നഷ്ടമാകാതെ അധ്യായനം സാധ്യമാക്കാനുള്ള നടപടികള്‍ ഒരുക്കിയിട്ടുണ്ട്.

കുട്ടിയുടെ മരണം

ഇതിനിടയിലാണ് മലപ്പുറം ഇരുമ്പിളിയം ഗവ. ഹൈസ്ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക എന്ന കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ മരണം ഏറെ ദുഃഖകരമാണ്. മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

ഓണ്‍ലൈന്‍ ക്ലാസ്സ് ലഭ്യമാകാത്തതിനാല്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നെന്ന് അച്ഛന്‍ പറഞ്ഞ സാഹചര്യത്തില്‍, ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രഥമികമായ അന്വേഷണം അനുസരിച്ച് സ്കൂളിലെ കുട്ടികളില്‍ 25 പേര്‍ക്ക് ഇന്‍റര്‍നെറ്റ്, ടിവി സൗകര്യങ്ങള്‍ ഇല്ല എന്ന് കണ്ടെത്തിയിരുന്നു.

ദേവികയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ക്ലാസ്സ് അധ്യാപകന്‍ കുട്ടിയെ വിളിച്ച് സംസാരിക്കുകയും ഇത് പരിഹരിക്കാം എന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇരുമ്പിളിയം പഞ്ചായത്ത് എഡ്യൂക്കേഷന്‍ കമ്മിറ്റി മീറ്റിങ്ങില്‍ വച്ച് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും കുട്ടികളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് കര്‍മ്മ പരിപാടികള്‍ തയ്യാറാക്കിയിരുന്നു. സ്കൂള്‍ പിടിഎയും കുട്ടികള്‍ക്ക് ഇന്‍റര്‍നെറ്റ്, ടിവി സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ തീരുമാനിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നു വരികയാണ്. കൂടുതല്‍ അന്വേഷണം നടക്കുന്നത് കൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.  

കഴിഞ്ഞ വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞ ഒരു കാര്യം കുറച്ചു കൂടി ഊന്നിപ്പറയട്ടെ ഇപ്പോള്‍ ടിവിയോ മൊബൈല്‍ ഫോണോ ഇല്ല എന്നതിന്‍റെ പേരില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല. രണ്ടാഴ്ച ട്രയലായി സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ പിന്നീട് പുനഃസംപ്രേഷണം ചെയ്യും. അവസാനത്തെ കുട്ടിക്കും പഠിക്കാനുള്ള സൗകര്യമൊരുക്കുകയെന്നതാണ് സര്‍ക്കാരിന്‍റെ നയം.

നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്തതുമൂലം ഓണ്‍ലൈന്‍ ക്ലാസിന്‍റെ പ്രയോജനം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ കണ്ണംപടി, ഇടമലക്കുടി തുടങ്ങിയ ആദിവാസി ഊരുകളില്‍ ഓഫ്ലൈന്‍ പഠനസൗകര്യം ഒരുക്കും. സമഗ്ര ശിക്ഷാ കേരളമാണ് ഇതു നടപ്പാക്കുക. മറ്റ് പിന്നോക്ക കേന്ദ്രങ്ങളിലും ഇതേ പഠനസൗകര്യം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കും. അവിടങ്ങളില്‍ കുട്ടികളെ എത്തിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കാനും സമഗ്ര ശിക്ഷാ കേരളം തീരുമാനിച്ചു.

ജനമൈത്രി പൊലീസ് മുഖേന നടപ്പാക്കുന്ന സോഫ്റ്റ് വെയര്‍ അധിഷ്ഠിത ബീറ്റ് സംവിധാനമായ എംബീറ്റ് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ക്വാറന്‍റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെ 13,64,891 വീടുകളില്‍ ജനമൈത്രി പൊലീസ് ഇതുവരെ സന്ദര്‍ശനം നടത്തി. എംബീറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ബാക്കിയുള്ള 120 പൊലീസ് സ്റ്റേഷനുകളില്‍ മൂന്നുമാസത്തിനകം ഇത് നിലവില്‍ വരും.  

വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈനില്‍ ക്ലാസുകള്‍ എടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവരെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും.

മാസ്ക്ക് ധരിക്കാത്ത 2869 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 24 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കിറ്റ് വിതരണം

കോവിഡ് പാക്കേജിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ആകെ 86,19,951 കിറ്റുകളാണ് റേഷന്‍ കടകള്‍ക്ക് ലഭ്യമാക്കിയത്.

1,71,935 കിറ്റ് സ്റ്റോക്കുണ്ട്. 17 ഇനം പലവ്യഞ്ജനങ്ങള്‍ തുണിസഞ്ചിയിലാക്കിയാണ് വിതരണം ചെയ്തത്. ഒരു കിറ്റിന്‍റെ വിപണിവില 1042 രൂപ 25 പൈസയാണ്.

എന്നാല്‍, ഗോഡൗണ്‍, ലോഡിങ്, അണ്‍ലോഡിങ്, പാക്കിങ്, വിതരണം എന്നിവയ്ക്കെല്ലാം ചേര്‍ത്ത് സംസ്ഥാനത്തിന് വന്ന യഥാര്‍ത്ഥ ചെലവ് കിറ്റ് ഒന്നിന് 974 രൂപ മൂന്നു പൈസയാണ്. ആകെ ഈയിനത്തില്‍ 850.13 കോടി രൂപ ചെലവുവന്നു. ഇക്കാര്യത്തില്‍ വളണ്ടിയര്‍മാര്‍ വലിയ സേവനമാണ് അനുഷ്ഠിച്ചിട്ടുള്ളത്. കിറ്റുകള്‍ തയ്യാറാക്കുന്നതിന് അവര്‍ സമയപരിധിയില്ലാതെ പ്രവര്‍ത്തിച്ചു. സമയബന്ധിതമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും തൊഴിലാളികളെയും റേഷന്‍ കട ഉടമകളെയും വളണ്ടിയര്‍മാരെയും അഭിനന്ദിക്കുന്നു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ജലജീവൻ പദ്ധതി

കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കുന്ന ജലജീവന്‍ പദ്ധതി 2024ല്‍ പൂര്‍ത്തിയാക്കും. ഉദ്ദേശം 22,720 കോടി രൂപയാണ് ഇതിന് മൊത്തം ചെലവ്. പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രവും സംസ്ഥാനവും തുല്യമായി തുക വകയിരുത്തുന്ന പദ്ധതിയില്‍ എല്ലാ ഗ്രാമ വീടുകളിലും വെള്ളമെത്തിക്കാന്‍ 52.85 ലക്ഷം കണക്ഷന്‍ നല്‍കേണ്ടി വരും.  

ഗ്രാമപ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതാണ് ജലജീവന്‍ മിഷന്‍ പദ്ധതി. 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് 880 കോടി രൂപയുടെ പദ്ധതി അടങ്കലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഗ്രാമപഞ്ചായത്തുകള്‍ക്കായിരിക്കും പദ്ധതി നടത്തിപ്പിന് പ്രധാന ചുമതല.

ഒന്നിലധികം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പദ്ധതി ആണെങ്കില്‍ ഏകോപനത്തിനായി വിവിധ ഗ്രാമ പഞ്ചായത്തുകള്‍ / ബ്ലോക്ക് പഞ്ചായത്തുകള്‍ / ജില്ലാ പഞ്ചായത്തുകള്‍ എന്നിവയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി കോഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. പഞ്ചായത്ത്തല / ജില്ലാതല സംവിധാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് / ജില്ലാ പഞ്ചായത്ത് പ്രതിനിധികളെ ഉള്‍പ്പെടുത്തും.

ട്രോളിങ് നിരോധനം

കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തും.

സംസ്ഥാനത്തെ അജൈവ ഖര മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമിയില്‍ സാനിട്ടറി ലാന്‍ഡ്ഫില്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. പരിസ്ഥിതി വകുപ്പിന്‍റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും അനുമതി.

എറണാകുളം പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഫാക്ടില്‍ നിന്നും വാങ്ങിയതും കിന്‍ഫ്രയുടെ കൈവശമുള്ളതുമായ 25 ഏക്കര്‍ സ്ഥലത്ത് സാനിട്ടറി ലാന്‍ഡ്ഫില്‍ നിര്‍മിക്കും.  

കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജുകളിലെ വൈദ്യുതിവിഭാഗം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തില്‍ പുതുതായി ആരംഭിച്ച പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, കളമശ്ശേരി മെഡിക്കല്‍ കോളേജ്, പാലക്കാട് മെഡിക്കല്‍ കോളേജ്, മഞ്ചേരി മെഡിക്കല്‍ കോളേജ് എന്നീ ഓഫീസുകളുടെയും തളിപ്പറമ്പ്, കാഞ്ഞങ്ങാട്, ആറ്റിങ്ങല്‍ എന്നീ സെക്ഷന്‍ ഓഫീസുകളുടെയും പ്രവര്‍ത്തനത്തിന് 43 ലൈന്‍മാന്‍ തസ്തികകള്‍ താല്‍ക്കാലികമായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഗവണ്‍മെന്‍റ് ആയുര്‍വേദ മെഡിക്കല്‍ കോളേജുകളില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസില്‍ നിഷ്കര്‍ഷിച്ച തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിന് അസോസിയേറ്റ് പ്രൊഫസറുടെ 4 തസ്തികകളും അസിസ്റ്റന്‍റ് പ്രൊഫസറുടെ 1 തസ്തികയും സൃഷ്ടിക്കും.

കരിയാറില്‍ വഞ്ചി മുങ്ങി മരണമടഞ്ഞ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ സജി മെഗാസിന്‍റെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

ദേശീയപാതാ വികസനം

ദേശീയപാത 45 മീറ്റര്‍ വീതിയില്‍ നാലുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തി നല്ല നിലയില്‍ പുരോഗമിക്കുകയാണ്. പ്രവൃത്തിയുടെ പുരോഗതി ഇന്ന് വിലയിരുത്തി.

സംസ്ഥാനത്ത് ആകെ 1782 കി.മീറ്ററിലാണ് ദേശീയപാതയുള്ളത്. ഏകദേശം 40,000 കോടി രൂപ പദ്ധതിക്ക് ചെലവു വരുമെന്നാണ് ദേശീയപാത അതോറിറ്റി (എന്‍എച്ച്എഐ) കണക്കാക്കിയിട്ടുള്ളത്. ഭൂമി ഏറ്റെടുക്കലാണ് ഈ പദ്ധതിക്ക് വലിയ തടസ്സമായിരുന്നത്. ഭൂമി ഏറ്റെടുക്കല്‍ നല്ല വേഗത്തിലാക്കാന്‍ സംസ്ഥാനത്തിന്‍റെ ഇടപെടല്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.

സ്ഥലം ഏറ്റെടുക്കാന്‍ വേണ്ടിവരുന്ന ചെലവിന്‍റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിബന്ധന കേന്ദ്രം കൊണ്ടുവന്നിരുന്നു. കേരളത്തിന്‍റെ വികസനത്തിന് പദ്ധതി അത്യന്താപേക്ഷിതമായതിനാല്‍ ഈ വ്യവസ്ഥ അംഗീകരിച്ചുകൊണ്ട് 25 ശതമാനം സര്‍ക്കാര്‍ നല്‍കുകയാണ്. കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി ഈ ആവശ്യം നിറവേറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. 358 കോടി രൂപ കിഫ്ബിയില്‍ നിന്ന് ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്.  

മുക്കോലയില്‍ നിന്ന് തമിഴ്നാട് അതിര്‍ത്തി വരെയുള്ള തിരുവനന്തപുരം ബൈപ്പാസ് ഈ വര്‍ഷം സെപ്തംബറില്‍ തീരും. 83 ശതമാനം പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. വടക്കാഞ്ചേരി-തൃശൂര്‍ പാതയുടെ പ്രവൃത്തി 84 ശതമാനം തീര്‍ന്നു. ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകും. നീലേശ്വരം ടൗണിനടുത്ത് നാലുവരി റെയില്‍ ഓവര്‍ബ്രിഡ്ജിന്‍റെ പ്രവൃത്തി നല്ല നിലയില്‍ മുന്നോട്ടുപോകുന്നു. 2021 ഫെബ്രുവരിയില്‍ അതു പൂര്‍ത്തിയാകും. കഴക്കൂട്ടം-ടെക്നോപാര്‍ക്ക് എലിവേറ്റഡ് ഹൈവേ 2021 ഏപ്രിലില്‍ തീരും.  തലശ്ശേരി-മാഹി ബൈപ്പാസ് 2021 മെയില്‍ പൂര്‍ത്തിയാകും. 51 ശതമാനം പ്രവൃത്തി തീര്‍ന്നിട്ടുണ്ട്. 884 കോടി രൂപയാണ് ഈ ബൈപ്പാസിന്‍റെ ചെലവ്.

തലപ്പാടി-ചെങ്ങള (39 കി. മീറ്റര്‍), ചെങ്ങള-നീലേശ്വരം (37 കി.മീറ്റര്‍) എന്നീ പാതകളുടെ പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചു. അടുത്ത മാസം പ്രവൃത്തി കരാറുകാരെ ഏല്‍പിക്കും. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തും പാതയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ നല്ല നിലയില്‍ പുരോഗമിക്കുന്നുണ്ട്. സ്ഥലമെടുപ്പ് നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ സ്റ്റാഫിനെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദേശീയപാത സ്ഥലമെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മറ്റു ചുമതലകള്‍ നല്‍കുന്നത് ഒഴിവാക്കും.

ദുരിതാശ്വാസം

ബെഫി 71,73,000 രൂപ, (ആകെ നേരത്തേ നല്‍കിയതടക്കം 4 കോടി 7 ലക്ഷത്തി ഇരുപത്തി മൂവായിരം രൂപ)

കേരഫെഡ് 63,72,826 രൂപ

പുതുപ്പാടി ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ

കെക്സ്കോണ്‍ (കേരള സ്റ്റേറ്റ് എക്സ് സര്‍വ്വീസ്മെന്‍ ഡെവലപ്മെന്‍റ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ കോര്‍പ്പറേഷന്‍) 25 ലക്ഷം രൂപ

പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് 25 ലക്ഷം

ഉറങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് 25 ലക്ഷം

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ 10 ലക്ഷം രൂപ

പള്ളിച്ചാല്‍ ഫാര്‍മേഴ്സ് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 10 ലക്ഷം രൂപ

സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ 10 ലക്ഷം

പഴവങ്ങാടി മഹാഗണപതി ക്ഷേത്രം ഉപദേശക സമിതി 10 ലക്ഷം രൂപ

ആലപ്പുഴയിലെ ഫോം മാറ്റിംഗ്സ് ഇന്ത്യാ ലിമിറ്റഡ് 6,28,327 രൂപ

എല്‍ബിഎസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് ടെക്നോളജിയിലെ ജീവനക്കാര്‍ 6 ലക്ഷം

പൗരാണിക വേദപാഠശാലയായ തൃശൂര്‍ തെക്കേമഠം 50,000 രൂപ

**