വാര്‍ത്താകുറിപ്പ്: 18-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് അയ്യന്‍കാളി സ്മൃതി ദിനമാണ്. 1941 ജൂണ്‍ 18 നാണ് അയ്യന്‍കാളി നമ്മെ വിട്ടുപിരിഞ്ഞത്. മനുഷ്യരില്‍ വലിയൊരു വിഭാഗത്തെ മനുഷ്യരായി കാണാന്‍ കൂട്ടാക്കാതിരുന്ന അന്ധകാരം നിറഞ്ഞ കാലത്തെ വകഞ്ഞുമാറ്റി മനുഷ്യത്വത്തിന്‍റെ വെളിച്ചം നിറഞ്ഞ കാലഘട്ടം സൃഷ്ടിക്കാന്‍ ത്യാഗപൂര്‍വ്വം ശ്രമിച്ച നവോത്ഥാന നായകരില്‍ പ്രധാനിയാണ് അയ്യന്‍കാളി.

ഇന്നു നാം കാണുന്ന കേരളത്തെ ഈ വിധത്തില്‍ പുരോഗമനപരമാക്കി മാറ്റിയത് അയ്യന്‍കാളിയെ പോലുള്ള മഹാന്മാരുടെ നവോത്ഥാന സംരംഭങ്ങളാണ്. അദ്ദേഹത്തിന്‍റെ സ്മരണ അനശ്വരമാക്കാനാണ് തിരുവനന്തപുരത്തെ പഴയ വിജെടി ഹാളിനെ അയ്യന്‍കാളി ഹാള്‍ എന്ന് ഈ സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തത്. അയ്യന്‍കാളി മുന്നോട്ടുവെച്ച സാമൂഹ്യമാറ്റത്തിന്‍റെ സന്ദേശങ്ങള്‍ ഊര്‍ജസ്വലമാം വിധം മുന്നോട്ടുകൊണ്ടുപോകേണ്ട ഘട്ടമാണിത്. ഈ കോവിഡ് പ്രതിരോധ ഘട്ടത്തിലും മനുഷ്യരെയാകെ മനുഷ്യരായി കാണാന്‍ പഠിപ്പിച്ച മഹാത്മാ അയ്യന്‍കാളിയുടെ ജീവിതസന്ദേശം നമുക്ക് പ്രചോദനമാവുകയാണ്.

97 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 89 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണമടഞ്ഞു. കണ്ണൂരില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവര്‍ 28കാരനായ കെ പി സുനിലാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 29 പേര്‍. സമ്പര്‍ക്കം 3.
മഹാരാഷ്ട്ര 12, ഡെല്‍ഹി 7, തമിഴ്നാട് 5, ഹരിയാന, ഗുജറാത്ത് 2 വീതം, ഓറീസ 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.

പാലക്കാട് 14, കൊല്ലം 13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9, എറണാകുളം, തൃശൂര്‍, ഇടുക്കി 6 വീതം, തിരുവനന്തപുരം, കോഴിക്കോട് 5 വീതം, മലപ്പുറം, കണ്ണൂര്‍ 4 വീതം, കാസര്‍കോട് 3 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

ഇന്ന് 4817 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 2794 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1358 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,26,839 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1967 പേര്‍ ആശുപത്രികളില്‍. ഇന്നു 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,69,035 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3194 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 35,032 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 33,386 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 108 ആയി.

ട്രൂനാറ്റ്

റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സര്‍ക്കാര്‍ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എയര്‍ലൈന്‍ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമുണ്ട്.

യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ പരിശോധനാ സൗകര്യമുണ്ട്. അതില്ലാത്ത സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് ഇതു സഹായിക്കും.

സംസ്ഥാനത്ത് ഇതുവരെ 2,79,657 ആളുകളാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നുമായി എത്തിയിട്ടുള്ളത്. ഇതില്‍ 1172 പേര്‍ക്ക് പരിശോധനയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു. 669 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 503 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രോഗബാധിതരില്‍ 327 പേര്‍ റോഡു വഴിയും 128 പേര്‍ ട്രെയിനിലുമാണ് വന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന് രോഗബാധിതരായവരുടെ കണക്ക് നോക്കിയാല്‍ മഹാരാഷ്ട്രയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ – 313.

യഥാര്‍ത്ഥത്തില്‍ ഈ കണക്കുകള്‍ നമ്മുടെ ജാഗ്രത കൂടുതല്‍ വര്‍ധിപ്പിക്കേണ്ട ആവശ്യകതയാണ് സൂചിപ്പിക്കുന്നത്. പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് വൈറസ് ബാധ വരുമ്പോള്‍ ഒരു മേഖലയാകെ സ്തംഭിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ ഏതായാലും ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണ്. അവയുടെ പ്രവര്‍ത്തനം നിലച്ചുപോകരുത്. പകുതിയാളുകള്‍ മാത്രമേ ഒരുസമയം ഓഫീസില്‍ ഉണ്ടാകേണ്ടതുള്ളു. വീടുകളില്‍നിന്ന് ജോലി ചെയ്യുന്നത് ഈ ഘട്ടത്തില്‍ തുടരുക തന്നെ വേണം.

ഓഫീസ് മീറ്റിങ്ങുകള്‍ ഓണ്‍ലൈനിലാക്കണം. ഓഫീസുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പാളിയതിന്‍റെ ഫലം പലയിടങ്ങളിലും കാണുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനത്ത് സെക്രട്ടറിയറ്റില്‍ തന്നെ ഉണ്ടായ പ്രശ്നങ്ങളും മരണവും നാം കണ്ടതാണ്. അതുകൊണ്ട് നിയന്ത്രണം തുടര്‍ന്നേ തീരൂ. ഓഫീസ് പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം ചീഫ് സെക്രട്ടറി മോണിറ്റര്‍ ചെയ്ത് ഉറപ്പു വരുത്തും.

കോവിഡ് ഡ്യൂട്ടിക്ക് ആളുകളെ നിയോഗിക്കുമ്പോള്‍ അതത് ജില്ലകളില്‍നിന്ന് പൂള്‍ ചെയ്ത് നിയോഗിക്കുന്നതാണ് നല്ലത്. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം ആ ഘട്ടത്തില്‍ താമസിക്കരുത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്താന്‍ നടപടികള്‍ സ്വീകരിക്കും.

രോഗവ്യാപനം ഉയര്‍ന്നാല്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം നമുക്ക് വേണ്ടതുണ്ട്. അതിന് വിപുലമായ പദ്ധതി തയ്യാറാക്കും. ഇപ്പോള്‍ സംസ്ഥാന സര്‍വീസിലുള്ള 45 വയസ്സില്‍ താഴെയുള്ളവരില്‍ നിന്ന് പ്രത്യേകം ആളുകളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കും. ആരോഗ്യരംഗത്തെ വിവിധ കോഴ്സുകള്‍ പഠിക്കുന്ന ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍, തൊഴില്‍രഹിതരായ ആരോഗ്യപ്രവര്‍ത്തകര്‍, റിട്ടയര്‍ ചെയ്ത ആരോഗ്യരംഗത്തെ പ്രൊഫഷണലുകള്‍ – ഇവരെ സംഘടനാടിസ്ഥാനത്തില്‍ ഒരുക്കി ആവശ്യമുള്ളിടത്ത് നിയോഗിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇവര്‍ക്ക് പരിശീലനം നല്‍കും. എന്‍സിസി, എന്‍എസ്എസ്, എസ്പിസി വളണ്ടിയര്‍മാരെയും ഇതില്‍ ഉള്‍പ്പെടുത്തും. അതോടൊപ്പം താല്പര്യമുള്ള യുവാക്കള്‍ക്കും സന്നദ്ധസേനയിലെ വളണ്ടിയര്‍മാര്‍ക്കും ഇതിനോടൊപ്പം പരിശീലനം നല്‍കും.

ഈ രോഗത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ പങ്കാളികളാകുന്ന എല്ലാവരും അനുമോദനം അര്‍ഹിക്കുന്നു. താല്‍ക്കാലികമായി ചുമതല ഏറ്റെടുത്ത സന്നദ്ധ സേവകര്‍ മുതല്‍ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഫയര്‍ ആന്‍റ് റെസ്ക്യു സേനാംഗങ്ങളും അടക്കം എല്ലാവരെയും സമൂഹമാകെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണ്ടതുണ്ട്. തുടര്‍ച്ചയായി ആഴ്ചകളോളം പ്രവര്‍ത്തിപ്പിച്ച് അവരെ തളര്‍ത്താന്‍ ഇടയാക്കരുത് എന്നാണ് സര്‍ക്കാര്‍ കാണുന്നത്. വിശ്രമത്തിന് സൗകര്യം നല്‍കണം.

ഇന്നത്തെ അവസ്ഥയെടുത്താല്‍ പൊതുവെ നമ്മുടെയാകെ ജാഗ്രത കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. എനിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് പലരും. റോഡുകളും കമ്പോളങ്ങളും പതിവുനിലയില്‍ തിരക്കേറിയതായി. ശാരീരിക അകലം പലയിടത്തും പാലിക്കപ്പെടുന്നില്ല. പൊതുവായി ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെ സാനിറ്റൈസര്‍-സോപ്പ് ഉപയോഗവും കുറഞ്ഞു. ഇത് സംസ്ഥാനത്താകെയുള്ള കാഴ്ചയാണ്. ശക്തമായ ഇടപെടല്‍ വേണ്ടതുണ്ട് എന്നാണ് തീരുമാനം.

സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള യാത്രയ്ക്ക് പലരും കൂട്ടായി വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്. പലര്‍ ചേര്‍ന്ന് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്താണ് പോകുന്നത്. ഇത്തരം യാത്രകള്‍ തടയാനോ യാത്രക്കാര്‍ക്ക് വിഷമമുണ്ടാക്കാനോ പൊലീസോ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറാകരുത് എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നമ്മുടെ സംസ്ഥാനത്തിലേക്ക് വലിയതോതില്‍ ചരക്ക് വരുന്ന മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ രൂക്ഷമാവുകയാണ്. ഇത് ചരക്കുഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.

കോവിഡ് രോഗികളുടെ താമസസ്ഥലത്തിന് സമീപത്തുളള ഏതാനും വീടുകള്‍ ഉള്‍പ്പെടുത്തി മൈക്രോ കണ്ടെയിന്‍മെന്‍റ് സോണ്‍ രൂപീകരിച്ച് നിയന്ത്രണങ്ങള്‍ വളരെ കര്‍ശനമായി നടപ്പിലാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. ഇപ്പോള്‍ കോവിഡ് ബാധ ഒരു വീട്ടിലുണ്ടായാല്‍ ആവാര്‍ഡാകെ കണ്ടെയിന്‍മെന്‍റ് സോണാവുകയാണ്. മൈക്രോ കണ്ടെയിന്‍മെന്‍റ് സോണ്‍ വരുന്നതോടെ ആ വീടും ചുറ്റുപാടും ചേര്‍ന്നുള്ള ഒരു ക്ലസ്റ്റര്‍ മാത്രമാണ് കണ്ടെയിന്‍മെന്‍റ് സോണായി മാറുക. അത് കൂടുതല്‍ കര്‍ക്കശമാക്കും. അതേ സമയം മറ്റു സ്ഥലങ്ങളില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയും ചെയ്യും.

ക്വാറന്‍റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് നേരിട്ട് നിരീക്ഷിക്കാനായി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരെയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തി. ജനമൈത്രി പൊലീസ് നടത്തുന്ന മൊബൈല്‍ ബീറ്റ് പട്രോളിന് പുറമെയാണിത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാസ്ക് ധരിക്കാത്ത 3486 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘിച്ച 18 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ചെറിയ കുട്ടികള്‍ ആത്മഹത്യകള്‍ ചെയ്യുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി വരുന്നുണ്ട്. ഈ വിഷയത്തില്‍ കുട്ടികളുടെ കുടുംബസാഹചര്യം, മരണകാരണം എന്നിവയുള്‍പ്പെടെ ബഹുതലത്തിലുള്ള പഠനം നടത്തും.

എല്ലാ വിമാന യാത്രക്കാരും കോവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വരുന്ന ആളുകളുടെ വിവരം ലഭ്യമാക്കാനും അവര്‍ക്കുവേണ്ട സഹായങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കാനും ഇത് ഒഴിച്ചുകൂടാനാവാത്തതാണ്.

വൈദ്യുതി ബില്‍

സാധാരണ നിലയില്‍ത്തന്നെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗണ്‍ കൂടി ആയതിനാല്‍ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതില്‍ വര്‍ധിച്ചു. ലോക്ക്ഡൗണ്‍ മൂലം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തത്. അതോടെ ബില്‍ തുക കണ്ട് പലരും അമ്പരന്നു. പ്രതിഷേധവും വന്നു.

താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോള്‍ വരുത്തിയിട്ടില്ല. എങ്കില്‍ക്കൂടി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് പരാതി ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഒന്നിച്ച് തുക അടക്കുന്നതിന് പ്രയാസമുള്ളവര്‍ക്ക് തവണ അനുവദിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ബില്ലടച്ചില്ല എന്ന കാരണത്താല്‍ ആരുടേയും വൈദ്യുതി ബന്ധം വിഛേദിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

ഇപ്പോള്‍ ചില തീരുമാനങ്ങള്‍ കൂടി എടുത്തിരിക്കുകയാണ്. വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചത് സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും കുറഞ്ഞ ഉപഭോഗം മാത്രമുണ്ടായിരുന്നവരും സൗജന്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരുന്നവരുമായ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ബില്ല് വന്നത് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ചില പ്രധാന തീരുമാനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് വൈദ്യുതി ബോര്‍ഡ് എടുത്തത്.

40 യൂണിറ്റു വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് ഇപ്പോള്‍ ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ സൗജന്യം അനുവദിക്കും.

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 1.50 രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍ പെട്ട ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഉണ്ടായ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ ബില്ല് കണക്കാക്കും.

പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബില്‍ തുക വര്‍ദ്ധനവിന്‍റെ പകുതി സബ്സിഡി നല്‍കും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധിക ഉപഭോഗം മൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്‍റെ 30 ശതമാനം സബ്സിഡി അനുവദിക്കും.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അധിക ഉപഭോഗംമൂലം ഉണ്ടായ ബില്‍ തുകയുടെ വര്‍ദ്ധനവിന്‍റെ 25 ശതമാനമായിരിക്കും സബ്സിഡി.

പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അധിക ഉപഭോഗം മൂലം ഉണ്ടായിട്ടുള്ള വര്‍ദ്ധനവിന്‍റെ 20 ശതമാനം സബ്സിഡി നല്‍കും.

ലോക്ക്ഡൗണ്‍ കാലയളവിലെ വൈദ്യുതി ബില്‍ അടക്കാന്‍ 3 തവണകള്‍ അനുവദിച്ചിരുന്നു. ഇത് 5 തവണകള്‍ വരെ അനുവദിക്കും. ഈ നടപടികളുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്‍റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

സമീകൃതാഹാരത്തിന്‍റെ പ്രാധാന്യം
കോവിഡ് നേരിടുന്നതിന് കൃത്യമായ ആഹാരം പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നതിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്ന് സമീകൃതാഹാരത്തിന്‍റെ കുറവാണ്.

ശരീരത്തിന്‍റെ പ്രതിരോധ ശക്തി നിയന്ത്രിക്കുന്നതില്‍ ഏറ്റവും പ്രധാന ഘടകവും സമീകൃതാഹാരം തന്നെ. സമീകൃതാഹാരം എന്നാല്‍, ആരോഗ്യസംരക്ഷണത്തിനു വേണ്ട ഘടകങ്ങള്‍ ശരിയായ അളവില്‍ കിട്ടുക എന്നതാണ്.

ഊര്‍ജത്തിനു വേണ്ടി അരി, ഗോതമ്പ് അല്ലെങ്കില്‍ ചോളം, മുത്താറി അല്ലെങ്കില്‍ കപ്പ, കാച്ചില്‍, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ചക്കപ്പുഴുക്ക് ഏതുമാകാം.

സമീകൃത ഭക്ഷണത്തിന്‍റെ രണ്ടാമത്തെ ഘടകം മാംസ്യമാണ് (പ്രോട്ടീന്‍). പയര്‍, കടല, പരിപ്പ്, മുതിര, ഉഴുന്ന്, ഇറച്ചി, മത്സ്യം, മുട്ട, തൈര് ഇവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായിരിക്കണം.

ഊര്‍ജത്തിനു വേണ്ടി കഴിക്കുന്ന ഭക്ഷണത്തിന്‍റെ 20-25 ശതമാനം മാംസ്യവിഭവം ഉണ്ടായിരിക്കണം.

ഭക്ഷണത്തില്‍ വേണ്ടത്ര പച്ചക്കറികള്‍ ഉണ്ടാകണം. പച്ചക്കറി നാരുള്ള ഭക്ഷണ പദാര്‍ത്ഥമാണ്. ചീര, വെണ്ടക്ക, പാവയ്ക്ക, കോവക്ക, കക്കിരി, തക്കാളി, ഉള്ളി, വാഴച്ചുണ്ട്, ഇടിച്ചക്ക ഇവയൊക്കെ ധാരാളം കഴിക്കാം.

നാലാമത്തെ ഇനമായ പഴങ്ങള്‍ എല്ലാ നേരവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങളായ വാഴപ്പഴം, മാമ്പഴം, പൈനാപ്പിള്‍, പപ്പായ, പേരക്ക, ഓറഞ്ച്, സപ്പോട്ട, ചാമ്പയ്ക്ക ഏതുമാകാം.

വെള്ളം ഏറെ പ്രധാനമാണ്. ദിവസം രണ്ടര-മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. സര്‍വ്വോപരി വേണ്ടത്ര ശാരീരിക വ്യായാമവും മാനസിക ഉല്ലാസവും ഉറപ്പുവരുത്തണം.

ജങ്ക് ഫുഡ് പാടേ ഒഴിവാക്കുന്നതാണ് നല്ലത്.

പോഷകാഹാരക്കുറവ് ദരിദ്രവിഭാഗങ്ങളില്‍ മാത്രമല്ല. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവരിലും കാണുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സമീകൃതാഹാരത്തെക്കുറിച്ച് പലര്‍ക്കും ശരിയായ ധാരണയില്ല.

നല്ല ജീവിതശൈലിയില്‍ സമീകൃതാഹാരവും പെടുമെന്ന് മനസ്സിലാക്കണം.

ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതോടൊപ്പം നല്ല ജീവിതശൈലിയും നാം അനുവര്‍ത്തിക്കേണ്ടതുണ്ട്. സാമൂഹിക പ്രതിരോധമാണ് പകര്‍ച്ചവ്യാധികളെ നേരിടാന്‍ ഏറ്റവും ഫലപ്രദം.

എസ്എല്‍ബിസി യോഗം
കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഏറെ സഹായം നല്‍കാന്‍ കഴിയും.

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകുന്നത്. വ്യവസായ, വാണിജ്യ മേഖല വന്‍ തകര്‍ച്ച നേരിടുന്നു. സേവന മേഖലയുടെ കാര്യവും വ്യത്യസ്തമല്ല. പരമ്പരാഗത രീതിയില്‍നിന്നും ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങള്‍ മാറി ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. അതാവട്ടെ നിക്ഷേപസുരക്ഷയുടെ മാനദണ്ഡങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ടാവുകയും വേണം. ഇതിന് കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണ വലിയ അളവില്‍ ആവശ്യമുണ്ട്. ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ ഈ വിഷയം ചൂണ്ടിക്കാട്ടി ചര്‍ച്ച നടത്തി.

സംസ്ഥാന പദ്ധതിയിലൂടെയും കിഫ്ബിയിലൂടെയും മറ്റും നടപ്പാക്കുന്ന വികസന പരിപാടികളില്‍ സര്‍വാത്മനാ സഹകരിച്ചുകൊണ്ട് സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുഗുണമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചു.

തൊഴിലുകള്‍ നഷ്ടപ്പെടുന്നതിനും സാമ്പത്തിക മേഖലയെ പിന്നോട്ടടിക്കുന്നതിനും വലിയ വരുമാന നഷ്ടമുണ്ടാകുന്നതിനും ലോക്ക്ഡൗണ്‍ കാരണമായിട്ടുണ്ട്. ബാങ്കിങ് സേവനങ്ങള്‍ ഫലപ്രദമായി ലഭ്യമാക്കി സുപ്രധാന മേഖലകളെ ഊര്‍ജസ്വലമാക്കാന്‍ കഴിയും.

കേന്ദ്ര പാക്കേജിലെ അടക്കം സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുള്ള സര്‍ക്കാര്‍ ശ്രമത്തിന് ബാങ്കുകളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും കൃഷിയെയും പുത്തന്‍ മേഖലകളെയും സംബന്ധിക്കുന്ന കാര്യങ്ങള്‍ കേരളത്തിന് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. കേരളവും സ്വന്തം നിലയ്ക്ക് നിരവധി ഇടപെടലുകള്‍ സമാന്തരമായി നടത്തുകയാണ്. ‘സുഭിക്ഷ കേരളം’ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും ഉറപ്പുവരുത്തുന്നതില്‍ വാണിജ്യ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും വലിയതോതില്‍ സഹകരിക്കാന്‍ കഴിയും.

2500 കോടി രൂപയുടെ സ്പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി നബാര്‍ഡ് അനുവദിച്ചിട്ടുണ്ട്. നബാര്‍ഡിന്‍റെ റീഫിനാന്‍സിങ് കര്‍ഷകനു തന്നെ ലഭ്യമാകുന്നു എന്നുറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളാവട്ടെ രാജ്യത്തിനുതന്നെ മാതൃകയാവുന്നുണ്ട്. 1000 കോടി രൂപയുടെ സ്പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റി അധികമായി ലഭ്യമാക്കണമെന്ന് നബാര്‍ഡിനോട് അഭ്യര്‍ത്ഥിച്ചു.

‘സുഭിക്ഷ കേരളം’ പദ്ധതിയെ ശാക്തീകരിക്കുന്ന വിധത്തില്‍ മോഡല്‍ ഫാമുകള്‍ യാഥാര്‍ത്ഥ്യമാക്കാനും ട്രെയിനിങ് നല്‍കാനും നബാര്‍ഡിന്‍റെ ‘ഫാം സെക്ടര്‍ പ്രൊമോഷന്‍ ഫണ്ട്’ പ്രയോജനപ്പെടുത്തണം. കേരളത്തില്‍ കര്‍ഷകരുടെ കൈവശമുള്ള ഭൂമിയുടെ തോത് താരതമ്യേന കുറവാണ്. അതിനാല്‍ തന്നെ ഉല്‍പാദന ക്ഷമത അഥവാ ഒരു നിശ്ചിത അളവ് ഭൂമിയില്‍ നിന്നും ലഭിക്കുന്ന ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനാണ് ശ്രദ്ധ പതിയേണ്ടത്. ഇതിനെ അടിസ്ഥാനപ്പെടുത്തി വായ്പാ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിശോധിക്കേണ്ടതാണ്. നബാര്‍ഡിനും ഡിസ്ട്രിക്ട് ലെവല്‍ റിവ്യു കമ്മിറ്റികള്‍ക്കും (ഡിഎല്‍ആര്‍സി) ഇത്തരത്തിലൊരു നിര്‍ദേശം എസ്എല്‍ബിസി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.

മുദ്രാ-ശിശു ലോണുകള്‍ക്ക് 1500 കോടിയുടെ പലിശയിളവ് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 12 മാസത്തേക്ക് കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ടുശതമാനം പലിശ ഇളവ് അനുവദിക്കും. തിരിച്ചടവു കാരണം വരുമാനം ശോഷിച്ച് പ്രയാസത്തിലായിരിക്കുന്ന പ്രാഥമിക-ദ്വിതീയ തലങ്ങളിലുള്ള അപേക്ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം. ഇതിന് ജില്ലാ തലത്തിലുള്ള ഒരു നിര്‍വഹണ രീതി എസ്എല്‍ബിസിയും ഡിഎല്‍ആര്‍സികളും ചേര്‍ന്ന് തയ്യാറാക്കണം.

പലതരം പ്രശ്നങ്ങളാലും വലിയ പ്രതിസന്ധിയിലുമാണ് കശുവണ്ടി വ്യവസായം. ബാങ്കുകളില്‍ നിന്നും എടുത്ത വായ്പകള്‍ മിക്കവയും സ്ട്രസ്ഡ് ലോണ്‍ വിഭാഗത്തില്‍പ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക പാക്കേജുകളുടെ വെളിച്ചത്തില്‍ കശുവണ്ടി വ്യവസായത്തിന്‍റെ പുനരുജ്ജീവനത്തിനായി അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കമെന്നും യോഗത്തില്‍ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചു.

ദുരിതാശ്വാസം
ഇടുക്കി ജില്ലിയിലെ വിവിധ സ്ഥാപനങ്ങളും വ്യക്തികളും 58,58,780 രൂപ

എഐവൈഎഫ് പുനലൂര്‍ മണ്ഡലം കമ്മിറ്റി 3,10,370 രൂപ

തൃശൂര്‍, തടാകം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം വി കുഞ്ഞുമുഹമ്മദ് 4,44,000 രൂപ

ഫോറം ഓഫ് ഫോര്‍മര്‍ മെമ്പര്‍ ഓഫ് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍, കേരള 4 ലക്ഷം രൂപ

പെരിന്തല്‍മണ്ണ ജൂബിലി റോഡ് സ്വദേശിനി സ്വര്‍ണ്ണ മോതിരം

പേരൂര്‍ക്കട സ്വദേശിനി രഘുപതി തനിക്കു കിട്ടിയ ക്ഷേമനിധി പെന്‍ഷനടക്കം ആകെ 5,110 രൂപ.