വാര്‍ത്താകുറിപ്പ്: 20-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധിച്ച ദിവസമാണ് ഇന്ന്. 127 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 118 ആയിരുന്നു. ഇന്ന് 57 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം ബാധിച്ചവരില്‍ 87 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 36 പേര്‍. സമ്പര്‍ക്കം 3. ആരോഗ്യപ്രവര്‍ത്തകര്‍ 1.

മഹാരാഷ്ട്ര 15, ഡെല്‍ഹി 9, തമിഴ്നാട് 5, ഉത്തര്‍പ്രദേശ്, കര്‍ണാടക 2 വീതം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസര്‍കോട് 7, തൃശൂര്‍ 6, മലപ്പുറം 5, വയനാട് 5, തിരുവനന്തപുരം 5, കണ്ണൂര്‍ 4, ആലപ്പുഴ 4, ഇടുക്കി 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 2, കൊല്ലം 2, പത്തനംതിട്ട 12, ആലപ്പുഴ 12, എറണാകുളം 1, മലപ്പുറം 1, പാലക്കാട് 10, കോഴിക്കോട് 11, വയനാട് 2, കണ്ണൂര്‍ 2, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.  

ഇന്ന് 4817 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3039 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 1450 പേരാണ്. 1,39,342 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2036 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,78,559 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 37,136 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 35,712 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി.

മെയ് നാലിനാണ് ചെക്ക്പോസ്റ്റുകള്‍ വഴിയും ഏഴുമുതലാണ് വിമാനങ്ങളിലൂടെയും 14 മുതലാണ് ട്രെയിന്‍ മുഖേനയും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ആളുകള്‍ മടങ്ങിയെത്തിത്തുടങ്ങിയത്. പത്തുമുതല്‍ കപ്പലുകളും വന്നു. മെയ് നാലുമുതല്‍ ജൂണ്‍ 19 വരെ വൈറസ് ബാധിതരായ 2413 പേരില്‍ 2165 പേരും പുറത്തുനിന്നു വന്നവരാണ്.

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 1,32,569 പേര്‍ നിരീക്ഷണത്തിലുള്ളപ്പോള്‍ 39,683 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വന്നത്. ദ്വിതീയ സമ്പര്‍ക്ക പട്ടികയില്‍ 23,695 പേരുണ്ട്.

മെയ് ഏഴുമുതല്‍ ഇന്നുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതില്‍ 225 ചാര്‍ട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്‍റെ ഭാഗമായി 176 വിമാനങ്ങള്‍ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളില്‍നിന്ന് ഇങ്ങനെ കേരളത്തിലെത്തിയത്. സംസ്ഥാനത്തിനു പുറത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിറങ്ങി 137 പേര്‍ എത്തിയിട്ടുണ്ട്.

ഇതുവരെ 124 സമ്മതപത്രങ്ങളിലൂടെ 1048 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യുഎഇയില്‍നിന്ന് 154 വിമാനങ്ങളിലായി 28,114 പേരാണ് മടങ്ങിയെത്തിയത്. കുവൈത്ത് 60 വിമാനം – 10,439 പേര്‍, ഒമാന്‍ 50 വിമാനം – 8,707 പേര്‍, ഖത്തര്‍ 36 വിമാനം – 6005 പേര്‍, ബഹ്റൈന്‍ 26 വിമാനം – 4309 പേര്‍, സൗദി 34 വിമാനം – 7190 പേര്‍. ഇത് ഗള്‍ഫ് നാടുകളില്‍നിന്ന് എത്തിയവരാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് 44 വിമാനങ്ങളിലായി 7,184 ആളുകള്‍ എത്തിയിട്ടുണ്ട്. ആകെ വന്ന 71,958 പേരില്‍  1524 മുതിര്‍ന്ന പൗരډാരും 4898 ഗര്‍ഭിണികളും 7193 കുട്ടികളുമുണ്ട്. 35,327 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടു വന്നവരാണ്.

തിരുവനന്തപുരം നഗരത്തില്‍ കോവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുളള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് നിര്‍ദശം നല്‍കിയിട്ടുണ്ട്. ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റുകളിലും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാത്രമായി മൂന്ന് പട്രോള്‍ വാഹനങ്ങള്‍ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലും സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുളള മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് പൊലീസിന് നിര്‍ദ്ദേശം നല്‍കി. ചില കടകളില്‍ വലിയ തിരക്കുണ്ട്. സാമൂഹിക അകലം പാലിക്കുന്നില്ല. മാനദണ്ഡം ലംഘിച്ച് കട പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടികള്‍ക്ക് നിര്‍ബന്ധിതമാകും.

മാസ്ക് ധരിക്കാത്ത 4929 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 19 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

സാധാരണ വാര്‍ത്താ സമ്മേളനങ്ങളില്‍ ഞാന്‍ കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാറില്ല. എന്നാല്‍, ഇന്ന് അതില്‍ ഒരു മാറ്റം വേണം എന്ന് തോന്നുന്നു.

ഇന്ന് കണ്ട ഒരു വാര്‍ത്ത നമ്മുടെ നിപ പ്രതിരോധത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചു നടത്തി എന്നതാണ്.  

ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത്. കേരളം മാത്രമല്ല, ലോകം മുഴുവന്‍ ആദരിക്കുന്ന പോരാളിയാണ് സിസ്റ്റര്‍ ലിനി. നിപക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയായ വ്യക്തിയാണ് സിസ്റ്റര്‍ ലിനി. ആ കുടുംബത്തെ നമ്മുടെ കുടുംബം എന്ന നിലയിലാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവന്‍ അങ്ങനെയാണ് കാണുന്നത്. അതിനെ അംഗീകരിക്കണം എന്ന് നിര്‍ബന്ധിക്കുന്നില്ല. ആ കുടുംബത്തെ വേട്ടയാടാതിരുന്നു കൂടെ? എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ  ക്രൂരത എന്നതാണ് ഏറെ ആശ്ചര്യകരം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി കാലത്ത് തന്‍റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു എന്നതിന്‍റെ പേരിലാണ് ഈ പ്രതിഷേധം.

നമ്മുടെ സഹോദരങ്ങള്‍ കൂട്ടത്തോടെ മരിച്ചു വീഴും എന്ന് ഭയപ്പെട്ട നിപ എന്ന മാരക രോഗത്തെ ചെറുത്തു തോല്‍പ്പിച്ചതിന്‍റെ അനുഭവം ഓര്‍ക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിയുന്ന ആദ്യ മുഖം ലിനിയുടേതാണ്. നിപയെ ചെറുക്കാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും നടത്തിയ പോരാട്ടത്തില്‍ സര്‍ക്കാരിലെ ചുമതലപ്പെട്ട ആരോഗ്യമന്ത്രി മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണ്.

ആ മന്ത്രിയെ ‘നിപ്പ രാജകുമാരി, കോവിഡ് റാണി’ എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോള്‍ സ്വഭാവികമായും ആദ്യം പ്രതികരണം ഉണ്ടാകുന്നത് ലിനിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ആകും. ആ കുടുംബത്തിനെതിരെ സമരം നടത്തുന്നത്തിലേക്ക് അധഃപതിച്ച കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മ്മമാണ് നിറവേറ്റുന്നത്? അതിന്‍റെ പേരില്‍ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ അത് ഒരു രീതിയിലും അനുവദിക്കില്ല. സിസ്റ്റര്‍ ലിനി കേരളത്തിന്‍റെ സ്വത്താണ്. ആ കുടുംബത്തോടും ആ കുഞ്ഞുമക്കളോടും സജീഷിനും ഒപ്പമാണ് കേരളം. അവര്‍ക്ക് എല്ലാ സുരക്ഷിതത്വവും നല്‍കും.  

കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം ചെയ്തികളെ കുറിച്ച് രാഷ്ട്രീയ വിരോധം വെച്ച് പറയുന്നതല്ല. കോവിഡ് പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യ മന്ത്രിയെ കുറിച്ച് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ചില നേതാക്കള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ എന്തൊക്കെയാണ്? എന്താണ് അതിന്‍റെ പ്രകോപനം? തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന്‍റെ ഭാഗമായാണ് ആരോഗ്യമന്ത്രി പ്രവര്‍ത്തിച്ചത്. അതിന് അവരെ വേട്ടയാടാന്‍ ശ്രമിക്കുകയല്ലേ? പൊതു സമൂഹം ഇതൊന്നും അംഗീകരിക്കാന്‍ പോകുന്നില്ല.

ഈ സര്‍ക്കാരിനോട് ഒരുതരത്തിലുമുള്ള പ്രത്യേക അനുഭാവവും കാട്ടാത്ത ഒരു പത്രം ഇന്ന് എഴുതിയ മുഖപ്രസംഗത്തിലെ വാചകങ്ങള്‍ ഇതാണ്:  

‘പ്രവാസികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി പ്രയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കു മാത്രമല്ല, നാടിനുതന്നെ വലിയ നാണക്കേടു വരുത്തിവെയ്ക്കുന്നു. അന്ന് നിപ രാജകുമാരി, ഇപ്പോള്‍ കോവിഡ് റാണി പദവികള്‍ക്കാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നാണു കെപിസിസി പ്രസിഡന്‍റ് വിമര്‍ശിച്ചത്. പരാമര്‍ശത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയുമാണ്’.

ഇത് പറഞ്ഞുകൊണ്ട് പത്രം ഇങ്ങനെ അഭിപ്രായപ്പെടുന്നു:

‘സ്വന്തം നാവിന്‍റെ വിലയും നിലയും അവനവന്‍ തിരിച്ചറിയേണ്ട കാര്യമാണ്’.

വിലകെട്ട വാക്കുകള്‍ പൊതുജനമധ്യത്തില്‍ ഉപയോഗിച്ചത് ഒരു വനിതയ്ക്കു നേരെയാവുമ്പോള്‍ അതു കൂടുതല്‍ നിന്ദ്യമായിത്തീരുന്നു എന്നും മുഖപ്രസംഗം അഭിപ്രായപ്പെടുന്നുണ്ട്.

‘സര്‍ക്കാര്‍ നിലപാടുകളിലുള്ള വിയോജിപ്പു പറയുന്നത് ജനാധിപത്യപരമായ അന്തസ്സോടെയും അപരബഹുമാനത്തോടെയും ആകണം. പക്ഷേ, ആരോഗ്യപ്രവര്‍ത്തകരുടെകൂടി ആത്മധൈര്യം കെടുത്തുന്ന പദപ്രയോഗമാണ് കെപിസിസി പ്രസിഡന്‍റില്‍ നിന്നുണ്ടായത്’. ഇതൊന്നും ഞാന്‍ ഉന്നയിക്കുന്ന വിമര്‍ശനമല്ല. ആ പത്രത്തിന്‍റെ മുഖപ്രസംഗത്തിലെ വാചകങ്ങളാണ്.

സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡന്‍റ് മാറുകയാണ്. സിസ്റ്റര്‍ ലിനിയുടെ പേരുപോലും അദ്ദേഹത്തിന് നേരേചൊവ്വേ പറയാന്‍ പറ്റുന്നില്ല. കേരളത്തെക്കുറിച്ച് ലോകം നല്ലതു പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുവെന്ന് പറയുന്നെങ്കില്‍, എത്രമാത്രം അധഃപതിച്ച മനസ്സായിരിക്കണം അത്?  

നല്ലതു നടക്കുന്നതും പറയുന്നതും അദ്ദേഹത്തെ എന്തുമാത്രം അസഹിഷ്ണുവാക്കുന്നു എന്നാണ് നോക്കേണ്ടത്. പല കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃക സൃഷ്ടിക്കുകയാണ്. അപ്പോഴാണ് ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകരുത് എന്നതിന്‍റെ മാതൃകയാകാന്‍ കോണ്‍ഗ്രസ് നേതാവ് തുനിഞ്ഞിറങ്ങിയിരിക്കുന്നു.  

ശൈലജ ടീച്ചര്‍ക്കെതിരെയുള്ള  ആക്രോശം പ്രത്യേകമായ മനോനിലയുടെ പ്രതിഫലനമാണ്. അത് സ്ത്രീവിരുദ്ധവുമാണ്. സ്ത്രീകളെ നിങ്ങള്‍ ഇങ്ങനെയാണോ കാണുന്നത്? ഇങ്ങനെയൊക്കെ പറഞ്ഞാലേ അണികളുടെ കൈയടിയും വാര്‍ത്താ പ്രാധാന്യവും ലഭിക്കൂ എന്ന് തോന്നുന്ന പരിതാപകരമായ അവസ്ഥയില്‍ കെപിസിസിയുടെ അധ്യക്ഷന്‍ വീണുപോയതില്‍ ഖേദമുണ്ട്.

ഞങ്ങള്‍ ഇതിനെ കാണുന്നത് കേവലമൊരു മന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്‍റെ തരംതാണ വിമര്‍ശനം എന്ന നിലയിലല്ല. മറിച്ച്, കേരളത്തെക്കുറിച്ച് നല്ലതു കേള്‍ക്കുന്നതാണ് തന്നെ അസ്വസ്ഥനാക്കുന്നത് എന്ന തുറന്നു പറച്ചിലായാണ് ഇതിനെ പരിഗണിക്കേണ്ടത്. കേരളത്തെക്കുറിച്ച് ലോകത്ത് നല്ല അഭിപ്രായമുണ്ടാകുന്നത് മലയാളികള്‍ക്കെല്ലാം അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. ആ അഭിമാനം പങ്കുവെയ്ക്കുന്നില്ലെന്നു മാത്രമല്ല, അങ്ങനെ പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ആ ക്ഷോഭംകൊണ്ട് പേശികള്‍ക്ക് അല്‍പം അധ്വാനം കൂടുമെന്നല്ലാതെ മലയാളികളെ അതൊന്നും ബാധിക്കില്ല.  

ലോകമാകെ ശ്രദ്ധിക്കുന്ന വിധത്തിലാണ് നമ്മള്‍ നിപ മുതല്‍ കൊറോണ വരെയുള്ളവയെ ചെറുത്തുനിന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചെറുത്തുകൊണ്ടിരിക്കുന്നതും. പ്രതിരോധ മരുന്നുപോലും ലോകത്തെങ്ങും ഫലപ്രദമായി വികസിപ്പിച്ചിട്ടില്ലായിരുന്നിട്ടു കൂടി നമ്മള്‍ ലോകം ശ്രദ്ധിക്കും വിധം  രോഗബാധയെ നിയന്ത്രിച്ചുനിര്‍ത്തി. അത് സാധ്യമായത് നിത്യേനയുള്ള ജാഗ്രതപ്പെടുത്തല്‍ കൊണ്ടും ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടും ലോകത്തിന്‍റെ പല ഭാഗങ്ങളിലെയും സാഹചര്യങ്ങള്‍ പഠിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ കൊണ്ടും ആരോഗ്യ പ്രവര്‍ത്തകരുടെ സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ചുള്ള ആത്മാര്‍പ്പണം കൊണ്ടുമാണ്. ഇതിനൊപ്പം നാടാകെ ഒന്നിച്ചുനിന്നതുകൊണ്ടുകൂടിയാണ്.

ഇതു സാധിച്ച കേരളത്തെ അധിക്ഷേപിക്കുകയാണ് കെപിസിസി പ്രസിഡന്‍റ്. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാര്‍ത്ഥ്യം കാണാന്‍ കഴിയാതെപോയ ഒരു മനസ്സിന്‍റെ ജല്‍പനം എന്ന നിലയ്ക്ക് അവഗണിക്കാനാവുന്നതല്ല ഇത്. രോഗപ്രതിരോധത്തെ പരാജയപ്പെടുത്താന്‍ പല വഴിക്കു ശ്രമിച്ചവര്‍ പ്രതിരോധത്തിനു നേതൃത്വം നല്‍കിയവരെ അധിക്ഷേപിക്കുന്നതിന്‍റെ രാഷ്ട്രീയ മനഃശാസ്ത്രം ജനങ്ങള്‍ പരിശോധിക്കണമെന്നു മാത്രമേ അഭ്യര്‍ത്ഥിക്കാനുള്ളൂ.

മഹാദുരന്തങ്ങള്‍ വരുമ്പോള്‍ മറ്റെല്ലാം മറന്ന് ഒരുമിക്കുകയാണ് മനുഷ്യത്വമുള്ളവര്‍ ചെയ്യുക. ഈ പൊതുതത്വത്തിന് അപമാനമാണു കേരളം എന്ന പ്രതീതി ലോകസമൂഹത്തിനു മുന്നില്‍ ഉളവാക്കുന്നതാണ് കെപിസിസി പ്രസിഡന്‍റിന്‍റെ അധിക്ഷേപം. ഇത് ആ തരത്തിലാണ് കേരളത്തിനാകെ അപമാനകരമാവുന്നത്. ലോകസമൂഹത്തില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തലാണിത്.

ലോകം ഒരു മഹാമാരിയെ നേരിടുകയാണ്. നമ്മുടെ ജീവിത ചര്യകളും പതിവുകളും പ്രതീക്ഷകളും മാറി മറിഞ്ഞിരിക്കുന്നു. ഇന്നത്തെ തലമുറകളൊന്നും ഇങ്ങനെ ഒരു ദുരന്തം അനുഭവിച്ചിട്ടില്ല. ലോക രാഷ്ട്രങ്ങള്‍ അമ്പരപ്പോടെയാണ് ഇതിനെ നേരിടുന്നത്. ഒറ്റയ്ക്കൊറ്റക്കല്ല. എല്ലാവരും ഒന്നിച്ചു നില്‍ക്കണം. സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതല്‍ അതിനെ അങ്ങനെയാണ് കണ്ടത്. പ്രതിപക്ഷത്തിന്‍റെ സഹായം അങ്ങോട്ടഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു വേദിയിലിരുന്ന് രോഗ പ്രതിരോധത്തിനായി ചര്‍ച്ചകള്‍ നടത്തി. നിരവധി വിയോജിപ്പുകളും പ്രശ്നങ്ങളും ഉണ്ടായിട്ടും കേന്ദ്ര ഗവര്‍മെന്‍റുമായി പൂര്‍ണ്ണമായി സഹകരിച്ചു. വിയോജിപ്പുകള്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചില്ല.

ദൗര്‍ഭാഗ്യവശാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകളെ തുരങ്കം വെക്കാനുള്ള നിരന്തര ശ്രമങ്ങളാണ് പ്രതിപക്ഷത്തില്‍ നിന്നുണ്ടായത്.  നിങ്ങള്‍ മറന്നോ എന്ന് അറിയില്ല, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കാര്യം ഞാനിവിടെ ഓര്‍മിപ്പിക്കുകയാണ്. കൊറോണ കാലത്ത് കെപിസിസി യോഗം നടന്നപ്പോള്‍ സര്‍ക്കാരിനെ കോവിഡ് പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് എടുക്കാന്‍ അനുവദിക്കരുത് എന്ന് തീരുമാനിച്ചവരാണവര്‍.

നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ പ്രതിപക്ഷ നേതാവിന്‍റെ വാദം എന്തായിരുന്നു? ‘നമ്മള്‍ ഇനിയും മാറേണ്ടത് മിറ്റിഗേഷന്‍ സ്ട്രാറ്റജിയിലേക്കാണ്, കൊറോണ റിസ്ക് മിറ്റിഗേഷന്‍ ഏറ്റവും പ്രധാനമാണ്. 100 ശതമാനവും കണ്ടയ്മെന്‍റ് മെത്തേഡില്‍ നിന്നും മാറി മിറ്റിഗേഷന്‍ മെത്തേഡ് സ്വീകരിക്കാം’.

അദ്ദേഹത്തിന്‍റെ ഉപദേശം സ്വീകരിച്ചിരുന്നുവെങ്കില്‍ എന്തായിരുന്നു സംഭവിക്കുക? അതു മനസ്സിലാക്കാന്‍ അമേരിക്കയിലൊന്നും പോകേണ്ടതില്ല. ‘മിറ്റിഗേഷന്‍ സ്ട്രാറ്റജി’യാണ് അഭികാമ്യമെന്ന അഭിപ്രായം അദ്ദേഹമോ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാരോ ഇപ്പോള്‍ പറയുമോ?

അമേരിക്കയെയും രാജസ്ഥാനെയും തമിഴ്നാടിനെയും മാതൃകയാക്കണമെന്നു വാദിക്കുക മാത്രമല്ല ദൈനംദിന രോഗവ്യാപന വിവരങ്ങള്‍ ജനങ്ങളോട് പങ്കുവെയ്ക്കുന്നതിനെ ‘മീഡിയ മാനിയ’ എന്നും ആക്ഷേപിച്ചു.

സിഎംഡിആര്‍എഫിലേക്ക് സംഭാവനകള്‍ അഭ്യര്‍ത്ഥിച്ചത്, ആ രീതി കൂടിയുണ്ടായാലേ ദുരിതാശ്വാസ സഹായം ഫലപ്രദമായി എത്തിക്കാനാവൂ എന്നതു കൊണ്ടാണ്. ആ അഭ്യര്‍ത്ഥന വന്നപ്പോള്‍, അതിലേക്കു പരമാവധി സഹായം ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ ചുമതലയുള്ള ഇവരില്‍ ചിലര്‍ എന്താ ചെയ്തത്? അതിലേക്ക് പണം കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു. കള്ളം പ്രചരിപ്പിച്ച് സഹായം മുടക്കാന്‍ ശ്രമിച്ചു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ ഖജനാവിലേക്കുള്ള വരവ് വല്ലാതെ കുറഞ്ഞ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെ ചെറിയൊരംശം വരുമാനമുണ്ടാകുന്ന മുറയ്ക്ക് പിന്നീട് നല്‍കാമെന്ന തീരുമാനമെടുത്തപ്പോള്‍, അതിനെ അട്ടിമറിക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങി. ഉത്തരവ് കത്തിച്ചു. അതിനെതിരെ കോടതിയില്‍ പോകുകയും പരാജിതരാവുകയും ചെയ്തത് നാം കണ്ടു.  

പ്രവാസി മലയാളികളെ കൊണ്ടുവരുന്ന ഈ ഘട്ടത്തില്‍, രോഗമുള്ളവരും ഇല്ലാത്തവരും ഇടകലര്‍ന്ന് ഒരു വിമാനത്തില്‍ വരുന്നത് ഒഴിവാക്കാന്‍ അവിടെ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ അതിനെയും എതിര്‍ത്തു. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലര്‍ന്ന് ഒരേ വിമാനത്തില്‍ വരുന്ന സംവിധാനമുണ്ടാക്കാനും അങ്ങനെ രോഗം പടരുന്ന സാഹചര്യമുണ്ടാക്കാനും എന്തിനാണു പ്രതിപക്ഷം വ്യഗ്രതപ്പെട്ടത്?

കോവിഡിന്‍റെ ആരംഭ ഘട്ടത്തില്‍  ജാഗ്രതാ സന്ദേശം സര്‍ക്കാര്‍ കൊടുത്തപ്പോള്‍ പലയാളുകളും ശാസ്ത്രവിദഗ്ധരായി രംഗത്തു വന്നു. 30 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് നില്‍ക്കില്ല എന്നും ചൂടുള്ള ഗള്‍ഫ് നാടുകളില്‍ കോവിഡില്ലല്ലൊ എന്നുമൊക്കെ പറഞ്ഞ് ജനങ്ങളുടെ ജാഗ്രതയെപ്പോലും ഇല്ലാതാക്കാന്‍ ശ്രമിച്ചത് ഏതു പ്രേരണയാലാണ്?

പ്രതിച്ഛായ കൂട്ടാന്‍ പിആര്‍ ഏജന്‍സികളെ ആശ്രയിച്ചെന്നതായിരുന്നു അടുത്തത്. വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നു എന്ന് പോലും പ്രചരിപ്പിച്ചില്ലേ?

കോവിഡിനെ ചെറുക്കുന്നതില്‍ ഈ ചെറു സംസ്ഥാനം സൃഷ്ടിച്ച മാതൃകയെപ്പറ്റി ലോക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം പിആര്‍ ഏജന്‍സി കൊടുക്കുന്നതാണെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. മുഖ്യമന്ത്രി, വാര്‍ത്താസമ്മേളനത്തില്‍ ചിരിക്കുന്നതുപോലും പിആര്‍ ഏജന്‍സി പറയുന്നതനുസരിച്ചാണെന്നു പോലും വിളമ്പാന്‍ മടി കാണിച്ചില്ല.

‘നാല്‍പത്തിരണ്ടു അന്താരാഷ്ട്ര മാധ്യമങ്ങളിലാണ് നിങ്ങള്‍ പിആര്‍ ഏജന്‍സിയെ വെച്ച് പരസ്യം കൊടുത്തതെന്നും അത് ഞങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്’ എന്നുമാണ് കെപിസിസി പ്രസിഡന്‍റ് പ്രസംഗിച്ചത്. എവിടെയാണ് ഈ സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയെ വെച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിപ്പിച്ചത്? ഒരുവിധത്തില്‍ ആലോചിച്ചാല്‍ ഈ ആരോപണം ലോകത്താകെയുള്ള മാധ്യമങ്ങളെ പോലും അവഹേളിക്കുന്നതല്ലേ.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന നമ്മുടെ സഹോദരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പാസ് ഏര്‍പ്പെടുത്തിയപ്പോള്‍ ഇവര്‍ നടത്തിയ കാട്ടിക്കൂട്ടലുകള്‍ എന്തൊക്കെയായിരുന്നു? വാളയാറില്‍ പാസ്സില്ലാത്തവരെ എത്തിച്ച് പരിശോധനപോലും ഇല്ലാതെ കേരളത്തിലേക്ക് കടത്തിവിടാനായി ശ്രമം. ഇവരുടെ ചെയ്തികളുടെ ഭാഗമായി നിരപരാധികളായ നൂറു കണക്കിനു പേര്‍ രോഗവ്യാപന ഭീഷണിയില്‍ കഴിയേണ്ടി വന്നില്ലേ?

നമ്മുടെ കുട്ടികള്‍ക്ക് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതിന് എതിരെയും രംഗത്തുവന്നു. ഒരു കോണ്‍ഗ്രസ് നേതാവ് നടത്തിയ അധിക്ഷേപ വാക്കുകള്‍ ഓര്‍മയില്ലേ? ‘വട്ടാണ്’ എന്നല്ലേ പറഞ്ഞത്. വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനായിരുന്നു അവരുടെ ശ്രമം.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചപ്പോഴോ? തുറക്കണമെന്ന് പ്രതിപക്ഷ  നേതാവും മുന്‍ മുഖ്യമന്ത്രിയുമെല്ലാം പറഞ്ഞില്ലേ? സര്‍ക്കാര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുത്തു. അപ്പോള്‍ കെപിസിസി പ്രസിഡന്‍റ് ചോദിക്കുന്നു, എന്തിനാ തുറന്നതെന്ന്? രാഷ്ട്രീയ മുതലെടുപ്പിനുള്ള വഴി തേടുക, അതായിരുന്നില്ലേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദ്ദേശം? ഏറ്റവും ഒടുവിലാണ് പ്രവാസി പ്രശ്നം ഉയര്‍ത്തിയത്.

പ്രതിപക്ഷത്തിന് അതിന്‍റെ ധര്‍മ്മം നിറവേറ്റാം. അത് ആരും തടസ്സപ്പെടുത്തുന്നില്ല. ഇവിടെ അതാണോ നടക്കുന്നത്? അവര്‍ നടത്തുന്ന സമരങ്ങള്‍ നോക്കുക. ഇന്നലെ പ്രതിപക്ഷ നേതാവ് സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരു സമരം നടത്തി. റോഡ് എത്ര നേരമാണ് ബ്ലോക്ക് ആയത്? ഒരു ക്യാമറാ ഫ്രയിമില്‍ ഉള്‍പ്പെടാന്‍ നേതാക്കള്‍ തമ്മില്‍ ഇടിക്കുകയായിരുന്നില്ലേ? ശാരിക അകലം പാലിക്കപ്പെട്ടോ? എന്തിനായിരുന്നു ഈ വെപ്രാളം? അതേസമയം കഴിഞ്ഞ ദിവസം സിപിഐഎം ഒരു സമരം നടത്തിയല്ലോ? പങ്കെടുത്ത ജനങ്ങളുടെ എണ്ണം വളരെ വലുതാണ്. എന്നാല്‍, എവിടെയെങ്കിലും ശാരീരിക അകലം പാലിക്കാത്തത് ചൂണ്ടിക്കാട്ടാനാകുമോ? ആ വ്യത്യാസമാണ് കാണേണ്ടത്.

തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ ഇതൊന്നും ഇങ്ങനെ പറയണമെന്ന് ആഗ്രഹിച്ചതല്ല, കോവിഡ് കാലത്തെ വാര്‍ത്താ സമ്മേളനങ്ങളില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ബന്ധമായി ആഗ്രഹിച്ചിരുന്നു. അപൂര്‍വ്വമായി ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തെയാകെ തുരങ്കം വെക്കുന്ന രീതിയിലേക്ക് ഇത് വളര്‍ന്നതു കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്. സമൂഹ വ്യാപനത്തിലേക്ക് നീങ്ങുമെന്ന ആശങ്ക തലയ്ക്കു മുകളില്‍ നില്‍ക്കുന്ന ഘട്ടമാണിത്. അത് ഒഴിവാക്കാനായി ഒരു സിസ്റ്റം സാധ്യമായ എല്ലാ വഴികളും തേടുകയാണ്.

ആ സിസ്റ്റത്തിന്‍റെ പ്രധാന ഭാഗമായ ഒരു മന്ത്രിയെ അധിക്ഷേപിക്കുന്നത് ആ സിസ്റ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. അവരെ ഒറ്റതിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ താളം തെറ്റിക്കാനാകുമോ എന്നാണ് ശ്രമം. ഒന്നേ പറയാനുള്ളൂ, ജനങ്ങളുടെ ജീവന്‍ വച്ച് രാഷ്ട്രീയം കളിക്കരുത്. ഈ മഹാമാരിയില്‍ നിന്നും ജനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിനാണ് നമ്മള്‍ പ്രാമുഖ്യം നല്‍കുന്നത്. ജനങ്ങളുടെ ജീവനാണ് പ്രധാനം.

സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിക്കാനല്ലാതെ, അര്‍ഹതപ്പെട്ട സഹായം കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ഒരു പ്രസ്താവനയിലൂടെയെങ്കിലും ആവശ്യപ്പെടാതിരിക്കാന്‍ പ്രതിപക്ഷം പ്രത്യേക ശ്രദ്ധ വെച്ചു എന്നു വേണം പറയാന്‍.

പ്രതിപക്ഷം സത്യത്തില്‍ ആരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്? എടുത്ത നിലപാടുകളൊക്കെ നാടിന്‍റെയും നാട്ടുകാരുടെയും താല്‍പര്യങ്ങളെ ബലികൊടുക്കുന്ന തരത്തിലുള്ളതായിരുന്നില്ലേ? ഉന്നയിച്ച ആവശ്യങ്ങളൊക്കെ അബദ്ധങ്ങളായില്ലേ? ആ പറഞ്ഞത് സര്‍ക്കാര്‍ അനുസരിച്ചിരുന്നെങ്കില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാവുമായിരുന്നു എന്നു ജനങ്ങള്‍ തിരിച്ചറിയുന്ന നിലയായില്ലേ?  

രാഷ്ട്രീയമായ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി പ്രതിപക്ഷം തുടര്‍ച്ചയായി മഹാദുരന്തത്തെപ്പോലും ഉപയോഗിക്കുകയായിരുന്നുവെന്നു ജനങ്ങള്‍ തിരിച്ചറിയുകയാണ്. ഇങ്ങനെ ജനങ്ങള്‍ക്കുമുമ്പില്‍ തുടര്‍ച്ചയായി തുറന്നുകാട്ടപ്പെട്ടതിന്‍റെ ജാള്യതയാണ് ഇപ്പോള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കു പിന്നിലുള്ളത്. എന്നതും ജനങ്ങള്‍ തിരിച്ചറിയും.

ഇന്നും പറയുന്നത് കേട്ടു. ക്രെഡിറ്റ്, ക്രെഡിറ്റ് എന്ന്. ക്രെഡിറ്റ് ആര്‍ക്ക് എന്നത് മാത്രമാണ് പ്രതിപക്ഷത്തെ അലട്ടുന്ന പ്രശ്നമെന്നാണ് തോന്നുന്നത്. മുമ്പ് ക്രെഡിറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയേ ഇപ്പോഴും പറയാനുള്ളു. നിപയായാലും കോവിഡായാലും പ്രതിരോധത്തിന്‍റെ ക്രെഡിറ്റ് മുഴുവന്‍ ഈ നാട്ടിലെ ജനങ്ങള്‍ക്കാണ്. ഈ നാടന് മൊത്തമാണ്. ഈ നാട് ഒന്നായി നിങ്ങള്‍ക്കുമ്പോഴാണ് ഇത്തരം മഹാമാരികളെ ചെറുക്കാനാകുന്നത്. എല്ലാം ജനം കാണുന്നുണ്ട്. കേള്‍ക്കുന്നുണ്ട്. അവര്‍ തീരുമാനിക്കട്ടെ.

അന്താരാഷ്ട യോഗ ദിനമാണ് നാളെ

നമുക്കറിയാവുന്നതുപോലെ, യോഗ വെറുമൊരു ശാരീരിക വ്യായാമം മാത്രമല്ല. മനസ്സിനു കൂടി വ്യായാമം ലഭിക്കുന്ന ഒരു ശാസ്ത്രീയ അഭ്യാസമുറയാണത്. നിത്യവുമുള്ള യോഗാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് സഹായകരമാണ്. ശരീരവഴക്കം കൂട്ടാനും മാനസികോല്ലാസത്തിനും യോഗ ഒരുപോലെ ഫലപ്രദമാണ്. അത് എല്ലാവരെയും ഓര്‍മിപ്പിക്കുന്നു.