വാര്‍ത്താകുറിപ്പ്: 24-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

152 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 81 പേര്‍ രോഗമുക്തി നേടി.

രോഗം ബാധിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 46 പേര്‍. സമ്പര്‍ക്കം 8.

ഡെല്‍ഹി 15, പശ്ചിമ ബംഗാള്‍ 12, മഹാരാഷ്ട്ര 5, തമിഴ്നാട് 5, കര്‍ണാടക 4, ആന്ധ്രപ്രദേശ് 3, ഗുജറാത്ത് 1, ഗോവ 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശൂര്‍ 15, ആലപ്പുഴ 15, മലപ്പുറം 10, എറണാകുളം 8, കോട്ടയം 7, ഇടുക്കി 6, കാസര്‍കോട് 6, തിരുവനന്തപുരം 4, കോഴിക്കോട് 3, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കൊല്ലം 1, പത്തനംതിട്ട 1, ആലപ്പുഴ 13, കോട്ടയം 3, ഇടുക്കി 2, കോഴിക്കോട് 35, എറണാകുളം 4, തൃശൂര്‍ 4, പാലക്കാട് 1, മലപ്പുറം 7, കണ്ണൂര്‍ 10 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.  

ഇന്ന് 4941 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3603 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 1691 പേരാണ്. 1,54,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2,282 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 288 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,48,827 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 40,537 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 39,113 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി.

വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് സ്ക്രീനിങ് നിര്‍ബന്ധമാക്കണമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ അതിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണവുമായാണ് ചിലര്‍ ഇറങ്ങിയത്. പ്രവാസികളെ പ്രകോപിപ്പിക്കാനും സര്‍ക്കാരിനെതിരെ രോഷം സൃഷ്ടിക്കാനും ശ്രമമുണ്ടായി. ഒരുകാര്യം തുടക്കത്തിലേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. താല്‍പര്യമുള്ള പ്രവാസികളെയാകെ കേരളത്തിലേക്ക് സ്വാഗതം ചെയ്യും; അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും.

ആ പ്രഖ്യാപിത നിലപാടില്‍നിന്ന് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ പിറക്കോട്ടു പോയിട്ടില്ല. ഈ നിമിഷം വരെ കേരള സര്‍ക്കാര്‍ ഒരു വിമാനത്തിന്‍റെ യാത്രയും മുടക്കിയിട്ടില്ല. ഒരാളുടെ വരവിനെയും തടഞ്ഞിട്ടില്ല.

72 ഫ്ളൈറ്റുകള്‍ ഇന്നത്തെ ദിവസം മാത്രം കേരളത്തിലേക്ക് വരാനാണ് അനുമതി നല്‍കിയത്. 14,058 പേര്‍ ഈ ഫ്ളൈറ്റുകളില്‍ ഇന്ന് നാട്ടിലെത്തുന്നത്. ഒന്നൊഴികെ ബാക്കി 71ഉം വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാണ്. കൊച്ചിയില്‍ 24ഉം കോഴിക്കോട് 22ഉം കണ്ണൂരില്‍ 16ഉം തിരുവനന്തപുരത്ത് 10ഉം വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. നമ്മുടെ ആളുകള്‍ നാട്ടിലേക്ക് എത്തണമെന്ന നിലപാടിന്‍റെ ഭാഗമായാണ് ഇത്രയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.

ഇതുവരെ 543 വിമാനങ്ങളും 3 കപ്പലുകളുമാണ് സംസ്ഥാനത്തെത്തിയത്. 543ല്‍ 335 എണ്ണം ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ്. 208 എണ്ണം വന്ദേഭാരത് മിഷന്‍റെ ഭാഗമായി വന്നതാണ്. ഇതുവരെ 154 സമ്മതപത്രങ്ങളിലൂടെ 1114 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ ജൂണ്‍ 30 വരെ 462 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. ഇതുവരെ വിദേശങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ച ആളുകള്‍ക്കെല്ലാം സൗജന്യമായി കേരള സര്‍ക്കാര്‍ ചികിത്സ നല്‍കുന്നുണ്ട്. ഗുരുതരമായ മറ്റ് അസുഖങ്ങളുള്ള വയോജനങ്ങളെ ഉള്‍പ്പെടെ ചികിത്സിച്ച് ഭേദമാക്കാന്‍ നമുക്കു കഴിയുന്നുണ്ട്. നമ്മുടെ സഹോദരങ്ങള്‍ എപ്പോള്‍ തിരിച്ചെത്തിയാലും ചികിത്സ വേണ്ടിവന്നാല്‍ അത് ലഭ്യമാക്കുക തന്നെ ചെയ്യും.

216 ലോക രാജ്യങ്ങളിലും പ്രവിശ്യകളിലുമായി വ്യാപിച്ച രോഗമാണ് കോവിഡ് 19. ഇതുവരെ 4.8 ലക്ഷത്തിലധികം ആളുകള്‍ മരണമടഞ്ഞു. 90 ലക്ഷത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചു. 38 ലക്ഷത്തോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

ലോകത്താകെ വ്യാപിച്ചുകിടക്കുന്നതാണ് കേരളീയ സമൂഹം. വിദേശ രാജ്യങ്ങളില്‍നിന്ന് കോവിഡ് ബാധിച്ച് മരണമടഞ്ഞവരെക്കുറിച്ച് ഈ വേദിയില്‍ തന്നെ പലതവണ പറഞ്ഞു. കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയതുകൊണ്ട് മരണമടഞ്ഞവരല്ല അവരാരും. ഓരോ നാട്ടിലും ലഭ്യമായ ചികിത്സാസൗകര്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുമുണ്ട്.

‘പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം’ എന്ന തലക്കെട്ടുമായി ഒരു മാധ്യമം ലോകത്താകെ കോവിഡ് ബാധിച്ച് മരണമടഞ്ഞ കേരളീയരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതു കണ്ടു. ‘ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍, നാം ഇനിയും നിശ്ശബ്ദരായിരുന്നാല്‍ കൂടുതല്‍ മുഖങ്ങള്‍ ചേര്‍ക്കപ്പെടും’ എന്നാണ് ആ പത്രം പറയുന്നത്. അതിന് മറുപടി പറയാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.

ഒരുകാര്യം ഓര്‍ക്കേണ്ടതുണ്ട്. ഈ രാജ്യങ്ങളിലെല്ലാം കേരളീയര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവര്‍ അവിടെ തുടരുകയും വേണ്ടവരാണ്. ഈ രാജ്യങ്ങളില്‍ കേരളീയര്‍ അരക്ഷിതരാണ് എന്ന് പ്രചരിപ്പിക്കുമ്പോള്‍ അവിടെ ജീവിക്കുന്നവരെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? അവരെ എങ്ങനെ ബാധിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? (കുത്തിത്തിരിപ്പിനൊക്കെ ഒരു അതിരുവേണം കേട്ടോ).

എന്തു തരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടേത് എന്ന് നാമെല്ലാം ചിന്തിക്കണം. ആരുടെയെങ്കിലും അനാസ്ഥ കൊണ്ടോ അശ്രദ്ധ കൊണ്ടോ ആണോ ഈ മരണങ്ങള്‍ സംഭവിച്ചത്. വിദേശ രാജ്യങ്ങളില്‍ രോഗബാധിതരായ കേരളീയരെയാകെ ഇങ്ങോട്ടു കൊണ്ടുവരാന്‍ കഴിയുമായിരുന്നോ? ഇന്നാട്ടില്‍ വിമാനങ്ങളും ഇതര യാത്രാമാര്‍ഗങ്ങളുമില്ലാത്ത ലോക്ക്ഡൗണ്‍ ആയിരുന്നു കഴിഞ്ഞ നാളുകളില്‍ എന്ന് ഇവര്‍ക്ക് ബോധ്യമില്ലേ?

മരിച്ചുവീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേര്‍പാട് വേദനാജനകവുമാണ്. അതിന്‍റെ പേരില്‍ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് കോവിഡിനേക്കാള്‍ അപകടകാരിയായ രോഗബാധയാണ്.

സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ കാര്യത്തിലും നിയന്ത്രണങ്ങളുടെ കാര്യത്തിലും കര്‍ക്കശമായ നിലപാട് ഇതുവരെ എടുത്തിട്ടുണ്ട്; അത് തുടരുകയും ചെയ്യും. ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ആരെങ്കിലും മൂടിവെച്ചതുകൊണ്ട് ഇല്ലാതാകില്ല. കേരളത്തില്‍ നിലവില്‍ ഉണ്ടായിട്ടുള്ള 90 ശതമാനം കോവിഡ് കേസുകളും വിദേശത്തു നിന്നോ അന്യസംസ്ഥാനങ്ങളില്‍ നിന്നോ വന്നവയാണ്. അതില്‍ തന്നെ 69 ശതമാനം കേസുകളും വിദേശത്തു നിന്നു വന്നവരിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വിദേശരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളില്‍ നമുക്ക് ഇടപെടാന്‍ സാധ്യമല്ല. അതുകൊണ്ട് നമ്മുടെ ഇടപെടലിന്‍റെ ആദ്യപടി അവര്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് നടത്തുന്ന സ്ക്രീനിങ് ആണ്. ഈ സ്ക്രീനിങ് നടത്തിയില്ലെങ്കില്‍ സംഭവിക്കുന്നത് യാത്രാവേളയില്‍ തന്നെ രോഗം കൂടുതല്‍ പേരിലേയ്ക്ക് പകരുകയും പ്രവാസി കേരളീയരുടെ ജീവന്‍ അപകടത്തിലാവുകയുമാണ്.

നമ്മള്‍ ആദ്യഘട്ടത്തില്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്നവരില്‍ ഏതാണ്ട് 45 ശതമാനത്തോളം ആളുകള്‍ രോഗം മാരകമായി ബാധിക്കാന്‍ സാധ്യതയുള്ള ഗര്‍ഭിണികളും വയോജനങ്ങളും കുട്ടികളും മറ്റു രോഗാവസ്ഥയുള്ളവരുമാണ്.  രോഗബാധയുള്ളവരോടൊപ്പം യാത്ര ചെയ്യുന്നതു വഴി ഇവരുടെ ജീവന്‍ വലിയ അപകടത്തിലാവുന്നു. ഇതു നമുക്ക് അനുവദിക്കാന്‍ സാധിക്കുമോ? അതുപോലെത്തന്നെ, ഹൈ റിസ്ക് പ്രൈമറി കോണ്ടാക്റ്റുകളും ഉണ്ടാകുന്നത് തടയേണ്ടതുണ്ട്.

നിലവിലെ സാഹചര്യത്തില്‍ പ്രൈമറി കോണ്ടാക്ട് വഴി ഉണ്ടാകുന്ന മരണനിരക്ക് കൂടുതലാണ്. ഒരാളില്‍ നിന്നും ഒരുപാടു പേരിലേയ്ക്ക് രോഗം പകരുന്ന സൂപ്പര്‍ സ്പ്രെഡ് എന്ന സ്ഥിതിവിശേഷം ഉണ്ടാകനുള്ള സാധ്യതയാണ് മറ്റൊരപകടം. സൂപ്പര്‍ സ്പ്രെഡിന് വിമാന യാത്രകള്‍ കാരണമാകുന്നു എന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഈ കാരണങ്ങളെല്ലാം കണക്കിലെടുത്താണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രകള്‍ക്ക് മുന്‍പായി സ്ക്രീനിങ് നിര്‍ബന്ധമാക്കേണ്ടതുണ്ട് എന്ന് നാം തീരുമാനിച്ചത്. കാര്യക്ഷമമായി സ്ക്രീനിങ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കി, യാത്രയെ തടയാതെയും നീട്ടി വെയ്പിക്കാതെയും നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. അത് എങ്ങനെ സാധ്യമാകും എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്‍റുമായും എംബസ്സികളുമായും ബന്ധപ്പെട്ടു.
 
ഈ മാസം 20 മുതല്‍ യാത്രക്കാര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമാക്കാനാണ് തീരുമാനിച്ചിരുന്നത്. ആ ദിവസം അത് പ്രായോഗികമാകാതെ വന്നു. തുടര്‍ന്ന് അഞ്ചുദിവസം സമയം ദീര്‍ഘിപ്പിച്ചു. അതിനിടയില്‍ വിദേശ മന്ത്രാലയം ഇടപെട്ട് തീരുമാനത്തിലെത്താന്‍ കഴിയുമെന്ന് നേരത്തേ തന്നെ ഇവിടെ സൂചിപ്പിച്ചിരുന്നുവല്ലൊ. വിമാനയാത്രികരെ ടെസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ എംബസ്സികളുമായി ബന്ധപ്പെട്ടശേഷം അറിയിച്ച കാര്യങ്ങള്‍ ഇന്നലെ ഇവിടെ പറഞ്ഞിരുന്നു. യുഎഇയിലും ഖത്തറിലും പരിശോധനാ സംവിധാനങ്ങള്‍ നിലവിലുണ്ട്. കുവൈത്തില്‍ രണ്ട് ടെര്‍മിനലുകളില്‍ മാത്രമാണ് ഇപ്പോള്‍ ടെസ്റ്റുള്ളത് എന്നതടക്കമുള്ള കാര്യങ്ങളാണ് അറിയിച്ചത്.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആ നിലയില്‍ തന്നെയാണ് ഈ പ്രശ്നത്തില്‍ ഓരോ ഘട്ടത്തിലും നടപടി സ്വീകരിച്ചിട്ടുള്ളത്. നാളെ മുതല്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളും സ്വകാര്യ ഫ്ളൈറ്റുകളും വന്ദേഭാരത് മിഷനില്‍പ്പെടുന്ന ഫ്ളൈറ്റുകളും കേരളത്തിലേക്ക് വരുമ്പോള്‍ ഇനി പറയുന്ന നടപടികള്‍ സ്വീകരിക്കും.

ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാവരും ടെസ്റ്റ് നടത്തുന്നതിന് ആത്മാര്‍ത്ഥമായി ശ്രമിക്കണം. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് അവര്‍ കയ്യില്‍ കരുതണം. യാത്രാസമയത്തിന് 72 മണിക്കൂറിനകത്തായിരിക്കണം ടെസ്റ്റ്. അതായത് ടെസ്റ്റ് റിപ്പോര്‍ട്ടിന്‍റെ സാധുത 72 മണിക്കൂറായിരിക്കും.

എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ നല്‍കണം.

എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യവിഭാഗത്തിന്‍റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്ക്രീനിങ്ങിന് എല്ലാ യാത്രക്കാരും വിധേയമാകണം. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.

വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ കൂടി, ഇവിടെയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്‍ടി പിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്സ്പ്രസ് അല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം.

ടെസ്റ്റ് റിസള്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതുപോലെ 14 ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പോകണം.

എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍ 95 മാസ്ക്, ഫേസ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.

ഖത്തറില്‍നിന്ന് വരുന്നവര്‍ ആ രാജ്യത്തിന്‍റെ ‘എഹ്ത്രാസ്’ എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരാകണം. ഇവിടെയെത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണം.

യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം, രാജ്യത്തിനു പുറത്തേക്ക് വിമാനമാര്‍ഗം പോകുന്ന മുഴുവന്‍ പേരെയും യുഎഇ ആന്‍റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.

ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തുന്നവര്‍ എന്‍ 95 മാസ്ക്, ഫേസ് ഷീല്‍ഡ്, കയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം.

സൗദി അറേബ്യയില്‍ നിന്ന് വരുന്നവര്‍ എന്‍ 95 മാസ്കും ഫേസ് ഷീല്‍ഡും കയ്യുറയും കൂടാതെ, സഹയാത്രക്കാരുടെ, സുരക്ഷയ്ക്ക് പിപിഇ (പെഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്‍റ്) ധരിച്ചിരിക്കണം.

കുവൈത്തില്‍നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാക്കും. വിമാനത്താവളത്തില്‍ എത്തിയാല്‍ ഇരു രാജ്യങ്ങളിലുള്ളവരും കോവിഡ് ടെസ്റ്റിന് വിധേയരാകണം. ആരോഗ്യവിഭാഗം അനുവദിച്ചശേഷമേ അവര്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തുപോകാന്‍ പാടുള്ളു.

യാത്രക്കാര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, കയ്യുറ, മാസ്ക് എന്നിവ വിമാനത്താവളങ്ങളില്‍നിന്ന് സുരക്ഷിതമായി നീക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും.

ഇവിടുത്തെ എയര്‍പോര്‍ട്ടുകളില്‍ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കും. ആരോഗ്യസുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി തടയല്‍ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഈ കാര്യങ്ങള്‍ വിദേശ മന്ത്രാലയത്തെയും ബന്ധപ്പെട്ട എംബസികളെയും അറിയിക്കും.

ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സംസ്ഥാനം എന്‍ഒസി നല്‍കുന്നുണ്ട്.  എന്നാല്‍, അപേക്ഷയില്‍ നിശ്ചിത വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എംബസികള്‍ നിരസിക്കുന്നുണ്ട്. അപേക്ഷ നല്‍കുമ്പോള്‍ തന്നെ ഉണ്ടാകേണ്ട വിവരങ്ങള്‍ കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമ്മതപത്രത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞത് ഏഴുദിവസം മുമ്പ് നോര്‍ക്കയില്‍ ലഭിക്കണം. യാത്ര ഉദ്ദേശിക്കുന്ന തീയതി, വിമാനങ്ങളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങള്‍, വിമാനക്കൂലി ഈടാക്കിയാണോ യാത്രക്കാരെ കൊണ്ടുവരുന്നത്, അങ്ങനെയെങ്കില്‍ നിരക്ക്, യാത്ര തിരിക്കുംമുമ്പ് കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ടോ. ഇത്രയും കാര്യങ്ങളാണ് ആദ്യം അറിയിക്കേണ്ടത്. വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ട്.

കോവിഡ് രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഒഴികെയുളള എല്ലാ സ്പെഷ്യല്‍ യൂണിറ്റുകളിലെയും 90 ശതമാനം ജീവനക്കാരുടെയും സേവനം ക്രമസമാധാന വിഭാഗം എഡിജിപിക്ക് ലഭ്യമാക്കും. ഇവര്‍ നാളെ രാവിലെ ജില്ലാ പൊലീസ് മേധാവിമാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും. പൊലീസ് മൊബിലൈസേഷന്‍റെ ചുമതല ബറ്റാലിയന്‍ വിഭാഗം എഡിജിപിക്കാണ്.

വിദേശത്തുനിന്ന് ധാരാളം മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഐപിഎസ് ഓഫീസര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലെയും പൊതുവായ ചുമതല പരിശീലന വിഭാഗം ഐജി തുമ്മല വിക്രമിനാണ്.

ഡോ. ദിവ്യ വി ഗോപിനാഥ്, വൈഭവ് സക്സേന എന്നിവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെയും നവനീത് ശര്‍മയ്ക്ക് കൊച്ചി വിമാനത്താവളത്തിന്‍റെയും ചുമതല നല്‍കി. കോഴിക്കോട് വിമാനത്താവളത്തിന്‍റെ ചുമതല ചൈത്ര തെരേസ ജോണിനാണ്. യതീഷ് ചന്ദ്ര, ആര്‍ ആനന്ദ് എന്നിവര്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ചുമതല. ഓരോ വിമാനത്താവളത്തിലും സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്മാര്‍ക്കും ചുമതല നല്‍കി നിയോഗിക്കും.

മാസ്ക് ധരിക്കാത്ത 4963 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

അതിഥി തൊഴിലാളികള്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ മാര്‍ഗം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചേരുന്നവരുടെ രേഖകളും മറ്റും പരിശോധിക്കുന്നതിന് അതിര്‍ത്തി റെയില്‍വെ സ്റ്റേഷനുകളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുന്നവരെ ക്വാറന്‍റൈനിലേക്ക് വിടുകയാണ്. പാസില്ലാതെ വരുന്നവരാണെങ്കില്‍ കോണ്‍ട്രാക്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ ഉത്തരവാദിത്വത്തിലാണ് ക്വാറന്‍റൈനിലേക്ക് അയക്കുന്നത്.

എന്നാല്‍, യാത്രാപാസ്സില്ലാതെ എത്തുകയും ഏറ്റെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത്തരം അതിഥി തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനില്‍ തന്നെ നിര്‍ത്തി തിരികെ പോകുന്ന ട്രെയിനുകളില്‍ കയറ്റിവിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇങ്ങനെ തിരിച്ച് കയറ്റിവിടാന്‍ പാടില്ല. പകരം അവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് അയക്കും. ഏത് ജില്ലയിലേക്കാണോ പോകേണ്ടത് ആ ജില്ലാ സംവിധാനം ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കണം. അവര്‍ക്ക്  ഇവിടെത്തന്നെ തൊഴിലെടുക്കുന്നതിന് അവസരം നല്‍കാന്‍ ജില്ലാതലത്തില്‍ സൗകര്യങ്ങള്‍ ഒരുക്കണം.

സന്നദ്ധ സേനാ വളണ്ടിയര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം നാളെ ആരംഭിക്കും. ആദ്യഘട്ടത്തില്‍ പ്രീ മണ്‍സൂണ്‍ പരിശീലനം 20,000 പേര്‍ക്ക് നല്‍കും. രജിസ്റ്റര്‍ ചെയ്ത മൂന്നര ലക്ഷം വളണ്ടിയര്‍മാര്‍ക്ക് ആഗസ്റ്റ് മാസത്തോടെ പരിശീലനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും.

മന്ത്രിസഭായോഗ തീരുമാനം

തൊഴില്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 16 ക്ഷേമനിധി ബോര്‍ഡുകള്‍ 11 ആയി കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള ഷോപ്പ്സ് ആന്‍റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും സംയോജിപ്പിക്കും.

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡുമായി ചേര്‍ക്കും. കേരള ബീഡി ആന്‍റ് സിഗാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായുമാണ് സംയോജിപ്പിക്കുക.
 
ഉയര്‍ന്ന ഭരണച്ചെലവ് കാരണം മിക്ക ക്ഷേമനിധി ബോര്‍ഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ബോര്‍ഡുകളുടെയും നിലനില്‍പ്പ് തന്നെ പ്രയാസമായിട്ടുണ്ട്. ബോര്‍ഡുകളില്‍ അംഗമായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ട് എണ്ണം കുറയ്ക്കേണ്ടതു അനിവാര്യമായിരിക്കുകയാണ്.

ഈ പ്രശ്നം പഠിക്കാന്‍ ലേബര്‍ കമീഷണര്‍ അധ്യക്ഷനായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് 16 ബോര്‍ഡുകള്‍ 11 ആയി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതു പ്രാവര്‍ത്തികമാക്കുന്നതിന് നിയമനിര്‍മാണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സഹായം

കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍റ് ഗെയ്ഡ്സ് സംസ്ഥാന കാര്യലയം ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 300 പിപിഇ കിറ്റ് 3 ലക്ഷം മാസ്ക് എന്നിവയും വിതരണം ചെയ്തു. സംസ്ഥനത്ത് 10 വീടുകള്‍ നിര്‍മിച്ചു നല്‍കിയതായും 40 കുട്ടികള്‍ക്ക് ടിവി വിതരണം ചെയ്തതായും 1000 കേന്ദ്രങ്ങളില്‍ പച്ചക്കറി തോട്ടങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ദുരിതാശ്വാസം

ആറളം ഫാം തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് ഒരു മാസത്തെ ശബളത്തിന്‍റെ ആദ്യ ഗഡു 24,19,154 രൂപ.

കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ 11,02,777 രൂപ.

പാലക്കാട്, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ.

സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ 2,12,000 രൂപ.

സിപിഐ എം കോന്നി ഏരിയ സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ സി ജി ദിനേശിന്‍റെ സ്മരണാര്‍ത്ഥം കുടുംബം 50,000 രൂപ.

എഐവൈഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 70,000 രൂപ.

ഇടുക്കി പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്ടി പ്രമോട്ടര്‍മാര്‍ 16,000 രൂപ.

കണ്ണൂരിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ പാഴ്വസ്തുക്കള്‍ വിറ്റ് സ്വരൂപിച്ച 10,000 രൂപ.