വാര്‍ത്താകുറിപ്പ്: 29-06-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

നവോത്ഥാന മുന്നേറ്റ ചരിത്രത്തിലെ ദീപ്തവ്യക്തിത്വങ്ങളിലൊന്നായ ശ്രീകുമാര ഗുരുദേവന്‍റെ സ്മൃതി ദിനമാണിന്ന്. ജാതിവിവേചനത്തിനതീതമായ സാമൂഹിക സമത്വത്തിന്‍റെ സന്ദേശം പടര്‍ത്തിക്കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട വലിയ ഒരു വിഭാഗം ജനങ്ങളെ ഉണര്‍ത്തിയെടുത്ത നവോത്ഥാന നായകനായ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്‍ ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതുണ്ട്. ജാതിമത വിവേചനങ്ങളില്ലാത്ത മനുഷ്യത്വപൂര്‍ണമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വറ്റാത്ത പ്രചോദനമാണ് ആ സ്മൃതി.

121 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 79 പേര്‍ രോഗമുക്തി നേടി. 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്‍റെ (55) സ്രവപരിശോധന കോവിഡ് പോസിറ്റീവാണെന്ന് ഇന്ന് ഫലം വന്നിട്ടുണ്ട്.

രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 26 പേര്‍. സമ്പര്‍ക്കം 5. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 3. പുറത്തുനിന്നു വന്ന സിഐഎസ്എഫുകാര്‍ 9.

തൃശൂര്‍ 26, കണ്ണൂര്‍ 14, മലപ്പുറം 13, പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11, കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി 5 വീതം, കാസര്‍കോട്, തിരുവനന്തപുരം 4 വീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം 4, തൃശൂര്‍ 5, പാലക്കാട് 3, കോഴിക്കോട് 8, മലപ്പുറം 7, കണ്ണൂര്‍ 13, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.  
കഴിഞ്ഞ 24 മണിക്കൂറിനകം 5244 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4311 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2057 പേരാണ്. 1,80,617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലായിനത്തിലുമായി ഇതുവരെ 2,24,727 പേരില്‍നിന്നാണ് ഇതുവരെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോനക്ക് അയച്ചത്. സ്വകാര്യ ലാബ് റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ഇതുവരെ 1,71,846 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചതില്‍ 2774ന്‍റെ ഫലം വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 46,689  സാമ്പിളുകള്‍ ശേഖരിച്ചതില്‍ 45,065 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 118.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ഇന്ന് വൈകിട്ട് അഞ്ചുമണി മുതല്‍ ജലൈ ആറിന് അര്‍ദ്ധരാത്രി വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ ധാരാളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. അതിനുപുറമെ ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോ-ടാസ്കി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ കൂടി പരിശോധന നത്തും. മാര്‍ക്കറ്റുകളിലും കോവിഡ് പരിശോധന നടത്തും.

കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍  കോളേജുകളില്‍ നിന്നുള്ള മെഡിക്കല്‍ ടീമിനെ ഈ പ്രദേശങ്ങളില്‍ നിയോഗിക്കും. അടുത്ത മൂന്നു ദിവസം ക്ലസ്റ്റര്‍ സോണില്‍ വിപുലമായ പരിശോധനയും വീടുതോറുമുള്ള സര്‍വ്വെയും നടത്താന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ കുറഞ്ഞത് 10,000 പരിശോധനകള്‍ നടത്തും.

കേസുകളുടെ എണ്ണം കൂടുകയും, അതിനനുസൃതമായി കൂടുതല്‍ കണ്ടെയ്െډന്‍റ് സോണുകളുണ്ടാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉറവിടം കണ്ടെത്താന്‍ സാധിക്കാത്ത കേസുകള്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ക്ളസ്റ്ററുകള്‍ രൂപം കൊള്ളുന്നുണ്ടോ എന്നു പരിശോധിക്കാനും, അതു സംഭവിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് ശ്രമിക്കുന്നത്. കൃത്യമായ ഒരു ക്ളസ്റ്റര്‍ മാനേജ്മെന്‍റ് സ്ട്രാറ്റജി നടപ്പിലാക്കുന്നുണ്ട്. അതിനായി കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കി കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കും. ആപ്രദേശത്തേക്ക് കടക്കുന്നതിനും ഇറങ്ങുന്നതിനും, കഴിയുമെങ്കില്‍ ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍, അവിടെയ്ക്കുള്ള വരവും പുറത്തോട്ടുള്ള പോക്കും കര്‍ശനമായി നിയന്ത്രിക്കും.

വീടുകള്‍ സന്ദര്‍ശിച്ച്  ശ്വാസകോശ സംബന്ധമായ മറ്റു രോഗങ്ങള്‍ ബാധിച്ചവരുണ്ടോ എന്ന് കണ്ടെത്തി അവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്റ്റ് ട്രെയ്സിങ് ആണ് അടുത്ത ഘട്ടം. അതുപോലെ കണ്ടെയ്െډന്‍റ് സോണുകളില്‍ കേസുകളുടെ എണ്ണം പെരുകുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാനുള്ള സര്‍ജ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്.

അത്തരം സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളില്‍ കൊണ്ടുവരുന്നത് തൊട്ട് ആശുപത്രികളില്‍ അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ പ്ലാന്‍ ആണത്. ഇത്തരത്തില്‍ രോഗവ്യാപനം തടയാനും, ഉണ്ടായാല്‍ നേരിടാനുമുള്ള പരമാവധി മുന്‍കരുതലുകള്‍ നമ്മള്‍ യഥാസമയം എടുക്കുന്നുണ്ട്. ജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ നമുക്കത് കാര്യക്ഷമമായി നടപ്പില്‍ വരുത്താന്‍ സാധിക്കൂ.

എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ഘട്ടമാണിത്. ഇത്തവണ വാര്‍ഷികാഘോഷങ്ങള്‍  വേണ്ടെന്നുവെച്ചു. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ഇല്ലാത്തതുകൊണ്ടല്ല വാര്‍ഷികാഘോഷം ഉപേക്ഷിച്ചത്. മനുഷ്യരാശി ഒരു മഹാമാരിയെ നേരിടുന്ന ഘട്ടമായതുകൊണ്ടാണ്. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ മറ്റെല്ലാം മാറ്റിവെച്ച് നാം ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. അതിന്‍റെ ഫലവും ഉണ്ടായിട്ടുണ്ട്. ലോകത്ത് സമ്പത്തുകൊണ്ടും ആധുനിക സൗകര്യം കൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ പോലും കേരളത്തിലേക്ക് ഉറ്റുനോക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ അന്താരാഷ്ട്ര ഏജന്‍സികളും ലോക മാധ്യമങ്ങളും തുറന്ന് അംഗീകരിക്കുകയാണ്.

ഇത്തരമൊരു ഘട്ടത്തില്‍ കോവിഡ് പ്രതിരോധം പുതിയ തലത്തിലേക്ക് എത്തിയ അവസരത്തില്‍ പ്രത്യേകിച്ചും മറ്റേതെങ്കിലും അജണ്ടയ്ക്കു പിന്നാലെ പോകാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. എല്ലാ ഊര്‍ജവും ജനങ്ങളുടെ സംരക്ഷണത്തിനായി വിനിയോഗിക്കപ്പെടണം എന്നതാണ്  സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. പ്രതിപക്ഷവും ഈ പോരാട്ടത്തില്‍ കൂടെ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് തുടക്കംമുതല്‍ സര്‍ക്കാര്‍ നടത്തിയത്. ദൗര്‍ഭാഗ്യവശാല്‍ പ്രതിപക്ഷം ആ നിലയ്ക്കല്ല നീങ്ങുന്നത്. സര്‍ക്കാരിനെ എതിര്‍ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധത്തെ തുരങ്കംവെക്കാനും ഏതു നടപടിയെയും തെറ്റായി ചിത്രീകരിച്ച് വികൃതമാക്കാനുമാണ് ശ്രമമുണ്ടാകുന്നത്.

സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. നാടിന്‍റെ വികസനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളെയും അന്ധമായി എതിര്‍ത്തു. പ്രളയം വന്നപ്പോള്‍ അതിജീവനത്തിനായി ദുരിതാശ്വാസനിധി കണ്ടെത്തുന്നതിനെപ്പോലും അട്ടിമറിക്കാന്‍ ശ്രമിച്ചു. കോവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലൊരു ഭാഗം മാറ്റിവെക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ ഉത്തരവ് കത്തിച്ചവരാണ് ഇവര്‍. ജനങ്ങള്‍ പ്രതിസന്ധിയിലായാലും നാടിന്‍റെ വഴി മുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് അവര്‍ എത്തിയത്.

അതിന്‍റെ ഒരു ഉദാഹരണമാണ് കഴിഞ്ഞദിവസം ടെക്നോസിറ്റിയില്‍ കളിമണ്‍ ഖനനം നടത്തുന്നുവെന്നും അത് അഴിമതിയാണ് എന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ഒരു മാധ്യമം അത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും ഏകോദര സഹോദരങ്ങളെപ്പോലെ ടെക്നോസിറ്റിയിലേക്ക് ഓടിയെത്തി അഴിമതിയാരോപണം ഉന്നയിച്ചു. ടെക്നോസിറ്റിക്കുവേണ്ടി ഏറ്റെടുത്ത സ്ഥലത്ത് കളിമണ്ണ് ഉണ്ട് എന്നത് ശരിയാണ്. അത് ഖനനം ചെയ്യണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുമുണ്ടാകാം. എന്നാല്‍, സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.

പള്ളിപ്പുറം ടെക്നോസിറ്റി വക ഭൂമിയില്‍ കളിമണ്‍ നല്ല നിലയില്‍ ലഭ്യമാണ്. ടെക്നോസിറ്റി സ്ഥലത്ത് നിന്നും സോഫ്റ്റ് സോയില്‍ എടുത്ത് പകരം ഹാര്‍ഡ് സോയില്‍ നിക്ഷേപിക്കാനുള്ള ഒരു നിര്‍ദ്ദേശം കേരള ക്ലേയ്സ് ആന്‍റ് സെറാമിക്സ് പ്രോഡക്ട്സ് എന്ന പൊതുമേഖലാ സ്ഥാപനം മുന്നോട്ടുവെച്ചിരുന്നു. അന്ന് ഒരു ഉദ്യോഗസ്ഥതല സമിതിയെ ഖനനം സംബന്ധിച്ച സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിശ്ചയിച്ചു.

വ്യവസായ വകുപ്പ് ഡയറക്ടര്‍, മൈനിങ് ആന്‍റ് ജിയോളജി ഡയറക്ടര്‍, ടെക്നോപാര്‍ക്ക് സിഇഒ എന്നിവരടങ്ങുന്ന ആ സമിതിപരിശോധന നടത്തി, നിര്‍ദ്ദേശം അംഗീകരിക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ തലത്തില്‍ കളിമണ്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.

ഇതില്‍ എങ്ങനെയാണ് അഴിമതി ആരോപിക്കാന്‍ കഴിയുന്നത്. കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് പഴഞ്ചൊല്ലാണ്. ഇവിടെ നമ്മുടെ പ്രതിപക്ഷം കയറെടുക്കുകയല്ല, പാലു കറക്കാന്‍ തന്നെ ഓടുകയാണ് ചെയ്യുന്നത്.

ഇതുവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. അഞ്ചാംവര്‍ഷം എന്തെങ്കിലും പറഞ്ഞ് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ആ ജാള്യം മറച്ചുവെക്കാനും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ തളര്‍ത്താന്‍ കഴിയുമോ എന്നു നോക്കാനുമാണ്. പത്രസമ്മേളനം വിളിച്ച് ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക. കുറച്ചുദിവസം അതുതന്നെ ചര്‍ച്ചയാക്കാന്‍ ശ്രമിക്കുക. ഒടുവില്‍ ഒന്നും തെളിയിക്കാനാവാതെ വാക്ക് മാറ്റിപ്പറഞ്ഞ് പിന്മാറുക- ഇതാണ് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നടത്തുന്ന അഭ്യാസം. ഇതിനുമുമ്പ് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളും അതില്‍നിന്നുള്ള നിരുപാധിക പിന്മാറ്റവും കഴിഞ്ഞദിവസം തന്നെ നാം കണ്ടല്ലൊ.

ഒടുവില്‍ അദ്ദേഹം ഉന്നയിച്ചത് സംസ്ഥാനത്ത് ഇ-മൊബിലിറ്റി ഹബ്ബ് സംബന്ധിച്ച ഡിപിആര്‍ തയ്യാറാക്കാന്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ ഏല്‍പ്പിച്ചത് ക്രമരഹിതമായിട്ടാണ് എന്നാണ്.

ഞായറാഴ്ച അസാധാരണ പത്രസമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് ഒരു കാര്യം പറയുമ്പോള്‍ സ്വാഭാവികമായും ഗവണ്‍മെന്‍റിന് അത് അവഗണിക്കാന്‍ പറ്റില്ല. വ്യക്തത വരുത്തേണ്ടിവരും. അതിന് നമ്മുടെയാകെ കുറേ സമയം നഷ്ടപ്പെടും. ഇപ്പോള്‍ അങ്ങനെ വെറുതെ സമയം നഷ്ടപ്പെടുത്തേണ്ട ഒരു അവസ്ഥയിലല്ല നമ്മുടെ നാട് നില്‍ക്കുന്നത്.

കോവിഡ് ബാധ അനുദിനം വര്‍ധിക്കുകയാണ്. അതിന്‍റെ ഭീഷണിയില്‍നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താന്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദുരാരോപണങ്ങളും കുപ്രചാരണങ്ങളും കൊണ്ട് ഇത്തരമൊരു ഘട്ടത്തില്‍ ഇറങ്ങിത്തിരിക്കുന്നത് നാടിനും ജനങ്ങള്‍ക്കും പ്രയോജനകരമല്ല എന്നു മാത്രം ഈ ഘട്ടത്തില്‍ പറഞ്ഞുവെക്കട്ടെ. എന്തായാലും വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുള്ളത്.

ഇ-മൊബിലിറ്റി സര്‍ക്കാരിന്‍റെ നയമാണ്. പുതിയകാലത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. 2022ഓടെ പത്തുലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കണം എന്നാണ് ആലോചിച്ചിട്ടുള്ളത്. മദ്രാസ് ഐഐടിയിലെ പ്രൊഫ. അശോക് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്‍റെ വൈദ്യുതി വാഹനനയം രൂപീകരിച്ചത്.

നയം രൂപീകരിക്കുന്നത് നടപ്പാക്കാനാണ്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങള്‍ വര്‍ധിച്ചതോതില്‍ വേണമെന്നത് സര്‍ക്കാരിന്‍റെ ദൃഢനിശ്ചയമാണ്. ഇതൊക്കെ ഏതെങ്കിലും തോന്നലുകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതല്ല. സാധ്യതകളും പരിമിതികളും ശാസ്ത്രീയമായി പഠിച്ച് ചെയ്യേണ്ടതാണ്. അതിനുവേണ്ടിയാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും അതിനായി പഠനങ്ങള്‍ നടത്തുന്നതും.

പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ച പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫൊമാറ്റിക്സ് സെന്‍റര്‍ സര്‍വീസസ് ഇന്‍ കോര്‍പ്പറേറ്റഡ് (നിക്സി) എംപാനല്‍ ചെയ്തിട്ടുള്ളതാണ്.

കേരള സര്‍ക്കാര്‍ 2019 ആഗസ്ത് 13ലെ ഉത്തരവു പ്രകാരം നിക്സിയുടെ അംഗീകൃത ലിസ്റ്റിലുള്ള മൂന്ന് കമ്പനികളെ ബസ് പോര്‍ട്ടുകള്‍, ലോജിസ്റ്റിക് പോര്‍ട്ടുകള്‍, ഇ-മൊബിലിറ്റിക്കുള്ള കര്‍മ്മപദ്ധതി തയ്യാറാക്കല്‍ എന്നിവയുടെ കണ്‍സള്‍ട്ടന്‍റുകളായി തീരുമാനിച്ചിട്ടുണ്ട്. അവ ഏതാണെന്നു പറയാം.

1. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (ദക്ഷിണ മേഖല – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം).

2. കെപിഎംജി അഡ്വൈസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (മധ്യമേഖല – കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം).

3. ഏണസ്റ്റ് ആന്‍റ് യങ് ഗ്ലോബല്‍ (ഉത്തരമേഖല – കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്) എന്നിവയാണ്.

പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയം തുടങ്ങി കേന്ദ്ര മന്ത്രാലയങ്ങളുടെയും ഐസിഎംആര്‍ ഉള്‍പ്പെടെയുള്ള മര്‍മ്മപ്രധാന സ്ഥാപനങ്ങളുടെയും കണ്‍സള്‍ട്ടന്‍സി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയാണ് പിഡബ്ല്യുസി എന്നു കൂടി ഈ ഘട്ടത്തില്‍ സൂചിപ്പിക്കട്ടെ.

2020 ഫെബ്രുവരി 20ന്‍റെ ഗതാഗത വകുപ്പ് ഉത്തരവ് പ്രകാരം ഈ മൂന്ന് കമ്പനികളെയും ബസ് പോര്‍ട്ടുകളുടെ കണ്‍സള്‍ട്ടാന്‍റായും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ വൈദ്യുത വാഹന ഉല്‍പാദന ഇക്കോ സിസ്റ്റത്തിന്‍റെ ലോജിസ്റ്റിക് പോര്‍ട്ടുകളുടെയും കണ്‍സള്‍ട്ടന്‍റായും തീരുമാനിച്ചു. ഓരോ ബസ് പോര്‍ട്ടുകള്‍ക്കും 2.15 കോടി രൂപയും (നികുതി പുറമെ) ലോജിസ്റ്റിക് പോര്‍ട്ടുകള്‍ക്ക് 2.09 കോടി രൂപയും (നികുതി പുറമെ) ഇ-മൊബിലിറ്റിക്കായി 82 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ഇതിലൊന്നും ഒരു അസ്വാഭാവികതയുമില്ല. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, പ്ലാനിങ്, ധനകാര്യ വകുപ്പുകള്‍ എന്നിവിടങ്ങളിലെ പരിശോധനയ്ക്കു ശേഷമാണ് ഫയലില്‍ അന്തിമ തീരുമാനമുണ്ടായത്.

സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ കൊടുത്തത് എന്ന ആക്ഷേപവും തീര്‍ത്തും അടിസ്ഥാനരഹിതമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ഏജന്‍സിയായ നിക്സി എംപാനല്‍ ചെയ്ത പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടിങ് കമ്പനിയാണ്. അതിന് സെബിയുടെ വിലക്കില്ല. വിലക്കുണ്ട് എന്നു പറയുന്നത് പ്രൈസ് വാട്ടര്‍ഹൗസ് ആന്‍റ് കമ്പനി, ബംഗളൂരു എല്‍എല്‍പി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്.

ആ സ്ഥാപനമാണ് ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാരിന്‍റെ കാലത്ത് അഗസ്റ്റ് വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത്. കരാറിലെ പ്രശ്നങ്ങളും ഇടനിലക്കാരുടെ പങ്കാളിത്തവും അവര്‍ തെളിവുസഹിതം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഈ ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പിന്നീട് അന്വേഷണങ്ങള്‍ വേണ്ടിവന്നത്. കേസ് ഇപ്പോഴും നടക്കുകയാണ്. അത് ഓഡിറ്റ് കമ്പനി; ഇത് കണ്‍സള്‍ട്ടന്‍റ് സ്ഥാപനം. രണ്ടും രണ്ട് ലീഗല്‍ എന്‍റ്റിറ്റിയാണ്. ഓഡിറ്റും കണ്‍സള്‍ട്ടന്‍സിയും രണ്ട് വ്യത്യസ്ത പ്രവര്‍ത്തനമാണ് എന്ന ലളിതമായ കാര്യം മറച്ചുവെക്കപ്പെടുന്നു.

കേന്ദ്രം എംപാനല്‍ ചെയ്ത ഒരു ഏജന്‍സിയെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതില്‍ എന്ത് ക്രമക്കേടാണുള്ളതെന്ന് പറയാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്‍റെ ഭാവി ആവശ്യമാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് നയം. ഇതിന്‍റെ ഭാഗമായാണ് കേരളത്തിന് ഉതകുന്ന വിധത്തില്‍ ഇലക്ട്രിക് വെഹിക്കിള്‍ നയവും ഇലക്ട്രിക് വെഹിക്കള്‍ മാനുഫാച്വറിങ് ഇക്കോസിസ്റ്റവും.

അവ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആലോചിക്കാനായി 2019 ആഗസ്റ്റ് 17ന് വ്യവസായവകുപ്പ്, ധനകാര്യവകുപ്പ്, ഗതാഗത വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുടെ ഉന്നതതല യോഗം ചേര്‍ന്നു. ഫയലില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചത് ചട്ടപ്രകാരമുള്ള എല്ലാ പരിശോധനയും കഴിഞ്ഞാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ധനകാര്യ-ആസൂത്രണ വകുപ്പുകള്‍ കണ്ടശേഷമാണ് ഇതു സംബന്ധിച്ച ഉത്തരവുകള്‍ ഇറങ്ങിയത്. 2019 ജൂലൈ 11ലെ ഉത്തരവിനുശേഷം 2020 ഫെബ്രുവരി 20ന് വിശദമായ ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് എല്ലാ പരിശോധനകള്‍ക്കും ശേഷമാണ്.

പരിസ്ഥിതി സംരക്ഷണവും പശ്ചാത്തല സൗകര്യ വികസനവും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന സര്‍ക്കാര്‍ സമീപനം സുതാര്യമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍നിന്ന് പിന്തിരിയാന്‍ പോകുന്നില്ല. വെല്ലുവിളികള്‍ക്കിടയില്‍ കേരളത്തിന്‍റെ സമ്പദ്ഘടനയെ മുന്നോട്ടുനയിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് കൈക്കൊള്ളും.

ചില അനുഭവങ്ങള്‍ നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

കിഫ്ബി എന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നവും ഉഡായിപ്പുമാണ് എന്നെല്ലാം പ്രതിപക്ഷ നേതാവ് പല വേദികളിലും പറഞ്ഞു. എന്നാലിപ്പോള്‍ കിഫ്ബി അതിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല. പ്രഖ്യാപിത ലക്ഷ്യവും പിന്നിട്ട് 56,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിക്കഴിഞ്ഞത്. ഇതില്‍ 18,500 കോടിയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. അതില്‍ തന്നെ 16,000 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചു. അംഗീകരിച്ച പദ്ധതികളില്‍ 5400 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി കഴിഞ്ഞു.

എല്ലാ നിയോജക മണ്ഡലങ്ങളിലും 5 കോടി രൂപ വീതം ചെലവഴിച്ച് ഓരോ സ്കൂളുകള്‍ രാജ്യാന്തര നിലവാരമുള്ള മികവിന്‍റെ കേന്ദ്രങ്ങളാക്കി  മാറ്റുന്ന പ്രക്രിയ ഈ ഡിസംബറില്‍ പൂര്‍ത്തീകരിക്കും. ഈ മഹാമാരിയുടെ കാലത്ത് നമ്മുടെ വിദ്യാലയങ്ങളെ സജ്ജമാക്കാന്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലത്തിലെ 45000 ക്ലാസ്സ് റൂമുകളാണ് ഹൈടെക് ആക്കി മാറ്റിയത്. 11,000 എല്‍പി, യുപി സ്കൂളുകളും ആധുനികവല്‍ക്കരിച്ചു.

ഇരുപത്തഞ്ചോളം ആശുപത്രികളില്‍ 2200 കോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നു. ഇതില്‍ പുനലൂര്‍ താലൂക്ക് ആശുപത്രി, കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവയുടെ വികസനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. നാളിതുവരെയുണ്ടാകാത്ത വിധം വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പിന് 14000 കോടി രൂപ വകയിരുത്തി. ഇതില്‍ 977 കോടി രുപ ചിലവില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിന്‍റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. ഭൂമിയുടെ വിലയായ 434 കോടി രൂപ ആദ്യ നിക്ഷേപ സംരംഭകരായ ബിപിസിഎല്‍ മുതല്‍മുടക്കിക്കഴിഞ്ഞു.

കൂടുതല്‍ പറയുന്നില്ല. മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണോ ഉഡായിപ്പാണോ ഇതെല്ലാമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. പ്രതിപക്ഷ നേതാവ് തിരുത്തിപ്പറയണമെന്നൊന്നും ഇവിടെ പറയുന്നില്ല. അദ്ദേഹത്തിന്‍റെ മണ്ഡലത്തിലെ ജനങ്ങളും കിഫ്ബിയുടെ ഗുണം അനുഭവിക്കുന്നുണ്ടല്ലൊ.

ഇനി വേറെ ചിലതു നോക്കാം.

ജൂണ്‍ 25ന് പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങള്‍ ഇതായിരുന്നു: റീബില്‍ഡ് കേരളക്ക് കെപിഎംജിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതിന് പിന്നില്‍ അഴിമതി ‘സര്‍ക്കാര്‍ കമ്മീഷന്‍ തട്ടാന്‍ വേണ്ടി കരാര്‍ നല്‍കുന്നു’. അതേ പ്രതിപക്ഷ നേതാവ് മൂന്നുദിവസം കഴിഞ്ഞ് ജൂണ്‍ 28ന് പറഞ്ഞത് ഇങ്ങനെയാണ്:

‘കഴിഞ്ഞ ദിവസം ഞാന്‍ (പ്രതിപക്ഷ നേതാവ്) കെപിഎംജിക്ക് കണ്‍സല്‍ട്ടന്‍സി കൊടുത്ത കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി…. അന്ന് ഇത് തെറ്റാണെന്നും ശരിയായ നടപടി അല്ല എന്നും ഞാന്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ വളരെ വിശദമായി പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് കെപിഎംജിക്ക് കണ്‍സല്‍ട്ടന്‍സി കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു ടെണ്ടര്‍ ചെയ്തെന്ന്. ഞാന്‍ അന്വേഷിച്ചപ്പോള്‍ ശരിയാണ്. 28 പേര്‍ അപേക്ഷ കൊടുത്തു, അതില്‍ നിന്നും 5 പേരെ തെരഞ്ഞെടുത്തു. അവര്‍ ടെണ്ടര്‍ വിളിച്ചു. അങ്ങനെയാണ് കെപിഎംജി എന്ന കമ്പിനിക്ക് കണ്‍സല്‍ട്ടന്‍സി ഉറപ്പിച്ചത്’.

എന്താണ് ഇതിനര്‍ത്ഥം. ഒരു അന്വേഷണവും നടത്താതെ ഒരു ഉറപ്പുമില്ലാതെയാണ് ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷ നേതാവ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നല്ലേ? ഇനി മറ്റൊരു ഉദാഹരണമെടുക്കാം.

ഏപ്രില്‍ 15ന് അദ്ദേഹം പറഞ്ഞത് ‘ഇപ്പോള്‍ നമുക്ക് അറിയാന്‍ കഴിഞ്ഞത് റേഷന്‍ കാര്‍ഡ് ഉടമകളായ 87 ലക്ഷം പേരുടെ ഡാറ്റ ഇവര്‍ക്ക് ആള്‍റെഡി പോയിട്ടുണ്ട് എന്നുള്ളതാണ്. ചുരുക്കത്തില്‍ ആരോഗ്യ ഡാറ്റയും വ്യക്തിഗത വിവരങ്ങളും സ്പ്രിങ്ക്ളര്‍ എന്ന കമ്പനിക്ക് കച്ചവടം ചെയ്തു കൊടുത്തിരിക്കുകയാണ്’.

മെയ് 25ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഇതേ കാര്യത്തില്‍ പറഞ്ഞതു നോക്കുക.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം: 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരം ചോര്‍ത്തി നല്‍കി എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?

ഉത്തരം: അത് ഉപയോഗിക്കുന്നില്ല എന്ന് ഗവണ്‍മെന്‍റ് പറഞ്ഞപ്പോള്‍ ഒകെ, ഞാന്‍ അത് അംഗീകരിക്കുന്നു.

ഇങ്ങനെയല്ലേ എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നത്. ഒരു ഉറപ്പുവേണ്ടേ? ഇത് ഒരു സംസ്ഥാനത്തിന്‍റെയും മൂന്നരക്കോടി ജനങ്ങളുടെയും കാര്യമല്ലേ? അതില്‍ മിനിമം ഉത്തരവാദിത്വമെങ്കിലും കാണിക്കണമെന്നേ എനിക്ക് പ്രതിപക്ഷ നേതാവിനോടും അദ്ദേഹത്തെ ഉപദേശിക്കുന്നവരോടും അഭ്യര്‍ത്ഥിക്കാനുള്ളു.

കിളിക്കൊഞ്ചൽ വിനോദ വിഞ്ജാന പരിപാടി

3 മുതല്‍ 6 വയസ് വരെയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് കിളിക്കൊഞ്ചല്‍ എന്ന പേരില്‍ വിനോദ വിഞ്ജാന പരിപാടി ആരംഭിക്കുകയാണ്.  സിഡിറ്റിന്‍റെ സാങ്കേതിക സഹായത്തോടെ ജൂലൈ 1 മുതല്‍ വിക്ടേഴ്സ് ചാനലില്‍ പരിപാടി സംപ്രേക്ഷണം തുടങ്ങും. രാവിലെ 8 മണിക്ക് ആരംഭിച്ച് അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന തരത്തിലാണ് പരിപാടി ഒരുക്കുന്നത്. കൂട്ടികള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവരുടെ ശാരിരക മാനസിക വികാസം ഉറപ്പാക്കേണ്ടതുണ്ട്.
കൂട്ടുകാരുമായി കളിച്ചുലസിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്, അതുകൊണ്ട് കുട്ടികളിലെ പിരിമുറുക്കം ഒഴിവാക്കി  ഭാഷ വികാസം, ക്രിയാത്മക ആസ്വാദന ശേഷി, വൈഞ്ജ്യാനിക വികാസം, ശാരീരിക ചലന വികാസം വ്യക്തിപരവും സാമൂഹികവുമായ വികാസം എന്നിവ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. വ്യക്തിത്വ രൂപീകരണം ലക്ഷ്യം വച്ചുള്ള പരിപാടി കുഞ്ഞുങ്ങള്‍ക്കൊപ്പമിരുന്ന് കാണുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും മാതാപിതാക്കള്‍ സവിശേഷ ശ്രദ്ധ നല്‍കേണ്ടതാണ്.

സഹായം

മറൈന്‍ ഫോറം തിരുവനന്തപുരം, കേരള പോലീസിന് 400 റെയ്ന്‍ കോട്ട്, 650 പിപിഇ കിറ്റ് എന്നിവ കൈമാറി.

വിഎച്ച്എസ്ഇ നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥി വളണ്ടിയര്‍മാര്‍ മുന്നൂറോളം പഞ്ചായത്തുകളിലേക്ക് ഒന്നര ലക്ഷം ബ്രെയ്ക്ക് ദി ചെയ്ന്‍ ഡയറി നിര്‍മിച്ച് നല്‍കുമെന്ന് അറിയിച്ചു.

ദുരിതാശ്വാസം

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി ആദ്യ ഗഡു 11,68,000 രൂപ
ഐഎസ്ആര്‍ഒ പെന്‍ഷനേഴ്സ് അസോസിയേഷന്‍ രണ്ടാം ഗഡു 7 ലക്ഷം രൂപ, ആകെ കൈമാറിയത് 12 ലക്ഷം രൂപ

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തൊഴിലാളികളും ജീവനക്കാരും 5,25,000 രൂപ

പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ

നെല്ലിമൂട് വനിതാ സഹകരണസംഘം 2,64,480 രൂപ

തുമ്പ ഏറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ 2 ലക്ഷം രൂപ

ഡിവൈഎഫ്ഐ കിഴക്കെ ചമ്പാട് യൂണിറ്റ്, ടീം കുന്നോത്ത് പീടിക വാട്സ്ആപ്പ് കൂട്ടായ്മ എന്നിവര്‍ ചേര്‍ന്ന് ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 1,00,001 രൂപ

വയനാട് ഇക്കോ ടൂറിസം അസോസിയേഷന്‍ 1 ലക്ഷം രൂപ

പാങ്ങപ്പാറ ശ്രീനാരായണ ഗുരുമന്ദിരസമിതി റസിഡന്‍സ് വെല്‍ഫയര്‍ സഹകരണസംഘം 1 ലക്ഷം രൂപ

കോടിയേരി ശ്രീമുദ്ര കലാകായിക സാംസ്കാരിക സമിതി 60,425 രൂപ

ഈസ്റ്റ് മൊകേരിയിലെ ഇ എം എസ് സ്മാരക വായനശാല 51,134 രൂപ

എസ്എഫ്ഐ ഉഴമലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി ന്യൂസ് പേപ്പര്‍ കളക്ഷനിലൂടെയും ബിരിയാണി ചലഞ്ചിലൂടെയും സമാഹരിച്ച 20,000 രൂപ

മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്ടീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി 27,000 രൂപ

ഈഴവന്‍കരി കിഴക്ക് പാടശേഖരം, ആലപ്പുഴ 11,112 രൂപ

കെഎസ്ആര്‍ടിസി പാപ്പനംകോട് ഡിപ്പോയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ 10,001 രൂപ

കല്ലുവിള അങ്കണവാടി വാര്‍ഷിക നടത്തിപ്പിനായി മാറ്റിവച്ച 10,000 രൂപ.