വാര്‍ത്താകുറിപ്പ്: 03-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

211 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 201 പേര്‍ രോഗമുക്തി നേടി.

ഇന്ന് രോഗം ബാധിച്ചവരില്‍ 138 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 39 പേര്‍. സമ്പര്‍ക്കം 27. സിഐഎസ്എഫ് 6. എയര്‍ക്രൂ 1.

രോഗം ബാധിച്ചവരുടെ 200 കടന്നിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിരിക്കുന്നു. ഇന്ന് സ്ഥിരീകരിച്ചവരില്‍ സെക്രട്ടറിയറ്റിനു പുറത്ത് ഉള്‍പ്പെടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്.

ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7, പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1.

ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12.

കഴിഞ്ഞ 24 മണിക്കൂറിനകം 7306 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 4964 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2098 പേരാണ്. 1,77,011 പേരാണ് നിരീക്ഷണത്തിലുള്ളത്. 2894 പേര്‍ ആശുപത്രികളിലാണ്. ഇന്നു 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,91,773 സാമ്പിളുകള്‍ ശേഖരിച്ച് പരിശോനക്ക് അയച്ചു. 4834 സാമ്പിളുകളുടെ റിസള്‍ട്ട് വരാനുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 53,922 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 51,840 നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 2,53,011 പേര്‍ക്കാണ് റുട്ടീന്‍, സെന്‍റിനല്‍, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ നടത്തിയത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 130.

രോഗവ്യാപനത്തിന്‍റെ തോത് വലുതാവുകയാണ്. ഒരു ദിവസം 200 കടന്നത് ആദ്യമാണ്. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. നേരത്തേയുള്ളതില്‍നിന്ന് വ്യത്യസ്തമായി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാന്നി താലൂക്കിലും ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ വേണ്ടതുണ്ട് എന്നാണ് ഈ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. എല്ലാവരും ഒത്തൊരുമിച്ച് പോരാടുകയാണ്. അതിന്‍റെ ഫലമായാണ്, ലോകത്തിനു തന്നെ മാതൃകയാകും വിധം ഇതുവരെ നമുക്ക് ഈ മഹാമാരിയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്.

എന്നാല്‍, ഈ യശസ്സിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നതു കണ്ടു. അന്യദേശങ്ങളില്‍ നിന്നും അനവധി കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ നമ്മുടെ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണത്. ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ വീട് ആക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് മാതൃകയില്‍ അവരെ അകറ്റിനിര്‍ത്തുക തുടങ്ങിയ വാര്‍ത്തകളാണ് വന്നത്.

ഇന്ന് കണ്ടത് കോട്ടയത്തുനിന്നുള്ള വിഷമകരമായ ഒരു അനുഭവമാണ്. ബംഗളൂരുവില്‍നിന്ന് എത്തി 14 ദിവസം ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ യുവതിയും ഏഴും നാലും വയസ്സുള്ള മക്കളും വീട്ടില്‍ കയറാനാകാതെ തെരുവില്‍ എട്ടുമണിക്കൂറോളം കഴിയേണ്ടിവന്നു. ഒടുവില്‍ അവര്‍ കലക്ടറേറ്റില്‍ അഭയം തേടി. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല എന്നാണ് വാര്‍ത്ത. ഇത്തരം അനുഭവങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുന്നത് എന്ന് ഓര്‍ക്കണം.

എവിടെയാണ് മനുഷ്യത്വം. സാധാരണ നിലയ്ക്ക് ക്വാറന്‍റൈനില്‍ കഴിഞ്ഞ് മറ്റ് അപകടങ്ങള്‍ ഇല്ല എന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിര്‍ത്തുകയാണ്. രോഗബാധിതരായവരെപ്പോലും അകറ്റിനിര്‍ത്തുകയല്ല വേണ്ടത്. അവരെ ശാരീരിക അകലം പാലിച്ചുകൊണ്ട് നല്ല രീതിയില്‍ സംരക്ഷിക്കുന്ന നിലയാണ് വേണ്ടത്. ഒറ്റപ്പെട്ട ഇത്തരം മനോഭാവങ്ങള്‍ നമ്മുടെ സമൂഹത്തിന്‍റെ പൊതുവായ നിലയ്ക്ക് അപകീര്‍ത്തികരമാണ് എന്നത് അത്തരം ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. അത്തരം ആളുകളെയും കുടുംബങ്ങളെയും ബോധ്യപ്പെടുത്താന്‍ സമൂഹം സ്നേഹബുദ്ധ്യാ ശ്രമിക്കേണ്ടതുണ്ട്.

വിദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയുമാണ് ഈ നാടിന്‍റെ ഉത്തരവാദിത്വം. അതിനു പകരം അവരെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്ന നടപടികള്‍ മനുഷ്യര്‍ക്കു ചേര്‍ന്നതല്ല. വരുന്നവരില്‍ ചിലര്‍ക്ക് രോഗബാധയുണ്ടാകാം. അത് പകരാതിരിക്കാനാണ് ക്വാറന്‍റൈന്‍. ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് ക്വാറന്‍റൈന്‍ നടപ്പിലാക്കിയാല്‍ രോഗം പകരാതെ തടയാന്‍ സാധിക്കും.

ക്വാറന്‍റൈന്‍ എന്നത് ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് വിഷമം ഉള്ള കാര്യമാണം തന്നെയാണ്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് ദിവസങ്ങളോളം മുറിയില്‍ അടച്ചിരിക്കേണ്ടിവരികയാണ്. രോഗം ഇല്ലെങ്കില്‍ കൂടി നമ്മുടെ സഹോദരങ്ങള്‍ അതിനു തയ്യാറാകുന്നത് അവരുടെ മാത്രമല്ല, പൊതുസമൂഹത്തിന്‍റെയാകെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. തൊഴിലുള്‍പ്പെടെ നഷ്ടപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്ന അവസ്ഥയിലാണ് പ്രവാസികളില്‍ വലിയൊരു ശതമാനവും വരുന്നത്. അവര്‍ക്കാവശ്യമായ സൗകര്യങ്ങളും മാനസിക പിന്തുണയും നല്‍കാന്‍ നാമാകെ ബാധ്യസ്ഥരാണ്. ശാരീരിക അകലം പാലിക്കുക, രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ ഒഴിവാക്കുക എന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

കോവിഡ് രോഗവ്യാപനത്തിന്‍റെ സ്വഭാവം മനസ്സിലാക്കിയാണ് ഗാര്‍ഹിക സമ്പര്‍ക്ക വിലക്ക് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചത്. പുറമേ നിന്ന് വരുന്നവര്‍ പ്രത്യേക മുറിയില്‍ താമസിച്ച് റൂം ക്വാറന്‍റൈനിലാണ് ഏര്‍പ്പെടേണ്ടത്. വീട്ടിലുള്ളവര്‍ മാസ്ക് ധരിക്കുകയും പുറമേ നിന്ന് വരുന്നവരുമായി ശാരീരിക അകലം പാലിക്കുകയും വേണം. ക്വാറന്‍റൈനില്‍ ഏര്‍പ്പെടുന്നവരെ സഹായിക്കാനായി വാര്‍ഡ്തല കമ്മറ്റികളും ദിശ ആരോഗ്യ ഹെല്‍പ്പ്ലൈനും ഇ-സഞ്ജീവിനി ടെലിമെഡിസിന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് രോഗം ഭേദമായാല്‍ മറ്റൊരാളിലേക്ക് പകരില്ല. രോഗം മാറി വീട്ടിലെത്തുന്നവരെ ഭീതിയോടെ അകറ്റിനിര്‍ത്തുന്ന ചില സംഭവങ്ങള്‍ ഉണ്ടായി. അതും തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ്. അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാനുള്ള പരിചരണമാണ് വേണ്ടത്.

ഈ മഹാമാരിയെ തടുത്തുനിര്‍ത്താന്‍ നമ്മുടെ കയ്യിലുള്ള ഏറ്റവും മഹത്തായ ആയുധം മനുഷ്യത്വമാണ്. അപരനെക്കുറിച്ചുള്ള കരുതലും ദയയും ത്യാഗമനസ്ഥിതിയും ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ നമുക്ക് ഇതിനെ, ഈ ഘട്ടത്തെ വിജയകരമായി കടന്നു മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. അതു മനസ്സിലാക്കാത്തവര്‍ ഓര്‍ക്കേണ്ടത് നാളെ ഈ രോഗം ആര്‍ക്കും വരാം എന്നാണ്. ശത്രുക്കള്‍ രോഗികളല്ല; രോഗമാണ്. അത് ഒരു കാരണവശാലും മറന്നുകൂടാ.

ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ വിലക്ക് ലംഘിച്ച് പുറത്തുപോകാന്‍ പാടില്ല എന്നതുപോലെ തന്നെ അവരെ ശല്യപ്പെടുത്തുന്ന വിധം പെരുമാറുന്നതും കുറ്റകരമാണ്. അങ്ങനെയുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കും. അതില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. ഇത് ജനങ്ങളുടെയാകെ ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതുമുണ്ട്.

തലസ്ഥാന ജില്ല എന്ന നിലയില്‍ വിവിധ തുറകളില്‍പ്പെട്ട നിരവധി ആളുകള്‍ തിരുവനന്തപുരത്ത് വന്നുപോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പാളയത്തെ സാഫല്യം കോംപ്ലക്സിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വഞ്ചിയൂരില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളുമാണ്. അടുത്തയാള്‍ മത്സ്യ കച്ചവടക്കാരനാണ്. ഇവരെല്ലാം നിരവധി ആളുകളുമായി ദിവസേന സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരാണ്. തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. അത്യാവശ്യമല്ലാത്ത ഒരു യാത്രയും പാടില്ല.

സെക്രട്ടറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും. ഔദ്യോഗിക യോഗങ്ങള്‍ പരിമിതപ്പെടുത്തും. ഇ-ഫയല്‍ ഉപയോഗം വര്‍ധിപ്പിക്കും. സെക്രട്ടറിയറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളിലെ സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ സമൂഹവ്യാപന സാധ്യത പരിശോധിക്കാനായി സെന്‍റിനല്‍ സര്‍വയ്ലന്‍സ് പ്രകാരം ആ പ്രദേശത്തെ 989 സാമ്പിളുകള്‍ പരിശോധിച്ചു. എടപ്പാളിലെ രണ്ടു പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ അഞ്ചു പഞ്ചായത്തുകളിലെ 308 പേരുടെയും സാമ്പിളുകളാണ് എടുത്തത്. 505 പേരുടെ റിസള്‍ട്ടാണ് ഇതുവരെ വന്നത്. അതില്‍ 3 പേരുടെ ഫലം പോസിറ്റീവാണ്.

നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പ്രദേശമാണ് ഇവിടെ. ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ നിലവിലെ സ്ഥിതിയില്‍ നിന്നും മാറ്റമുണ്ടാകുകയുള്ളൂ.

മാര്‍ച്ച് മാസം തൊട്ട് നമ്മുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിശ്രമമില്ലാത്തതാണ്. ആരോഗ്യം, പൊലീസ്, തദ്ദേശസ്വയംഭരണം, തൊഴില്‍, ഫയര്‍ ആന്‍റ് റെസ്ക്യു തുടങ്ങിയ വകുപ്പുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് മുന്നിലുണ്ട്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധസേനയും ആശാവര്‍ക്കര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും എന്നുവേണ്ട സമൂഹത്തിന്‍റെ എല്ലാ തലത്തിലുമുള്ള ആളുകള്‍ ഈ യജ്ഞത്തില്‍ പങ്കാളികളാകുന്നു. അവര്‍ക്ക് തുടര്‍ച്ചയായ ഈ പ്രവര്‍ത്തനത്തിനിടെ ക്ഷീണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതൊഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടുന്നുണ്ട്. അതോടൊപ്പം തന്നെ സമൂഹമെന്ന നിലയ്ക്ക് ജനങ്ങളാകെ അവരെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. വിവിധസ്ഥലങ്ങളില്‍ ഏകോപനത്തിനായി ഐജി, ഡിഐജി, എസ്പി റാങ്കിലെ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊന്നാനിയില്‍ ഉത്തരമേഖലാ ഐ.ജിയും തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷണറും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറും പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ടാക്സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എയര്‍പോട്ടില്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. മടങ്ങിയെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ നിന്നും റെയില്‍വേസ്റ്റേഷനില്‍ നിന്നും മറ്റെങ്ങും പോകാതെ നേരെ വീട്ടില്‍ തന്നെ പോകുന്നുവെന്നും ഉറപ്പാക്കും.

റിവേഴ്സ് ക്വാറന്‍റൈന്‍ കൂടുതല്‍ ശക്തമാക്കണമെന്ന് കണ്ടിട്ടുണ്ട്. കൂടുതല്‍ റിസ്കുള്ളതും ശ്വാസകോശ സംബന്ധമായ പ്രയാസം കാണിക്കുന്നവരുമായ എല്ലാവരെയും ടെസ്റ്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

പൊലീസ് വളണ്ടിയര്‍മാര്‍

757 വനിതകള്‍ ഉള്‍പ്പെടെ 7592 പേര്‍ പൊലീസ് വളണ്ടിയര്‍മാരായി സേവനമനുഷ്ഠിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1030 പേര്‍. വിവിധ ജില്ലകളിലായി ശരാശരി 166 വനിതകള്‍ ഉള്‍പ്പെടെ 2364 വളണ്ടിയര്‍മാരാണ് പൊലീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

മാസ്ക് ധരിക്കാത്ത 4716 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

സൗദി അറേബ്യയില്‍നിന്ന് കൂടുതല്‍ വന്ദേഭാരത് മിഷന്‍ വിമാനസര്‍വീസ് വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിദേശങ്ങളില്‍നിന്ന് നാട്ടിലെത്തുന്ന കുട്ടികളുടെ തുടര്‍പഠനം ടിസി ലഭിക്കാത്തതുമൂലം തടസ്സപ്പെടാനുള്ള സാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.

കഴിഞ്ഞദിവസം കെഎംസിസി പ്രതിനിധികള്‍ വന്ന് കണ്ടിരുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അവര്‍ ഉന്നയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്‍റെ ഭക്ഷ്യക്കിറ്റ്

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ഭക്ഷ്യ ഭദ്രതാ അലവന്‍സായി അരിയും ഒന്‍പത് ഇന പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സപ്ലൈക്കോ മുഖാന്തിരം സ്കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മറ്റി, പിടിഎ, എസ്എംസി, മദര്‍ പിടിഎ എന്നിവയുടെ സഹകരണത്തോടെ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്യുന്നതാണ്. പ്രഥമാദ്ധ്യാപകര്‍ക്കാണ് സ്കൂളുകളിലെ കിറ്റ് വിതരണത്തിന്‍റെ മേല്‍നോട്ട ചുമതല.

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഭക്ഷ്യക്കിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 81.37 കോടി രൂപയാണ്.

സഹകരണ ദിനം

നാളെ അന്താരാഷ്ട്ര സഹകരണ ദിനമാണ്. സംസ്ഥാനത്തിന്‍റെ വികസനത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പലപ്പോഴും പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് ശക്തിയായി മാറുന്നത് സഹകരണ മേഖലയാണ്. സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ കേരള ബാങ്ക് പിറവി എടുത്തത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിലടക്കം സാഹചര്യത്തിന് അനുസരിച്ച ഉയര്‍ന്ന പ്രവര്‍ത്തനം സഹകരണ മേഖല കാഴ്ചവെച്ചു. രണ്ടായിരം വീടുകളാണ് സഹകരണ മേഖലയുടെ കൂട്ടായ്മയില്‍ പുനര്‍ നിര്‍മിച്ചത്.

ഈ കോവിഡ് കാലത്തും സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണ മേഖല വലിയ പിന്തുണയാണ് നല്‍കുന്നത്. പുനരുജ്ജീവന പദ്ധതികളില്‍ സഹകരണ മേഖല ക്രിയാത്മകമായ പങ്കുവഹിക്കും. ‘സുഭിക്ഷ’ പദ്ധതിയുടെ നടത്തിപ്പിലും സഹകരണ മേഖലയുടെ പങ്കാളിത്തം വലുതാണ്.

നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു. അതിനെ എല്ലാം മറികടന്നാണ് നമ്മുടെ സഹകരണ മേഖല ശക്തിപ്പെട്ടുവന്നത്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.

സഹായം

കോവിഡ് 19 മുന്നണി പോരാളികളുടെയും ജീവനോപാധികള്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്നും മടങ്ങിയെത്തിയവരുടെയും മക്കള്‍ക്ക് ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ അവരുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുകോടി രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. ട്യൂഷന്‍ ഫീസില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവു നല്‍കിയാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. ഫൗണ്ടേഷനെ അഭിനന്ദിക്കുന്നു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ ചിന്തിക്കാവുന്നതാണ്.

ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്കീം എഡ്യുഹെല്‍പ്പ് പദ്ധതി മുഖേന ഇതുവരെ 820 ടിവികള്‍, 170 മൊബൈല്‍ ഫോണുകള്‍, 26 ലാപ്പ്ടോപ്പുകള്‍, 56 കേബിള്‍ കണക്ഷനുകള്‍, 42 ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവ കൈമാറി. 1123 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിലുടെ ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിച്ചത്.

ദുരിതാശ്വാസ നിധി

അമേരിക്കന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (എഎല്‍എ) 10 ലക്ഷം രൂപ

കേരള ഈറ്റ കാട്ടുവള്ളിപന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 5 ലക്ഷം രൂപ

ഇന്‍കം ടാക്സ് ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ കേരള ഘടകം 3,50,000 രൂപ

സെക്രട്ടറിയേറ്റ് എല്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് കേരള 2,38,000 രൂപ

കൊടുങ്ങലൂര്‍, എറിയാട് പരേതനായ കടമ്പോട്ട് സെയ്തു മുഹമ്മദിന്‍റെയും ഭാര്യ നഫീസയുടെയും സ്മരണാര്‍ത്ഥം കുടുംബം 2,25,000 രൂപ

സിപിഐ എം പാറാല്‍തെരു ബ്രാഞ്ച് ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച 1,02,408 രൂപ

തൃശൂരിലെ പഴയന്നൂര്‍ മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ 1 ലക്ഷം രൂപ

ബ്രണ്ണന്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ 1 ലക്ഷം രൂപ

പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ 50,000 രൂപ

സിപിഐ എം കളിയാംവെള്ളി ബ്രാഞ്ച് ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 50,000 രൂപ

തിരുവനന്തപും നെടുമങ്ങാട് ഐടിഡിപി ഓഫീസിലെ എസ്ടി പ്രമോട്ടര്‍മാര്‍ 50,000 രൂപ

പൂവച്ചല്‍ പഞ്ചായത്തിലെ ഡോക്ടര്‍ എസ് രാജേന്ദ്രന്‍റെ മരണാനന്തര ചടങ്ങുകളോടനുബന്ധിച്ച് കുടുംബം 30,000 രൂപ കൈമാറി.

സിപിഐ എം കരക്കണ്ടം ബ്രാഞ്ച് 25,110 രൂപ.

പിക്കോസ് പിണറായിയില്‍ 28 വര്‍ഷത്തെ സേവനത്തിനു ശേഷം പിരിഞ്ഞ തൊഴിലാളി പി. പവിത്രന്‍ തനിക്കു തൊഴിലാളികള്‍ നല്‍കിയ സ്വര്‍ണ മോതിരം കൈമാറി.