വാര്‍ത്താകുറിപ്പ്: 28-07-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

1167 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55. വിദേശത്തുനിന്ന് 122 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ 33.

ഇന്ന് നാലു മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (70), ആലപ്പുഴയിലെ സൈനുദ്ദീന്‍ 65, തിരുവനന്തപുരത്തെ സെല്‍വമണി (65) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് നൂറിനു മുകളിലാണ്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 222, കോട്ടയം 118, മലപ്പുറം 112, തൃശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.
കഴിഞ്ഞ 24 മണിക്കൂറിനകം 19,140 സാമ്പിളുകള്‍ പരിശോധിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 10,093. ഇന്ന് 1167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.              

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആണ്. ഇതുവരെ ആകെ 3,62,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 1,50,716 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,16,418 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,13,073 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 486.

തിരുവനന്തപുരത്തിന്‍റെ കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. കോവിഡ് 19 വലിയ രീതിയില്‍ തന്നെ തലസ്ഥാനത്ത് പടര്‍ന്നിട്ടുണ്ട്. ഇന്ന് മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ഒടുവില്‍ ലഭിച്ച ഒരു വിവരം. രാജ്യത്തിന്‍റെ പൊതുസ്ഥിതി എടുത്താല്‍ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാള്‍ പോസിറ്റീവായി മാറുന്നത്. കേരളത്തിലിത് 36ല്‍ ഒന്ന് എന്ന കണക്കിലാണ്. തിരുവനന്തപുരം ജില്ലയില്‍ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസിറ്റീവാണെന്നു കാണുന്നു.

രോഗബാധിതരെയാകെ കണ്ടെത്താനുള്ള സര്‍വൈലന്‍സ് മെക്കാനിസമാണ് നടത്തുന്നത്. ക്ലസ്റ്റര്‍ രൂപപ്പെട്ടത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത് ഈ മാസം അഞ്ചിന് പൂന്തുറയിലാണ്. ബീമാപള്ളി, പുല്ലുവിള മേഖലകളില്‍ 15-ാം തീയതിയോടു കൂടിയാണ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടത്. ലോകാരോഗ്യ സംഘടന വിവക്ഷിച്ചിരിക്കുന്ന മാര്‍ഗരേഖകള്‍ക്കനുസൃതമായാണ് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.

വലിയതുറ, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കുളത്തൂര്‍ (നെയ്യാറ്റിന്‍കര), പനവൂര്‍, കടയ്ക്കാവൂര്‍, കുന്നത്തുകാല്‍, പെരുമാതുറ, പുതുക്കുറിച്ചി തുടങ്ങിയ തീരദേശ മേഖലകളില്‍ തുടര്‍ന്ന് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. പൂന്തുറയിലും പുല്ലുവിളയിലും അനുവര്‍ത്തിച്ച പ്രവര്‍ത്തന പദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ രോഗനിയന്ത്രണ നിര്‍വ്യാപന പ്രവര്‍ത്തികള്‍ ഈ മേഖലകളില്‍ നടപ്പാക്കുകയാണ്.

തീരദേശത്തിനു പുറമേ പാറശ്ശാല, കുന്നത്തുകാല്‍, പട്ടം, പെരുങ്കിടവിള, ബാലരാമപുരം, കാട്ടാക്കട പ്രദേശങ്ങളിലും രോഗബാധ അധികരിച്ച് കാണുന്നുണ്ട്. ഈ പ്രദേശങ്ങള്‍ക്ക് ഓരോന്നിനും അനുയോജ്യമായ രോഗനിര്‍ണ്ണയ നിര്‍വ്യാപന ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നുണ്ട്.

ഇതുവരെ 39,809 റുട്ടീന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് തിരുവനന്തപുരം ജില്ലയില്‍ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ സാമൂഹികവ്യാപനം ഉണ്ടോ എന്നറിയുവാനായി 6983 പൂള്‍ഡ് സെന്‍റിനല്‍ സാമ്പിളുകളും ചെയ്തിട്ടുണ്ട്.  ഇന്നലെ 789 റുട്ടീന്‍ സാമ്പിളുകളും നൂറോളം പൂള്‍ഡ് സെന്‍റിനല്‍ നാമ്പിളുകളുമാണ് ചെയ്തത്.  ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് ഈ മാസം നാലു മുതലാണ് ജില്ലയില്‍ ആരംഭിച്ചത്. ഇതുവരെ 24,823 ടെസ്റ്റുകള്‍ ചെയ്തിട്ടുണ്ട്. 1882 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. പുല്ലുവിള ഉള്‍പ്പെടുന്ന കടലോര മേഖലയില്‍ ഇന്ന് 1150 ആന്‍റിജന്‍ ടെസ്റ്റാണ് നടത്തിയത്.

കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ മേഖലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരായ 67 പേരില്‍ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടുത്തെ രോഗബാധിതരില്‍ ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങളില്ലാത്തതും സാഹചര്യത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിലവില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായ 4, 27 വാര്‍ഡുകള്‍ ഒഴികെയുള്ള എല്ലാ വാര്‍ഡുകളും കാണക്കാരി, മാഞ്ഞൂര്‍, അയര്‍ക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഉള്‍പ്പെടുത്തി പ്രത്യേക ക്ലസ്റ്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ആലുവ, കീഴ്മാട് പ്രദേശത്തു രോഗ വ്യാപനം തുടരുകയാണ്. ചെല്ലാനം ക്ലസ്റ്ററിലെ കേസുകള്‍ കുറഞ്ഞിട്ടുണ്ട്.

പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് തൃശൂരില്‍ സമ്പര്‍ക്ക രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ധിച്ചു. പാലക്കാട് ജില്ലയില്‍ പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലും ഇതുവരെ ആകെ 3703 പേരിലാണ് പരിശോധന നടത്തിയത്. ഇന്നലെ വരെ 271 പേര്‍ക്ക് രോഗം കണ്ടെത്തി. പട്ടാമ്പിയില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം ഇതുവരെ 7000 വീടുകളിലാണ് സര്‍വേ നടത്തിയത്. 122 പേര്‍ക്ക് ലക്ഷണം കണ്ടെത്തുകയും ആന്‍റിജന്‍ പരിശോധന നടത്തുകയും ചെയ്തു. ഇതില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത് കൊണ്ടോട്ടിയിലാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസം 12 അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തിരികെ വരുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കര്‍ശനമായി കുറയ്ക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. ഇരുപതിലധികം പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ല. വാര്‍ഡ് ആര്‍ആര്‍ടികളുടെ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ വിവാഹം, മരണം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുകയുള്ളൂ. ചെക്യാട് പഞ്ചായത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മുപ്പതിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം കര്‍ക്കശമാക്കിയത്.

വയനാട് ജില്ലയില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണുള്ളത്. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ടു പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് 98 പേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതില്‍ 43 പേര്‍ കൂടി പോസിറ്റീവായി. പഞ്ചായത്ത് ഇന്നലെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച വാളാട് സ്വദേശിയുടെ മരണാനന്തര ചടങ്ങിനു ശേഷം അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ രണ്ട് വിവാഹ ചടങ്ങുകള്‍ കൂടി നടക്കുകയും നിരവധി പേര്‍ പങ്കെടുക്കുകയും ചെയ്തതാണ് വ്യാപനം കൂടാന്‍ ഇടയാക്കിയത്. ഈ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരോടും ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.

ലാര്‍ജ് ക്ലസ്റ്ററിലേക്കു നീങ്ങുന്ന ബത്തേരിയിലും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമ്പര്‍ക്ക വ്യാപനത്തിന് കാരണമായ മൊത്ത വ്യാപാര സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ചരക്കു ലോറികള്‍ വരുന്ന സ്ഥാപനമാണിത്.

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, മറ്റ് കൂട്ടായ്മകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കണ്ണൂരില്‍ ആശുപത്രികളില്‍ കോവിഡ് ഇതര ചികിത്സക്കു എത്തുന്നവരില്‍ നിന്ന് കോവിഡ് പകരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതിനാല്‍ കോവിഡ് ഇതര ചികിത്സ നടത്തുന്ന എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസങ്ങളിലായി 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധയുണ്ടായി. അവിടെ ആവശ്യമായ സുരക്ഷ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

ലാബ് ടെക്നിഷ്യന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് രാമന്തളി പിഎച്ച്സി അടച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായി. ഇവര്‍ പിഎച്ച്സിയില്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ ക്രമീകരണവുമായി ബന്ധപ്പെട്ടു നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.

ശ്രീകണ്ഠപുരം നഗരസഭയിലെ ഒരു ജീവനക്കാരന് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നഗരസഭ ഓഫീസ് അടച്ചു. ചെയര്‍മാനും സെക്രട്ടറിയും മുഴുവന്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. ഇത് ഇവിടെ പറയുന്നത് ജനപ്രതിനിധികള്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരശ്രദ്ധയും കാണിക്കരുത് എന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നതിനാണ്.

കാസര്‍കോട് ജില്ലയില്‍ പുതുതായി രൂപംകൊണ്ട ചെമ്മനാട് മാരേജ് ക്ലസ്റ്റര്‍ അടക്കം ജില്ലയില്‍ 10 ക്ലസ്റ്റ്റുകളാണ് ഇപ്പോള്‍ ഉള്ളത്. ഈ ക്ലസ്റ്ററുകളില്‍ ഇതുവരെ നടത്തിയ 2408 പരിശോധനകളില്‍ 350 പേരുടെ പരിശോധനഫലം പോസറ്റീവാണ്. ഈ 10 ക്ലസ്റ്ററുകളില്‍ ചെങ്കള മാരേജ് ക്ലസ്റ്റര്‍, ചെമ്മനാട് മാരേജ് ക്ലസ്റ്റര്‍ എന്നിവയും ഉള്‍പ്പെടുന്നു. ഈ രണ്ട് മാരേജ് ക്ലസ്റ്ററുകളില്‍ മാത്രം 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവാഹച്ചടങ്ങുകളാണ് രോഗവിതരണ കേന്ദ്രങ്ങളാകുന്നത്.

പരിശോധനകള്‍

പരിശോധനകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കുറയുന്നു, പരിശോധനാ ഫലം വരാന്‍ വൈകുന്നു എന്ന് ചില ആക്ഷേപങ്ങള്‍ നിങ്ങള്‍ തന്നെ നേരത്തെ ഉന്നയിച്ചിരുന്നല്ലൊ. ഇത് വിശദമായി പരിശോധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ സേവനമനുഷ്ഠിച്ച് പരിശോധനകള്‍ ഊര്‍ജിതാമാക്കുകയാണ്. മുമ്പ് 2000 പരിശോധകള്‍ നടന്നപ്പോഴും ഇപ്പോള്‍ 20,000 ആയി ഉയര്‍ത്തിയപ്പോഴും പരിശോധന കുറവാണ് എന്നു പറയുന്നതില്‍ അസാംഗത്യമുണ്ട്.

തിരുവനന്തപുരത്തെ ക്ലസ്റ്റര്‍ മേഖലയില്‍ ഇന്നലെ (27-06-2020) മാത്രം നടത്തിയ ടെസ്റ്റുകളുടെ എണ്ണം നേരത്തേ സൂചിപ്പിച്ചിരുന്നല്ലൊ. കേസിന്‍റെ തീവ്രതയനുസരിച്ച് ഓരോ സ്ഥലത്തിന്‍റേയും പരിശോധനകളുടെ എണ്ണം നിശ്ചയിക്കുക. 35 ടീമുകളാണ് തിരുവനന്തപുരത്തെ ക്ലസ്റ്റര്‍ പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്നത്.

ഓരോ ടീമിനും പ്രതിദിനം 50 ആന്‍റിജന്‍ കിറ്റുകളും സെന്‍റിനല്‍ സര്‍വയലന്‍സ് നടത്തുന്ന ടീമിന് 300 ആന്‍റിജന്‍ കിറ്റുകളാണ് നല്‍കിയിരിക്കുന്നത്. ഓരോ ആളേയും സാമ്പിള്‍ പരിശോധിച്ച് രേഖപ്പെടുത്താന്‍ അര മണിക്കൂറോളം എടുക്കും. അതനുസരിച്ച് അവസാനമെടുക്കുന്നയാളുടെ പരിശോധനഫലം വരാന്‍ കുറച്ച് വൈകും.

പരിശോധനാഫലം വൈകുന്നുണ്ടോ?

ആര്‍ടിപിസിആര്‍ പരിശോധകള്‍ക്ക് സ്ഥലങ്ങളിലെ സാമ്പിളുകള്‍ ഒരു ലാബില്‍ വരുമ്പോള്‍ തരംതിരിച്ച് ലേബല്‍ ഒട്ടിച്ച് രജിസ്റ്റര്‍ ചെയ്ത് കമ്പ്യൂട്ടറില്‍ എന്‍റര്‍ ചെയ്താണ് പരിശോധനാ പ്രക്രിയയിലേക്ക് കടക്കുന്നത്. ഒരു ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് കുറഞ്ഞത് 6 മണിക്കൂര്‍ വേണം. പരിശോധന ഐസിഎംആറിന്‍റെ ഗൈഡ്ലൈന്‍ അനുസരിച്ച് മാത്രമേ നടത്താന്‍ കഴിയൂ.

ഏതെങ്കിലും ഫലത്തില്‍ സംശയം തോന്നിയാല്‍ വീണ്ടും ആ സാമ്പിള്‍ പരിശോധിക്കും. അതിന് വീണ്ടും അത്രയും സമയം എടുക്കും. റിപ്പീറ്റ് പരിശോധന ചിലപ്പോള്‍ അന്നുതന്നെ ചെയ്യാന്‍ കഴിയില്ല. വീണ്ടും സംശയം വന്നാല്‍ ആലപ്പുഴ എന്‍ഐവിയിലയച്ച് വ്യക്തത വരുത്തും.

ഫലം ആരോഗ്യ വകുപ്പിന്‍റെ മോണിറ്ററിങ് പോര്‍ട്ടലിലാണ് അപ് ലോഡ് ചെയ്യുന്നത്. പോസിറ്റീവായാല്‍ അതത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ക്കും ഈ ഫലം നേരിട്ട് കാണാം. ഇതനുസരിച്ച് അവര്‍ തുടര്‍നടപടി സ്വീകരിക്കുന്നു. 14 ജില്ലകളിലേയും ഫലം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ എത്തും. അതാണ് സംസ്ഥാനത്തെ ആകെ കണക്കായി വരുന്നത്. നെഗറ്റീവായാല്‍ ജില്ലാ കണ്‍ട്രേള്‍ റൂമിലേക്കും സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്കുമാണ് അയയ്ക്കുക.

ശ്വാസതടസമുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍  എന്നീ വിഭാഗക്കാര്‍ക്ക് മുന്‍ഗണ നല്‍കി എമര്‍ജന്‍സിയായി പരിശോധനാ ഫലം നല്‍കാറുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് മിക്ക ലാബുകളും. ഇന്നലെ മാത്രം 7012 ആര്‍ടിപിസിആര്‍ റുട്ടീന്‍ സാമ്പിളുകളാണ് പരിശോധിച്ചത്. പിപിഇ കിറ്റ് ധരിച്ച് ഏറെ പ്രയാസമനുഭവിച്ചാണ് ജീവനക്കാര്‍ ഇത്രയും പരിശോധന നടത്തുന്നത്. തെറ്റായ പ്രചാരണം അവരുടെ മനോവീര്യം തകര്‍ക്കാനിടയാക്കും. പരിശോധനാ ലാബുകളുടെ എണ്ണവും പരിശോധനകളും പരമാവധി കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മൃതദേഹങ്ങള്‍

ഒരു മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ച് കഴിഞ്ഞദിവസം പറഞ്ഞു. ഇന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവമാണ് പറയാനുള്ളത്. ആലപ്പുഴ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളില്‍ ദഹിപ്പിച്ച് സംസ്കരിക്കാന്‍ കത്തോലിക്കാ സഭ ആലപ്പുഴ രൂപത തീരുമാനിച്ചതാണത്. നിലവിലെ സാഹചര്യത്തില്‍, ദഹിപ്പിക്കല്‍ വഴി സംസ്കരിക്കാനും ചിതാഭസ്മം സെമിത്തേരിയില്‍ അടക്കം ചെയ്യാനും തീരുമാനിച്ചതായാണ് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ ജില്ലാ കലക്ടറെ അറിയിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് ജില്ലാ ഭരണസംവിധാനവും ആരോഗ്യപ്രവര്‍ത്തകരും അതത് ഇടവകകള്‍ക്ക്  എല്ലാ സഹായങ്ങളും നല്‍കും. ആലപ്പുഴ രൂപതയുടെത് മാതൃകാപരമായ പ്രവൃത്തിയാണ്. ഇത്തരത്തിലുള്ള ആദ്യ സംസ്കാരം കാട്ടൂര്‍ സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍ നടക്കുന്നുണ്ട്.

വയനാട് ജില്ലയില്‍ വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ മഹല്ല് കമ്മിറ്റി കാണിച്ച മാതൃകയും ശ്രദ്ധേയമാണ്. ബാംഗ്ലൂരില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാമദ്ധ്യേ ബത്തേരിയില്‍ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം കൊണ്ടുപോകാന്‍ തടസ്സമുള്ളതിനാല്‍ വാരാമ്പറ്റ പള്ളി ഖബര്‍സ്ഥാനത്ത് മറവു ചെയ്യാന്‍ മഹല്ല് കമ്മിറ്റി സമ്മതിക്കുകയായിരുന്നു. കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഒത്തൊരുമയോടെയാണ് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മൃതദേഹം മറവു ചെയ്യാന്‍ മുന്നില്‍ നിന്നത്.

കോവിഡ് മരണങ്ങള്‍

മാധ്യമങ്ങള്‍ കുറേയേറെ ‘കോവിഡ് മരണം’ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് കണക്കില്‍ വരുന്നില്ല എന്നൊരു പ്രചാരണം നടക്കുന്നുണ്ട്. ഇതില്‍ വ്യക്ത വരേണ്ടേത് എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല എന്നതാണ് വസ്തുത.

കോവിഡ് 19 പോസിറ്റീവായ ആള്‍ മരണമടഞ്ഞാലും എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ല. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരമുള്ള ഇന്‍റര്‍നാഷണല്‍ ഗൈഡ്ലൈന്‍സ് ഫോര്‍ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് ക്ലാസിഫിക്കേഷന്‍ (കോഡിങ്) ഓഫ് കോവിഡ്-19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇന്‍റര്‍നാഷണല്‍ ഗൈഡ് ലൈന്‍ അനുസരിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നത്.

ഇതനുസരിച്ച് കോവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ അത്തരം കേസുകള്‍ മാത്രമേ കോവിഡ് മരണത്തിന്‍റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഉദാഹരണത്തിന് കോവിഡ് ബാധിച്ച ഒരാള്‍ മുങ്ങിമരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ആക്സിഡന്‍റിലൂടെ മരണമടയുകയോ ചെയ്താല്‍ അത് കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല.

മാത്രമല്ല ഗുരുതരമായ അസുഖങ്ങളുള്ള ഒരാള്‍ ആ അസുഖം മൂര്‍ച്ഛിച്ച് മരണമടയുന്നുവെങ്കില്‍ പോസിറ്റീവാണെങ്കില്‍ പോലും കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്‍റെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നത്.

പൊലീസ്

സമ്പര്‍ക്കവ്യാപനം ഒഴിവാക്കുന്നതിന് ശരീരിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍, അനാവശ്യമായി പുറത്തിറങ്ങാതിരിക്കല്‍ മുതലായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത്  നടപ്പാക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കും.  

ബക്രീദ് ദിനത്തില്‍ പരമാവധി 100 പേര്‍ക്കാണ് മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളത്. നൂറു പേരെ ഉള്‍ക്കൊള്ളാന്‍ പള്ളികളില്‍ സ്ഥലം ഉണ്ടെങ്കില്‍ മാത്രമേ അതിന് അനുമതി നല്‍കൂ. ചെറിയ പള്ളികളില്‍ സ്ഥലസൗകര്യമനുസരിച്ച് കുറച്ചുപേര്‍ക്കു മാത്രമേ ആരാധന നടത്താന്‍ അനുവാദം നല്‍കുകയുള്ളൂ.

കോവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം പകരുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാത്തരം സാമൂഹിക മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരള പൊലീസിന്‍റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്‍റെയും സൈബര്‍ഡോമിന്‍റെയും നിരീക്ഷണത്തിലായിരിക്കും. വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവയനുസരിച്ച് നടപടി സ്വീകരിക്കും.

മാസ്ക് ധരിക്കാത്ത 5026 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

സംരംഭകത്വ വികസന പദ്ധതി

കോവിഡ് മാഹാമാരി സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുമൂലം ചെറുകിട സംരംഭകരിലും സ്റ്റാര്‍ട്ടപ്പുകളിലും കനത്ത പ്രതിസന്ധി രൂപപ്പെട്ടു.

വ്യാപാര മേഖലയിലെ അടച്ചുപൂട്ടല്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഇതെല്ലാം കാരണം തദ്ദേശീയ ഉല്‍പാദനം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യകത ഉയര്‍ന്നു വന്നിട്ടുണ്ട്. പല മേഖലകളില്‍ ജോലി നഷ്ടമായവര്‍ക്കും, വിവിധ രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരുന്നവര്‍ക്കു വേണ്ടി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുമുണ്ട്.

മൂലധനത്തിന്‍റെ അഭാവവും വായ്പാ ലഭ്യതയുമാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുകിട സംരംഭകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. അതിന് പരിഹാരം എന്നനിലയില്‍  സര്‍ക്കാര്‍ ഒരു പുതിയ പദ്ധതി ആവിഷ്കരിക്കുന്നു.

‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി’ എന്ന പേരിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പ്രതിവര്‍ഷം 2000 സംരംഭകരെ കണ്ടെത്തി, 1000 പുതിയ സംരംഭങ്ങള്‍ എന്ന കണക്കില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 5000 പുതിയ ചെറുകിട ഇടത്തരം യൂണിറ്റുകള്‍ തുടങ്ങുവാനാണ് ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.

കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5 ദിവസത്തെ സംരംഭകത്വ പരിശീലനവും മാര്‍ഗനിര്‍ദ്ദേശങ്ങളും അതോടൊപ്പം ലഭ്യമാക്കും. പ്രോജക്ട് കോസ്റ്റിന്‍റെ 90 ശതമാനം വരെ, പരമാവധി 50 ലക്ഷം രൂപയാണ് വായ്പയായി നല്‍കുക. 10 ശതമാനം പലിശ നിരക്കിലാണ് കെഎഫ്സി വായ്പ അനുവദിക്കുക. 3 ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശ.

ഇതിനുപുറമേ നിലവിലെ സ്റ്റാര്‍ട്ടപ്പുകളെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ കെഎഫ്സി വഴി മൂന്ന് പുതിയ പദ്ധതികള്‍ കൂടി തുടങ്ങുകയാണ്.

1. പ്രവര്‍ത്തന മൂലധന വായ്പ: സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ലഭിച്ചിട്ടുള്ള പര്‍ച്ചേയ്സ് ഓര്‍ഡര്‍ അനുസരിച്ച് 10 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും.

2. സീഡ് വായ്പ: സാമൂഹിക പ്രസക്തിയുള്ള ഉല്‍പന്നമോ, സേവനമോ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി വരെ വായ്പ നല്‍കും.

3. ഐടി രംഗത്തിനുള്ള മൂലധനം: സെബി അക്രെഡിറ്റേഷനുളള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിന്‍റെ പരിശോധന കഴിഞ്ഞുള്ള ഐടി കമ്പനികള്‍ക്ക് 10 കോടി രൂപ വരെ ലഭിക്കും.

ഈ മൂന്ന് പദ്ധതികള്‍ക്കും 2 ശതമാനം സര്‍ക്കാര്‍ സബ്സിഡി ലഭ്യമാക്കും. അതിലും ഫലത്തില്‍ 7 ശതമാനം ആയിരിക്കും പലിശ.

ലൈഫില്‍ അപേക്ഷിക്കാന്‍ അവസരം

ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും അപേക്ഷിക്കാന്‍ അവസരം ഒന്നു കൂടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അവര്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പതിനാലുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിക്കും.

ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിനായി മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സജ്ജീകരിക്കുന്ന ഹെല്‍പ്പ്ഡെസ്ക്കുകള്‍ വഴിയോ സ്വന്തമായോ അപേക്ഷ സമര്‍പ്പിക്കാം.

ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടാണ് പരിഗണിക്കുക. 2020 ജൂലൈ ഒന്നിനു മുന്‍പ് റേഷന്‍ കാര്‍ഡ് ഉള്ളതും കാര്‍ഡില്‍ പേരുള്ള ഒരാള്‍ക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതര്‍, ഭൂരഹിത ഭവനരഹിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കുന്നവരുടെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയാകണം. പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ട്. അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി കരട് പട്ടിക പ്രസിദ്ധീകരിക്കും. ഗ്രാമപഞ്ചായത്തുതലത്തിലുള്ള പരാതികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികള്‍ അതത് നഗരസഭാ സെക്രട്ടറിമാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകള്‍ അതത് ജില്ലാ കളക്ടര്‍മാര്‍ പരിശോധിക്കും.

സെപ്തംബര്‍ ഇരുപത്തിയാറിനകം തദ്ദേശസ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ടുലക്ഷത്തി ഇരുപതിനായിരത്തില്‍പ്പരം വീടുകള്‍ പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്കാണ് ഭവനമൊരുങ്ങുന്നത്. അതു കൂടാതെയാണ് വിട്ടുപോയ അര്‍ഹരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചത്.

കേരളത്തിന് രണ്ടാംസ്ഥാനം

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ ആന്‍റ് മാത്തമാറ്റിക്കല്‍ എഞ്ചിനീയറിങ് നടത്തിയ പഠനത്തില്‍ കോവിഡ്-19 റിപ്പോര്‍ട്ടിങ് ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ കേരളത്തിന് രണ്ടാം സ്ഥാനം നല്‍കിയിട്ടുണ്ട്. ഡാറ്റയുടെ ലഭ്യത, അതിന്‍റെ പ്രാപ്യത, ഉപയോഗക്ഷമത, സ്വകാര്യത എന്നീ നാലു പ്രധാന സവിശേഷതകള്‍ ആണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പഠനവിധേയമാക്കിയത്.

അതിന്‍റെ ഭാഗമായി കോവിഡ്-19 ഡാറ്റ റിപ്പോര്‍ട്ടിങ് സ്കോര്‍ തയ്യാറാക്കുകയും ചെയ്തു. ആദ്യത്തെ മൂന്നു റാങ്കുകളില്‍ വന്ന സംസ്ഥാനങ്ങളില്‍ ഡാറ്റയുടെ ടെക്സ്ച്വല്‍ സമ്മറിയും ട്രെന്‍ഡ് ഗ്രാഫിക്സും ഒരേ സമയം നല്‍കിയ സംസ്ഥാനമാണ് കേരളം എന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

സഹായം

കാര്യവട്ടം ഗ്രീന്‍ ഫീള്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിച്ച കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് ജിടെക് 200 കിടക്കകള്‍ സഹായിച്ചു.

പിണറായിയിലെ എകെജി സ്മാരക ഹയര്‍ സെക്കന്‍ററി സ്കൂള്‍ 1987-88 എസ്എസ്എല്‍സി ബാച്ച് ഓണ്‍ലൈന്‍ പഠന ആവശ്യങ്ങള്‍ക്കായി സ്കൂളിലേക്ക് 5 ടിവി. സ്കൂളില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസിയിലേക്ക് 5 കട്ടില്‍.

റഹ്മ എഡ്യൂക്കേഷന്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ്, വളപട്ടണം സിഎഫ്എല്‍ടിസികളിലേക്ക് 1 ലക്ഷം രൂപയുടെ സാധനങ്ങള്‍ കൈമാറി.

ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്കായി എംഎല്‍എ സുരേഷ് കുറുപ്പിന്‍റെ നേതൃത്വത്തില്‍ 209 ടിവി വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ 31 ടിവി കൂടി വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

പയ്യോളി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍ പിടിഎ കമ്മിറ്റി 50 വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്തു.

എല്‍ഐസി എംപ്ലോയീസ് കോട്ടയം ഡിവിഷന്‍ വനിത സബ് കമ്മിറ്റി ഓണ്‍ലൈന്‍ പഠന ആവശ്യങ്ങള്‍ക്കായി 37 ടിവികള്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി.

ദുരിതാശ്വാസം

അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് 10 ലക്ഷം രൂപ.

കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്‍റ് പെന്‍ഷന്‍കാരുടെ സംഘടനയായ സിജിപിഎ കേരള 7,20,000 രൂപ.

തൃശൂര്‍ ചേരുരിലെ ആര്‍സനല്‍ കേരള സപ്പോര്‍ട്ടേര്‍സ് ക്ലബ്ബ് 1 ലക്ഷം രൂപ.

ഇരവിപേരൂര്‍ ശങ്കരമംഗലം കുടുംബയോഗം 1 ലക്ഷം രൂപ.

എസ്എഫ്ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റി 1 ലക്ഷം രൂപ.

മലപ്പുറം, പടപ്പറമ്പിലുള്ള കാജ മുഈനുദ്ദീന്‍ സംഗീത അക്കാദമി വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള ഉള്ഹിയത്തിന് വേണ്ടി മാറ്റിവെച്ച 1 ലക്ഷം രൂപ.

ചായ്യോത്ത് ദാമോദരന്‍ മാസ്റ്ററും ഭാര്യ വസന്ത ടീച്ചറും, പെന്‍ഷന്‍ തുക 50,000 രൂപ.

ചെറുവത്തൂര്‍ പുതിയകണ്ടം, എ.വി. കുഞ്ഞമ്പു സ്മാരക ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ് 30,005 രൂപ.

ആധാരം എഴുത്ത് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി 25,000 രൂപ.

എഴുത്തുകാരന്‍ പി.പി.കെ പൊതുവാള്‍ അദ്ദേഹത്തിന് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുക 25,000 രൂപ

കേരള പ്രവാസിസംഘം കയ്യൂര്‍ കുക്കോട് യൂണിറ്റ് 25,000 രൂപ.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാങ്കോല്‍ വെസ്റ്റ് വില്ലേജ് കമ്മിറ്റി, ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 50,000 രൂപ.

പരിയാരം കള്‍ച്ചറല്‍ സെന്‍റര്‍, ബിരിയാണി ഫെസ്റ്റിലുടെ സമാഹരിച്ച 30,000 രൂപ.

തൃശൂര്‍, മുരിപ്പാട് പി.പി. പോള്‍ 28,562 രൂപ.

തൃശൂര്‍, മുപ്ലിയം സലീഷ് 25,000 രൂപ.

പാതിരിയാട് ഹൈസ്കൂളിലെ മുന്‍ അധ്യാപകന്‍ ശ്രീധരന്‍, ഭാര്യ ശ്യാമള ടീച്ചര്‍, മകന്‍ ജോഷിത്ത് എന്നിവര്‍ 25,000 രൂപ

അണ്ടല്ലൂര്‍ പീപ്പ്ള്‍സ് സ്പോര്‍ട്സ് ആന്‍റ് ആര്‍ട്സ് ക്ലബ് ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 25,000 രൂപ.

സിപിഐ തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 25,000 രൂപ.

കൊക്കാട് നാരായണന്‍ സ്മാരക ഗ്രന്ഥാലയം ആന്‍റ് സ്പോര്‍ട്സ് ക്ലബ് 25,000 രൂപ

പടന്ന വടക്കേപ്പുറം സഞ്ചയ് ഗാന്ധി സ്മാരക ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ് 10,000 രൂപ.

നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച 20,000 രൂപ.

കീഴല്ലൂര്‍ ശ്രീ വാണിയന്‍കണ്ടി മന്ദപ്പന്‍ ക്ഷേത്രം ട്രസ്റ്റി അജയകുമാര്‍ 15,000 രൂപ.