വാര്‍ത്താകുറിപ്പ്: 23-09-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

തീയതി: 23-09-2020
——————————

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 5376 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 20 പേര്‍ മരണമടഞ്ഞു. 42,786 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4424 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 640 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 99 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 51,200 സാമ്പിളുകള്‍ പരിശോധന നടത്തി. 2951 പേര്‍ രോഗവിമുക്തരായി.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഇപ്പോഴും തുടരുകയാണ്. പോസിറ്റീവാകുന്നവരില്‍ 10 വയസിനു താഴെയുള്ള കുട്ടികളും 60 വയസിനു മുകളിലുള്ളവരും ധാരാളമുണ്ട്. ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇന്ന് 852 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും വീടുകളില്‍ മതിയായ സൗകര്യമുള്ളവര്‍പോലും ഇതിന് തയ്യാറാകുന്നില്ല എന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. അനാവശ്യമായ ഭീതിയും തെറ്റിധാരണയുമാണ് ഇതിന് കാരണമാകുന്നത്.

ക്വാറന്‍റീനിന്‍റെ കാര്യത്തിലെന്ന പോലെ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഹോം ഐസോലേഷനില്‍ കഴിഞ്ഞാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷെ, രോഗം സ്ഥിരീകരിക്കപ്പെടുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് പോകാന്‍ കുടുംബാഗങ്ങളും നാട്ടുകാരുമൊക്കെ നിര്‍ബന്ധിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.  സ്വന്തം വീട്ടില്‍തന്നെ കഴിയുന്നത് രോഗാവസ്ഥയിലെ മാനസിക സമ്മര്‍ദ്ദം പരമാവധി കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് മനസിലാക്കണം.
രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും വീടുകളില്‍ സൗകര്യമുള്ളവരുമായ പരമാവധി ആളുകള്‍ ഹോം ഐസോലേഷനില്‍ കഴിഞ്ഞാല്‍ രണ്ട് പ്രയോജനങ്ങളാണുള്ളത്. ഒന്ന്, മാനസിക സമ്മര്‍ദം കുറയ്ക്കാനും കുടുംബാന്തരീക്ഷത്തില്‍ ജാഗ്രതയോടെ കഴിയാനും സാധിക്കും. രണ്ട്, ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ലക്ഷണങ്ങള്‍  ഉള്ളവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമായി പരമാവധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട് അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം.

പത്തനംതിട്ട ജില്ലയില്‍ റാന്നി മേനാംതോട്ടം, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളെ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളായി ഉയര്‍ത്തി. പനി, ഗുരുതരമല്ലാത്ത മറ്റ് രോഗം ഉള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ ചികില്‍സിക്കുന്നത്.

ഇന്ന് മുതല്‍ പുതുതായി അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ കൂടി രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പോസിറ്റീവാകുന്ന ആളുകളെ അതത് ഹെല്‍ത്ത് ബ്ലോക്ക് പരിധിയിലുള്ളഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ പ്രവേശിപ്പിക്കും. എല്ലാ ഹെല്‍ത്ത് ബ്ലോക്കുകളിലും ഹോം കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ മീനടം, പുതുപ്പള്ളി, നാട്ടകം തുടങ്ങിയ മേഖലകളില്‍ സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം അഞ്ചാം തീയതിക്കുശേഷം മീനടത്ത് 57 പേര്‍ക്കും നാട്ടകത്ത് 34 പേര്‍ക്കും പുതുപ്പള്ളിയില്‍ 22 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വാഴപ്പള്ളി, കോട്ടയം മുനിസിപ്പാലിറ്റി, കുമരകം, ഏറ്റുമാനൂര്‍ മേഖലകളില്‍ രോഗവ്യാപനം ശക്തമായി തുടരുകയാണ്.

എറണാകുളം ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 12,600 കടന്നു. 56 പേരാണ് ഇതുവരെ മരണമടഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, ഐഎന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം കൂടുതലായി പോസിറ്റീവാകുന്ന സ്ഥിതിയുണ്ടായി. രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വരെ വര്‍ധനവുണ്ടാകാം എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

റിവേഴ്സ് ക്വാറന്‍റീന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയോജനമന്ദിരങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളിലേക്ക് ജില്ലാ ഭരണ കേന്ദ്രത്തില്‍നിന്നു തന്നെ നിത്യോപയോഗ വസ്തുക്കളും മറ്റും എത്തിച്ചു നല്‍കുന്നുണ്ട്. പ്ളാസ്മാ തെറാപ്പി ചികിത്സക്കാവശ്യമായ എഫറസിസ് മെഷീന്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ കെ ജെ മാക്സി എംഎല്‍എയുടെ സഹായത്തോടെ സ്ഥാപിച്ചു.

തൃശൂരില്‍ പരിശോധിക്കുന്നതിന്‍റെ 8 മുതല്‍ 14 ശതമാനമാണ് കോവിഡ് പോസറ്റീവായിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി 22 ശതമാനമായി വര്‍ധിച്ചിരിക്കുന്നു.

പാലക്കാട് കൊടുവായൂര്‍ പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററിലുള്‍പ്പെട്ട 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ ജില്ലയില്‍ 2486 രോഗബാധിതരാണുള്ളത്.

മലപ്പുറം ജില്ലയില്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിഎഫ്എല്‍ടിസികളിലും ഹജ്ജ് ഹൗസിലുമായി ചികിത്സാ സൗകര്യങ്ങള്‍ വിപുലമാക്കും. 684 കിടക്കകള്‍ കൂടി  സജ്ജമാക്കും. ഡി  ടൈപ്പ് ഓക്സിജന്‍ സിലിണ്ടര്‍, ബാക്ക് റെസ്റ്റുകളോടുകൂടിയുള്ള കട്ടിലുകള്‍ തുടങ്ങിയ സംവിധാനങ്ങളും  തയ്യാറാക്കുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് വാര്‍ഡുകള്‍കൂടി കോവിഡ് ഐസിയു ആക്കി മാറ്റും. ഇതിലൂടെ 50 ഐസിയു കിടക്കകള്‍ കൂടി അധികമായി ഒരുക്കും.

കണ്ണൂര്‍ ജില്ലയില്‍ ഗുരുതര രോഗങ്ങളുമായി എത്തുന്ന കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് സര്‍ജറി ഉള്‍പ്പെടെ മികച്ച ചികില്‍സ ലഭ്യമാക്കുന്നതിന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഇവിടങ്ങളിലെത്തുന്ന സാധാരണ പ്രസവ കേസുകളില്‍ സാധ്യമായവ കൂത്തുപറമ്പ്, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റാനും അതിനായി ഈ രണ്ട് ആശുപത്രികളിലെയും പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികില്‍സയ്ക്കായി 40 അധിക കിടക്കകള്‍ ഒരുക്കും.

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത ടാറ്റാ കോവിഡ് ആശുപത്രി പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നതു വരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റും.

ചെറുപ്പക്കാര്‍ക്കിടയില്‍ കോവിഡ്മൂലമുള്ള മരണം കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രായം കുറഞ്ഞവരില്‍ മരണസാധ്യത വളരെ കുറവാണെങ്കിലും രോഗികളുടെ എണ്ണം കൂടുമ്പോള്‍ അതിനനുസരിച്ച് ആനുപാതികമായ മരണങ്ങളും ഉണ്ടാവുകയാണ്. ഉദാഹരണമായി  0.1 ശതമാനമാണ് യുവാക്കള്‍ക്കിടയില്‍ കോവിഡ് കാരണമുള്ള മരണനിരക്ക് എന്ന് കരുതുക. അങ്ങനെയെങ്കില്‍ 100 പേര്‍ക്ക് രോഗബാധയുണ്ടായാല്‍ 1 മരണമായിരിക്കും സംഭവിക്കുക. എന്നാല്‍ 10000 പേര്‍ക്ക് രോഗബാധയുണ്ടായാല്‍ 10 പേരും, അത് ഒരു ലക്ഷമായാല്‍ 100 പേരും മരിക്കുന്ന സാഹചര്യമുണ്ടാകും. ചെറുപ്പക്കാര്‍ക്ക് കോവിഡ്  അപകടകരമാകില്ല എന്ന അമിത ആത്മവിശ്വാസം ഒഴിവാക്കിയേ തീരൂ.

സെപ്തംബര്‍ 11 മുതല്‍ സംസ്ഥാനത്ത് നടന്നുവരുന്ന സമരങ്ങളില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരിലും നേതാക്കളിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇതുവരെ ഉറപ്പിച്ചിട്ടുണ്ട്. കൊല്ലം സിറ്റിയില്‍ നാലു പേര്‍ക്കും തിരുവനന്തപുരം സിറ്റിയില്‍ മൂന്നു പേര്‍ക്കും തൃശൂര്‍ റൂറലില്‍ രണ്ട് പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് റൂറല്‍, തിരുവനന്തപുരം റൂറല്‍ എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഇത് ഇപ്പോള്‍ ലഭ്യമായ കണക്കുകളാണ്. സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അതിന്‍റെ കൃത്യമായ എണ്ണം തല്‍ക്കാലം ലഭ്യമായിട്ടില്ല. സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരില്‍നിന്ന് എത്ര പേര്‍ക്ക് രോഗം പടര്‍ന്നു എന്നതും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

കാലാവസ്ഥ
സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞു തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പൊതുവില്‍ അടുത്ത 5 ദിവസവും മിതമായ മഴ മാത്രമേ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുള്ളൂ.

കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടുള്ളതല്ല.

പാലാരിവട്ടം

സുപ്രീം കോടതി ഉത്തരവിന്‍റെ കൂടി പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം പൊളിച്ച് പണിയുന്ന പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ഇതുസംബന്ധിച്ച് ശ്രീ. ഇ. ശ്രീധരനുമായി ഇന്ന് സംസാരിച്ചു. നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ഉടനെ ആരംഭിക്കും. എട്ടുമാസത്തിനകം പണി പൂര്‍ത്തിയാക്കാനാവും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഗതാഗതത്തിന് തുറന്നു നല്‍കിയ ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തില്‍ വിള്ളലുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പരിശോധനയ്ക്ക് തയ്യാറായത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടര്‍ന്ന് വിശദമായി പരിശോധിക്കാന്‍ ശ്രീ. ഇ. ശ്രീധരനെയും മദ്രാസ് ഐഐടിയെയും ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷമാണ് പാലം പൊളിക്കാന്‍ തീരുമാനിച്ചത്.

അടിസ്ഥാനപരമായി പാലത്തിന് ബലക്ഷയമുണ്ടായി എന്നാണ് ശ്രീ. ഇ. ശ്രീധരന്‍ കണ്ടെത്തിയത്. കേവല പുനരുദ്ധാരണം പാലത്തെ ശക്തിപ്പെടുത്താന്‍ ഫലപ്രദമാവില്ല. സ്ഥായിയായ പരിഹാരമെന്ന നിലയില്‍ പൊളിച്ചു പണിയുന്നതാണ് നല്ലത് എന്നതായിരുന്നു ഇ. ശ്രീധരന്‍റെ നിര്‍ദ്ദേശം. ഈ മേഖലയില്‍ വൈദഗ്ധ്യവും പാരമ്പര്യവുമുള്ള അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. പാലം പൊളിച്ചു പണിയുന്നതിനുള്ള ചുമതല ഇ. ശ്രീധരനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഈ ഘട്ടത്തിലാണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്.  ഭാരപരിശോധനയെന്ന നിര്‍ദ്ദേശം ബഹു. ഹൈക്കോടതി അംഗീകരിച്ചു. അതേത്തുടര്‍ന്ന് ജനങ്ങളുടെ സുരക്ഷയെ കരുതി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി സര്‍ക്കാരിന്‍റെ വാദം അംഗീകരിച്ചു.

സമയബന്ധിതമായി തന്നെ പദ്ധതി നടപ്പാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ ഒരു സംഭവമാണ് പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേട്. പാലം നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. അവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
 
നഗ്നമായ അഴിമതിയാണ് നടന്നത്. യുഡിഎഫ് ഭരണകാലത്ത് നടന്ന അഴിമതികളില്‍ ഒന്നുമാത്രമാണിത്. ഇതില്‍ കുറ്റം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യും. ഈ അഴിമതിയിലൂടെ ഖജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്കു പറയിക്കുക എന്നതാണ് ഈ നാടിന്‍റെ തന്നെ ഉത്തരവാദിത്വമായാണ് കാണുന്നത്.

വയനാട്ടിലേക്ക് തുരങ്കപാത
പാലാരിവട്ടം പാലത്തിന്‍റെ അനുഭവം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ അഴിമതിയുടെ ഓര്‍മപ്പെടുത്തലാണെങ്കില്‍ ഈ സര്‍ക്കാര്‍ ഓരോ പ്രവൃത്തിയും ഗുണമേډ ഉറപ്പുവരുത്തിയും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും അഴിമതിരഹിതവുമായാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. രാഷ്ട്രീയ അഴിമതിയില്‍നിന്ന് പൊതുമരാമത്ത് മേഖലയെ മുക്തമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞുവെന്നത് വലിയ നേട്ടമായാണ് കാണുന്നത്.
സര്‍ക്കാരിന്‍റെ 100 ദിന പരിപാടികളില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പില്‍ ചില പ്രധാന പദ്ധതികള്‍ നടപ്പാക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടത് കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ബദല്‍ പാതയാണ്. ഇപ്പോള്‍ കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് വാഹനങ്ങള്‍ പോകുന്നത്. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. അതിവര്‍ഷമുണ്ടാകുമ്പോള്‍ പലപ്പോഴും മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നത്.

ബദല്‍പാത എന്നത് ഈ മേഖലയിലുള്ളവര്‍ ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലുള്ള ചുരം പാത വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് ഈ പാത വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും ഒട്ടേറെ തടസ്സങ്ങള്‍ നേരിടുന്നുണ്ട്. ബദല്‍പാത മാത്രമാണ് ഇതിനെല്ലാം പരിഹാരം.

ആനക്കാംപൊയിലില്‍ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്ക്ക് 7.82 കിലോമീറ്റര്‍ നീളമുണ്ടാകും. തുരങ്കത്തിന്‍റെ നീളം 6.9 കിലോമീറ്റര്‍ വരും. തുരങ്ക നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ച കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി പദ്ധതിക്ക് നല്‍കിയിട്ടുണ്ട്. കിഫ്ബിയില്‍ നിന്നാണ് ആവശ്യമായ പണം ലഭ്യമാക്കുന്നത്. ആവശ്യമായ പഠനങ്ങള്‍ക്കു ശേഷം കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അത് ലഭിച്ചുകഴിഞ്ഞാല്‍ മറ്റ് നടപടികള്‍ ആരംഭിക്കും.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണം
ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ നവീകരിക്കുന്നതിന് 625 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കും.

ആലപ്പുഴ-കോട്ടയം ജില്ലകളെ കരമാര്‍ഗം ബന്ധിപ്പിക്കുന്ന എസി റോഡ് എല്ലാ വര്‍ഷവും മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്. കുട്ടനാടിന്‍റെ ഉള്‍പ്രദേശങ്ങളായ കൈനകരി, കാവാലം, എടത്വാ, മുട്ടാര്‍, നെടുമുടി, ചമ്പക്കുളം എന്നിവിടങ്ങളിലെ ജനങ്ങള്‍ വെള്ളപ്പൊക്ക കാലത്ത് ആശ്രയിക്കുന്നത് എസി റോഡാണ്. എസി റോഡിലെ വെള്ളപ്പൊക്കം കുട്ടനാട്ടിലെ ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കും. ഇതിന് പരിഹാരമായാണ് എസി റോഡ് നവീകരിക്കാന്‍ തീരുമാനിച്ചത്.

ഏറ്റവും കൂടുതല്‍ വെള്ളം കയറുന്ന അഞ്ച് സ്ഥലങ്ങളിലാണ് മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത്. ഒമ്പത് സ്ഥലങ്ങളില്‍ കോസ് വേകള്‍ പണിയും. വീതി കുറഞ്ഞ പാലങ്ങള്‍ വീതി കൂട്ടും. 13 കള്‍വെര്‍ട്ടുകള്‍ പുനര്‍നിര്‍മിക്കും. രാത്രി യാത്ര സുരക്ഷിതമാക്കുന്നതിനുള്ള സംവിധാനങ്ങളും നിര്‍ദിഷ്ട പാതയിലുണ്ടാകും.

ശംഖുമുഖം റോഡ് പുനര്‍നിര്‍മാണം
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ശംഖുമുഖം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡിസൈന്‍ പ്രകാരം 260 മീറ്റര്‍ കോണ്‍ക്രീറ്റ് ഡയഫ്രം വാള്‍ ഒന്നാംഘട്ടമായി നിര്‍മിക്കും. ഇതിന് 4.29 കോടി രൂപയുടെയും റോഡ് നിര്‍മിക്കുന്നതിന് 1.1 കോടി രൂപയുടെയും പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

ആലപ്പുഴ ബൈപാസ്

225 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആലപ്പുഴ ബൈപാസ് നവംബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കൊമ്മാടിയില്‍ നിന്ന് ആരംഭിച്ച് കളര്‍കോട് എത്തുന്ന ബൈപാസിന് 6.8 കിലോമീറ്ററാണ് നീളം.

കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങള്‍
എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിര്‍മിക്കുന്ന കുണ്ടന്നൂര്‍ (780 മീറ്റര്‍), വൈറ്റില (700 മീറ്റര്‍) മേല്‍പ്പാലങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഡിസംബറില്‍ രണ്ടു മേല്‍പ്പാലങ്ങളും ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയും. കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന് 88.77 കോടി രൂപയും വൈറ്റില മേല്‍പ്പാലത്തിന് 113 കോടി രൂപയുമാണ് ചെലവ്.

ശബരിമല – പ്രധാന റോഡുകളും അനുബന്ധ റോഡുകളും
ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെയും അനുബന്ധ റോഡുകളുടെയും നവീകരണത്തിന് 225 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 62 പ്രവൃത്തികളാണ് ഈ പദ്ധതിയില്‍ വരുന്നത്. ഒക്ടോബറില്‍ എല്ലാ പ്രവൃത്തികളും ആരംഭിക്കും.

പെരുമണ്‍ പാലം
കൊല്ലം ജില്ലയില്‍ അഷ്ടമുടി കായലിന് കുറുകെയുള്ള പെരുമണ്‍ പാലത്തിന്‍റെ നിര്‍മാണം നവംബറില്‍ ആരംഭിക്കും. 42 കോടി രൂപയാണ് ഇതിന് ചെലവ്.

38 പാലങ്ങള്‍
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 38 പാലങ്ങളുടെ നിര്‍മാണം നവംബറിനകം ആരംഭിക്കും. പ്രവൃത്തി തുടങ്ങിയ 28 പാലങ്ങള്‍ നവംബറിനു മുമ്പ് പൂര്‍ത്തിയാകും.

രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള താരതമ്യമാണ് ഇവിടെ കാണേണ്ടത്. നാടിനുവേണ്ട ഒരു പദ്ധതിയും പണമില്ല എന്ന കാരണത്താല്‍ മാറ്റിവെക്കാനോ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാനോ ഈ സര്‍ക്കാര്‍ തയ്യാറാവില്ല; അത് അനുവദിക്കുകയുമില്ല.

യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി
കേരളത്തിലെ യുവജനങ്ങള്‍ക്ക് നേതൃശേഷിയും നൈപുണ്യവും പ്രദാനം ചെയ്യുന്ന യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു.

അന്താരാഷ്ട്ര, ദേശീയ തലങ്ങളില്‍ വിവിധ വിഷയങ്ങളില്‍ അറിയപ്പെടുന്ന പണ്ഡിതരും ചിന്തകരും അവരുടെ മേഖലകളിലെ വിഷയങ്ങളെപ്പറ്റി കേരളത്തിലെ യുവതീയുവാക്കളുമായി അനുഭവം പങ്കുവെയ്ക്കുന്നതിനുള്ള അവസരം അക്കാദമി ഒരുക്കും. അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലുമുള്ള ഗുണനിലവാരമേറിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ അവസരം കിട്ടാതെപോയ ബഹുഭൂരിപക്ഷം പേര്‍ക്കും ഈ അവസരം അവരുടെ നാട്ടിലും വീട്ടുമുറ്റത്തും മറ്റൊരു വിധത്തില്‍ ഇതിലൂടെ ലഭ്യമാക്കുകയാണ്.

വിജ്ഞാനവും വൈദഗ്ദ്ധ്യവും പ്രായോഗികതലത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ പ്രാപ്തമായ ഒരു പൊതുസമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ഉദ്ദേശം. നമ്മുടെ യുവതീയുവാക്കള്‍ ജനപ്രതിനിധികളാകുമ്പോള്‍ ഉദ്യോഗസ്ഥരാല്‍ നയിക്കപ്പെടുന്നവരായല്ല, മറിച്ച് ഉദ്യോഗസ്ഥരെ നയിക്കുന്നവരായി മാറണം. അവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ മികവു പുലര്‍ത്തുന്നവരാകണം. ബന്ധപ്പെട്ട വിഷയങ്ങളിലും നിയമങ്ങളിലും ചട്ടങ്ങളിലും നടപടിക്രമങ്ങളിലും അറിവുള്ളവരാകണം. ഈ ലക്ഷ്യങ്ങളെല്ലാം യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിയിലൂടെ സാധ്യമാകണം.  

അധികാര വികേന്ദ്രീകരണത്തിലൂടെയും ജനകീയാസൂത്രണത്തിലൂടെയും ലോകശ്രദ്ധ പിടിച്ചുപറ്റിയ കേരളം യുവതീയുവാക്കളെ നാനാമേഖലകളില്‍ നേതൃപാടവമുള്ളവരാക്കാന്‍ നടത്തുന്ന പുതിയൊരു കാല്‍വയ്പിന്‍റെ നാഴികക്കല്ലാണ് കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി. ഇതിലെ ആദ്യ സെഷന്‍ തന്നെ പ്രതിഭാധനനായ ശ്രീ. കമലഹാസനാണു കൈകാര്യം ചെയ്തത്.

വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് തീരുമാനിച്ച സാഹചര്യം

വടക്കാഞ്ചേരിയില്‍ റെഡ്ക്രെസന്‍റ് നിര്‍മ്മിച്ചു നല്‍കുന്ന ഭവനസമുച്ചയം സംബന്ധിച്ച് ചിലര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. 20 കോടിയുടെ കരാര്‍ തുകയില്‍ ഇടനിലക്കാര്‍ തുക കൈപ്പറ്റിയതായാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.

ലൈഫ് പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കിവരുന്ന വിവരം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുന്‍കാലത്ത് പല പദ്ധതികളിലുമായി പൂര്‍ത്തിയാകാതെ കിടന്ന വീടുകള്‍, ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയില്ലാത്ത ഭവനരഹിതര്‍ എന്നിവര്‍ക്ക് അടച്ചുറപ്പുള്ള പാര്‍പ്പിടം നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് ലൈഫ്. സമയബന്ധിതമായി രണ്ട് ലക്ഷം വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് 2020 ഫെബ്രുവരിയില്‍ പ്രഖ്യാപനം നടത്തി. നവംബര്‍ അവസാനത്തോടെ അമ്പതിനായിരം വീടുകള്‍ കൂടി പൂര്‍ത്തിയാക്കും. മുന്‍പ് അവസരം നഷ്ടപ്പെട്ടവര്‍ക്കും പല കാരണങ്ങളാല്‍ വീട് ലഭിക്കാത്തവര്‍ക്കും ഒരിക്കല്‍ കൂടി അപേക്ഷിക്കുവാന്‍ ഇന്ന് വരെ സമയം ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. ഇതാണ് ലൈഫ്. വടക്കാഞ്ചേരി ഫ്ളാറ്റ് സമുച്ചയം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെ മൊത്തത്തില്‍  ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് എതിരായി മാറ്റുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

വടക്കാഞ്ചേരിയിലെ പാര്‍പ്പിട സമുച്ചയ നിര്‍മാണത്തില്‍ ഏതെങ്കിലും രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ സുതാര്യമായ അന്വേഷണം നടത്തി ശക്തമായ നടപടികള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. നിയമ സംവിധാനത്തില്‍ കൂടിയായിരിക്കും അത്തരം നടപടികള്‍ ഉണ്ടാവുക. ഒരു വിട്ടുവീഴ്ചയും അക്കാര്യത്തലിലുണ്ടാവില്ല.

വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവര്‍ക്ക് എംഒയുവിന്‍റെ കോപ്പി ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മുഴുവന്‍ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള മറുപടിയായി ചോദിച്ച രേഖകള്‍ നല്‍കുന്നതിന് സര്‍ക്കാരിന് ഒരുതരത്തിലുള്ള അലംഭാവവും ഉണ്ടാകില്ല.

മാധ്യമങ്ങള്‍
ശരിയായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന മാധ്യങ്ങളെ നമ്മള്‍ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. അവര്‍ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കാറുമുണ്ട്.  സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തെ വക്രീകരിക്കുന്ന നിലയുണ്ടായി. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം തീവെയ്പ്പിന് നേതൃത്വം കൊടുക്കുന്നു എന്നു പറയുന്നിടത്തുവരെ കാര്യങ്ങള്‍ എത്തി. അത് ഏതെങ്കിലും ഒരാള്‍ പറഞ്ഞ വിടുവായത്തമല്ല. ചില മാധ്യമങ്ങള്‍ അങ്ങനെത്തന്നെ പറയുന്ന നിലയുണ്ടായി. തെറ്റായ കാര്യങ്ങള്‍ സൃഷ്ടിക്കുന്നത് സാധാരണനിലയിലുള്ള മാധ്യമ ധര്‍മമല്ലല്ലോ. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തീവെയ്ക്കാനും തെളിവു നശിപ്പിക്കാനും നടക്കുന്നവരാണ് എന്ന് പറയുന്ന നിലയുണ്ടായാല്‍ അത് സംസ്ഥാനത്തിന്‍റെ ഭരണസംവിധാനത്തെയാകെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലേ. അങ്ങേയറ്റം അവിശ്വാസമായ ഒരു അവസ്ഥ നാട്ടിലുണ്ടാക്കുന്ന നിലയല്ലേ വരിക. അത് മാധ്യമ ധര്‍മമല്ലല്ലോ. അക്കാര്യം ഉത്തരവാദപ്പെട്ടവരുടെ ശ്രയില്‍പ്പെടുത്തുക എന്നാണ് മന്ത്രിസഭ കണ്ടത്.