വാര്‍ത്താകുറിപ്പ്: 22-09-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

വാര്‍ത്താകുറിപ്പ്
തീയതി: 22-09-2020

——————————–

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

ഇന്ന് സംസ്ഥാനത്ത് 4125 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 19 പേര്‍ മരണമടഞ്ഞു. 40,382 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3463 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 412 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,574 സാമ്പിളുകള്‍ പരിശോധന നടത്തി. 3007 പേര്‍ രോഗവിമുക്തരായി.

കോവിഡ് വ്യാപനം സംസ്ഥാനത്ത്  ഗുരുതരമായ സ്ഥിതിവിശേഷത്തില്‍ എത്തിനില്‍ക്കുന്നു എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം തിരുവനന്തപുരം ജില്ലയിലാണ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് എന്നതാണ്. ഇന്നലെ വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആകുമ്പോള്‍ അതില്‍ 7047 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. അതായത് 18 ശതമാനം കേസുകളും തിരുവനന്തപുരത്ത് ആണെന്ന് കാണാം. മരണങ്ങളുടെ കണക്ക് നോക്കുകയാണെങ്കില്‍, ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്ത 553 മരണങ്ങളില്‍ 175 മരണങ്ങളും സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. അതായത് 32 ശതമാനം മരണങ്ങള്‍. ഇന്ന് ജില്ലയില്‍ 681 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്ക് എവിടെനിന്ന് ബാധിച്ചു എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ആള്‍ക്കൂട്ടമുണ്ടാക്കിക്കൊണ്ട് കഴിഞ്ഞ കുറേ നാളുകളായി നടത്തി വരുന്ന സമരങ്ങളെ കാണേണ്ടത്. നിരന്തരം ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവരും മാധ്യമങ്ങളും വേണ്ടത്ര ഗൗരവത്തോടെ ഇത് പരിഗണിക്കുന്നില്ല. മാധ്യമങ്ങളും ആ പ്രശ്നത്തെ വേണ്ടത്ര പരിഗണിക്കുന്നില്ല.

കോവിഡിനൊപ്പം ജീവിക്കേണ്ട ഈ ഘട്ടത്തില്‍ നമ്മള്‍ മുന്‍പുണ്ടായിരുന്ന രീതികളെ അടിമുടി മാറ്റിയിട്ടുണ്ട്. മീറ്റിങ്ങുകള്‍ കൂടുന്നത്, വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്, വിവാഹങ്ങള്‍ നടത്തുന്നത്, കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായകമായ രീതിയിലാണ് ചെയ്യുന്നത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കരുതലുകള്‍ എല്ലാം സ്വീകരിച്ചിരിക്കുന്നത്. അതെല്ലാം അട്ടിമറിച്ചു കൊണ്ടാണ് പ്രതിപക്ഷ സംഘടനകള്‍ സമരങ്ങള്‍ എന്ന പേരില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച് കോവിഡ് പ്രതിരോധത്തെ  തകിടം മറിക്കുന്നത്.

ലോകാരോഗ്യ സംഘടനയുള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന്‍റെ ഏറ്റവും അനിവാര്യമായ കാര്യമായി പറയുന്നത് ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നതാണ്. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ ആള്‍ക്കൂട്ട സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പം പടരാവുന്ന അവസരമാണ് ഇങ്ങനെ ഒരുക്കിക്കൊടുക്കുന്നത്. ഇതിന്‍റെ ഫലമായി സമരങ്ങള്‍ നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് പൊലീസുകാരും കോവിഡ് ബാധിതരാകുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ കുറേ ദിവസമായി നടക്കുന്ന സമരങ്ങള്‍ തടയാന്‍ സംസ്ഥാനവ്യാപകമായി നിയുക്തരായ പൊലീസുകാരില്‍ 101 പേര്‍ക്കാണ് കോവിഡ് സ്ഥീരികരിച്ചത്.  

ഇവരില്‍ ഒരു ഡിവൈഎസ്പി, ഒരു ഇന്‍സ്പെക്ടര്‍, 12 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍, എട്ട് എഎസ്ഐമാര്‍ എന്നിവരുള്‍പ്പെടുന്നു. കൂടാതെ 71 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും എട്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 164 പേര്‍ പ്രൈമറി കോണ്ടാക്ടാണ്. 171 പേര്‍ നിരീക്ഷണത്തിലാണ്. സഹപ്രവര്‍ത്തകര്‍ക്ക് അസുഖം ബാധിക്കുന്നതുമൂലം നിരവധി പോലീസുകാര്‍ ക്വാറന്‍റൈനില്‍ ആകുന്ന അവസ്ഥയാണ്.

കോവിഡിനെതിരെ പ്രവര്‍ത്തിക്കാനുളള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് ഇത് വിഘാതമാകുന്നു. സാമൂഹിക അകലം പാലിക്കല്‍ മുതലായ കോവിഡ് പ്രോട്ടോക്കോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നമ്മുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്നിക്കുന്ന സേനയാണ് പൊലീസ്. അതിനുള്ള പ്രത്യുപകാരമായി അവര്‍ക്കിടയില്‍ രോഗം പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യ ജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല എന്ന് എല്ലാവരും തിരിച്ചറിയണം.

ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ, പ്രതിഷേധിക്കുന്നവര്‍ അതു സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തിക്കൊണ്ട് ചെയ്യുന്നതില്‍ നിന്ന് പിന്‍മാറണം. മറ്റെന്തെല്ലാം പ്രതിഷേധ മാര്‍ഗങ്ങളുണ്ട്. അക്രമസമരം നടത്തിയാലേ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ആകൂ എന്നൊരു ധാരണ മാറിക്കിട്ടിയാല്‍ ഈ പ്രശ്നത്തിന് വലിയ അളവ് പരിഹാരമാകും.

നമ്മള്‍ എല്ലാവരും ആത്മപരിശോധനയ്ക്ക് തയ്യാറായേ തീരൂ. നമ്മുടെ സഹോദരങ്ങളെ ഈ മഹാമാരിക്ക് വിട്ടു കൊടുക്കില്ല എന്നു തീരുമാനിക്കണം. അതിനാവശ്യമായ ജാഗ്രത വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുകയും വേണം.  

കൊല്ലം ജില്ലയില്‍ 347 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. മടങ്ങിപ്പോയ അതിഥിതൊഴിലാളികളില്‍ 379 പേര്‍ ജില്ലയില്‍ തിരികെയെത്തിയിട്ടുണ്ട്. നാട്ടില്‍ പോകാതെ ജില്ലയില്‍ തങ്ങിയത് 7,834 തൊഴിലാളികളാണ്. ട്രെയിനില്‍ എറണാകുളത്തു എത്തിയശേഷം ജില്ലയിലേക്ക് വരുന്ന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യാതെ പോകരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിഥിതൊഴിലാളികളെ പൊലീസ് നിരീക്ഷിക്കുന്നത് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ നിലവിലുള്ള 11 ആക്ടീവ് ക്ലസ്റ്ററുകളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പന്തളം കടയ്ക്കാട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററിലാണ്. ശവസംസ്ക്കാര ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമൂലം സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ 11 ക്ലസ്റ്ററുകളില്‍ പുറക്കാട്, പുന്നപ്ര സൗത്ത് ആറാട്ടുപുഴ, എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. പള്ളിപ്പുറം അമ്പലപ്പുഴ സൗത്ത്, ചേര്‍ത്തല സൗത്ത് എന്നീ ക്ലസ്റ്ററുകളിലും സജീവമായ കേസുകളുടെ എണ്ണം കൂടുതലാണ്.

കോട്ടയം ജില്ലയില്‍ മാര്‍ക്കറ്റുകളോ ജനങ്ങള്‍ കൂട്ടം ചേരുന്ന മറ്റു കേന്ദ്രങ്ങളോ ഇല്ലാത്ത വാഴപ്പള്ളി പഞ്ചായത്തില്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നു. സെപ്റ്റംബര്‍ 14 മുതല്‍ നാലു തവണയായി 856 പേരെ ഇവിടെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 101 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗവ്യാപനം ശക്തമായിരുന്ന മേഖലകളില്‍ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യവുമുണ്ട്.

എറണാകുളം ജില്ലയിലെ പ്രതിദിന സ്ഥിരീകരണത്തില്‍ 10 മുതല്‍ 20 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓണം ആഘോഷങ്ങളോടനുബന്ധിച്ച് സമ്പര്‍ക്ക വ്യാപനത്തിന്‍റെ തോതില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ നല്ലൊരു പങ്ക് രോഗലക്ഷണങ്ങളില്ലാത്തവരാണ്.

കോഴിക്കോട് ജില്ലയില്‍ തീരദേശങ്ങളില്‍ രോഗം വ്യാപിക്കുന്ന സാഹചര്യം തുടരുകയാണ്. കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് കോര്‍പറേഷനിലെ കപ്പക്കല്‍ വാര്‍ഡിലാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇവിടെ 107 പേര്‍ പോസിറ്റീവ് ആയി.  

കണ്ണൂര്‍ ജില്ലയില്‍ നാല് ആശുപത്രികള്‍ ഉള്‍പ്പെടെ എട്ട് ആക്ടീവ് ക്ലസ്റ്ററുകള്‍ ഉണ്ട്. 11 ക്ലസ്റ്ററുകളിലെ രോഗബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താല്‍ക്കാലികമായി അടച്ചു. ഇവിടെ തിങ്കളാഴ്ച വൈകിട്ട് ഡയാലിസിസ് ചെയ്ത രോഗിക്ക് പിന്നീട് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ ആശുപത്രിയിലെ 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവിടത്തെ ഓഫീസുകള്‍ ഇന്നലെ മുതല്‍ താല്‍ക്കാലികമായി അടച്ചു.

കാലാവസ്ഥ

കഴിഞ്ഞ 4 ദിവസം കൊണ്ട് കേരളത്തില്‍ പെയ്ത ശരാശരി മഴ 169.5 മില്ലിമീറ്റര്‍ ആണ്. സെപ്റ്റംബര്‍ മാസത്തിലെ ഈ ദിവസങ്ങളിലെ ദീര്‍ഘകാല ശരാശരി കേവലം 32.5 മില്ലിമീറ്റര്‍ മാത്രമാണ്. ഇതോടുകൂടി ജൂണില്‍ തുടങ്ങിയ നമ്മുടെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തില്‍ ആകെ ലഭിച്ച മഴ 2194.1 മില്ലിമീറ്ററായി. ദീര്‍ഘകാല ശരാശരിയായ 1973 മില്ലിമീറ്ററിനേക്കാള്‍ 11 ശതമാനം അധിക മഴയാണിത്. കാലാവസ്ഥ വകുപ്പിന്‍റെ കണക്കനുസരിച്ച് വയനാട് ജില്ലയില്‍ ഇപ്പോഴും ആകെ മഴയില്‍ 16 ശതമാനത്തിന്‍റെ കുറവുണ്ട്. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെങ്കിലും മഴയുടെ ശക്തി നാളെ മുതല്‍ പൊതുവെ കുറഞ്ഞുവരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ അടുത്ത 24 മണിക്കൂറില്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളതിനാല്‍ തീരദേശ വാസികള്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ 5 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. നിലമ്പൂര്‍, തൃശൂര്‍, മൂന്നാര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ഇത്.

മഴക്കെടുതിയില്‍ 5 മരണങ്ങളാണ് മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാസര്‍കോട് 2, തിരുവനന്തപുരം 2, ഇടുക്കി ഒന്ന്.

ശ്രീനാരായണ ഗുരു പ്രതിമ

ശ്രീനാരായണ ഗുരുവിന് ഉചിതമായ സ്മാരകം നിര്‍മിക്കുക എന്ന സര്‍ക്കാരിന്‍റെ ഏറെക്കാലത്തെ ആഗ്രഹം സഫലമായിരിക്കുകയാണ്. നമുക്ക് ജാതിയില്ലാ വിളംബരത്തിന്‍റെ നൂറാം വാര്‍ഷിക സ്മരണാര്‍ത്ഥം മ്യൂസിയം ജംഗ്ഷനില്‍ ഒബ്സര്‍വേറ്ററി ഹില്‍സില്‍ സ്ഥാപിച്ച ഗുരുവിന്‍റെ വെങ്കല പ്രതിമ ഇന്നലെ അനാച്ഛാദനം ചെയ്തു. മറ്റൊരു നവോത്ഥാന നായകനായ ചട്ടമ്പിസ്വാമിക്കും തലസ്ഥാനത്ത് സ്മാരകം സര്‍ക്കാര്‍ ഒരുക്കും.

സര്‍ക്കാരിന്‍റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം ഈ ദിവസങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇ-ചെലാന്‍

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഓണ്‍ലൈന്‍ ആയി പിഴ ഈടാക്കാനുളള ഇ-ചെലാന്‍ സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇന്ന് നിര്‍വ്വഹിച്ചു. വാഹന പരിശോധന, പിഴ അടയ്ക്കല്‍ എല്ലാം ഏറെ സുഗമമാക്കുന്ന സംവിധാനമാണിത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സിറ്റികളില്‍ ഈ സംവിധാനം ഇന്ന് നിലവില്‍ വന്നു. അടുത്ത ഘട്ടത്തില്‍ ഇ-ചെലാന്‍ സംവിധാനം സംസ്ഥാനമാകെ നിലവില്‍ വരും.

പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തില്‍ വാഹനത്തിന്‍റെ നമ്പരോ ഡ്രൈവിങ് ലൈസന്‍സ് നമ്പരോ നല്‍കിയാല്‍ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ കഴിയും. ഡിജിറ്റല്‍ സംവിധാനമായതിനാല്‍ ഇതില്‍ പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ല. സുതാര്യത ഉറപ്പാക്കാനാകും.

കോട്ടയം മെഡിക്കല്‍ കോളേജ്: വിവിധ പദ്ധതികളുടെ ഉദ്ഘാടനം

മധ്യകേരളത്തിലെ മികച്ച പൊതുജനാരോഗ്യ കേന്ദ്രമായ കോട്ടയം മെഡിക്കല്‍ കോളജിന്‍റെ വികസനത്തിനുതകുന്ന വിവിധ പദ്ധതികള്‍  ഉദ്ഘാടനം ചെയ്തു. പൂര്‍ത്തീകരിച്ച അഞ്ച് പദ്ധതികളുടെ ഉദ്ഘാടനവും പുതുതായി ആരംഭിക്കുന്ന രണ്ട് പദ്ധതികളുടെ നിര്‍മാണോദ്ഘാടനവുമാണ് നടത്തിയത്. പുതിയ വാര്‍ഡുകളും ഐസിയുവും, നെഗറ്റീവ് പ്രഷര്‍ ഐസിയു, മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ഹോസ്റ്റല്‍, പിജി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മിച്ച റസിഡന്‍റ് ക്വാര്‍ട്ടേഴ്സ്, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയുമാണ് ഉദ്ഘാടനം ചെയ്തത്.

രണ്ട് പൂതിയ നിര്‍മാണ പ്രവത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. 134.45 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സര്‍ജിക്കല്‍ ബ്ലോക്ക്, മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ സ്റ്റോര്‍ എന്നിവയാണവ. മെഡിക്കല്‍ കോളേജിന്‍റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെട്ടതാണ് സര്‍ജിക്കല്‍ ബ്ലോക്ക്. 564 കോടി രൂപ മുതല്‍മുടക്കുള്ള ഈ ബ്ലോക്കിന്‍റെ ആദ്യഘട്ട നിര്‍മാണത്തിനാണ് കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നല്‍കിയത്.

മെഡിക്കല്‍ കോളേജില്‍ 200 കിടക്കകളുള്ള പുതിയ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ബ്ലോക്കിന്‍റെ നിര്‍മാണത്തിന് നബാര്‍ഡിന്‍റെ
ധനസഹായത്തോടെ 36.42 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഹോസ്റ്റല്‍ സൗകര്യം

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ ഹോസ്റ്റല്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കും. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്‍റെ നിര്‍മാണോദ്ഘാടനവും ഇന്ന് നിര്‍വഹിച്ചു.

ഷോളയൂര്‍, ഇരുമ്പുപാലം, ആനവായ് എന്നിവിടങ്ങളിലാണ് മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകള്‍ പുതിയതായി ആരംഭിച്ചത്. അഗളിയിലാണ് പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. ഷോളയൂരിലെ ഹോസ്റ്റലില്‍ 60 ആണ്‍കുട്ടികള്‍ക്കും ഇരുമ്പുപാലത്ത് 100 പെണ്‍കുട്ടികള്‍ക്കും ആനവായില്‍ 100 കുട്ടികള്‍ക്കും താമസിക്കാനുള്ള സൗകര്യമുണ്ട്.

ഷോളയൂരിലും ഇരുമ്പുപാലത്തും അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. ആനവായില്‍ പുതിയ ഇരുനില മന്ദിരമാണ്. അഗളിയില്‍ 4.74 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില മന്ദിരമാണ് നിര്‍മിക്കുന്നത്. ഇവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അക്കാഡമിക് നിലവാരം ഉയര്‍ത്തുന്നതിനുള്ള സംവിധാനവും ഉണ്ടാവും. പെണ്‍കുട്ടികള്‍ക്കായി തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിക്കും.

വ്യവസായം

കുണ്ടറ കേരളാ സിറാമിക്സിലെ നവീകരിച്ച പ്ലാന്‍റുകളുടെയും പുതിയ പ്രകൃതി വാതക പ്ലാന്‍റിന്‍റെയും ഉദ്ഘാടനം ഇന്ന് നടക്കുകയുണ്ടായി. പൊതുമേഖലാ വ്യവസായങ്ങള്‍ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നയത്തിന്‍റെ ഭാഗമായാണ് കുണ്ടറ സിറാമിക്സിലെ നവീകരണവും വ്യവസായ വകുപ്പ് ഏറ്റെടുത്തത്.

ഇതോടെ ഇവിടെ ആകെയുള്ള അഞ്ചു പ്ലാന്‍റുകളുടെയും നവീകരണം പൂര്‍ത്തിയായിരിക്കുകയാണ്. അതിനൊപ്പം പ്രകൃതിവാതക പ്ലാന്‍റും ആരംഭിക്കുന്നു. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരുന്ന ഈ സ്ഥാപനത്തെ രക്ഷിക്കുന്നതിന് 2017ല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ 23 കോടി രൂപയുടെ സമഗ്ര പുനരുദ്ധാരണ പദ്ധതി ഇതിലൂടെ പൂര്‍ത്തിയാവുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടിയെടുക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചു വരുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.6 കോടി രൂപയായിരുന്നു. ഭരണത്തിന്‍റെ ആദ്യ വര്‍ഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. പിന്നീട്  തുടര്‍ച്ചയായ മൂന്നു വര്‍ഷവും ഈ സ്ഥാപനങ്ങളില്‍ പലതും ലാഭത്തിലായി. 2015-16ല്‍ എട്ട് പൊതുമേഖലാ കമ്പനികളാണ് ലാഭത്തിലുണ്ടായിരുന്നത്. 2019-20ല്‍ പതിനഞ്ച് കമ്പനികള്‍ ലാഭത്തിലാണ്.

2017-18ല്‍ 5 കോടിയും 2018-19ല്‍ 8 കോടിയുമായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭം. 2019-20ല്‍ പ്രവര്‍ത്തന ലാഭം 56 കോടി രൂപയാണ്. ഈ മികച്ച നേട്ടം പൊതുമേഖലയോടുള്ള സര്‍ക്കാരിന്‍റെ സമീപനത്തിന്‍റെ ഫലമാണ്. ഈ സമീപനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വില്‍ക്കാന്‍ തീരുമാനിച്ച സ്ഥാപനങ്ങള്‍ പോലും  സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.
പൊതുമേഖലാ വ്യവസായങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയത് കെഎംഎംഎല്‍ ആണ്. 2018-19ല്‍ 163 കോടി രൂപയാണ് ലാഭം. അതിനു തൊട്ടുമുമ്പത്തെ വര്‍ഷം 181 കോടി രൂപ ലാഭമുണ്ടായി.  

കോവിഡ് മഹാമാരി നമ്മുടെ വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിവിധ പ്രോത്സാഹന പദ്ധതികളിലൂടെ ഈ പ്രതികൂല സാഹചര്യം മറികടക്കാനാണ് ശ്രമിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ തുടങ്ങാന്‍ ഇപ്പോള്‍ കഴിയും. ഇതിനുവേണ്ടി നിയമം കൊണ്ടുവന്നു. ഇതുപ്രകാരം 2020 ജനുവരി മുതല്‍ ഇന്നുവരെ 4042 സംരംഭകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 958 കോടിയുടെ നിക്ഷേപം ഇതുവഴി സംസ്ഥാനത്തുണ്ടായി. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന റെഡ് കാറ്റഗറി ഒഴികെയുള്ള വ്യവസായങ്ങളാണ് മുന്‍കൂര്‍ അനുമതിയില്ലാതെ തുടങ്ങാന്‍ കഴിയുക.

വ്യവസായ നിക്ഷേപത്തിനുള്ള അനുമതി വേഗത്തിലാക്കുന്നതിന് കെ-സ്വിഫ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തി. ഇതുപ്രകാരം 9261 പേര്‍ രജിസ്റ്റര്‍ ചെയ്തു. 906 പേരാണ് അപേക്ഷകള്‍ പൂര്‍ണമായും സമര്‍പ്പിച്ചത്. ഇവരില്‍ 171 പേര്‍ക്ക് അനുമതി നല്‍കി. 237 പേര്‍ കല്‍പ്പിത അനുമതിയോടെ വ്യവസായം തുടങ്ങി. 3600 കോടി രൂപ മുതല്‍മുടക്ക് വരുന്ന 29 വന്‍കിട പദ്ധതികള്‍ക്ക് കെ-സ്വിഫ്റ്റ് വഴി അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ 35,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

വ്യവസായ ലൈസന്‍സുകളുടെ കാലാവധി നേരത്തെ ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയായിരുന്നു. അത് എല്ലാ വിഭാഗത്തിലും അഞ്ചുവര്‍ഷമായി വര്‍ധിപ്പിച്ചു.

കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ചെറുകിട വ്യവസായങ്ങള്‍ക്ക് ‘വ്യവസായ ഭദ്രത’ എന്ന പേരില്‍ 3434 കോടി രൂപയുടെ സഹായ പാക്കേജ് നടപ്പാക്കുകയാണ്. കേരള ബാങ്കുവഴി നബാര്‍ഡിന്‍റെ 225 കോടി രൂപയുടെ മൂലധനസഹായം അനുവദിക്കുന്നുണ്ട്.

കേരളത്തിലെ വ്യവസായങ്ങളില്‍ 70 ശതമാനവും സുക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. കഴിഞ്ഞ 4 വര്‍ഷത്തിനിടെ 58,826 എംഎസ്എംഇകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 5,388 കോടി രൂപയുടെ നിക്ഷേപം നമ്മുടെ സംസ്ഥാനത്ത് വന്നു. 1.6 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്‍റെ തുടര്‍ച്ചയായ ശ്രമഫലമായി ദേശീയ വ്യവസായ ഇടനാഴിയുടെ ഒരു ഭാഗം കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി 1878 ഏക്കര്‍ ഭൂമി പാലക്കാട്ടും 500 ഏക്കര്‍ എറണാകുളത്തും ഏറ്റെടുക്കും. കൊച്ചി-സേലം ദേശീയ പാതയുടെ ഇരുവശങ്ങളിലായി കേരളത്തിന്‍റെ സംയോജിത ക്ലസ്റ്റര്‍ യാഥാര്‍ഥ്യമാകുമ്പോള്‍ 10,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കിന്‍ഫ്രയ്ക്കാണ് പദ്ധതിയുടെ ചുമതല. ആവശ്യമായ പണം കിഫ്ബി വഴി ലഭ്യമാക്കും. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. അനുമതികള്‍ ഏകജാലക സംവിധാനത്തിലൂടെ നല്‍കും.

വ്യവസായ ഇടനാഴിയിലെ ആദ്യ വ്യവസായ സിറ്റി ‘ഗിഫ്റ്റ്’ (കൊച്ചി ഗ്ലോബല്‍ ഇന്‍ഡസട്രീയല്‍ ഫിനാന്‍സ് ആന്‍റ് ട്രേഡ്) പദ്ധതിക്ക് 220 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും. അടുത്ത ഫെബ്രുവരിയില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങളുള്ള കേന്ദ്രമായി ഗിഫ്റ്റിലൂടെ കൊച്ചി മാറും. 1.2 ലക്ഷം പേര്‍ക്ക് നേരിട്ടും 3.6 ലക്ഷം പേര്‍ക്ക് പരോക്ഷമായും ഗിഫ്റ്റിലൂടെ തൊഴില്‍ ലഭിക്കും.

കോവിഡിനു ശേഷമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മെയ് 30ന് നാം മുന്നോട്ട് പരിപാടിയില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചയില്‍ ടെറുപെന്‍പോള്‍ കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ ശ്രീ. പത്മകുമാര്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു. തിരുവനന്തപുരം കേന്ദ്രമായി മെഡിക്കല്‍ ഉപകരണങ്ങളുടെ വ്യവസായം തുടങ്ങുന്നതിന് വലിയ സാധ്യതയുണ്ടെന്ന് പത്മകുമാര്‍ തന്‍റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിച്ചു. ഈ നിര്‍ദേശം ഗൗരവമായി പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ മെഡിക്കല്‍ ഡിവൈന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 24-ന് ഇതിന്‍റെ നിര്‍മാണ ഉദ്ഘാടനം നിശ്ചയിച്ചിട്ടുണ്ട്.

പാലക്കാട് മെഗാ ഫുഡ്പാര്‍ക്ക്, ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്ക് എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഫുഡ് പാര്‍ക്കില്‍ 30 യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചു കഴിഞ്ഞു. ഡിഫന്‍സ് പാര്‍ക്കിന്‍റെ ഉദ്ഘാടനം വൈകാതെ നടക്കും.

ചേര്‍ത്തലയില്‍ മെഗാ മറൈന്‍ ഫുഡ് പാര്‍ക്കിന്‍റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. 84 ഏക്കര്‍ വരുന്ന പാര്‍ക്കില്‍ 26 സംരംഭകര്‍ക്ക് സ്ഥലം അനുവദിച്ചു. 130 കോടി രൂപയാണ് പാര്‍ക്കിന്‍റെ നിര്‍മാണ ചെലവ്. ഈ പാര്‍ക്ക് വഴി 500 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലവസരവും ഉണ്ടാകും.

പാലക്കാട് ലൈറ്റ് എഞ്ചിനീയറിംഗ് പാര്‍ക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഉള്‍പ്പെടെ ആദ്യഘട്ടം പൂര്‍ത്തിയായി. ഏഴു സംരംഭങ്ങള്‍ക്ക് കെട്ടിടം അനുവദിച്ചു. രണ്ടാം ഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും.

മട്ടന്നൂരില്‍ 137 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററിന് ഭരണാനുമതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപരും തോന്നയ്ക്കലില്‍ ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ് ഒന്നാംഘട്ടം തുടങ്ങുന്നതിന് 7.45 ഏക്കര്‍ ഭൂമി സ്വകാര്യ സ്ഥാപനത്തിന് കൈമാറി. രണ്ടാംഘട്ടത്തിന് വര്‍ക്കലയില്‍ 32 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.