തീവ്രവാദ, വര്‍ഗീയ, മയക്കുമരുന്നു ശക്തികള്‍ക്കെതിരെ വിദ്യാര്‍ഥിസമൂഹം ജാഗ്രത പാലിക്കണം

റീജ്യണല്‍ യൂത്ത് പാര്‍ലമെന്റ് 2016-17 ഉദ്ഘാടനം ചെയ്തു. കാമ്പസുകളില്‍ തീവ്രവാദ, വര്‍ഗീയ, മദ്യ-മയക്കുമരുന്നു ശക്തികള്‍ പിടിമുറുക്കുന്നതിനെതിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രീയ വിദ്യാലയ സംഗതന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റീജ്യണല്‍ യൂത്ത് പാര്‍ലമെന്റ് 2016-17 ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ജനാധിപത്യ രാജ്യത്തില്‍ പാര്‍ലമെന്റിന്റെ സ്ഥാനം സുപ്രധാനമാണ്. പാര്‍ലമെന്ററി വ്യവസ്ഥയെക്കുറിച്ച് വിദ്യാര്‍ഥികളും യുവജനങ്ങളും നന്നായി മനസിലാക്കണം. ഓരോ വിദ്യാര്‍ഥി സമൂഹവും അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ പരിഛേദം കൂടിയാണ്. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാകാന്‍ മല്‍സരിക്കുന്നവരാരും നല്ല പൊതുപ്രവര്‍ത്തകരാകാനോ നല്ല രാഷ്ട്രീയ പ്രവര്‍ത്തകരാകാനോ ആഗ്രഹിക്കുന്നില്ല. സാമൂഹിക പ്രതിബദ്ധതയും ആശയവിനിമയ ശേഷിയും കുറഞ്ഞതാണ് വിദ്യാര്‍ഥികള്‍ രാഷ്ട്രീയത്തില്‍ നിന്നകലാന്‍ കാരണം. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചാല്‍ എല്ലാം ഭദ്രവും സ്വസ്ഥവുമാകുമെന്ന് ചിലര്‍ പ്രവചിച്ചിരുന്നു. എന്നാല്‍, അരാഷ്ട്രീയമായ കാമ്പസുകളില്‍ തീവ്രവാദ സംഘടനകള്‍, വര്‍ഗീയ ശക്തികള്‍, ജാതി സംഘടനകള്‍, മദ്യ-മയക്കുമരുന്ന് മാഫിയ തുടങ്ങിയവര്‍ പിടിമുറുക്കിയിരിക്കുകയാണ്. ഇതിനെതിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിച്ച് ചുറ്റുമുള്ള സംഭവങ്ങള്‍ക്ക് നേരെ കണ്ണും കാതും തുറന്നുെവക്കണം. അപ്പോഴേ സമൂഹത്തോട് ഉത്തരവാദിത്വമുള്ള തലമുറയായി വളരാനാകൂവെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ഇളംമനസുകളെ തെറ്റായ വഴികളില്‍ നയിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ കരുതിയിരിക്കണം. സമൂഹത്തിന് ഗുണപരമായ രാഷ്ട്രീയ ബോധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ മറ്റു നിയമസഭകള്‍ക്കും പാര്‍ലമെന്റിനും പോലും മാതൃകയായിരുന്നു. കേരള നിയമസഭ ഇന്നു ചിന്തിക്കുന്നതാണ് മറ്റുള്ളവര്‍ നാളെ ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി അധ്യക്ഷത വഹിച്ചു. സി.പി. നാരായണന്‍ എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേന്ദ്രീയ വിദ്യാലയ സംഗതന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ഉമാ ശിവരാമന്‍ സ്വാഗതവും ആക്കുളം കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ ജോസ് മാത്യു നന്ദിയും പറഞ്ഞു. പാങ്ങോട്, അടൂര്‍ ഷിഫ്റ്റ് വണ്‍, കൊച്ചി നേവല്‍ ബേസ് നമ്പര്‍ വണ്‍, പാലക്കാട്, കാസര്‍കോട് കേന്ദ്രീയ വിദ്യാലയങ്ങളിലെ എട്ടുമുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളാണ് റീജ്യണല്‍ യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്തത്.