Cyber Dome

കേരളാ പോലീസിന്‍റെ ‘സൈബര്‍ ഡോം’ (Cyber Dome) ശില്‍പ്പശാല സന്തോഷപൂര്‍വ്വം ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, നമ്മള്‍ ഇന്ന് ഒരു ഡിജിറ്റല്‍ ലോകത്താണ് ജീവിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അവര്‍ സമ്പന്നരോ ദരിദ്രരോ ആകട്ടെ, സ്വന്തമായി സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ടുനടക്കുന്ന കാലമാണിത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 85 ശതമാനം ജനങ്ങളും ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഭൂരിഭാഗം ജനങ്ങളും ഫെയ്സ് ബുക്ക്, വാട്ട്സ് ആപ്പ്, തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നു. കേരളത്തിലെ 40 ശതമാനം വീടുകളിലും ഇന്‍റര്‍നെറ്റ് സൗകര്യം ഉണ്ട്.

ലാന്‍റ്ഫോണില്‍നിന്നും സ്മാര്‍ട്ട് ഫോണിലേക്കും, ടൈപ്പ്റൈറ്റര്‍ യുഗത്തില്‍ നിന്നും കമ്പ്യൂട്ടര്‍ യുഗത്തിലേക്കുമുള്ള മാറ്റത്തോടൊപ്പം കുറ്റകൃത്യങ്ങളുടെ രീതിയിലും ഈ മാറ്റം പ്രകടമായി കാണുന്നു. ഇന്ത്യയില്‍ സൈബര്‍ക്രൈം വളര്‍ച്ചാനിരക്ക് 2015 ല്‍ ഏകദേശം 60 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഈ സൈബര്‍ കുറ്റങ്ങളുടെ വളര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ള സംസ്ഥാനമാണ് നമ്മുടേത്. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം, വ്യാജ അക്കൗണ്ടുകള്‍, അപകീര്‍ത്തിപ്പെടുത്തല്‍, ലോട്ടറി തട്ടിപ്പുകള്‍ തുടങ്ങി നിരവധി പരാതികള്‍ ദിനംപ്രതി എനിക്ക് നേരിട്ടും ലാമശഹ മുഖാന്തിരവും ലഭിക്കുന്നുണ്ട്. കേരളത്തിലെ വിദ്യാസമ്പന്നരായ ജനങ്ങളുടെ ഇടയില്‍ ഇന്‍റര്‍നെറ്റിന്‍റെ അതിവിപുലമായ വളര്‍ച്ചയും, സ്മാര്‍ട്ട് ഫോണുകളുടെ വരവും പരമ്പരാഗതമായ കുറ്റകൃത്യങ്ങളില്‍നിന്നും ഇന്‍റര്‍നെറ്റ് മുഖേനയുള്ള കുറ്റകൃത്യങ്ങളിലേക്കുള്ള മാറ്റത്തിന് ഇടയാക്കി.

ഈ ഭീഷണി നേരിടാന്‍ സാധാരണഗതിയിലുള്ള പോലീസ് സംവിധാനത്തിലൂടെ സാധിക്കുകയില്ല. സൈബര്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. സാധാരണ ഒരു പോലീസ് ഉദ്യോഗസ്ഥന് ഇത്തരം സാങ്കേതികവും സങ്കീര്‍ണ്ണവുമായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയോ പരിശീലനമോ കിട്ടിയിട്ടുണ്ടാവില്ല. ഇതുകൊണ്ടാണ് കേരളാ പോലീസില്‍ ‘സൈബര്‍ഡോം’ എന്ന ഒരു പുതിയ ആശയം രൂപപ്പെട്ടത്. ഇത് നമ്മുടെ രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ്. ഇത് കേരളത്തില്‍ നമുക്ക് സാധിക്കാനായി എന്നത് അഭിമാനകരമാണ്.

സൈബര്‍ഡോം എന്നത് പങ്കാളിത്തം എന്ന തത്വത്തില്‍ അധിഷ്ഠിതമായ ഒന്നാണ്. വിവിധ സംസ്ഥാനങ്ങളിലെയും വിവിധ രാജ്യങ്ങളിലെയും പോലീസ് ഡിപ്പാര്‍ട്ടുമെന്‍റുകള്‍ തമ്മിലും, പോലീസ് ഡിപ്പാര്‍ട്ട്മെന്‍റും ഐ.ടി അധിഷ്ഠിത സ്ഥാപനങ്ങള്‍ തമ്മിലും പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുവാനുള്ള ഒരു സംവിധാനം ഇതിലൂടെ സാധ്യമാകും. വിവര സാങ്കേതികരംഗത്തുള്ള വിദഗ്ദ്ധരുമായി സഹകരിച്ചും യോജിച്ചും പ്രവര്‍ത്തിച്ചില്ല എങ്കില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ നമുക്ക് കഴിയില്ല. ഈ തിരിച്ചറിവ് നമുക്കുണ്ട്. ഇന്‍റര്‍നെറ്റുകളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാനും അന്വേഷിച്ച് കണ്ടെത്താനും സൈബര്‍ വിദഗ്ദ്ധരുടെ സഹായം നമുക്ക് കൂടിയേ തീരൂ.

കഴിഞ്ഞ ഒരു മാസക്കാലയളവില്‍ സൈബര്‍ഡോം വളരെ മികച്ച രീതിയിലും ഫലപ്രദമായും പ്രവര്‍ത്തിച്ചു. ഇതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സമൂഹമാധ്യമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, സൈബര്‍ഡോമിന് വലിയ ഒരളവില്‍ സാധിക്കുന്നുണ്ട്. ഗവണ്‍മെന്‍റ് വെബ്സൈറ്റുകള്‍ സംരക്ഷിക്കുന്നതിനും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകള്‍, മലയാള സിനിമകളുടെ വ്യാജപകര്‍പ്പുകളുടെ നിര്‍മ്മാണം, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അശ്ലീല പ്രചരണങ്ങള്‍ എന്നിവ തടയുന്നതിനും സൈബര്‍ഡോമിലൂടെ സാധിക്കുന്നുണ്ട്.

ഇന്ന് സൈബര്‍ഡോം പുതിയ ചില സംരംഭങ്ങള്‍ ആരംഭിക്കുകയാണ്. അതില്‍ ആദ്യത്തേത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹമാധ്യമങ്ങളുടെ ഉപയോഗം സുരക്ഷിതമാക്കുവാന്‍ വേണ്ടിയുള്ള സോഷ്യല്‍ മീഡിയ ലാബിന്‍റെ ആരംഭമാണ്. സൈബര്‍ഡോം സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുകയും ചെയ്യും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഐ.ടി വിദഗ്ദ്ധരും പോലീസും കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി അന്വേഷിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരെ സജ്ജരാക്കുംവിധം അവര്‍ക്ക് ഏറ്റവും നൂതനമായ രീതിയിലുള്ള പരിശീലനം നല്‍കുവാനും അവസരമുണ്ടാവുകയാണ്.

കേരള ജനതയ്ക്ക് പ്രയോജനപ്പെടുന്ന മറ്റൊരു പ്രധാനപ്പെട്ട സംരംഭമാണ് ട്രാഫിക് ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് മനസ്സിലാക്കാനും, ട്രാഫിക് കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഫൈനുകള്‍ അറിയാനും സാധിക്കും. പോലീസ് സ്റ്റേഷനുകളുടെയും ഓഫീസര്‍മാരുടെയും വിവരങ്ങളും ഫോണ്‍ നമ്പറുകളും അറിയുവാനും ഇത് ഉപകരിക്കും. ഈ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ക്ക് ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികള്‍ ചിത്രങ്ങള്‍ സഹിതം നല്‍കുവാന്‍ സാധിക്കും. ഈ ആപ്ലിക്കേഷനിലൂടെ ട്രാഫിക് സംബന്ധമായ ഫൈനുകള്‍ പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ സ്വന്തം വീട്ടിലിരുന്നുകൊണ്ട് അടയ്ക്കാനും കഴിയും. പോലീസ് സര്‍ക്കുലറുകള്‍ ഓണ്‍ലൈന്‍ വഴി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അപ്പപ്പോള്‍ വായിക്കുവാനും മനസ്സിലാക്കുവാനും സാധിക്കും.

പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഇത്തരം പുതുസംരംഭങ്ങള്‍ ഇനിയും തുടരും. നമ്മുടെ രാജ്യത്തെ ഏറ്റവും ആധുനികമായ പോലീസ് സേനയാക്കി കേരളാ പോലീസിനെ മാറ്റേണ്ടതുണ്ട്. കേരളാ പോലീസിനെ സൈബര്‍ സുരക്ഷയുടെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനായി സൈബര്‍ ഡോമിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന കേരളത്തിലെ എല്ലാ ജനങ്ങളുടെയും സൈബര്‍ സുരക്ഷ നമുക്ക് ഉറപ്പാക്കുവാന്‍ കഴിയണം. കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമായും കേരളാ പോലീസിനെ സാങ്കേതിക തികവുള്ള ഒരു ആധുനിക പോലീസ് സേനയായും നമുക്ക് പൂര്‍ണ്ണാര്‍ത്ഥത്തില്‍ മാറ്റേണ്ടതുണ്ട്.

സുരക്ഷിതമായ ഒരു സൈബര്‍ ലോകം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഐ.ടി വിദഗ്ദ്ധരുടെയടക്കം എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു.