സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ആഗസ്റ്റ് 19ന് മുഖ്യമന്ത്രി വിതരണം ചെയ്യും

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഈ വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ആഗസ്റ്റ് 19ന് വൈകിട്ട് നാലിന് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. ചടങ്ങില്‍ ഐ.പി.ആര്‍.ഡി സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് സ്വാഗതം ആശംസിക്കും. ഐ.പി.ആര്‍.ഡി ഡയറക്ടര്‍ മിനി ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി, പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, കെ.യു.ഡബ്‌ളിയു.ജെ പ്രസിഡന്റ് സി. റഹീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഐ.പി.ആര്‍.ഡി അഡീ. ഡയറക്ടര്‍ പി. വിനോദ് നന്ദി പറയും. പ്രമുഖ ഫോട്ടോഗ്രാഫര്‍ ശിവനെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും. ചടങ്ങിനോടനുബന്ധിച്ച് ‘ഫോട്ടോ ജീവിതം: അറിവ്, അനുഭവം എന്ന വിഷയത്തില്‍ ഉച്ചക്ക് രണ്ടിന് സംവാദം സംഘടിപ്പിക്കും. പ്രശസ്ത ഛായാഗ്രാഹകരായ സണ്ണി ജോസഫ്, കെ.ജി. ജയന്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ ഐ.പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ വി. സലിന്‍ സ്വാഗതവും പ്രസ് റിലീസ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ നന്ദിയും പറയും. വൈകിട്ട് മൂന്നു മണിമുതല്‍ കലാവിരുന്നും അരങ്ങേറും. പത്തനാപുരം പാതിരിയ്ക്കല്‍ ശാസ്താംകാവ് പടിഞ്ഞേറ്റതില്‍ ജി. സുധാകരനാണ് ഫോട്ടോഗ്രാഫി അവാര്‍ഡില്‍ ഒന്നാം സമ്മാനം ലഭിച്ചത്. തൃശൂര്‍ തൈക്കാട്ടുശേരി കോട്ടയില്‍ ഹൗസില്‍ റനീഷിനാണ് രണ്ടാം സമ്മാനം. തൃശൂര്‍ വടക്കാഞ്ചേരി സത്യ ഡിജിറ്റല്‍ സ്റ്റുഡിയോയിലെ ശ്രീധരന്‍ വടക്കാഞ്ചേരിക്കാണ് മൂന്നാം സമ്മാനം. ഒന്നാം സമ്മാനമായി 50,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും രണ്ടാം സമ്മാനമായി 30,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനമായി 25,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും ജേതാക്കള്‍ക്ക് സമ്മാനിക്കും. ഇതിനുപുറമേ, 10 പേര്‍ക്ക് പ്രോല്‍സാഹന സമ്മാനവും നല്‍കുന്നുണ്ട്. ‘മണ്ണും മനുഷ്യനും’ എന്നതായിരുന്നു ഈ വര്‍ഷത്തെ വിഷയം. ആകെ 434 പേര്‍ പങ്കെടുത്തു. 1033 ചിത്രങ്ങള്‍ എന്‍ട്രികളായി ലഭിച്ചു. പുരസ്‌കാരത്തിന് സമര്‍പ്പിച്ച ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടുത്തി വി.ജെ.ടി ഹാളില്‍ ആരംഭിച്ച പ്രദര്‍ശനം സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം 20ന് സമാപിക്കും.

/ In Press Release / Tags: , / By CM Kerala / Comments Off on സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ആഗസ്റ്റ് 19ന് മുഖ്യമന്ത്രി വിതരണം ചെയ്യും