സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡുകൾ മുഖ്യമന്ത്രി സമ്മാനിച്ചു

ഈ വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ വി.ജെ.ടി ഹാളില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. പത്തനാപുരം പാതിരിയ്ക്കല്‍ ശാസ്താംകാവ് പടിഞ്ഞാറ്റേതില്‍ ജി. സുധാകരന്‍ ഒന്നാം സമ്മാനം ഏറ്റുവാങ്ങി. തൃശൂര്‍ തൈക്കാട്ടുശേരി കോട്ടയില്‍ ഹൗസില്‍ റനീഷ് രണ്ടാം സമ്മാനവും തൃശൂര്‍ വടക്കാഞ്ചേരി സത്യ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ ശ്രീധരന്‍ വടക്കാഞ്ചേരി മൂന്നാം സമ്മാനവും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

അതീവ പ്രാധാന്യത്തോടെ ഫോട്ടോഗ്രാഫി നമ്മുടെ ലോകത്ത് ഇനിയും നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ‘മണ്ണും മനുഷ്യനും’ എന്ന പ്രസക്തമായ വിഷയം മല്‍സരത്തിനായി തിരഞ്ഞെടുത്തത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവനെ ചടങ്ങില്‍ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഫലകവും 25,000 രൂപയും അടങ്ങുന്ന സമ്മാനവും സമര്‍പ്പിച്ചു.

ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് സ്വാഗതം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള, കെ.യു.ഡബ്‌ളിയു.ജെ ജില്ലാ പ്രസിഡന്റ് സി. റഹീം, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. വിനോദ് നന്ദി പറഞ്ഞു. ചടങ്ങിന് മുന്നോടിയായി നടന്ന സംവാദത്തില്‍ പ്രമുഖ ഛായാഗ്രാഹകരായ സണ്ണി ജോസഫ്, കെ.ജി. ജയന്‍ എന്നിവര്‍ സംബന്ധിച്ചു. ‘ഫോട്ടോ ജീവിതം: അറിവ്, അനുഭവം’ എന്ന വിഷയത്തിലായിരുന്നു സംവാദം. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. സലിന്‍ സ്വാഗതം പറഞ്ഞു. സംവാദത്തെത്തുടര്‍ന്ന് കലാവിരുന്നും നടന്നു.

ഫോട്ടോഗ്രാഫി അവാര്‍ഡിന് ഒന്നാം സമ്മാനമായി 50,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും രണ്ടാം സമ്മാനമായി 30,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനമായി 25,000 രൂപയും ശില്‍പവും സര്‍ട്ടിഫിക്കറ്റുമാണ് ജേതാക്കള്‍ക്ക് സമ്മാനിച്ചത്. ഇതിനുപുറമേ, 10 പേര്‍ക്ക് 2500 രൂപയുടെ പ്രോല്‍സാഹന സമ്മാനവും നല്‍കി. സിബി കെ. തമ്പി (കിഴക്കേക്കുട്ട്, കൊല്ലാട് പി.ഒ, കോട്ടയം), ബിജുലാല്‍ എം.ഡി (നെസ്റ്റ്, ചാണി, കാഞ്ഞിരംകുളം പി.ഒ, തിരുവനന്തപുരം), സക്കറിയ പൊന്‍കുന്നം (വെച്ചൂര്‍ ഹൗസ്, പൊന്‍കുന്നം പി.ഒ, കോട്ടയം), പ്രവീണ്‍ പോള്‍ (കളത്തില്‍ ഹൗസ്, അര്‍ത്താട്ട് പി.ഒ, കുന്നംകുളം), രാകേഷ് പുത്തൂര്‍ (പരിയാരത്ത് ഹൗസ്, കൊഴുമ്മല്‍ പി.ഒ, കണ്ണൂര്‍), ശിവാനന്ദന്‍ പി.വി (ഹിമ, പട്ടത്ത് വീട്, ശങ്കരയ്യര്‍ റോഡ്, തൃശൂര്‍), അനൂപ് കുമാര്‍ പി.എ (പള്ളത്ത് പറമ്പില്‍ വീട്, കിഴക്കേക്കോട്ട പി.ഒ, തൃശൂര്‍), സമില്‍ കെ. നായര്‍ (കല്ലാട്ടുവളപ്പില്‍, പുല്ലഴി പി.ഒ, തൃശൂര്‍), ആര്‍.വി. മധു (43 എ, ശാന്തിനഗര്‍, പുത്തന്‍ചന്ത, തിരുവനന്തപുരം), കിഷോര്‍ മാധവന്‍ (അമുദ് നിവാസ്, ഐ.ആര്‍.എ 116, സ്വാതി ലെയിന്‍, പാപ്പനംകോട്, തിരുവനന്തപുരം) എന്നിവര്‍ക്കാണ് പ്രോല്‍സാഹന സമ്മാനം ലഭിച്ചത്.

പുരസ്‌കാരത്തിന് സമര്‍പ്പിച്ച ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടുത്തി വി.ജെ.ടി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം ഇന്ന് (ആഗസ്റ്റ് 20) സമാപിക്കും.