തെരുവുനായ ശല്യം : കര്‍ശന ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉടന്‍ നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

പ്രശ്‌നം രൂക്ഷമായ പ്രദേശങ്ങളില്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സെപ്റ്റംബര്‍ ഒന്നുമുതല്‍ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കും. ഇതിനായി പ്രത്യേക നായ വന്ധ്യംകരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും. തുടര്‍ന്ന്, ഒക്‌ടോബര്‍ ഒന്നുമുതല്‍ വിശദമായ പദ്ധതി തയാറാക്കി സംസ്ഥാന വ്യാപകമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമാനുസൃതമായി തെരുവുനായ നിയന്ത്രണ നടപടികള്‍ ആരംഭിക്കും. പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം അതത് ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ നായകളെ പിടികൂടി പ്രത്യേക ക്യാമ്പുകളില്‍ എത്തിച്ച് വന്ധ്യംകരണം നടത്തും. ഇവയ്ക്ക് ആവശ്യമായ സംരക്ഷണവും ചികില്‍സയും നല്‍കും. ഇതിനായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കു പുറമേ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിക്കും. അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. എല്ലാ ജില്ലാ ഫാമുകളിലും ഇത്തരത്തില്‍ പിടികൂടുന്ന നായകളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തും. മുഴുവന്‍ മൃഗക്ഷേമ സംഘടനകളെയും രജിസ്റ്റര്‍ ചെയ്യിക്കും. പരിശീലനം സിദ്ധിച്ച നായപിടുത്തക്കാരെ കണ്ടെത്തി തെരുവുനായകളെ പിടികൂടുന്നത് അടിയന്തരമായി നടപടി ആരംഭിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പദ്ധതി നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിക്കും. മാസത്തില്‍ പത്തുദിവസമെങ്കിലും ഓരോ ബ്‌ളോക്ക് അടിസ്ഥാനത്തില്‍ നായകളുടെ വന്ധ്യംകരണ ക്യാമ്പ് നടത്താനുള്ള സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ, മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. രാജു, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, സ്‌പെഷ്യല്‍ സെക്രട്ടറി വി.കെ. ബേബി, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍. ശശി, കുടുംബശ്രീ ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകി, പഞ്ചായത്ത് അഡീ. ഡയറക്ടര്‍ ഈപ്പന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

/ In Press Release / Tags: , / By CM Kerala / Comments Off on തെരുവുനായ ശല്യം : കര്‍ശന ഇടപെടലിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം