ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതി

കേരള ജനതയുടെ ആരോഗ്യസൂചകങ്ങള്‍ വികസിതരാജ്യങ്ങള്‍ക്ക് സമാനമാണെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യവും താഴ്ന്ന ജനനമരണ നിരക്കുകളും കുറഞ്ഞ ചിലവിലുള്ള ആരോഗ്യ സംരക്ഷണവും കേരളത്തെ ഇന്ത്യയിലെ മററു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

എന്നാല്‍, അടുത്ത കാലത്തായി ഈ സ്ഥിതി പ്രതിസന്ധിയിലാവുകയാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ജീവിതരീതിയില്‍ മാറ്റം വരികയും ചെയ്തതിനാല്‍ ജീവിതശൈലീ രോഗങ്ങള്‍ കൂടുതലായതാണ് ഇതിനു കാരണം. ഇതുകൊണ്ടുതന്നെ പതിനായിരക്കണക്കിന് ആള്‍ക്കാരുടെ മരണത്തിനും അതിന്‍റെ പതിന്മ ആള്‍ക്കാരുടെ കഷ്ടപ്പാടുകള്‍ക്കും കാരണമാകുന്ന ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വര്‍ധിച്ച പ്രസക്തിയാണ് ഇന്നുള്ളത്.

ഇത്തരം ഒരു സാമൂഹ്യ സാഹചര്യത്തിലാണ് ശ്രീചിത്ര ഇന്‍സ്റ്റ്യൂട്ടില്‍ ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതി സംഘടിപ്പിച്ചിട്ടുള്ളത്. വിഷയത്തിന്‍റെ പ്രാധാന്യത്തിന്‍റെയും ബോധവല്‍ക്കരണത്തിന്‍റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലാണ് ഇത് കൂടുതല്‍ പ്രസക്തിയും പ്രാധാന്യവും ഉള്ളതാകുന്നത്. ഇതുകൊണ്ടുതന്നെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ജീവിതശൈലീരോഗങ്ങളായ അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശരോഗങ്ങള്‍ എന്നിവമൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. തിരുവനന്തപുരത്തെ ആര്‍സിസിയിലും കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ സെന്‍ററിലും നിത്യേന എത്തുന്ന രോഗികളുടെ എണ്ണം കണക്കാക്കിയാല്‍ തന്നെ കേരളത്തിലെ കാന്‍സര്‍ രോഗത്തിന്‍റെ ഭയാനകത മനസ്സിലാക്കാം. ഇതിനു പുറമെയാണ് വിവിധ മെഡിക്കല്‍ കോളേജുകളിലും പ്രൈവറ്റ് ആശുപത്രികളിലും ചികിത്സ തേടുന്ന കാന്‍സര്‍ രോഗികള്‍. പലരുടെയും കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാവുന്ന കാലാവധി കഴിഞ്ഞതോ, ചികിത്സയ്ക്ക് വശപ്പെടാത്തതോ ആയിരിക്കും. എല്ലാവര്‍ക്കും ശരിയായ കാന്‍സര്‍ ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമായ സാമ്പത്തികശേഷി വികസിത രാജ്യങ്ങള്‍ക്കുപോലും താങ്ങാനാവാത്തതാണ്. എന്നിരിക്കെ നമ്മുടെ കാര്യം പറയേണ്ടതില്ല. അതുകൊണ്ടുതന്നെ കാന്‍സര്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തലാണ് ഏറ്റവും പ്രധാനം.

കേരളത്തില്‍ വ്യാപകമായി ചെറുപ്പക്കാരുടെ മരണത്തിന് കാരണമാകുന്ന മറ്റൊരു അസുഖമാണ് ഹൃദ്രോഗം. ഹൃദ്രോഗ ചികിത്സ കേരളത്തിലെ പ്രധാന ആശുപത്രികളിലെല്ലാം ലഭ്യമാണെങ്കിലും അതിന്‍റെ സാമ്പത്തികബാധ്യതയും മറ്റും കണക്കിലെടുക്കുമ്പോള്‍ അത് വരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലിന്‍റെ പ്രാധാന്യം മനസ്സിലാകും.

കേരളത്തില്‍ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ഉള്ള രോഗികളുടെ എണ്ണവും ഒട്ടും കുറവല്ല. ഇവ രണ്ടും നേരത്തെ കണ്ടുപിടിക്കപ്പെടുന്നുണ്ടെങ്കിലും കൃത്യമായ തോതില്‍ ശരിയായ ചികിത്സ എടുക്കുന്നതില്‍ പലരും വീഴ്ച വരുത്തുന്നുണ്ട്. ഇതുമൂലം കൂടുതല്‍ പേര്‍ക്ക് പ്രമേഹത്തിന്‍റെയും രക്താതിസമ്മര്‍ദ്ദത്തിന്‍റെയും വിഷമതകള്‍ അനുഭവിക്കേണ്ടി വരുന്നു. കാലുകള്‍ മുറിച്ച് മാറ്റുകയോ പക്ഷാഘാതം വന്ന് കിടപ്പിലാകുകയോ ചെയ്യേണ്ടിവരുന്ന അവസ്ഥയുണ്ടാവുന്നു.

കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക് പുറമെ മാനസിക രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, പക്ഷാഘാതം എന്നിവയും നമ്മുടെ നാട്ടില്‍ കാണുന്ന ജീവിതശൈലീരോഗങ്ങളാണ്. ജീവിതശൈലീരോഗങ്ങള്‍ പലതാണെങ്കിലും ഇവയുടെയെല്ലാം മൂലകാരണങ്ങള്‍ സമാനമാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതും ജീവിതരീതിയില്‍ വന്ന മാറ്റങ്ങളുമാണ് ഇത്തരം രോഗങ്ങള്‍ കൂടുതലായി ഈ കാലഘട്ടത്തില്‍ അനുഭവപ്പെടുന്നതിന്‍റെ കാരണം.

ക്രമമായ വ്യായാമം ചെയ്തുകൊണ്ടുള്ള ജീവിതരീതിയും, വിഷമില്ലാത്ത ഭക്ഷണം കഴിക്കുന്ന ശീലവും ഉണ്ടായിരുന്ന നമ്മുടെ ജനത ഇന്നിപ്പോള്‍ വ്യായാമമില്ലാത്ത ജീവിതചര്യയും വിഷമയമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ച് വളരുന്ന ശീലവും ഉള്ളവരായി മാറി കഴിഞ്ഞു. ഫാസ്റ്റ് ഫുഡും ബേക്കറി ആഹാരങ്ങളും ധാരാളം കഴിക്കുന്നു. അതിലൂടെ ആരോഗ്യം നശിപ്പിക്കുന്ന കൊഴുപ്പും അമിതമായ ഉപ്പും മധുരവും ഒക്കെ
ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. ഇത്തരം ജീവിതശൈലിക്ക് മാറ്റമുണ്ടായാല്‍ മാത്രമേ നമ്മുടെ ശരീരത്തെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദ്ദം എന്നിവയില്‍ നിന്നു നമുക്കു മോചനം ഉണ്ടാവുകയുള്ളൂ. അതിനുവേണ്ടി സമൂഹത്തെ മാറ്റിയെടുക്കേണ്ട ഉത്തരവാദിത്വമാണ് ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ടത്. ഇതിനുവേണ്ട പദ്ധതികള്‍ ആവിഷ്കരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും
ചെയ്യേണ്ട ഉത്തരവാദിത്വം പഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ടതാണ്.

പുകയില ഉപയോഗവും മദ്യപാനവും ഇന്നത്തെ സമൂഹത്തില്‍ പടരുകയാണ്. പുകയില ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണവും നിയമപരമായ നടപടികളും നടപ്പിലാക്കുന്നുണ്ടെങ്കിലും പുതിയ രീതിയിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ അറിഞ്ഞും അറിയാതെയും ജനങ്ങള്‍ ഉപയോഗിച്ചു വരുന്നു.ചെറുപ്പക്കാരുടെ ഇടയില്‍ പാന്‍മസാലയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളും ഏജന്‍സികളും പുകയില ഉപയോഗത്തിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പാന്‍മസാലയുടെ വ്യാപനവും ഉപയോഗവും തടയാന്‍ പഞ്ചായത്ത് തലത്തിലുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനം ആവശ്യമാണ്. രഹസ്യമായി അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന പാന്‍മസാലകള്‍ കൂടിയ വിലയ്ക്ക് ആവശ്യക്കാരില്‍ എത്തിക്കുകയും അതുവഴി അമിതലാഭം ഉണ്ടാക്കുകയും ചെയ്യുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ കുറവല്ല. സ്കൂള്‍ പരിസരങ്ങളിലാണ് വിവിധ തരത്തിലുള്ള മിഠായികളുടെ മറ്റും രൂപത്തില്‍ ഇവരുടെ ഉല്‍പന്ന വിതരണം വലിയതോതില്‍ നടക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ നമ്മുടെ വിദ്യാലയങ്ങളെ പുകയിലയില്‍ നിന്നും, മറ്റു ലഹരിവസ്തുക്കളില്‍ നിന്നും വിമുക്തമാക്കിയാലേ ആരോഗ്യമുള്ള ഭാവിപൗരന്മാരെ വാര്‍ത്തെടുക്കാന്‍ നമുക്കു കഴിയൂ.

സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും ഭദ്രത തകര്‍ക്കുന്ന രീതിയിലുള്ള അമിതമായ മദ്യഉപയോഗം അനേകായിരം കുടുംബങ്ങളുടെ ഭാവി ഇല്ലാതാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കുന്നതിനുവേണ്ടി ചിലവാക്കേണ്ട തുക മദ്യത്തിനുവേണ്ടി ചിലവാക്കുന്നതുമൂലം ആയിരക്കണക്കിന് കുടുംബങ്ങളുടെ ഭദ്രത നഷ്ടപ്പെടുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. മദ്യാസക്തി ആളുകളെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയും കുറ്റവാസനയുള്ളവരാക്കി തീര്‍ക്കുകയും ചെയ്യുന്നു. ആരോഗ്യം നശിപ്പിക്കുകയും പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് അടിമയാക്കുകയും ചെയ്യുന്നു. ഇതിനൊക്കെ എതിരെ കുടുംബശ്രീ, അയല്‍ക്കൂട്ടം എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണ്.

ജീവിതശൈലീരോഗങ്ങള്‍ക്കെതിരായ കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ആവശ്യകതയും ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ വഹിക്കേണ്ട പങ്കും കണക്കിലെടുത്തുകൊണ്ടു നടപ്പിലാക്കുന്ന പദ്ധതിയാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത്. ഈ പദ്ധതിയുടെ ആദ്യപടി എന്ന നിലയില്‍ ഈ വര്‍ഷം 200ഓളം ഗ്രാമപഞ്ചായത്തുകളിലും 350ഓളം വിദ്യാലയങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ വരും വര്‍ഷങ്ങളിലും ഈ പദ്ധതി തുടരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതാണ്.

ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളെയും 8 മുതല്‍ 12 ക്ലാസുകളുള്ള വിദ്യാലയങ്ങളെയും ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ഓരോ വിദ്യാലയത്തിലെയും രണ്ടോ മൂന്നോ അധ്യാപകര്‍ക്ക് ഇതിനുവേണ്ട പരിശീലനം നല്‍കി വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കണം. അങ്ങനെ പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കണം. ജീവിതശൈലീരോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും അതുവഴി ജീവിതശൈലീരോഗങ്ങള്‍ പ്രതിരോധിക്കാനുമുള്ള സാഹചര്യം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയണം.
കേരളത്തിലെ ജീവിതശൈലീരോഗങ്ങളുടെയും രോഗകാരണങ്ങളുടെയും കണക്കെടുപ്പ് ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. 5 വര്‍ഷത്തിനുശേഷം വീണ്ടും ഇത്തരം ഒരു കണക്കെടുപ്പ് നടത്തി ഈ രംഗത്തു നടത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മനസ്സിലാക്കാനും ഗവണ്‍മെന്‍റ് ഉദ്ദേശിക്കുന്നു.

ഓരോ ഗ്രാമപഞ്ചായത്തിലെയും ജനസമൂഹത്തെ പുത്തന്‍ ജീവിതരീതിയിലേക്കു നയിച്ച് ജീവിതശൈലീരോഗങ്ങളില്‍നിന്നും മുക്തരാക്കേണ്ട വലിയ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തുകള്‍ക്കുണ്ട്. അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്നാണ് ഈ സന്ദര്‍ഭത്തില്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ആരോഗ്യസ്ഥാപനം കേരളത്തില്‍ ഉണ്ടാവേണ്ടതുണ്ട്. ചികിത്സക്കൊപ്പം ഗവേഷണത്തിനും പ്രാധാന്യം നല്‍കുന്ന രീതിയിലാകണം ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവേഷണത്തിലൂന്നിയുള്ള പ്രവര്‍ത്തനത്തിന് ആരോഗ്യപ്രവര്‍ത്തകരും പ്രാധാന്യം നല്‍കണം. ആരോഗ്യസംബന്ധമായ വിഷയങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ ഇടപെടുമ്പോള്‍ പോലും ഒരു പഠനാത്മക സ്വഭാവം ഉണ്ടാകണം. ഒരു പ്രത്യേകതരം രോഗം ആവര്‍ത്തിച്ച് ഉണ്ടാകുന്നു എന്നുവന്നാല്‍ അതിന്‍റെ കാരണം പരിശോധിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാവുന്ന നിരീക്ഷണങ്ങള്‍ വലിയ ദുരന്തത്തില്‍നിന്നും രക്ഷനേടാന്‍ സഹായകമായെന്നുവരും. ചെറിയൊരു ശ്രദ്ധ വലിയ അപകടത്തില്‍ നിന്നും രക്ഷ നല്‍കും. ഇത് നിത്യ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പ്രാധാന്യമുള്ള ഒന്നാണ്. ക്ഷണിച്ച് വരുത്തുന്ന രോഗങ്ങളില്‍ നിന്നുള്ള മോചനത്തിനും അതിനെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്ന നിശ്ചയദാര്‍ഢ്യമാണ് ഇത്തരം കൂട്ടായ്മകളില്‍ നിന്നും ഉണ്ടാവേണ്ടത്. അത്തരത്തില്‍ പ്രവര്‍ത്തിക്കും എന്ന ഉറപ്പുനല്‍കുന്ന ഈ പദ്ധതിക്ക് എല്ലാവിധ ആശംസയും നേര്‍ന്നുകൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.