എറണാകുളം മെഡിക്കൽ കോളജ് ബിരുദദാന ചടങ്ങ്

ലോകത്തിന്റെ മുന്നിൽ കേരളത്തിന്റെ അന്തസ്സുയർത്തുന്നതിൽ ആരോഗ്യമേഖല വഹിച്ച പങ്ക് വളരെ വലുതാണ്. കേരള വികസന മോഡലിന്റെ ആധാരശിലകളിലൊന്നാണ് പൊതുജനാരോഗ്യരംഗം. രണ്ടായിരാമാണ്ടിൽ എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം അതിനും വളരെ
മുമ്പേ നേടിയെടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ആ ലക്ഷ്യം അതിന്റേതായ അർഥത്തിൽ കാത്തുസൂക്ഷിക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോയെന്നതു സംബന്ധിച്ച് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

വികസിത രാജ്യങ്ങൾക്ക് തുല്യമായ ആരോഗ്യ നിലവാരം കൈവരിച്ച സംസ്ഥാനമാണ് കേരളം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളായ ശിശു-മാതൃമരണ നിരക്കുകൾ കുറച്ചുകൊണ്ടുവരാനും ആയുർദൈർഘ്യം വർധിപ്പിക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ
വരെയുള്ള സർക്കാർ ആശുപത്രികൾ പാവപ്പെട്ടവർക്ക് ചികിത്സാലഭ്യത ഉറപ്പുവരുത്താൻ വേണ്ടി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. സർക്കാരും പൊതുസമൂഹവും ചെലവിടുന്ന മൊത്തം തുക കണക്കിലെടുത്താൽ, വികസിത രാജ്യങ്ങളിലേതിനെ അപേക്ഷിച്ച് വളരെ തുച്ഛമായ തുകയാണ് ആരോഗ്യാവശ്യങ്ങൾക്കായി നാം ചെലവിടുന്നതെന്ന് കാണാൻ കഴിയും. ആ തുച്ഛമായ തുകകൊണ്ടാണ് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ മികച്ച ആരോഗ്യനിലവാരം കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞത്. അതുകൊണ്ടാണ് കേരളത്തിന്റെ ആരോഗ്യമാതൃകയെ ലോകാരോഗ്യ സംഘടനയും മറ്റും പ്രകീർത്തിക്കുന്നത്.

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്ന് നവീന ചികിത്സാസൗകര്യങ്ങൾ ലഭ്യമാണ്. ഹൃദ്രോഗ ചികിത്സക്കാവശ്യമായ ആഞ്ചിയോപ്ലാസ്റ്റിയും ബൈപാസ്സ് സർജറിയും അവയവമാറ്റ ശാസ്ത്രക്രിയകളും അവിടെ നടക്കുന്നു. ഹൃദയം മാറ്റിവയ്ക്കൽ, കരളുമാറ്റി വയ്ക്കൽ തുടങ്ങിയവയൊക്കെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെന്ന പോലെ നമ്മുടെ മെഡിക്കൽ കോളജുകളിലും ഇന്ന് ചെയ്യാൻ സാധിക്കും. ഇത് പ്രശംസനീയമായ കാര്യമാണ്. നേട്ടങ്ങൾ ഇങ്ങനെ ഒരുപാടുണ്ടെങ്കിലും ഒരു കാര്യത്തിൽ നാം പുലർത്തിയ അശ്രദ്ധ ചൂണ്ടിക്കാട്ടാതിരിക്കാൻ കഴിയില്ല. പകർച്ചവ്യാധികളായ രോഗങ്ങൾ പ്രതിരോധിക്കുന്നതിൽ നമ്മൾ
കാണിച്ച ശ്രദ്ധ പകർച്ചേതര രോഗങ്ങളുടെ കാര്യത്തിൽ വേണ്ടത്ര ഉണ്ടായില്ല. ഫലമോ. ജീവിതശൈലീ രോഗങ്ങൾ എന്നപേരിൽ അവയിന്ന് വ്യാപകമായിക്കഴിഞ്ഞു.

ജീവിത ശൈലീരോഗങ്ങൾ എന്ന വർത്തമാനകാല ആരോഗ്യ പ്രതിസന്ധിയുടെ തീവ്രത നാം വിചാരിക്കുന്നതിലും അധികമാണ്. ഹൃദ്രോഗം, രക്താതിമർദ്ദം, പ്രമേഹം തുടങ്ങിയ സമ്പന്നരുടേതെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പല രോഗങ്ങളും ഇന്നിവിടെ സർവസാധാരണമായിരിക്കുന്നു. ഇവയിൽ പല രോഗങ്ങളും പ്രായമായവരിൽ കാണപ്പെടുന്നവയാണ്. വർധിച്ചുവരുന്ന ആയുർദൈർഘ്യം , രോഗനിർണയ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയ കാരണങ്ങളാൽ ഇത്തരം രോഗങ്ങളുടെ വർധനവിനെ നമ്മുടെ വിജയങ്ങളുടെ പരാജയമായിവേണം വിശേഷിപ്പിക്കാൻ.

രാജ്യത്ത് കാൻസർ കൂടുതലായി കാണുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. ഇന്ത്യൻ ശരാശരിയെക്കാൾ ഉയർന്ന തോതിലാണ് ഇവിടെ ഈ രോഗം കാണുന്നത്. കേരളത്തിൽ ഇതൊരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കഴിഞ്ഞു. സര്ക്കാ്ർ ഈ പ്രശ്നം ഗൗരവമായാണ് കാണുന്നത്. കാൻസർ പ്രതിരോധത്തിനും ചികിത്സക്കുമായി വിപുലമായ സംവിധാനങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തെ മലബാർ, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഒപ്പം മധ്യകേരളത്തിന്റെ ദീർഘകാലാവശ്യമായ കാൻസർ കെയർ സെന്റർ കൊച്ചി കേന്ദ്രമാക്കി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എല്ലാ അർഥത്തിലും പൂർണമായ ഒന്നായിരിക്കും കൊച്ചി റീജണൽ കാൻസർ സെന്റർ. ഈ സെന്ററിനാവശ്യമായ സ്റ്റാഫ് പാറ്റേണിനുള്ള അനുമതി നല്കിക്കഴിഞ്ഞിട്ടുണ്ട് എന്നകാര്യം ഞാൻ സന്തോഷപൂര്വ്വം അറിയിക്കുന്നു. സെന്റർ രൂപീകരിക്കുന്നതിനുള്ള നിലവിലെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോര്ട്ട് സമഗ്രമായി രൂപപ്പെടുത്താൻ ആരോഗ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു സമഗ്ര കാൻസർ സെന്റർ രൂപീകരിക്കുന്നത് വലിയ സാമ്പത്തിക ചെലവുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ കൊച്ചിയിലെ വ്യവസായ പ്രമുഖരുടെ സഹായസഹകരണങ്ങൾ സർക്കാർ ഇതിനായി അഭ്യര്ത്ഥികച്ചിട്ടുണ്ട്.

കേവലം കാൻസർ കെയർ സെന്റർ രൂപീകരിക്കുകയെന്നതിൽ ഒതുങ്ങുന്നില്ല. ക്യാൻസർ ചികിത്സയ്ക്ക് ആവശ്യമായ യൂണിറ്റുകൾ താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കുവാനും പദ്ധതിയുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഇത്തരം യൂണിറ്റുകൾ ആരംഭിക്കും. താലൂക്ക് ആശുപത്രി തലം വരെ ഇവ എത്തിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

ഇന്നിവിടെ 100 ഡോക്ടർമാരാണ് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നത്. ഒരുകാര്യം ഞാൻ നിങ്ങളെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. സർക്കാർ അശുപത്രിയെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും പാവപ്പെട്ടവരായിരിക്കും. അവർക്ക് ആശ്വാസം പകരുന്നതിൽ ഡോക്ടർമാർ മുൻഗണന നല്കണം. മനുഷ്യരാശിക്ക് സേവനം ചെയ്യാനായി ഞാനെന്റെ ജീവിതം ഉഴിഞ്ഞുവെക്കും; എന്റെ രോഗിയുടെ ആരോഗ്യമായിരിക്കും എന്റെ പ്രഥമ പരിഗണന എന്ന വൈദ്യശാസ്ത്ര കുലപതിയായ ഗ്രീസിലെ ഹിപ്പോക്രാറ്റസിന്റെ വാക്കുകൾ നിങ്ങൾ പ്രതിജ്ഞാരൂപത്തിൽ ചൊല്ലാൻ പോകുകയാണ്. കാമ്പസ് വിട്ടിറങ്ങിയാൽ എത്രപേർ ഇത് പാലിക്കുന്നുവെന്ന് ഒന്നാലോചിക്കുന്നത് നന്നായിരിക്കും. എത്ര ഡോക്ടർമാരുടെ മനസ്സുകളിൽ ഇത് മായാതെ പതിഞ്ഞുകിടക്കും? ഇത് മനസ്സിൽ നിന്നു മാഞ്ഞുപോകാതിരിക്കാൻ പ്രത്യേക ശ്രദ്ധവെക്കണമെന്ന് ഞാൻ അഭ്യർഥിക്കട്ടെ.

അടുത്തയിടെ അമേരിക്കയിൽ നടത്തിയ ഒരു സർവേ വെളിവാക്കിയ വസ്തുതകൾ കൗതുകകരമായിരുന്നു. തങ്ങൾ ചെയ്ത പ്രതിജ്ഞയുടെ ഉള്ളടക്കത്തെക്കുറിച്ച് കുറച്ചെങ്കിലും ഓർമയും അവബോധവും ഉണ്ടായിരുന്നത് തലമുതിർന്ന ഡോക്ടർമാർക്കായിരുന്നു; ചെറുപ്പക്കാർക്കല്ല. ഈ പ്രതിജ്ഞാവാചകം മറക്കുന്നതിനാലാണ് തന്റെ മുന്നിലിരിക്കുന്ന രോഗിയെ കേവലം കച്ചവട മനസ്സോടെ മാത്രം പരിശോധിക്കാൻ ചിലർ തയ്യാറാകുന്നത്.
സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചും ചില ദുഷ്പ്രവണതകൾ നടക്കുന്നുണ്ട്. അനാവശ്യ ടെസ്റ്റുകളും മറ്റും ചെയ്യാൻ രോഗികളെ നിർബന്ധിക്കുന്നവരുണ്ട്. ലബോറട്ടറികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വൈദ്യാശാസ്ത്രത്തിന്റെ ധാർമികതയ്ക്ക് നിരക്കുന്നതല്ല. എക്സ്റേ, സ്കാനിംഗ് ഉൾപ്പെടെയുള്ള
പരിശോധനകൾക്ക് 50 ശതമാനംവരെ കമ്മീഷൻ ഇനത്തിൽ ചിലർ കൈപ്പറ്റാറുണ്ട്.
അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഔഷധവ്യാപാരികളുമായുള്ള അവിശുദ്ധ ബന്ധം. മരുന്ന് കൂടുതൽ ചെലവാക്കുന്ന ഡോക്ടർമാരെ അവർ പ്രത്യേകം ആദരിക്കും. വിദേശ യാത്രയടക്കമുള്ള സൗകര്യങ്ങളാണ് അവർ ഓഫർ ചെയ്യുന്നത്. ഇവരെ വകവയ്ക്കാതെ ചികിത്സ നടത്തുന്നവർ ഇല്ലെന്നല്ല. എന്തായാലും ഇത്തരം പ്രവണതകൾ ഒഴിവാക്കേണ്ടതുണ്ട്. മനുഷ്യജീവനുമായി ബന്ധപ്പെട്ട ശാസ്ത്രമാണ് നിങ്ങൾ കൈകാര്യം ചെയ്യുന്നത്. അതിൽ ധാർമികത ഇല്ലാതായാൽ ഈ ലോകത്ത് പിന്നെ എവിടെ ധാർമികത അവശേഷിക്കും? ധാർമികതയുടെ അവസാനത്തെ കാവലാളുകളാണ് നിങ്ങൾ ഓരോരുത്തരും.
എറണാകുളം മെഡിക്കൽ കോളേജിനെ സംബന്ധിച്ചിടത്തോളം അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ എന്റെ ശ്രദ്ധയിലുണ്ട്. ചികിത്സാ ഉപകരണങ്ങൾ വാങ്ങുന്നത്, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നത്, കാർഡിയാക് ഐസിയു തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്. അവയിൽ എത്രയും വേഗം പരിഹാരം കാണുന്നതായിരിക്കും എന്ന് പറഞ്ഞുകൊണ്ടും, ഇന്നത്തെ
ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നവര്ക്ക് എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ടും ഞാൻ നിർത്തുന്നു.

നന്ദി……