ജാതിയില്ലെന്ന് പഠിപ്പിച്ച ഗുരുവിനെ ജാതി പറഞ്ഞ് നിന്ദിക്കരുത്

ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വിവാദം ഗുരുനിന്ദയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കേരള സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ നിര്‍വഹിക്കുയായിരുന്നു അദ്ദേഹം. ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നിതിനിടെ നിര്‍ഭാഗ്യകരമായ സംവാദങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന ജാതിയില്ലാ വിളംബരത്തിന്റെ കാതല്‍ തന്നെ തകര്‍ക്കുകയാണ് സംഘ്പരിവാര്‍. ഇതിന്റെ ഭാഗമായാണ് ഗുരുവിനെ ഹിന്ദുമത സന്യാസിയാക്കാനുള്ള ശ്രമം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനോ നവോത്ഥാന മുന്നേറ്റത്തിനോ ഒരു സംഭാവനയും നല്‍കിയിട്ടില്ല സംഘ്പരിവാര്‍. ജനമനസ്സുകളില്‍ ഇടം നേടുന്നതിന് ഇതൊരു കുറവാണെന്ന് കരുതിയാകണം സ്വാതന്ത്ര്യസമര പ്രതീകങ്ങളേയും നവോത്ഥാന പ്രതീകങ്ങളെയും റാഞ്ചാനുള്ള പദ്ധതി. പടിപടിയായി ഇതു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അവര്‍ ശ്രീ നാരായണ ഗുരുവിലേക്ക് എത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ജാതീയമായ ആഭ്യന്തര വൈരുദ്ധ്യങ്ങളാല്‍ ഹിന്ദു മതം സ്വയം നശിച്ചു പോകും എന്ന് പ്രഖ്യാപിച്ച ഡോ. ബി. ആര്‍. അംബേദ്കറെ കയ്യടക്കാനുള്ള ശ്രമം നടന്നു കഴിഞ്ഞു. അയ്യങ്കാളി മുതല്‍ പണ്ഢിറ്റ് കറുപ്പനെ വരെ കയ്യടക്കാനും ശ്രമിച്ചു. സനാതന ധര്‍മ്മത്തിന്റെ നായകരെ ഹിന്ദുമത നവീകര്‍ത്താക്കളാക്കാനാണ് ലക്ഷ്യമിട്ടത്. ചാതുര്‍വര്‍ണ്യത്തിനെതിരെ നവോത്ഥാന നേതാക്കള്‍ പോരാടുമ്പോള്‍ സംഘപരിവാറിന്റെ അന്നത്തെ നായകര്‍ വര്‍ണാശ്രമ ധര്‍മ്മത്തിന്റെ പ്രചാരകരും പ്രയോക്താക്കളുമായാണ് നിലകൊണ്ടത്. നവോത്ഥാന നായകര്‍ എന്തിനെതിരെ പോരാടിയോ അതിന്റെ വക്താക്കളായി അവരെ ചിത്രീകരിക്കുന്നതിലും വലിയ അനീതി വേറെയില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ബംഗാളില്‍ മുതല്‍ കേരളത്തില്‍ വരെ നടന്ന നവോത്ഥാന മുന്നേറ്റങ്ങളെ ഹിന്ദുമത നവീകരണമായി വ്യാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങളെ അനുവദിച്ചു കൊടുക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന മഹാപരാധമായിപ്പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാന്‍ സമൂഹത്തിന് കഴിയണം.

ഗുരു ഹിന്ദു മതത്തെയല്ല മനുഷ്യ മനസ്സുകളെയാണ് നവീകരിച്ചത്. ഇതോര്‍ക്കാതെയാണ് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗമായ സ്വാമി ശാരദാനന്ദ ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് വിശേഷിപ്പിച്ചത്. ഒരു മതത്തിലും ഉള്‍പ്പെടില്ലെന്ന് പ്രഖ്യാപിച്ച ഗുരുവിനെ അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്തുന്നതിനുള്ള ട്രസ്റ്റിനുള്ളിലിരുന്ന് ഇങ്ങനെ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗുരുവിന്റെ കാര്യത്തിലെന്ന പോലെ രാഷ്ട്രീയ അജണ്ട മുന്‍നിറുത്തി ഓണം പോലെയുള്ള ആഘോഷങ്ങളെയും സംഘ്പരിവാര്‍ വക്രീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. മഹാബലിയെ അസുരനെന്ന് വിശേഷിപ്പിക്കുന്നത് സവര്‍ണാധിപത്യം തിരികെ കൊണ്ടു വരുന്നതിന് വേണ്ടിയാണ്. കേരളീയ ഐതിഹ്യങ്ങളേയും സങ്കല്പങ്ങളേയും വക്രീകരിച്ച് സവര്‍ണാധിപത്യ പുനസ്ഥാപന നീക്കങ്ങള്‍ നടത്തുന്നതിനെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതു തന്നെയാണ് ജാതിയില്ലാ വിളംബരത്തിന്റെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.

22.09.2016