തീവണ്ടിയാത്രക്കാരുടെ ആശങ്ക പരിഹരിക്കണം

കേരളത്തിലെ റെയില്‍വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വെ വകുപ്പുമന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം മൂന്ന് തീവണ്ടി അപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണിത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 13ന് മംഗലാപുരം – തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മാവേലി എക്‌സ്പ്രസിന്റെ എഞ്ചിന് കാസര്‍കോട് ജില്ലയില്‍ ചെറുവത്തൂരിന് അടുത്ത് തീപിടിച്ചു. ആഗസ്റ്റ് 28ന് എറണാകുളത്തിനടുത്ത് കറുകുറ്റി റയില്‍വേ സ്‌റ്റേഷനടുത്ത് തിരുവനന്തപുരം – മംഗലാപുരം എക്‌സ്പ്രസിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റിയതായിരുന്നു രണ്ടാമത്തെ അപകടം. സെപ്തംബര്‍ 20 നായിരുന്നു അടുത്ത അപകടം. കൊല്ലം ജില്ലയില്‍ കരുനാഗപള്ളിക്കടുത്ത് ഗുഡ്‌സ് തീവണ്ടി പാളം തെറ്റി. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരം – ചെന്നെ എക്‌സ്പ്രസിന് സിഗ്‌നല്‍ തകരാറുമുണ്ടായി. കേരളത്തില്‍ നിന്നും ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന തീവണ്ടികളില്‍ അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വെളിച്ചവും പോലും ഇല്ലാത്ത അവസ്ഥയാണ്. കോച്ചുകളുടെ ദൈനംദിന ശുചീകരണം പോലും ഉറപ്പുവരുത്തുന്നില്ല. കേരളത്തിന് അനുവദിച്ചിട്ടുള്ള കോച്ചുകള്‍ കാലഹരണപ്പെട്ടതാണ്. പലതും തുരുമ്പെടുത്തവയാണ്. കൊച്ചുവേളി സ്‌റ്റേഷനടുത്ത് വച്ച് ഷണ്ടിങ്ങിനിടെ ബോഗികള്‍ കൂട്ടിയുരഞ്ഞപ്പോള്‍ അവയില്‍ ചിലത് തുരുമ്പെടുത്ത തകര ടിന്നുപോലെ ചിതറിയത് കോച്ചുകളുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളില്‍ തീവണ്ടി യാത്രക്കാര്‍ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലൂടെ സര്‍വ്വീസ് നടത്തുന്ന തീവണ്ടികളിലെ കോച്ചുകളുടെ ശോചനീയാവസ്ഥയും മറ്റ് വിഷയങ്ങളും പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രിയുടെ വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കേരളത്തിലെ റെയില്‍വേയുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ആശങ്കക്ക് പരിഹാരുമുണ്ടാക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

25.09.2016