ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ അനുസ്മരണം

ആദരണീയനായ മുഖ്യാതിഥി ഓണറബിൾ ജസ്റ്റിസ് ശ്രീ. തോട്ടത്തിൽ രാധാകൃഷ്ണൻ അവര്‍കൾ, ഓണറബിൾ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അവര്‍കൾ, അധ്യക്ഷത വഹിക്കുന്ന ശ്രീ. ഇ ഷാനവാസ്ഖാൻ, ബാർ കൗണ്‍സിൽ ഭാരവാഹികളെ, വേദിയിലും സദസ്സിലുമുള്ള മറ്റു ബഹുമാന്യരെ,

ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്മരണ തുടിച്ചുനില്‍ക്കുന്ന ചടങ്ങാണിത്. ജഡ്ജിയായിരുന്നുകൊണ്ട് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും മന്ത്രിയായിരുന്നുകൊണ്ട് ഭരണവ്യവസ്ഥയെയും പൊതുപ്രവര്‍ത്തകനായിരുന്നുകൊണ്ട് സാമൂഹിക വ്യവസ്ഥയെയും അപ്പാടെ തന്നെയും വലിയതോതിൽ നവീകരിക്കാൻ വിജയകരമായി ശ്രമിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് ജസ്റ്റിസ് കൃഷ്ണയ്യർ.

ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് പി എൻ ഭഗവതി പറഞ്ഞതിലുണ്ട് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സാരസത്ത മുഴുവൻ. ജസ്റ്റിസ് കൃഷ്ണയ്യരെക്കാളുപരിയായി അനീതിക്കും ചൂഷണത്തിനുമെതിരെ പൊരുതുകയും സാധാരണക്കാരനു സാമൂഹ്യനീതി ഉറപ്പാക്കാനായി വിധിന്യായങ്ങളെഴുതുകയും ചെയ്ത മറ്റൊരു ജഡ്ജിയെ സുപ്രീംകോടതിയിൽ കാണാനാവില്ല എന്നതായിരുന്നു ജസ്റ്റിസ് പി എൻ ഭഗവതിയുടെ വാക്കുകൾ.

അങ്ങനെയുള്ള ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്മരണ മുന്‍നിര്‍ത്തി ഒരുയോഗം ബാർ കൗണ്‍സിൽ നടത്തുമ്പോൾ സാമൂഹ്യനീതിയുടെ കാര്യത്തിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ തത്വചിന്ത എന്തായിരുന്നു എന്നത് ചര്‍ച്ചയ്ക്കു വിഷയമാവാതെ തരമില്ല. ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്വാര്‍ത്ഥതാസ്പര്‍ശമില്ലാത്ത നീതിന്യായ ഇടപെടലുകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് അദ്ദേഹം തീര്‍ത്ത മനുഷ്യത്വത്തിന്റെ, ന്യായചിന്തയുടെ, പുരോഗമനോന്മുഖതയുടെ, നീതിദര്‍ശനത്തിന്റെ, വഴി വീണ്ടും മുമ്പോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അതിന് ഉതകുന്നതാകട്ടെ ഈ ചടങ്ങും ഇവിടുത്തെ പ്രഭാഷണങ്ങളും എന്ന് തുടക്കത്തിൽ തന്നെ ഞാൻ ആശംസിക്കുന്നു.

ഇന്ത്യയുടെയെന്നല്ല, ലോകരാഷ്ട്രങ്ങളുടെയാകെത്തന്നെ നീതിന്യായ ചരിത്രം പരിശോധിച്ചാൽ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരെപ്പോലെ മറ്റൊരു വ്യക്തിത്വത്തെ കണ്ടെത്താനാവുമെന്നു തോന്നുന്നില്ല. അത്രമേൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ്അദ്ദേഹത്തിന്‍റേത്. ഇതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനം കൃഷ്ണയ്യരുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലമാണ്. എന്താണ് ആ പശ്ചാത്തലം? കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചും അവരുടെ പ്രക്ഷോഭങ്ങളെ പിന്തുണച്ചും അവര്‍ക്ക് നിയമസഹായം നല്‍കിയുമാണ് കൃഷ്ണയ്യരുടെ അഭിഭാഷക ജീവിതം ശ്രദ്ധേയമാകുന്നത്. ഒരവസരത്തിൽ എ കെ ജിക്കു വേണ്ടി കോടതിയിൽ ഹാജരായി കേസ് വാദിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ കൃഷ്ണയ്യർ അറസ്റ്റു ചെയ്യപ്പെടുക പോലുമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടതായും വന്നു. നമ്മുടെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ന്യായാധിപ പദവി അലങ്കരിച്ച മറ്റേതെങ്കിലും വ്യക്തിക്ക് ജയില്‍വാസത്തിന്‍റേതായ ഒരു പൂര്‍വാനുഭവം ഉണ്ടാകുമോ? സംശയമാണ്. ഈ സാമൂഹിക-രാഷ്ട്രീയ സാഹചര്യം തന്നെയാണ് നാം പില്‍ക്കാലത്തു കണ്ട ജസ്റ്റിസ് കൃഷ്ണയ്യരെ രൂപപ്പെടുത്തിയ മുഖ്യഘടകം. പിന്നീട് നിയമസഭാംഗവും മന്ത്രിയും ന്യായാധിപനുമൊക്കെ ആയപ്പോൾ തടവുകാരുടെ അവകാശങ്ങള്‍ക്ക് കൃഷ്ണയ്യർ നല്‍കിയ പ്രാധാന്യം സ്വന്തം തടവുകാലാനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരുന്നിരിക്കണം.

ലോകപ്രശസ്ത നിയമജ്ഞനായ കാര്‍ഡോസോ നീതിന്യായപ്രക്രിയയുടെ സങ്കീര്‍ണ്ണതകൾ വിശകലനം ചെയ്തുകൊണ്ട് നടത്തിയ ഒരു പ്രഭാഷണ പരമ്പരയിൽ, ന്യായാധിപന്റെ വ്യക്തിത്വത്തെക്കുറിച്ചും സാമൂഹിക വീക്ഷണത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. സ്വന്തം ജീവിതാനുഭവങ്ങളിലും ജീവിതപശ്ചാത്തലത്തിലും നിന്ന് ഉരുത്തിരിഞ്ഞു വരുന്ന വ്യക്തിത്വവും വീക്ഷണവും ഓരോ ന്യായാധിപന്റെയും വിധിന്യായങ്ങളിൽ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തും എന്നതാണദ്ദേഹം പറയുന്നത്. കാര്‍ഡോസോയുടെ ഈ നിഗമനം അന്വര്‍ത്ഥമാകുന്നത് ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിന്യായങ്ങളിലെ നിലപാടുകളിൽ നമുക്ക് വ്യക്തമായി കാണാൻ കഴിയും. ഇത്രയേറെ വൈവിധ്യപൂര്‍ണമായ ജീവിതപശ്ചാത്തലവും അനുഭവസമ്പത്തുമുള്ള മറ്റൊരു വ്യക്തി നമ്മുടെ പരമോന്നത നീതിപീഠത്തിൽ ന്യായാധിപനായി നിയമിതനായിട്ടില്ല എന്നതുതന്നെയാണ് സത്യം.

സുപ്രീംകോടതിയിലെ ഒരു വിഭാഗം സീനിയർ അഭിഭാഷകർ കൃഷ്ണയ്യരെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന കാര്യം ഞാനോര്‍ക്കുന്നു. അവരുടെ പ്രതിഷേധത്തിനിടയാക്കിയത് അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് പശ്ചാത്തലമായിരുന്നു. എന്നാൽ, അദ്ദേഹം സ്ഥാനം ഒഴിഞ്ഞപ്പോൾ ഇതേ അഭിഭാഷകർ തന്നെ കൃഷ്ണയ്യർ നല്‍കിയ സംഭാവനകൾ സര്‍വാത്മനാ അംഗീകരിക്കുകയും തങ്ങൾ നേരത്തെ സ്വീകരിച്ച നിലപാടിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു എന്നുള്ളത് ശ്രദ്ധേയമാണ്.

ഒരു പക്ഷേ ലോകത്തിലെ മറ്റൊരു കോടതിക്കും ഇല്ലാത്ത വിപുലമായ അധികാരങ്ങളാണ് ഇന്ത്യൻ സുപ്രീംകോടതിയിൽ നിക്ഷിപ്തമായിട്ടുള്ളത്. നിയമങ്ങളുടെ ഭരണഘടനാ സാധുത നിര്‍ണ്ണയിക്കുക, ഭരണഘടനാ വ്യവസ്ഥകൾ വ്യാഖ്യാനിക്കുക, ഭരണനിര്‍വ്വഹണ വിഭാഗത്തിന്റെ തീരുമാനങ്ങളുടെ നിയമസാധുത പരിശോധിക്കുക എന്നിവ മാത്രമല്ല, ഭരണഘടനാ ഭേദഗതികൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തുന്നുണ്ടോയെന്ന് നിശ്ചയിക്കുവാനുള്ള അധികാരവും സുപ്രീംകോടതിക്കുണ്ട്. ഈ കര്‍ത്തവ്യങ്ങളൊന്നും തന്നെ യാന്ത്രികമായ രീതിയിൽ നിര്‍വ്വഹിക്കപ്പെടേണ്ടവയല്ല. മറിച്ച്, ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും അടിസ്ഥാന തത്വങ്ങള്‍ക്കും സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുയോജ്യമായ രീതിയിൽ നിര്‍വഹിക്കപ്പെടേണ്ടവയാണ്. നിയമവ്യാഖ്യാനത്തിലൂടെ സമൂഹത്തിന്റെ മുമ്പോട്ടുപോക്കിനുതകുന്ന അര്‍ത്ഥതലങ്ങൾ കണ്ടെത്തുന്ന സജീവവും സൃഷ്ടിപരവുമായ ഒരു കര്‍മ്മമാണ് ന്യായാധിപന്‍മാർ നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യം പൂര്‍ണ്ണമായി സ്വയം മനസ്സിലാക്കുവാനും സമകാലികരും പിന്‍ഗാമികളുമായ നിരവധി ന്യായാധിപന്മാരെ ഈ ആശയം ഉള്‍ക്കൊള്ളാൻ പ്രേരിപ്പിക്കുവാനും കഴിഞ്ഞു എന്നുള്ളതാണ് ജസ്റ്റിസ് കൃഷ്ണയ്യരെ മറ്റു ന്യായാധിപന്‍മാരില്‍നിന്നും തികച്ചും വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം.

ഏതാണ്ട് ഏഴു വര്‍ഷത്തിലേറെ നീണ്ട ന്യായാധിപ ജീവിതത്തിനിടയിൽ, മുന്നൂറിലധികം വിധിന്യായങ്ങളിലൂടെ നമ്മുടെ നിയമ വ്യവസ്ഥയുടെ എല്ലാ സുപ്രധാന ശാഖകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തിഗതമായ മൗലികാവകാശങ്ങൾ, പ്രത്യേകിച്ചും സ്വത്തവകാശം സംരക്ഷിക്കുന്നതിൽ ഏറെ താല്‍പര്യം കാണിച്ച മുൻ തലമുറയില്‍പ്പെട്ട ന്യായാധിപന്‍മാരില്‍നിന്നും വ്യത്യസ്തമായി, സമൂഹത്തിലെ അവശരും ആര്‍ത്തരും ആലംബഹീനരുമായ വിഭാഗങ്ങളോടാണ് തന്റെ പ്രതിബദ്ധത എന്ന് തുറന്ന് പ്രഖ്യാപിക്കാനും ആ പ്രതിബദ്ധത തന്റെ വിധിന്യായങ്ങളിൽ പ്രകടമായി പ്രതിഫലിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. നിയമവ്യവസ്ഥകള്‍ക്ക് സ്വന്തം വ്യാഖ്യാനങ്ങളിലൂടെ ജീവന്‍പകരേണ്ട ന്യായാധിപൻ നിഘണ്ടുവിനെക്കാളേറെ ആശ്രയിക്കേണ്ടത് സമൂഹത്തിന്റെ ഹൃദയത്തുടിപ്പുകളെയാണ് എന്നദ്ദേഹം മനസ്സിലാക്കി. അങ്ങനെ ജുഡീഷ്യൽ സജീവതയ്ക്ക് ഒരു പുതിയ മാനം നല്‍കാൻ ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് കഴിഞ്ഞു. മനുഷ്യസ്നേഹത്തിൽ അധിഷ്ഠിതമായ സാമൂഹിക വീക്ഷണവും നിയമത്തിന്റെ ചലനാത്മകമായ പങ്കിനെക്കുറിച്ച് ഉറച്ച ധാരണയുമുള്ള ഒരു ന്യായാധിപന് സാങ്കേതികത്വത്തിന്റെ ചട്ടക്കൂടുകൾ തടസ്സമല്ല. അതു ഭേദിച്ച് പുറത്തുകടക്കുവാനും നിയമത്തെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഒരു ഉപകരണമാക്കി മാറ്റുവാനും കഴിയും എന്നദ്ദേഹം തെളിയിച്ചു. ഭരണഘടനാ വ്യവസ്ഥകളുടെ വ്യാഖ്യാനത്തിൽ കീഴ്വഴക്കങ്ങളിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നതിനു പകരം ഭാവിയെ സ്വാധീനിക്കാൻ കഴിയുന്ന കാഴ്ചപ്പാടു രൂപപ്പെടുത്തിയെടുക്കുക എന്ന നവീന സമീപനമാണ് ജസ്റ്റിസ് കൃഷ്ണയ്യർ അവലംബിച്ചത്. “നിയമത്താൽ സ്ഥാപിക്കപ്പെടുന്ന നടപടിക്രമം വഴിയല്ലാതെ ഒരു വ്യക്തിയുടെയും ജീവനോ സ്വാതന്ത്ര്യമോ ഇല്ലാതാക്കാൻ പാടില്ല” എന്ന് അനുശാസിക്കുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന് 1976-ലെ മേനകാഗാന്ധി കേസിൽ ജസ്റ്റിസ് കൃഷ്ണയ്യർ നല്‍കിയ വ്യാഖ്യാനം ശ്രദ്ധേയമാണ്. അത് നീതിപൂര്‍വ്വവും യുക്തിസഹവുമായ നടപടിക്രമങ്ങൾ അനുസരിച്ച് മാത്രമേ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ പാര്‍ലമെന്‍റിനുപോലും കഴിയൂവെന്ന് സംശയാതീതമായി സ്ഥാപിച്ചു. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് വിപുലമായ മാനങ്ങൾ നല്‍കുന്ന പില്‍ക്കാല വിധിന്യായങ്ങള്‍ക്ക് അടിത്തറ പാകിയതും ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിയാണ്.

പെട്ടെന്ന് കുറ്റവിചാരണ നടത്തിക്കിട്ടുവാനുള്ള അവകാശം, സൗജന്യ നിയമസഹായത്തിനുള്ള അവകാശം, ജാമ്യം ലഭിക്കുന്നതിനുള്ള അവകാശം, അപ്പീലിനുള്ള അവകാശം, ഇവയൊക്കെ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് എന്നദ്ദേഹം സ്വന്തം വിധിന്യായങ്ങളിലൂടെ വ്യക്തമാക്കി. കടബാധ്യതയ്ക്ക് ഒരാളെ തടവിലാക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാകുമെന്ന് ഒരു കേസിൽ വിധിച്ച ജസ്റ്റിസ് കൃഷ്ണയ്യർ ഇപ്രകാരം ഇത്രകൂടി കൂട്ടിച്ചേര്‍ത്തു: “ദരിദ്രനാരായണന്‍മാരുടെ ഈ ഭാരതഭൂമിയിൽ ഒരാൾ ദരിദ്രനാണ് എന്നുള്ളത് ശിക്ഷാര്‍ഹമായ ഒരു കുറ്റകൃത്യമല്ല”. 1980ലെ ജോളി ജോര്‍ജ് വര്‍ഗീസ് കേസിലാണ് അദ്ദേഹമിത് വ്യക്തമാക്കിയത്.

തടവുപുള്ളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന കൃഷ്ണയ്യരുടെ വിധിന്യായങ്ങൾ ആ മേഖലയിൽ പുതിയൊരു നീതിബോധം തന്നെ സൃഷ്ടിച്ചു. കോടതികളുടെ പരമ്പരാഗതമായ കടമയില്‍നിന്ന് വ്യതിചലിച്ച് തടവുകാരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുവേണ്ട ദൂരവ്യാപകമായ ജയില്‍പരിഷ്ക്കരണ നടപടികൾ വിധിന്യായങ്ങളിലൂടെ നിര്‍ദ്ദേശിക്കാൻ അദ്ദേഹം തയ്യാറായതിനെ അന്നത്തെ യാഥാസ്ഥിതികർ അസഹിഷ്ണുതയോടെയാണ് കണ്ടത്. കുറ്റവാളികളുടെ പുനരധിവാസം ലക്ഷ്യമാക്കിയുള്ള നടപടികളാണ് കര്‍ശനമായ ശിക്ഷയേക്കാൾ ഫലവത്താകുക എന്നുള്ള ഉറച്ച വിശ്വാസം കൃഷ്ണയ്യരുടെ പല വിധികളിലും കാണാം.

നമ്മുടെ ഭരണഘടനയിൽ എക്കാലത്തും വിവാദ വിഷയമായിട്ടുള്ള സംവരണ പ്രശ്നത്തിൽ കൃഷ്ണയ്യരുടെ വിധി (1976) ഒരു പുതിയ കാഴ്ചപ്പാടാണ് വെളിവാക്കിയത്. സാമൂഹിക നീതിയും മൗലികാവകാശങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള സംവരണം സര്‍ക്കാരിന്റെ സൗജന്യമല്ലെന്നും അതിനര്‍ഹരായ ജനവിഭാഗങ്ങളുടെ മൗലികാവകാശമാണെന്നും അദ്ദേഹം അതിലൂടെ പ്രഖ്യാപിച്ചു. നടപടിക്രമങ്ങളിൽ നീതിപൂര്‍വ്വമായ സമീപനം ഉറപ്പാക്കുന്നതിനും സ്വാഭാവികനീതി ഭരണ സംവിധാനത്തിന്റെ പെരുമാറ്റച്ചട്ടമാക്കി മാറ്റുന്നതിനും കൃഷ്ണയ്യരുടെ നിരവധി വിധികൾ വഴിതെളിച്ചു. 1978ലെ മൊഹീന്ദർ സിംഗ് കേസിലെ വിധി ഈ മേഖലയിൽ അതിയായ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

ഇന്ത്യയിൽ പൊതുതാല്‍പര്യ വ്യവഹാരം ആവിര്‍ഭവിക്കുവാനും വളരാനും ഇടയായതിന്റെ പ്രധാന കാരണം, പൊതുപ്രശ്നങ്ങള്‍ക്കുവേണ്ടി കോടതിയെ ഉത്തമ വിശ്വാസത്തോടെ സമീപിക്കാൻ ഏതൊരു പൗരനും അവകാശമുണ്ടെന്ന് അംഗീകരിക്കപ്പെട്ടതാണ്. ആരുടെ അവകാശമാണോ ലംഘിക്കപ്പെട്ടത് അയാള്‍ക്കു മാത്രമേ കോടതിയെ സമീപിക്കാൻ അവകാശമുള്ളൂ എന്നുള്ള സാങ്കേതിക സമീപനം സ്വീകരിക്കാതെ, വ്യക്തിനിഷ്ഠമായ അവകാശങ്ങളെക്കാളുപരി സാമൂഹികാധിഷ്ഠിതമായ അവകാശങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ള പുതിയ സമീപനം രൂപപ്പെട്ടുവന്നത് മുഖ്യമായും ജസ്റ്റിസ് കൃഷ്ണയ്യരുടെ നീതിന്യായ ഇടപെടൽ കൊണ്ടാണ്. സമൂഹത്തോടുള്ള കടമ നിറവേറ്റുന്നതില്‍നിന്നും സാങ്കേതികമായ ന്യായം പറഞ്ഞ് ഒഴി ഞ്ഞുമാറാൻ പാടില്ല എന്ന് പ്രശസ്തമായ റെറ്റ്ലം മുനിസിപ്പാലിറ്റി കേസിൽ (1976) ജസ്റ്റിസ് കൃഷ്ണയ്യർ വ്യക്തമാക്കി. ഒരു സര്‍ക്കാർ വാഹനം വരുത്തിവച്ച അപകടംമൂലം വിധവയായ ഒരു ദരിദ്ര യുവതിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി ചെന്ന സംസ്ഥാന ഗവണ്‍മെന്‍റിനെ ‘തല്ലിപ്പൊളി വ്യവഹാരി’ (cantankerous litigant) എന്ന് വിശേഷിപ്പിക്കുവാൻ അദ്ദേഹം തെല്ലും മടികാണിച്ചില്ല.

പൊതുവെ കുറ്റവാളികളോട് കാരുണ്യപൂര്‍വ്വമായ നിലപാട് സ്വീകരിക്കുമ്പോൾ പോലും സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളിൽ കര്‍ക്കശമായ നിലപാട് സ്വീകരിക്കുവാൻ ജസ്റ്റിസ് കൃഷ്ണയ്യർ എന്നും ശ്രദ്ധിച്ചു. ഭക്ഷണസാധനങ്ങളിൽ മായം ചേര്‍ക്കുന്നത് സംബന്ധിച്ച കേസുകളിലും അഴിമതിക്കേസുകളിലും അദ്ദേഹം എഴുതിയിട്ടുള്ള വിധികൾ ഇക്കാര്യം തെളിയിക്കുന്നു.

തൊഴിൽ നിയമരംഗത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും ശ്രദ്ധേയമായ പുരോഗമന വിധിന്യായം ഉണ്ടായത് കൃഷ്ണയ്യരുടെ മനസ്സിൽ നിന്നാണ്. വ്യവസായം എന്ന പദത്തിന് വിശാലമായ വ്യാഖ്യാനം നല്‍കുകയും അതുവഴി വ്യവസായ തര്‍ക്ക നിയമത്തിന്റെ സംരക്ഷണം തൊഴിൽ ചെയ്യുന്ന ഏതാണ്ട് എല്ലാവര്‍ക്കും ഉറപ്പുവരുത്തുകയും ചെയ്ത ബാംഗ്ലൂർ വാട്ടർ സപ്ലൈ കേസ് (1978) ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണു വരുത്തിയത്.

തൊഴിൽ തര്‍ക്കനിയമങ്ങൾ വ്യാഖ്യാനിക്കുമ്പോൾ തൊഴിലാളിക്കനുകൂലമായും ഭൂപരിഷ്ക്കരണ നിയമങ്ങൾ വ്യാഖ്യാനിക്കുമ്പോൾ കുടികിടപ്പുകാരന് അനുകൂലമായും കടാശ്വാസ നിയമങ്ങൾ വ്യാഖ്യാനിക്കുമ്പോൾ കടക്കാരന് അനുകൂലമായും വാടക നിയന്ത്രണ നിയമങ്ങൾ വ്യാഖ്യാനിക്കുമ്പോൾ വാടകക്കാരന് അനുകൂലമായുമുള്ള നിലപാടുകൾ സ്വീകരിക്കുവാനും അത്തരം നിലപാടുകള്‍ക്ക് ഭരണഘടനാപരവും നിയമപരവും യുക്തിസഹവുമായ നീതീകരണം നല്‍കുവാനും കഴിഞ്ഞത് ജസ്റ്റിസ് കൃഷ്ണയ്യരുടെ വ്യാഖ്യാന പാടവത്തിനുള്ള തിളങ്ങുന്ന തെളിവാണ്. അമിതപലിശക്ക് പണം കടംകൊടുക്കുന്ന ഒരാളിന്റെ തൊഴിലിന് ഭരണഘടനയുടെ 19-ാം അനുച്ഛേദം സംരക്ഷണം നല്‍കുന്നില്ല എന്നും അതുകൊണ്ട് അത്തരം ബാധ്യതകൾ നിയമം വഴി എഴുതിത്തള്ളുമ്പോൾ അയാളുടെ നിയമപരമായ ഒരവകാശവും ലംഘിക്കപ്പെടുന്നില്ല എന്നും ഒരു കേസിൽ വിധിച്ച ജഡ്ജിയാണ് കൃഷ്ണയ്യർ എന്നോര്‍ക്കണം. “ചൂഷണത്തിനെതിരെ നിലകൊള്ളുന്ന നമ്മുടെ ഭരണഘടനയ്ക്ക് ചൂഷണത്തിനുള്ള അവകാശം എങ്ങനെ നല്‍കാൻ കഴിയും?” ഈ ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.

വിധിന്യായങ്ങളുടെ രചനാശൈലിയിലും ധീരമായ പരീക്ഷണങ്ങള്‍ക്ക് ജസ്റ്റിസ് കൃഷ്ണയ്യർ തുടക്കം കുറിച്ചു. നിയമ വ്യവസ്ഥകളും പഴയ വിധിന്യായങ്ങളും ഉദ്ധരിച്ച് സാങ്കേതിക പദാവലി കുത്തിനിറച്ച് വിരസമായി എഴുതപ്പെട്ടിരുന്ന വിധിന്യായങ്ങളുടെ സ്ഥാനത്ത്, ഹൃദയത്തിന്റെ ഭാഷയിൽ കാവ്യാത്മകമായ ശൈലിയിലുള്ള രചനകൾ ആദ്യമായി നാം കാണുന്നത് ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിന്യായങ്ങളിലാണ്. ഇതുകണ്ട് അക്കാലത്തു പല യാഥാസ്ഥിതികരും നെറ്റി ചുളിച്ചെങ്കിലും ഇന്നും ഏറ്റവും അധികം ഉദ്ധരിക്കപ്പെടുന്നത് കൃഷ്ണയ്യരുടെ വരികളാണെന്ന കാര്യം അവയുടെ സ്വീകാര്യതയും സ്വാധീനവും തെളിയിക്കുന്നു. ഒപ്പം കൃഷ്ണയ്യരായിരുന്നു ശരി എന്നതും തെളിയിക്കുന്നു. കൃഷ്ണയ്യർ എഴുതിയ പല വിധികളും അതത് വിഷയത്തെ സംബന്ധിക്കുന്ന ആധികാരിക പ്രബന്ധത്തിന്റെ നിലവാരത്തിലേയ്ക്ക് ഉയരുന്നതുകൊണ്ടാണ് അവ നിയമ റിപ്പോര്‍ട്ടുകളിൽ മാത്രം ഒതുങ്ങി നില്‍ക്കാതെ വ്യാപകമായി ഇക്കാലത്തും ഉദ്ധരിക്കപ്പെടുന്നത്.

കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ നിയമം, ആഭ്യന്തരം, ജലസേചനം, ജയിൽ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിൽ കൃഷ്ണയ്യർ നമ്മുടെ സംസ്ഥാനത്തിനു നല്‍കിയ സംഭാവനകൾ അവിസ്മരണീയമാണ്. ഭൂപരിഷ്ക്കരണ നിയമം രൂപപ്പെടുത്തുന്നതിനും, പൊലീസ്, ജയിൽ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതിനും, സംസ്ഥാനത്തിന് ഒരു ജലസേചന നയം ആവിഷ്ക്കരിക്കുന്നതിനും ഒക്കെ അദ്ദേഹം മുന്‍കൈയ്യെടുത്തു. അത്തരം പ്രവര്‍ത്തനങ്ങളുടെ സദ്ഫലങ്ങൾ ഇന്നും നാം അനുഭവിക്കുന്നു.

കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന നിയമ പരിഷ്ക്കരണ കമ്മീഷന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ കൃഷ്ണയ്യർ തയ്യാറായി. പ്രായാധിക്യവും അനാരോഗ്യവും അവഗണിച്ചുകൊണ്ട്, അഹോരാത്രം പ്രവര്‍ത്തിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ ഏതാണ്ട് 100 പുതിയ നിയമങ്ങള്‍ക്കുള്ള രൂപരേഖ അദ്ദേഹം സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒരുരൂപ പോലും പ്രതിഫലം സ്വീകരിക്കാതെയാണ് അദ്ദേഹം ഈ കര്‍ത്തവ്യം നിര്‍വ്വഹിച്ചത് എന്നുള്ള കാര്യം എടുത്തു പറയേണ്ടതാണ്. കൃഷ്ണയ്യർ കമ്മീഷൻ റിപ്പോര്‍ട്ടിന് അര്‍ഹമായ പ്രാധാന്യം നല്‍കി, സ്വീകാര്യമായ നിര്‍ദ്ദേശങ്ങൾ നടപ്പിലാക്കാന്‍ഈ ഗവണ്‍മെന്‍റ് ശ്രമിക്കും.

ന്യായാധിപ പദവിയില്‍നിന്നും വിരമിച്ചതിനുശേഷം പ്രതിഫലം പറ്റുന്ന ഏതെങ്കിലും പദവി സ്വീകരിക്കാനോ, സ്ഥാനം ഏറ്റെടുക്കാനോ, കടുത്ത സമ്മര്‍ദ്ദങ്ങൾ ഉണ്ടായിട്ടുപോലും, കൃഷ്ണയ്യർ തയ്യാറായില്ല. എന്നാൽ, ഇടതുപക്ഷത്തിന്റെ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ, പരാജയം ഉറപ്പായിരുന്നിട്ടും, അദ്ദേഹം സമ്മതിച്ചു. താൻ ഉറച്ചുവിശ്വസിക്കുന്ന തത്വങ്ങളോടും വിശ്വാസ പ്രമാണങ്ങളോടുമുള്ള പ്രതിബദ്ധതയാണ് തോല്‍ക്കുമെന്നുറപ്പുള്ള മത്സരം ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സമൂഹത്തിലെ ഓരോ ചലനവും മനസ്സിലാക്കാനും അവയോട് വേണ്ട വിധത്തിൽ പ്രതികരിക്കാനും എക്കാലവും കൃഷ്ണയ്യർ ശ്രദ്ധാലുവായിരുന്നു. അതുകൊണ്ടാണ് ഓരോ പ്രശ്നം ഉണ്ടാകുമ്പോഴും കൃഷ്ണയ്യർ എന്തു പറയുന്നു എന്നറിയാൻ ആകാംക്ഷയോടെ സമൂഹം കാത്തിരിക്കുന്ന അവസ്ഥയുണ്ടായത്.

വിവിധ മേഖലകളിൽ ജസ്റ്റിസ് കൃഷ്ണയ്യർ നല്‍കിയിട്ടുള്ള സംഭാവനകളും ജുഡീഷ്യൽ സജീവതയ്ക്ക് അദ്ദേഹം നല്‍കിയ ദിശാബോധവും ഇന്ത്യൻ നിയമ നീതിന്യായ വ്യവസ്ഥകളെ നിര്‍ണ്ണായകമായി സ്വാധീനിച്ചു എന്നത് ചരിത്ര സത്യമാണ്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ എന്ന മനുഷ്യസ്നേഹിയായ ന്യായാധിപൻ വെറുമൊരു നിയമ വ്യാഖ്യാതാവുമാത്രമല്ല, വരുംതലമുറകളെപ്പോലും സ്വാധീനിക്കത്തക്ക രീതിയിൽ നവീനമായ നിയമതത്വങ്ങൾ ആവിഷ്ക്കരിക്കുകയും അനന്യസാധാരണമായ ദീര്‍ഘവീക്ഷണവും സാമൂഹികബോധവും തന്റെ എല്ലാ വിധിന്യായങ്ങളിലും പ്രകടിപ്പിക്കുകയും ചെയ്ത നിയമശില്‍പിയും കൂടിയാണ്. ഇന്ത്യൻ നിയമരംഗത്തും സാമൂഹിക രംഗത്തും ഇത്രയും ചലനങ്ങൾ സൃഷ്ടിച്ചിട്ടുള്ള മറ്റൊരു ന്യായാധിപനും ഇന്നോളം ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം. ഇന്ന് ജസ്റ്റിസ് കൃഷ്ണയ്യർ നമ്മോടൊപ്പമില്ല. പക്ഷേ അദ്ദേഹത്തിന്റെ ആശയങ്ങൾ നമുക്ക് പ്രചോദനം നല്‍കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങൾ നമുക്ക് ആവേശം പകരുന്നു. പലപ്പോഴും കൃഷ്ണയ്യരുടെ സാന്നിധ്യം നമുക്ക് അനുഭവപ്പെടുന്നു; ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ അഭാവം നമ്മെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു. അദ്ദേഹമുണ്ടായിരുന്നെങ്കിൽ എന്ന് ഇടയ്ക്കിടെ നാം ചിന്തിച്ചുപോവുന്നു. ഇതിലേറെ എങ്ങനെയാണ് ഒരു വ്യക്തിക്ക് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുക? കൃഷ്ണയ്യർ സ്മരണയ്ക്കുമുമ്പിൽ ആദരാഞ്ജലികൾ അര്‍പ്പിച്ചുകൊണ്ട് ഞാൻ നിര്‍ത്തുന്നു.

27/09/2016