ഗാന്ധിജയന്തി

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-ാം ജന്മദിനം രാജ്യത്താകെ ഇന്ന് സമുചിതമായി ആചരിക്കുകയാണ്. ഇന്നുമുതല്‍
ഒരാഴ്ചക്കാലം, സംസ്ഥാനസര്‍ക്കാരിന്‍റെ മുന്‍കൈയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിലും വിവിധ
പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതിന്‍റെ സംസ്ഥാനതല ഉദ്ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്. ഏറെ സന്തോഷത്തോടെ, ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

എല്ലാവര്‍ഷവും ഒക്ടോബര്‍ രണ്ടുമുതല്‍ ഒരാഴ്ച്ചക്കാലം സംസ്ഥാനത്ത് നാം ഗാന്ധിജയന്തി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും എല്ലാവരെയും ഓര്‍മ്മപ്പെടുത്താനും പുതുതലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാനും ഇത്തരമൊരു വാരാചരണം സഹായിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ എല്ലാവര്‍ഷവും മുടങ്ങാതെ നടക്കുന്ന ഒരു അനുഷ്ഠാനം മാത്രമായി ഇത് ചുരുങ്ങിപ്പോകാതിരിക്കാന്‍ നല്ല ജാഗ്രത ആവശ്യമുണ്ട്. ഗാന്ധിജിയുടെ ആശയങ്ങളെയും ജീവിതത്തേയും നമ്മുടെ കാലഘട്ടത്തിലെ സമസ്യകളോടു ചേര്‍ത്തുപരിശോധിക്കുകയും പുതിയകാലത്തെ പ്രശ്നങ്ങളെ സംബോധന ചെയ്യാന്‍ അവയെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനുള്ള അവസരമായി ഇത്തരം ആഘോഷവേളകളെ ഉപയോഗിക്കേണ്ടതുണ്ട്.

ആധുനിക ഇന്ത്യ ജന്മം നല്‍കിയ യുഗപ്രഭാവനായ വ്യക്തിയായിരുന്നു മഹാത്മാഗാന്ധി എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകില്ല. അദ്ദേഹത്തിന്‍റെ ആശയങ്ങളോടും കാഴ്ചപ്പാടുകളോടും വിയോജിപ്പുള്ളവര്‍ ധാരാളമുണ്ട്. പലകാര്യങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്‍റെ കാഴ്ച്ചപ്പാടുകള്‍ വലിയതോതില്‍ വിമര്‍ശന വിധേയമായിട്ടുമുണ്ട്. ഗാന്ധിജിയുടെ എല്ലാ കാഴ്ചപ്പാടുകളോടും പൂര്‍ണ്ണ യോജിപ്പുള്ള ആളല്ല ഞാനും. പലതിനോടും യോജിപ്പുണ്ട്, ചിലതിനോട് വിയോജിപ്പുമുണ്ട്. എന്നാല്‍, യോജിപ്പുള്ളവരും വിയോജിപ്പുള്ളവരുമെല്ലാം ഒരുപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയുണ്ട് – കാലംചെല്ലുന്തോറും അദ്ദേഹത്തിന്‍റെ ജീവിതമൂല്യങ്ങളുടെ പ്രസക്തി പലതരത്തില്‍ വര്‍ധിച്ചുവരുന്നു എന്നതാണത്. തേച്ചുമിനുക്കുന്തോറും തെളിച്ചം കൂടുന്ന ചില രത്നങ്ങളെപ്പോലെ, അല്ലെങ്കില്‍ പഴക്കമേറുന്തോറും വീര്യം കൂടിവരുന്ന ചില ഔഷധങ്ങളെപ്പോലെ.

ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്ന നിരവധി പ്രശ്നങ്ങള്‍ ഇന്ന് നമ്മുടെ രാഷ്ട്രം നേരിടുന്നുണ്ട്. ജനാധിപത്യവും, മതേതരത്വവും സോഷ്യലിസവുമൊക്കെ അടിസ്ഥാനമൂല്യങ്ങളായി അംഗീകരിച്ച ഒരു ജനതയാണ് നാം. ബഹുസ്വരതയെ അംഗീകരിക്കലും എതിര്‍ശബ്ദങ്ങള്‍ക്ക് ഇടം നല്‍കലും സഹിഷ്ണുതയോടെ വ്യത്യസ്ത വീക്ഷണങ്ങളെ സമീപിക്കലുമൊക്കെയാണ് ജനാധിപത്യത്തിന്‍റെ കാതല്‍. എന്നാല്‍, അസഹിഷ്ണുത പതിയെപ്പതിയെ ആധിപത്യം നേടുന്ന കാഴ്ചയാണിന്ന്. കല്‍ബുര്‍ഗിയെയും ഗോവിന്ദ് പന്‍സാരയെയും നരേന്ദ്രധാല്‍ബോക്കറെയും പോലുള്ള എഴുത്തുകാര്‍ കൊല്ലപ്പെടുന്നു. പെരുമാള്‍മുരുകനെയും ഗുലാം അലിയേയും പോലുള്ള എഴുത്തുകാരും സംഗീതജ്ഞരും നിശബ്ദരാക്കപ്പെടുന്നു. സ്വതന്ത്രചിന്തയ്ക്കുമേല്‍ വിലങ്ങുകള്‍ വീഴുന്നു. ഭക്ഷണശീലത്തിലും വസ്ത്രധാരണരീതിയിലുമൊക്കെ വിലക്കുകള്‍ വരുന്നു. പരസ്പര സഹിഷ്ണുത എല്ലാ വംശങ്ങള്‍ക്കും എല്ലാ കാലത്തേക്കും ആവശ്യം വേണ്ട ഒന്നാണ് എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഓര്‍ക്കേണ്ട ഘട്ടമാണിത്.

ഉറച്ച ഹിന്ദുമതവിശ്വാസിയായിരുന്നു അദ്ദേഹമെന്ന് നമുക്കേവര്‍ക്കും അറിയാം. എന്നാല്‍, അതേസമയം ‘പലമത സാരവുമേകം’ എന്ന തത്വത്തില്‍ വിശ്വസിക്കുകയും എല്ലാ മതദര്‍ശനങ്ങളേയും അംഗീകരിക്കുകയും മുസ്ലീമും ക്രിസ്ത്യനും പാഴ്സിയും സിഖുമുള്‍പ്പെടെ വ്യത്യസ്ത മതവിഭാഗങ്ങളുടെ സഹവര്‍ത്തിത്വമാണ് രാഷ്ട്രത്തിന്‍റെ അടിത്തറയെന്ന് ബോധിപ്പിക്കുകയും ചെയ്തു അദ്ദേഹം. ഇതിനുവേണ്ടിയായിരുന്നു സ്വാതന്ത്ര്യാനന്തരം കലാപഭൂമിയായി മാറിയ ശ്രീരാംപൂരിലും നവഖാലിയിലും അദ്ദേഹം പദയാത്ര നടത്തിയത്. ഡല്‍ഹിയില്‍ 1948 ജനുവരി 12 മുതല്‍ 18വരെ നിരാഹാരം കിടന്നത്. എന്നാല്‍, ഇതേകാരണത്താല്‍ത്തന്നെ ഹിന്ദുവര്‍ഗ്ഗീയത അദ്ദേഹത്തെ വെടിയുണ്ടകള്‍ക്കിരയാക്കി. നിര്‍ഭാഗ്യവശാല്‍ ആ വലിയ ജീവിതത്തെ അവമതിക്കാനും അദ്ദേഹത്തിന്‍റെ ഘാതകരെ മഹത്വവല്‍ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ രാജ്യത്തുണ്ടാകുന്നു. ഇത് നാം കാണാതിരുന്നുകൂടാ. ഗാന്ധിജിയെ വധിച്ച ഗോഡ്സേയെ ക്ഷേത്രമുണ്ടാക്കി അതില്‍ പ്രതിഷ്ഠിക്കണമെന്നു വാദിക്കുന്നു ചിലര്‍. എവിടെയെത്തി നമ്മള്‍?

ഇന്നത്തെ ലോകത്തിലെ പല പ്രശ്നങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ പരിഹാരമാവും. എന്നാല്‍, എല്ലാ പ്രശ്നങ്ങള്‍ക്കും അതു പരിഹാരം കണ്ടെത്തിത്തരുന്നില്ല എന്നും നമുക്കറിയാം. എന്നാല്‍, മറ്റു പലതിനുമൊപ്പം ചേര്‍ത്ത് പ്രയോഗിച്ചാല്‍ ഗാന്ധിജിയുടെ പല ചിന്തകളും മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുള്ള വഴിയൊരുക്കും. സത്യവും അഹിംസയുമായിരുന്നല്ലോ ഗാന്ധിജി പരമപ്രധാനമായി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍. ‘എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം’ എന്നുദ്‌ബോധിപ്പിച്ച അദ്ദേഹം മനഃശക്തിയിലൂന്നിയ അഹിംസയ്ക്ക് മാസ്മരികപ്രഭാവമുണ്ടെന്ന് വിശ്വസിക്കുകയും തെളിയിക്കുകയും ചെയ്ത വ്യക്തിയാണ്. ആഭ്യന്തരലഹളയുടെ കാലത്ത് മൗണ്ട് ബാറ്റണ്‍ ഗാന്ധിജിക്കെഴുതിയ കത്ത് ഇതിനുള്ള അംഗീകാരമാണ്.

ഇവിടെ പഞ്ചാബില്‍ നമുക്ക് 55000 പേരുടെ സൈനിക ശക്തിയുണ്ട്. ഇവിടെ ലഹള ശമിച്ചിട്ടില്ല, എന്നാല്‍, ബംഗാളില്‍
ഗാന്ധിജിയുടെ ഒറ്റയാള്‍ സേനയാണ്. അവിടെ കലാപം അടങ്ങിയിരിക്കുന്നു. ഇതാണ് മൗണ്ട് ബാറ്റണ്‍ പറഞ്ഞത്. പക്ഷേ അഹിംസയില്‍ മുറുകെപ്പിടിച്ചിരുന്നുവെങ്കിലും അക്രമത്തിനിരയാവുന്നവന്‍റെ ചെറുത്തുനില്‍പ്പിനെ അദ്ദേഹം എതിര്‍ത്തിരുന്നില്ല. ആക്രമണകാരികളെയും ചെറുത്തുനില്‍ക്കുന്നവരെയും വേര്‍തിരിച്ചുകാണേണ്ടത് അഹിംസയില്‍ വിശ്വസിക്കുന്നവരുടെ കടമയാണെന്ന്ڈഹരിജന്‍ മാസികയില്‍ അദ്ദേഹം എഴുതി.

അതേസമയം, അനിവാര്യമായ ചെറുത്തുനില്‍പ്പുകള്‍ക്കപ്പുറമുള്ള അതിക്രമങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. വെടിമരുന്നിന്‍റെ ഉപയോഗത്തിലല്ല, ഉത്കൃഷ്ടമായ ധാര്‍മിക ബലത്തിലാണ് രാഷ്ട്രങ്ങളുടെ ശക്തി അന്തര്‍ലീനമായിരിക്കുന്നതെന്ന്അദ്ദേഹം യങ് ഇന്ത്യയിലെ ലേഖനത്തില്‍ സൂചിപ്പിച്ചു. ഇതുകേള്‍ക്കുമ്പോള്‍, അഹിംസയെക്കുറിച്ച് ഗാന്ധിജി സംസാരിച്ചത് വെറും ഭൗതികമായ അര്‍ഥത്തില്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. കൂടുതല്‍ ആഴമേറിയതും ബഹുമുഖമാനങ്ങളുള്ളതുമായിരുന്നു ഗാന്ധിജിയുടെ അഹിംസാ സങ്കല്‍പം. സാമ്പത്തികവും സാംസ്കാരികവും സാമൂഹികവും മതപരവുമായ നിരവധി തലത്തിലുള്ള അതിക്രമങ്ങളുണ്ടെന്ന് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു പുനര്‍വായനയില്‍ നമുക്കു ബോധ്യമാവും. ചൂഷണം ഒരു സാമ്പത്തികാതിക്രമമാണ്. ഉച്ചനീചത്വങ്ങള്‍ ഒരു സാമൂഹികാതിക്രമമാണ്. വിവേചനരഹിതമായ പ്രകൃതിചൂഷണം ഒരു പാരിസ്ഥിതിക അതിക്രമമാണ്.

ഇവയ്ക്കുള്ള പരിഹാരമായി പല സംഗതികളും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. ഉദാഹരണമായി അസമത്വങ്ങളില്‍ നിന്നുള്ള മോചനത്തിനാണ് അന്ത്യോദയയും ഗ്രാമസ്വരാജും. കൊടിയ പ്രകൃതി ചൂഷണത്തില്‍ നിന്നുള്ള മോചനത്തിന് ലളിതജീവിതം. ആവശ്യങ്ങളും ആര്‍ത്തിയും തിരിച്ചറിയാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചത് ഈ ലക്ഷ്യത്തോടെയാണ്. ഈ ഭൂമിയില്‍ എല്ലാവര്‍ക്കും ആവശ്യത്തിനുള്ള വിഭവങ്ങളുണ്ട്. എന്നാല്‍, ഒരാളുടെ പോലും അത്യാഗ്രഹത്തിന് അതു തികയുകയില്ല എന്നായിരുന്നുവല്ലോ അദ്ദേഹം നല്‍കിയ പ്രധാന സന്ദേശങ്ങളിലൊന്ന്. നാമെല്ലാവരും ജീവിതപാഠമായി ഉള്‍ക്കൊള്ളേണ്ട ഒരു സന്ദേശമാണത്. നിര്‍ഭാഗ്യവശാല്‍ ഈ സന്ദേശങ്ങളെയും ആശയങ്ങളെയും മറന്ന് ഗാന്ധിജിയെന്ന ബിംബത്തെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുപയോഗിക്കുന്ന ഒരു പ്രവണത ഇന്നു ശക്തമാണ്.
ഗാന്ധിജിയെ മാത്രമല്ല, അംബേദ്കറും സര്‍ദാര്‍ പട്ടേലും മുതല്‍ ഭഗത്സിങ് വരെയുള്ള ദേശീയപ്രസ്ഥാനത്തിലെ നിരവധി നേതാക്കളെ ചരിത്രസന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി തങ്ങളുടെ കളത്തിലാക്കാനും അങ്ങനെ സ്വാതന്ത്ര്യ സമരത്തില്‍ തങ്ങള്‍ക്കു പങ്കുണ്ടെന്ന പ്രതീതി സൃഷ്ടിക്കാനുമുള്ള ഗാന്ധിവിരുദ്ധരുടെയും വര്‍ഗീയവാദികളുടെയും ശ്രമങ്ങളാണ് ഇന്നു കാണുന്നത്. അത്തരക്കാരുടെ കൈകളില്‍നിന്ന് ഗാന്ധിയെ വീണ്ടെടുക്കുക എന്നതാണ് ഇന്നിന്‍റെ ആവശ്യം. അതുപക്ഷേ, കേവലം ദിനാചരണങ്ങളിലൂടെ മാത്രം നടത്തേണ്ട ഒന്നല്ല.
ഗാന്ധിയന്‍ ആശയങ്ങളുടെ സര്‍ഗാത്മകമായ പുനര്‍വായനയും ഉചിതമായവയുടെ പ്രയോഗവും വഴിയാവണം ആ വീണ്ടെടുപ്പ്. വികേന്ദ്രീകൃതാസൂത്രണം, ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ
സംസ്കരണം തുടങ്ങിയ ഈ സര്‍ക്കാരിന്‍റെ നടപടികള്‍ പലതും ഇത്തരത്തിലുള്ളതാണെന്നുകൂടി സന്ദര്‍ഭവശാല്‍ സൂചിപ്പിക്കട്ടെ.

ഒരു കാര്യംകൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. മനുഷ്യരുടെ ഇടയില്‍ വിയോജിപ്പുകളെക്കാള്‍ യോജിപ്പിന്‍റെ മേഖലകളാണ് കൂടുതലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. സമകാലിക സാഹര്യങ്ങളില്‍ ഏറെ പ്രസക്തമായ ഒരു നിരീക്ഷണമാണിത്. ജാതി, മത, പ്രാദേശിക ഭേദങ്ങളെ ബഹുമാനിക്കാനും ഉള്‍ക്കൊളളാനും കഴിയുന്ന വിശാലമായ ഒരു മാനവികതയാണ് നമുക്കിന്നാവശ്യം.
അസഹിഷ്ണുതയ്ക്കും അന്തഃസംഘര്‍ഷങ്ങള്‍ക്കും മൗലികവാദപ്രവണതകള്‍ക്കുമെതിരെ ഒരു ഓര്‍മപ്പെടുത്തലായി മഹാത്മാഗാന്ധി നമുക്കിടയിലുണ്ട്. ജീവിതം തന്നെ സന്ദേശമാക്കിയ രാഷ്ട്രപിതാവിന്‍റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ.

02/10/2016