വന്യജീവി വാരാഘോഷം

ഗാന്ധിജയന്തി ദിനമായ ഇന്നുമുതല്‍ ഒരാഴ്ചക്കാലം ഇന്ത്യയാകെ വനം വന്യജീവി വാരം ആഘോഷമായി അചരിക്കുകയാണ്. ഇന്ത്യന്‍ വൈല്‍ഡ്ലൈഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ആചരണം നടക്കുന്നത്. മനുഷ്യന്‍റെ പുരോഗതിക്കൊപ്പം സഹജീവികളുടെയും ക്ഷേമവും ഉറപ്പാക്കേണ്ടതാണെന്ന തിരിച്ചറിവാണ് ഇത്തരമൊരാചരണത്തിന് പ്രേരകമായി വര്‍ത്തിച്ചിട്ടുള്ളത്.

വനം-വന്യജീവി സംരക്ഷണം ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമാണ്. കേരളത്തില്‍ പണ്ടുമുതലേ നിലനിന്ന സംസ്കാരം വനവിഭവങ്ങളുടെ ഉപയോഗത്തിനൊപ്പം അവയുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യം കല്‍പിക്കുന്നതായിരുന്നു. എന്നാല്‍, ജനസംഖ്യാ വര്‍ധനവും അതിന്‍റെ ഫലമായി വര്‍ധിച്ചുവന്ന ആവശ്യങ്ങളും പ്രകൃതിസമ്പത്തിന്മേലേക്കു കടന്നുകയറുന്ന സ്ഥിതിയിലേക്കു മനുഷ്യരെ മാറ്റി. ഇതിന്‍റെ ഫലമായി വനം വല്ലാതെ ചുരുങ്ങുന്നു എന്ന് ആശങ്കപ്പെടേണ്ട സ്ഥിതിയായി. ഖരമാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നം നഗരങ്ങളിലെപ്പോലെതന്നെ ഇന്ന് ഗ്രാമങ്ങളിലും രൂക്ഷമായി. മണല്‍വാരലും കുന്നിടിക്കലും വയല്‍നികത്തലുമൊക്കെ പ്രകൃതി അഭിമുഖീകരിക്കുന്ന രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളായി. നാട്ടില്‍നിന്നു കാട്ടിലേക്കു കൂടി ഇതു പടര്‍ന്നു.

കേരളത്തിനൊരു പ്രത്യേകതയുണ്ട്. അത് ഒരേസമയം ഏറെ പരിസ്ഥിതി സമ്പന്നവും അത്രത്തോളംതന്നെ പരിസ്ഥിതി ദുര്‍ബ്ബലവുമാണ് എന്നതാണ്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ച് പരിപാലിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ദൈവത്തിന്‍റെ സ്വന്തം എന്നു വിശേഷിപ്പിക്കപ്പെടുന്ന നാടു ചെകുത്താന്‍റെ നാടായി മാറാനിടയുണ്ട്.

ജൈവവൈവിദ്ധ്യവും സമൃദ്ധിയുമാണ് ഏതൊരു രാജ്യത്തിന്‍റെയും യഥാര്‍ത്ഥ സമ്പത്ത്. ഇതില്‍ മനുഷ്യനും മൃഗങ്ങളും മാത്രമല്ല പ്രകൃതി വിഭവങ്ങളും ഉള്‍പ്പെടും. അതായത് മണ്ണ്, വനങ്ങള്‍, പുഴ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നര്‍ത്ഥം. എന്നാല്‍, ഇതു മനസ്സിലാക്കുന്ന കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തുന്നില്ല
എന്നതാണ് ദുഖകരമായ കാര്യം. ഫലമോ, കാലാവസ്ഥ തന്നെ തകിടം മറിഞ്ഞിരിക്കുന്നു. മണ്ണൊലിപ്പും, വരള്‍ച്ചയും വെള്ളപ്പൊക്കവും വനനശീകരണത്തിന്‍റെ ഫലങ്ങള്‍ തന്നെയാണ്. പ്രകൃതിരമണീയമെന്ന് അഭിമാനിക്കുന്ന കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. പ്രകൃതിവിഭങ്ങളുടെ ശോഷണം അതിനെ
നേരിട്ടാശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്നു. ഇതിനെ നമുക്ക് ഒരുമിച്ച് ചെറുത്തു തോല്‍പ്പിച്ചേ മതിയാവൂ.

ഭൂപ്രകൃതിയുടെ സവിശേഷതകള്‍ക്ക് തികച്ചും ഇണങ്ങുന്ന ഒരു ജീവിതവും സംസ്കാരവുമാണ് നമ്മുടെ നാട്ടില്‍ കാലങ്ങളായി നിലനിന്നുവന്നത്. എന്നാല്‍, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഈ ഇണക്കം എവിടെയോവെച്ച് നമുക്ക് നഷ്ടമായിരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ നമ്മുടെ നാട്ടിലുണ്ടായ പരിസ്ഥിതിനാശം നികത്താന്‍ കഴിയാത്തവിധം വലുതാണ്. പ്രകൃതിക്കെതിരെ യുദ്ധം ചെയ്യുകവഴി നാം നമ്മുടെതന്നെ കുഴി തോണ്ടുകയാണ് ചെയ്യുന്നത്.
കുന്നുകളും പാറക്കൂട്ടങ്ങളും മാത്രമല്ല വനത്തെയും വന്യമൃഗങ്ങളെയും നാം ആക്രമണോത്സുകതയോടെ നശിപ്പിക്കുകയാണ്. തണ്ണീര്‍ത്തടങ്ങളും വയലുകളും, കൈത്തോടുകളും വിവേചനരഹിതമായി നികത്തപ്പെടുന്നു. പൊതുവിഭവങ്ങളും സര്‍ക്കാര്‍ ഭൂമിയും കൈയ്യേറുന്നു. ചുരുക്കത്തില്‍ പരിസ്ഥിതി നാശം സാമൂഹ്യനീതിയുടെ നാശം കൂടിയായി മാറുകയാണ്.

പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ച് ഈ സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നാടിന്‍റെ വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. അതിനായി നിലവിലുള്ള വനം-പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായ നടപ്പാക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ വരുന്ന നിയമങ്ങളെ സാധ്യമായ രീതിയില്‍ കുറ്റമറ്റതാക്കും. അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന വയല്‍-തണ്ണീര്‍ത്തട നികത്തല്‍ ഇതിനകം തടയാന്‍ കഴിഞ്ഞിട്ടുണ്ട്. 2008ലെ നെല്‍ വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. അനധികൃത വനം കയ്യേറ്റം തടയുക, വനാതിര്‍ത്തി കൃത്യമായ സര്‍വ്വേയിലൂടെ പുനര്‍നിര്‍ണ്ണയിക്കുക, പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക മുതലായവയെല്ലാം ഈ സര്‍ക്കാര്‍ തുടങ്ങിവച്ചിട്ടുള്ള നടപടികളാണ്.

എന്നാല്‍, പരിസ്ഥിതി വിഷയങ്ങളില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍പോലെ തന്നെ വികസന വിഷയങ്ങളിലും ശക്തവും സുദൃഢവുമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ന്യായമായ അടിസ്ഥാനസൗകര്യങ്ങളുറപ്പാക്കുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അനിവാര്യമായ വികസനത്തിന് വനഭൂമി, പുഴകള്‍ എന്നിവ ഉപയോഗിക്കേണ്ടി വന്നാല്‍ നിയമപരമായ വഴികളിലൂടെ സര്‍ക്കാര്‍ തീരുമാനമെടുക്കും. കര്‍ഷകരുടെ താല്‍പര്യം പരമപ്രധാനമാണ്. അതു സംരക്ഷിക്കുകതന്നെ ചെയ്യും. എന്നാല്‍, ഏതവസ്ഥയിലും വരുംതലമുറകളുടെ നിലനില്‍പ്പ് പരിഗണിച്ചുകൊണ്ടുള്ള സുസ്ഥിരവികസനത്തിന്‍റെ പാതയേ സര്‍ക്കാര്‍ സ്വീകരിക്കൂ എന്ന് ഈയവസരത്തില്‍ ഉറപ്പു തരുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ 51 എ (ജി) അനുഛേദപ്രകാരം വന്യജീവി സംരക്ഷണം ഓരോ ഇന്ത്യന്‍ പൗരന്‍റേയും മൗലിക കടമയാണ്. അവകാശങ്ങളെക്കുറിച്ച് അങ്ങേയറ്റം ബോധവാന്‍മാരായ കേരളീയ സമൂഹം കടമകളെ വിസ്മരിക്കുന്നു എന്നു വന്നുകൂട. വനസംരക്ഷണമാവട്ടെ, വന്യജീവി സംരക്ഷണമാവട്ടെ,
ഒരു സര്‍ക്കാര്‍ വകുപ്പിന് മാത്രമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല. പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവുംകൊണ്ടു മാത്രമേ വന്യജീവി സംരക്ഷണം സാധ്യമാവുകയുള്ളു.

പൊതുസ്വത്ത് ആരുടേയും സ്വത്തല്ല എന്ന അവസ്ഥ സംജാതമാകാന്‍ അനുവദിക്കരുത്. അത് പൊതുസമൂഹത്തിന് കൂട്ടായി അവകാശപ്പെട്ടതാണ്. നമ്മുടെ നാട്ടിലെ വനങ്ങളും വന്യജീവികളും നമ്മുടേതാണ്. അല്ലാതെ വനം വകുപ്പിന്‍റെതു മാത്രമല്ല. അവ നമ്മുടെ പൊതുസ്വത്താണ്. അതു സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയുമാണ്. വനത്തേയും വന്യജീവികളേയും സംബന്ധിച്ച് ജനങ്ങളില്‍, പ്രത്യേകിച്ച് കുട്ടികളില്‍ താല്‍പര്യവും ജിജ്ഞാസയും വളര്‍ത്തുക എന്നതാണ് വന്യജീവി വാരാഘോഷത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഭൂമിയിലെ ജീവന്‍റെ കണ്ണികള്‍ എന്ന നിലയില്‍ വനങ്ങള്‍, വന്യജീവികള്‍ തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ മൂല്യം പൊതുസമൂഹത്തിനു ബോധ്യമാക്കുക എന്നതും പ്രധാനമാണ്. ഈ ലക്ഷ്യപ്രാപ്തിക്കായാണ് വനം വകുപ്പ് വന്യജീവിവാരം സംഘടിപ്പിക്കുന്നത്.

വരും തലമുറയെന്ന നിലയില്‍ കുട്ടികള്‍, പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ ഈ വിഷയങ്ങളില്‍ അറിവും അവബോധവും നേടണം. ഭാവിയില്‍ ലോക പരിസ്ഥിതിയുടെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനുമുള്ള നമ്മുടെ സ്ഥിരനിക്ഷേപമാണിത്. ആരോഗ്യപരമായ ജീവിതശൈലിയും ചിന്താഗതിയുമുള്ള പൗരന്മാര്‍ രാജ്യത്തിന്‍റെ പുരോഗതിയ്ക്കു മുതല്‍ക്കൂട്ടാണ്. വന്യജീവി വരാഘോഷത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പുമായി കൈകോര്‍ക്കാന്‍ എല്ലാവരോടും ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിച്ചുകൊണ്ട് 2016ലെ വന്യജീവി വാരാഘോഷത്തിന്‍റെ ഉദ്ഘാടനം സന്തോഷത്തോടെ ഞാന്‍ നിര്‍വ്വഹിക്കുന്നു.

02/10/2016