സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് മൂക്കുകയർ

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരുമായി കരാറൊപ്പിടാത്ത മൂന്നു കോളേജുകളെയും വരച്ച വരയില്‍ നിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

വിദ്യാര്‍ഥികളില്‍ നിന്ന് പലവിധത്തില്‍ പണം പിടുങ്ങുകയായിരുന്ന സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് മൂക്കുകയറിടുന്നത് ഇതാദ്യമായാണ്. 10 ലക്ഷം വരെ ഫീസ് വാങ്ങാന്‍ മൂന്ന് മാനേജ്‌മെന്റുകള്‍ക്ക് അനുവാദം നല്‍കിയ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രിംകോടതി പറഞ്ഞിരിക്കുന്നത് ഹൈക്കോടതി വിധി അന്തിമമല്ലെന്നാണ്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യും. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കണ്ട സ്വപ്നം നടക്കാതെ പോയതിന് തന്നെ ഭള്ള് പറഞ്ഞിട്ട് കാര്യമില്ല. സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനോട് യോജിക്കുന്ന സമീപനമായിരുന്നു സ്പീക്കറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സമരം അവസാനിപ്പിക്കുകയല്ലേ എന്ന ചോദ്യത്തിന് യു.ഡി.എഫ് യോഗശേഷം തീരുമാനമെടുക്കുമെന്നായിരുന്നു പ്രതികരണം. യോഗശേഷം യു.ഡി.എഫ് നേതാക്കള്‍ തന്നെ വന്ന് കണ്ട് 30 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ അനുവദിച്ച 2.5 ലക്ഷം രൂപ ഫീസില്‍ കുറവുവരുത്താന്‍ മാനേജ്‌മെന്റ് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. സര്‍ക്കാര്‍ കരാറുണ്ടാക്കിയ സ്ഥിതിക്ക് പുതിയ നിര്‍ദേശമൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് താന്‍ പറഞ്ഞത് യു.ഡി.എഫ് നേതാക്കള്‍ അംഗീകരിച്ചതുമാണ്. ഇതനുസരിച്ച് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മാനേജ്‌മെന്റുകള്‍ പക്ഷെ, സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍ യാതൊരു മാറ്റവും പറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍ മറ്റ് സ്വാശ്രയ കോളജുകള്‍ ഈടാക്കുന്ന മാതൃകയില്‍ 30 ശതമാനം സീറ്റുകളില്‍ 2.5 ലക്ഷം ഫീസ് പാടില്ലെന്ന പ്രതിപക്ഷ നിലപാട് ശരിയല്ല. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഇതെല്ലാം അപ്രസക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

08/10/2016