കുളങ്ങളും തോടുകളും വീണ്ടെടുക്കണം

ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കുളങ്ങളും തോടുകളും ശുചീകരിക്കുകയും തൂര്‍ന്നുപോയവ വീണ്ടെടുക്കുകയും ചെയ്യാനുള്ള ഹരിത കേരളം പദ്ധതി നടപ്പാക്കിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത് നിര്‍വഹിക്കുക. പദ്ധതിയുടെ രണ്ടാംഘട്ടമായി പുഴകളും കായലുകളും ശുചീകരിക്കും. പരസ്യ വിസര്‍ജനമില്ലാത്ത സംസ്ഥാനമായി മാറാനുള്ള ശ്രമത്തിലാണ് കേരളം. കണ്ണൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍ ഈ നേട്ടം ഇതിനകം കൈവരിച്ചുകഴിഞ്ഞു. നഗരങ്ങളിലും ഇതിനുള്ള സംവിധാനം ത്വരിതഗതിയില്‍ ഏര്‍പ്പെടുത്തണം. നാട്ടില്‍ മാലിന്യമുക്തമായ ശുചിത്വ സംസ്‌ക്കാരം വളര്‍ന്നു വരേണ്ടതുണ്ട്. വീടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും ഓഫീസുകളിലും നിന്നും അത് തുടങ്ങണം. ജനങ്ങളുടെ സഹകരണത്തോടെയല്ലാതെ ഇത് നടപ്പാക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴവെള്ളം ശേഖരിക്കുന്നതിനുള്ള സമഗ്രപദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. മഴക്കുഴികളിലൂടെയും മഴവെള്ള സംഭരണികളിലൂടെയും ലക്ഷ്യം നേടിയെടുക്കും. പുതുതായി നിര്‍മിക്കുന്ന വീടുകള്‍ക്ക് മഴവെള്ള സംഭരണി നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

08/10/2016