മന്ത്രിസഭാ തീരുമാനങ്ങൾ 04/10/2016

ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ‘വിമുക്തി’

മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വിമുക്തി (കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍) എന്ന പേരില്‍ ഒരു പുതിയ പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചു. സ്റ്റുഡന്‍ഡ് പോലീസ് കേഡറ്റ്, സ്കൂള്‍-കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, നാഷണല്‍ സര്‍വീ.സ് സ്കീം, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി- യുവജന- മഹിളാ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ലഹരിമുക്ത കേരളം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യുവജനങ്ങളേയും വിദ്യാര്‍ത്ഥികളെയും ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

മുഖ്യമന്ത്രി ചെയര്‍മാനും എക്സൈസ് വകുപ്പുമന്ത്രി വൈസ് ചെയര്‍മാനുമായി ഗവേര്‍ണിംഗ് ബോഡി രൂപീകരിക്കും. നികുതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനര്‍ ആകും. ആരോഗ്യ, തദ്ദേശ സ്വയംഭരണ, വിദ്യാഭ്യാസ, ധനകാര്യ, വ്യവസായ, പട്ടികജാതി-പട്ടികവര്‍ഗ്ഗ, ഫിഷറീസ് വകുപ്പുമന്ത്രിമാരും ചീഫ് സെക്രട്ടറി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, അഡ്വക്കേറ്റ് ജനറല്‍, കേരള പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്, കലാകായിക സാംസ്ക്കാരിക, സാഹിത്യ സന്നദ്ധസംഘടനാ പ്രതിനിധികള്‍, എന്നിവര്‍ അംഗങ്ങളുമായിരിക്കും. ജില്ലാതലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും കമ്മിറ്റികളുണ്ടാകും.
—————

  • ജ. ശിവരാജന്‍ അന്വേഷണ കമ്മീഷന്‍ കാലാവധി ആറുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. 2016 ഒക്ടോബര്‍ 28-നായിരുന്നു കാലാവധി അവസാനിക്കേണ്ടത്.
  • വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായി കെ.ഡി. ബാബു (കൊച്ചി) വിനെ നിയമിച്ചു.
  • കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡിന്റെ എം.ഡി. ഏലിയാസ് ജോര്‍ജിനെ രണ്ടുവര്‍ഷത്തേക്കുകൂടി തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ചു.
  • ആരോഗ്യ വകുപ്പില്‍ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2 ന്‍റെ 204 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.
  • സുപ്രീം കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷക പട്ടികയില്‍ പി.വി. സുരേന്ദ്രനാഥിനെ ഉള്‍പ്പെടുത്താൻ തീരുമാനിച്ചു.
  • പാരിപ്പള്ളി ഇ.എസ്.ഐ. മെഡിക്കല്‍ കോളേജില്‍ 282 അധിക തസ്തികകള്‍ സൃഷ്ടിക്കും.
  • ലാന്റ് റവന്യൂ കമ്മീഷണറുടെ റിവിഷണല്‍ അധികാരത്തിനെതിരെ സ്വമേധയാ സര്‍ക്കാരിന് റിവിഷണല്‍ അധികാരം നിക്ഷിപ്തമാക്കുന്നതിനും ബോര്‍ഡ് ഓഫ് റവന്യൂ എന്നത് ലാന്‍റ് റവന്യൂ കമ്മീഷണര്‍ എന്നാക്കി മാറ്റുന്നതിനും തീരുമാനിച്ചു.

(04.10.2016)