ജാത്യാഭിമാനം പ്രോല്‍സാഹിപ്പിക്കുന്നത് ഗുരുനിന്ദ

ശ്രീനാരായാണ ഗുരു തള്ളിപ്പറഞ്ഞ ജാത്യാഭിമാനത്തെ പ്രോല്‍സാഹിപ്പിക്കുന്നത് ഗുരുനിന്ദയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരെന്ന് നടിക്കുന്ന ചിലര്‍ രാഷ്ട്രീയ ലക്ഷ്യംവച്ച് ചാതുര്‍വര്‍ണ്യം മുഖ്യ അജണ്ടയായ പ്രസ്ഥാനവുമായി സഖ്യമുണ്ടാക്കിയതാണ് ഏറ്റവും വലിയ ഗുരു നിന്ദയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരം ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗുരുവിന്റെ ശിഷ്യരെന്ന് പറയുന്നവര്‍ ഗുരുവിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും ഇടുങ്ങിയ സ്വാര്‍ത്ഥ ചിന്തയ്ക്ക് ഉപയോഗിക്കുകയാണ്. ഇരുട്ടിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഗുരുവില്‍ വിശ്വസിക്കുന്ന ജനതയെ അടിയറ വെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ഗുരുദ്രോഹവും അങ്ങേയറ്റം ആപല്‍ക്കരവുമാണ്. ഇതിനെതിരെ പൊരുതാനുള്ള ആര്‍ജവമാണ് ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തില്‍ അടങ്ങിയിട്ടുള്ളത്. ഗുരുവിന്റെ പേര് പറഞ്ഞ് ജാതിയുടെയും മതത്തിന്റെയും കാലുഷ്യം വളര്‍ത്താന്‍ ശ്രമിക്കുകയാണ്. ഒരു പ്രത്യേക ജാതിയിലേക്കും മതത്തിലേക്കും ചിലര്‍ ഭാവിയില്‍ തന്നെ മാറ്റാന്‍ ശ്രമിച്ചേക്കുമെന്ന് ഏതാണ്ട് പ്രവചന സ്വഭാവത്തോടെ ഗുരു മനസ്സിലാക്കിയിരുന്നു. ഒരു പക്ഷെ ആ വഴിക്കുള്ള ശ്രമങ്ങള്‍ തന്റെ ചുറ്റുമുള്ളവര്‍ നടത്തുന്നുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവും. അത് അദ്ദേഹത്തിന് വലിയ ദു:ഖമുണ്ടാക്കിയിരുന്നു. തന്റെ ശിഷ്യ സമൂഹത്തില്‍ ജാതിയും മതവുമില്ലെന്ന ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരെ മാത്രമെ ആലുവ അദ്വൈതാശ്രമത്തിലെ ശിഷ്യ സംഘത്തില്‍ അദ്ദേഹം ചേര്‍ത്തിരുന്നുള്ളു. ഭാവിയിലും അത്തരത്തിലുള്ളവരെ മാത്രമെ ശിഷ്യ സംഘത്തില്‍ ചേര്‍ക്കാന്‍ പാടുള്ളൂവെന്നും അര്‍ഥശങ്കക്കിടയില്ലാതെ ഗുരു പറഞ്ഞുവെച്ചിട്ടുണ്ട്. ഗുരുവിന്റെ ശിഷ്യരാകാനുള്ള ഏറ്റവും വലിയ യോഗ്യത ജാതിയും മതവും പാടില്ലെന്നതാണ്. ഇതില്‍ രണ്ടില്‍ നിന്നും മുക്തമാകണം. ഇങ്ങനെയുള്ളവര്‍ മാത്രമാണ് അദ്ദേഹത്തിന്റെ ശിഷ്യരായി ഉര്‍ന്നുവന്നത്.

എന്നാല്‍ ഗുരു സ്ഥാപിച്ച എസ്എന്‍ഡിപിയെ നയിച്ചവര്‍ എല്ലാവരും അദ്ദേഹത്തിന്റെ ദര്‍ശനം വച്ച് പുലര്‍ത്തുന്നവരായിരുന്നില്ല. എസ്എന്‍ഡിപിയുടെ തലപ്പത്തുള്ളവര്‍ ചോദിക്കുന്ന ചോദ്യം ജാതി പറഞ്ഞാല്‍ എന്താണെന്നാണ്. ഈ ചോദ്യം ചോദിക്കുന്നവരെ ഗുരുവിന്റെ ശിഷ്യരായി കാണാന്‍ കഴിയില്ല. ഗുരുവാണോ ശരി, ഗുരുവിനെ ബോധപൂര്‍വം ധിക്കരിക്കുന്നവരാണോ ശരിയെന്ന് പൊതുസമൂഹം വിലയിരുത്തണം. ഗുരു ജീവിതകാലം മുഴുവന്‍ ഏന്തിന് വേണ്ടിയാണോ പ്രവര്‍ത്തിച്ചത്, അതിന് വിരുദ്ധമായ പ്രവണതകള്‍ നമ്മുടെ ഇടയില്‍ തലഉയര്‍ത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍സിപ്പല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ അധ്യക്ഷയായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ നവോത്ഥാന പ്രദര്‍ശനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സപ്ലിമെന്റ് പ്രകാശനം മേയര്‍ ഇ പി ലത നിര്‍വഹിച്ചു. ജാതിയില്ലാ വിളംബരത്തിന്റെ കലണ്ടര്‍ വിതരണ ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ എന്നിവര്‍ക്ക് നല്‍കി കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വ്വഹിച്ചു. ചടങ്ങില്‍ എംപി മാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, ഫോക് ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ നമ്പ്യാര്‍, ഗ്രന്ഥശാലാ സംഘം സംസ്ഥാന സെക്രട്ടറി അഡ്. പി അപ്പുക്കുട്ടന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി സത്യപാലന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.കെ ചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, മുന്‍ എം.എല്‍.എ പി ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് സ്വാഗതവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു നന്ദിയും പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനാഘോഷം, ഗാന്ധി ജയന്തി വാരാഘോഷം എന്നിവയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന, പ്രബന്ധ രചന, ക്വിസ്, കവിതാലാപനം എന്നീ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. 100 ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിസ്ഥിതി ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുത്ത പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു. തുടര്‍ന്ന് നടന്ന ജാതിയില്ലാ പ്രഖ്യാപനത്തിന്റെ സമകാലിക പ്രസക്തി എന്ന സെമിനാറില്‍ മലയാള സര്‍വകലാശാലാ പൈതൃക പഠന വിഭാഗം മേധാവി കെ.എം ഭരതന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ കോളിക്കടവ് ഇകെ നായനാര്‍ ലൈബ്രറി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ചിലമ്പ് നാടന്‍ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, ജില്ലാ പഞ്ചായത്ത്, സാംസ്‌കാരിക വകുപ്പ്, തദേശ സ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

16/10/2016