കസ്തൂരി രംഗന്‍ റിപ്പോർട്ട്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിട്ടുള്ള 123 വില്ലേജുകളിലെ ജനങ്ങളുടെ ആശങ്കക്കും ഉത്കണ്ഠക്കും ഒപ്പമാണ് എല്‍ഡിഎഫ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ഇടങ്ങളില്‍ ജനവാസകേന്ദ്രങ്ങളും ഉള്‍പ്പെടുന്നു എന്ന വിഷയം സജീവമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഈ വിഷയത്തില്‍ ജനങ്ങള്‍ സമര രംഗത്തെത്തിയപ്പോള്‍ എല്‍ഡിഎഫ് അതിന് ഒപ്പമായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിലും ജനങ്ങള്‍ക്കൊപ്പമാണ് എന്ന നിലപാട് അര്‍ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ നിലപാടില്‍ നിന്നും താതൊരു മാറ്റവും സര്‍ക്കാരിനില്ല. മറിച്ചുള്ള ആക്ഷേപങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ മാത്രമാണ്.

കസ്തൂരിരംഗന്‍ വിഷയത്തില്‍ ജനങ്ങളുടെ സമരം നടന്ന ഘട്ടത്തില്‍ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് ഒരു പ്രമേയം നിയമസഭയില്‍ കൊണ്ടുവന്നു. ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണം എന്നതായിരുന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. അതിനോട് യുഡിഎഫും യോജിച്ചു. അങ്ങനെ നിയമസഭ ഐക്യകണ്ഠേന ഒരു പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം കസ്തൂരിരംഗന്‍ വിഷയത്തില്‍ മറുപടി നല്‍കുമ്പോള്‍ ഇക്കാര്യം മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ ഓര്‍മിപ്പിച്ചിരുന്നു. മുന്‍പ് അവതരിപ്പിച്ച പ്രമേയത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ഈ പരാമര്‍ശത്തെയാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഉപയോഗിക്കുന്നത്. പ്രമേയത്തോട് യുഡിഎഫ് യോജിച്ചെങ്കിലും കസ്തൂരി രംഗന്‍ പ്രശ്നത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാക്കുന്നതില്‍ യുഡിഎഫിന് നേതൃത്തം നല്‍കിയ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നതാണ് വസ്തുത. ജനങ്ങളുടെ ഉല്‍കണ്ഠയുടെ കാര്യത്തില്‍ പ്രമേയം മുന്‍നിര്‍ത്തിയുണ്ടായ യോജിപ്പ് അതിന്‍റെ സത്ത നടപ്പാക്കിയെടുക്കുന്നതില്‍ യുഡിഎഫിനോ യുപിഎ സര്‍ക്കാരിനോ ഉണ്ടായില്ല.

പരിസ്ഥിതിലോല പ്രദേശങ്ങളില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ മാറ്റിനിര്‍ത്തിയും അതേസമയം പരിസ്ഥിതിലോല പ്രദേശങ്ങളായി സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങളെ സംരക്ഷിച്ചുകൊണ്ടുമുള്ള നിയമമാണ് ഉണ്ടാവേണ്ടത് എന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിന്‍റേത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തന്നെ കേന്ദ്ര പരിസ്ഥിതിവകുപ്പ് മന്ത്രിയെ കണ്ട് ചര്‍ച്ച നടത്തുകയും അനുകൂല പ്രതികരണം ലഭിച്ചിരുന്നതുമാണ്. തുടര്‍ന്നും കേന്ദ്ര ഗവണ്‍മെന്‍റില്‍ സമ്മര്‍ദം ചെലുത്തിവരികയാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

22/10/2016