വിജിലന്‍സ് ഡയറക്ടര്‍

അടിയന്തര പ്രമേയ നോട്ടീസില്‍ പരാമര്‍ശിക്കപ്പെട്ട തരത്തിലുള്ള ഒരു ആരോപണവും വിജിലന്‍സ് ഡയറക്ടര്‍ ഉന്നയിച്ചിട്ടില്ല. തന്‍റെ ഫോണ്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ തുടങ്ങിയവ ചോര്‍ത്തുന്നതായി വന്ന ഒരു പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തുകയും അതു മുന്‍നിര്‍ത്തിയുള്ള ആശങ്ക സര്‍ക്കാരിനെ അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളത്.പത്രറിപ്പോര്‍ട്ടില്‍ പറയുന്ന കാര്യം സത്യമാണെങ്കില്‍ നടപടിയുണ്ടാവണമെന്നു മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. പത്രവാര്‍ത്ത വന്നാല്‍, സാധാരണ ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന ആശങ്ക മാത്രമേ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളൂ.

അടിയന്തരപ്രമേയ നോട്ടീസില്‍ പരാമര്‍ശിക്കപ്പെട്ട കത്ത് വിജിലന്‍സ് ഡി.ജി.പി.യില്‍ നിന്നും കിട്ടിയിട്ടുണ്ട്. എന്നാല്‍, കത്തില്‍ പറയുന്ന വിധത്തിലുള്ള യാതൊരു നിരീക്ഷണത്തിനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആരെങ്കിലും അനുമതി ചോദിക്കുകയോ, ആവര്‍ അനുമതി നല്‍കുകയോ ഉണ്ടായിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. രാഷ്ട്രീയ നേതാക്കളുടേയോ ഉദ്യോഗസ്ഥډാരുടേയെ ഫോണ്‍, മെയില്‍ തുടങ്ങിയവ ചോര്‍ത്തല്‍ ഈ സര്‍ക്കാരിന്‍റെ നയമല്ല.

ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് വകുപ്പ് 5(2) പ്രകാരം രാഷ്ട്രത്തിന്‍റെ സുരക്ഷാ ആവശ്യത്തിനോ, രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കോ, അത്യാവശ്യ ഘട്ടങ്ങളില്‍ കുറ്റകൃത്യം തടയുന്നതിനോ സര്‍ക്കാരിന്‍റെ അനുവാദത്തോടുകൂടി മാത്രം ടെലഫോണ്‍ വഴി നടക്കുന്ന സംഭാഷണങ്ങളും സന്ദേശങ്ങളും നിരീക്ഷിക്കാവുന്നതാണ്. ഇന്ത്യന്‍ ടെലഗ്രാഫ് അമന്‍റ്മെന്‍റ് റൂള്‍ 2007 പ്രകാരം സംസ്ഥാന ആഭ്യന്തരവകുപ്പിന്‍റെ സെക്രട്ടറിമാര്‍ക്കാണ് ഇതിനുള്ള അംഗീകാരം നല്‍കാവുന്നത്. എന്നാല്‍, മുകളില്‍ സൂചിപ്പിച്ച പ്രകാരമുള്ള സാഹചര്യങ്ങളില്‍ സംസ്ഥാനങ്ങളില്‍ ഐ.ജി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്ക് ഇത് നിരീക്ഷിക്കാവുന്നതും എന്നാല്‍ മൂന്ന് ദിവസത്തിനകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതും 7 ദിവസത്തിനകം ഇതിന്‍റെ ഉത്തരവ് സംസ്ഥാന ഹോം സെക്രട്ടറിയില്‍ നിന്നും വാങ്ങേണ്ടതുമാണ്.

ഇന്ത്യന്‍ ടെലഗ്രാഫ് ആക്ട് സെക്ഷന്‍ 7 അനുസരിച്ച് നിയമപരമായല്ലാതെ നടത്തുന്ന ടെലഫോണ്‍ നിരീക്ഷണങ്ങള്‍ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2008 വകുപ്പുകള്‍ 69, 69(എ), 69(ബി) പ്രകാരം സര്‍ക്കാരിനോ അധികാരപ്പെടുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ രാഷ്ട്രത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷിതത്വത്തിനും വേണ്ടി കമ്പ്യൂട്ടര്‍ വഴി ലഭ്യമാകുന്ന ഏതു വിവരവും നിരീക്ഷിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്.

ഈ നിയമവ്യവസ്ഥകള്‍ അനുസരിച്ച് വിജിലന്‍സ് ഡി.ജി.പി.യെ സംബന്ധിച്ച ഒരു അപേക്ഷ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ലഭിക്കുകയോ അനുമതി നല്‍കുകയോ ഉണ്ടായിട്ടില്ല. സര്‍ക്കാരിന്‍റെ നിലപാടിനും നിയമവ്യവസ്ഥയ്ക്കും വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്.

എന്നിരുന്നാലും, വിജിലന്‍സ് ഡി.ജി.പി.യുടെ കത്ത് മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതാണ്. ഇതിനു ഡി.ജി.പി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഴിമതിക്കെതിരായി കര്‍ക്കശമായി നിങ്ങുന്നതിന് വിജിലന്‍സിനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഒരു നടപടിയും ഒരു ഭാഗത്തുനിന്നും ഉണ്ടാവുന്നത് അനുവദിക്കില്ല.