എം.പി കോണ്‍ഫറന്‍സ്

1. പാര്‍ലമെന്‍റ് സമ്മേളനങ്ങളുടെ മുന്നോടിയായി മാത്രമല്ല, മറിച്ച് സമ്മേളനം സമാപിക്കുന്നതിനു തൊട്ടുപിന്നാലെയും ഇത്തരം യോഗങ്ങള്‍ നടക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, പലവിധ കാരണങ്ങള്‍കൊണ്ട് സെഷന്‍ കഴിഞ്ഞശേഷമുള്ള ഘട്ടത്തിലെ വിലയിരുത്തല്‍ യോഗം നടന്നിട്ടില്ല. അതുകൊണ്ടുതന്നെ, കഴിഞ്ഞ സമ്മേളനത്തിന്‍റെ വിലയിരുത്തലിനുശേഷം വരാന്‍പോകുന്ന സമ്മേളനത്തിലുന്നയിക്കേണ്ട കാര്യങ്ങളിലേക്കു കടക്കുന്നതാവും ഉചിതം എന്നു തോന്നുന്നു.

2. ഐക്യകേരളം രൂപം കൊണ്ടിട്ട് അറുപതുവര്‍ഷം തികയുന്നതിനു തൊട്ടുമുമ്പായാണ് നമ്മുടെ ഈ യോഗം നടക്കുന്നത്.
അതുകൊണ്ടുതന്നെ ഐക്യകേരളത്തിന്‍റെ പിറവിക്കുവേണ്ടി പൊരുതിയവരുടെ മനസ്സിലെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ ഇനി ഏതൊക്കെ വഴിക്കു നീങ്ങണമെന്ന ആലോചന പ്രസക്തമാണെന്നു തോന്നുന്നു.

3. ഏതായാലും ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന സുപ്രധാനങ്ങളായ രണ്ടുമൂന്ന് പദ്ധതികളെക്കുറിച്ച് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. ഒന്നിന്‍റെയും വിശദാംശങ്ങളിലേക്കു പോകുന്നില്ല.
ഒന്ന്: ലൈഫ് എന്ന സമ്പൂര്‍ണ ഭവനപദ്ധതിയാണ്. ഭവനരഹിതരില്ലാത്ത കേരളം രൂപപ്പെടുത്തുക, അത്തരം കുടുംബങ്ങളെ സാമൂഹ്യ ജീവിത മുഖ്യധാരയിലേക്കു കൊണ്ടുവരിക, ജീവനോപാധികള്‍ നല്‍കി ശാക്തീകരിക്കുക എന്നിവയൊക്കെ ഉള്‍പ്പെട്ട സമഗ്രമായ ഒരു പദ്ധതിയാണത്.

രണ്ടാമത്തേത് കായലുകള്‍, കുളങ്ങള്‍ തുടങ്ങിയ ജലശ്രോതസ്സുകളും ജലസംഭരണികളും സമഗ്രമായി മലിനവിമുക്തമാക്കി ശുദ്ധീകരിക്കുന്ന പദ്ധതിയാണ്. വെറുതേ ശുദ്ധീകരിക്കല്‍ മാത്രമല്ല, ശുദ്ധിയാവുന്ന ഇടങ്ങളെ ജൈവകൃഷിയിലൂടെയും മറ്റും ഹരിതാഭമാക്കിയെടുക്കുന്ന ‘ക്ലീന്‍ ത്രൂ ഗ്രീന്‍’ എന്ന പരിപാടി കൂടി ഇതിന്‍റെ ഭാഗമാണ്. ശുദ്ധജലവും ശുദ്ധവായുവും ശുദ്ധ പച്ചക്കറിയും ധാരാളമായി ലഭ്യമാകുന്ന നാടാക്കി കേരളത്തെ മാറ്റലാണിതുകൊണ്ടുദ്ദേശിക്കുന്നത്.
കേരളം വെളിയിട വിസര്‍ജനമുക്ത സംസ്ഥാനമാവുകയാണ് ഈ ഘട്ടത്തില്‍ എന്നതു നിങ്ങള്‍ക്കേവര്‍ക്കും അറിയുന്ന കാര്യമാകയാല്‍ ഞാന്‍ അതും വിശദീകരിക്കുന്നില്ല.

നിങ്ങളുടെ അടിയന്തരശ്രദ്ധയില്‍ വരേണ്ടതും നിങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യമുള്ളതുമായ രംഗം കേരളത്തിന് ഭക്ഷ്യധാന്യം നിഷേധിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കലാണ്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധമാണ്. അതില്‍ വിട്ടുവീഴ്ചയില്ല. നടപടിക്രമങ്ങളിലെ കാലതാമസത്താലോ മറ്റോ അതിലല്‍പം കാലതാമസം വന്നാല്‍ ഉടന്‍ അരി നിഷേധിക്കും എന്നു പറയുന്നതു നീതിയല്ല.

കേരളത്തിന് ആവശ്യമായത്ര അരി നല്‍കാന്‍ കേന്ദ്രത്തിനു ചുമതലയുണ്ട്. സുഗന്ധവ്യഞ്ജനങ്ങള്‍ വിദേശനാണ്യം നേടിത്തരുമെന്നും അതുകൊണ്ട് ഉല്‍പാദനമേഖലയിലെ ഊന്നല്‍ അതിലാകണമെന്നും അതുകൊണ്ട് ഭക്ഷ്യധാന്യ രംഗത്തുണ്ടാവുന്ന കുറവ് നികത്തിത്തന്നുക്കൊള്ളാമെന്നും പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ കേന്ദ്രം ഉറപ്പുനല്‍കിയിരുന്നു, അതു പ്രകാരമാണ് കേരളം സുഗന്ധവ്യഞ്ജനങ്ങളില്‍ കേന്ദ്രീകരിച്ചത്. അതുകൊണ്ട് കേന്ദ്ര വിദേശനാണ്യ ഖജനാവ് കനത്തു. എന്നാല്‍, അതിന്‍റെ തുച്ഛഭാഗമെങ്കിലും നല്‍കി ഭക്ഷ്യരംഗത്തെ കേരളത്തിന്‍റെ പോരായ്മ നികത്താന്‍ നടപടിയൊന്നും കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോള്‍ നിയമസാങ്കേതികത്വം പറയുന്ന കേന്ദ്രത്തെ, അവരുടെതന്നെ പഴയ ഉറപ്പും അതിന്‍റെ ലംഘനവും ഓര്‍മിപ്പിക്കണം. കേരളത്തില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് വന്ന പ്രത്യേക പശ്ചാത്തലം മനസ്സിലാക്കണം. ആ ഒരു പശ്ചാത്തലത്തില്‍ നിര്‍ത്തിവേണം, ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുംവരെ നിര്‍ബാധം അരി ലഭിക്കണമെന്ന ആവശ്യത്തില്‍ ഊന്നേണ്ടത്.

കേരളത്തിലെ കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ സ്ഥിതി ഞാന്‍ വിശദീകരിക്കേണ്ടതില്ല. മൊത്തം കേന്ദ്ര നിക്ഷേപത്തില്‍നിന്ന് മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ക്ക് 16.92 ശതമാനം ലഭിക്കുമ്പോള്‍ കേരളത്തിനു ലഭിക്കുന്നത് 2.2 ശതമാനവും 1.43 ശതമാനവും മറ്റുമാണ്. ഒരുവശത്ത് നിക്ഷേപം ഇങ്ങനെ ഇടിയുന്നു, മറുവശത്ത് കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാവുകയും ചെയ്യുന്നു. ഇറക്കുമതി ഉദാരവല്‍ക്കരണം, ഓഹരി വിറ്റഴിക്കല്‍ തുടങ്ങി പല കാര്യങ്ങളാണ് പൊതുമേഖലയെ തകര്‍ക്കുന്നത്. ഇക്കാര്യത്തില്‍ തിരുത്തല്‍ ഉണ്ടാകും വിധമുള്ള ഇടപെടല്‍ നിങ്ങളില്‍ നിന്നുണ്ടാവണം.
പാമോലിന്‍ ഇറക്കുമതി കേര കര്‍ഷകരെയും റബ്ബര്‍ ഇറക്കുമതി റബ്ബര്‍ കര്‍ഷകരെയും ഒക്കെ ബാധിക്കുന്നത് എത്ര രൂക്ഷതരമായാണെന്നു ഞാന്‍ നിങ്ങളോടു വിശദീകരിക്കേണ്ടതില്ല. അത്തരം പ്രശ്നങ്ങളില്‍ രാഷ്ട്രീയ നിരപേക്ഷമായ ഒറ്റക്കെട്ടായ സമീപനം ഉണ്ടാവണമെന്നു മാത്രം പറയട്ടെ.

കേരളത്തിന്‍റെ പദ്ധതി നിര്‍ദേശങ്ങള്‍ക്ക് കാലവിളംബരം കൂടാതെ അനുമതി കിട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കും കാര്യമായി ഇടപെടാനാവും. അത്തരം ഇടപെടലുകള്‍ ഉണ്ടാവുന്നുണ്ടുതാനും. എങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ഉണ്ടാവണമെന്ന് അറിയിക്കട്ടെ. പല മേഖലകളിലും കേരളത്തിന് അര്‍ഹതപ്പെട്ടത് ലഭിക്കാതെ പോകുന്നുണ്ട്. രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നേരത്തെ 300 കോടി കിട്ടിയിടത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 180 കോടി മാത്രമാണ് ലഭിച്ചത്. നെല്‍കൃഷിക്കായി അനുവദിച്ച 81 കോടിയില്‍ 57 കോടി മാത്രമേ സംസ്ഥാനത്ത് എത്തിയുള്ളു. ബാള്‍ കൊപ്രയുടെ വില കിന്‍റലിന് 9200 രൂപയും മില്ലിങ് കൊപ്രയുടെ വില 8300 രൂപയും ആക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും യഥാക്രമം 6785, 6500 എന്നീ നിരക്കിലേ കേന്ദ്രം നിശ്ചയിച്ചുള്ളു. താങ്ങുവില ഉയര്‍ത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.

റബ്ബറിനെ വിലത്തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ കേന്ദ്ര സഹായം കിട്ടേണ്ടതുണ്ട്. റബ്ബറിന്‍റെ ഇറക്കുമതി ചുങ്കം കാര്യമായി ഉയര്‍ത്തുകയും റബ്ബര്‍ ഇറക്കുമതി ചില തുറമുഖങ്ങളിലേക്കു മാത്രമായിട്ടെങ്കിലും പരിമിതപ്പെടുത്തുകയും ചെയ്യണം കേന്ദ്രം. ഇറക്കുമതി ചുങ്കം കൂട്ടുന്ന കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്നതാണ് കേന്ദ്രനിലപാടെങ്കില്‍ സേഫ് ഗാര്‍ഡ് ഡ്യൂട്ടി എന്നൊന്നുണ്ട്. അത് ചുമത്തിയെങ്കിലും റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. 2016-17ലേക്ക് റബ്ബര്‍ കര്‍ഷകസംരക്ഷണ കാര്യത്തില്‍ 500 കോടിയുടെ കേന്ദ്രസഹായം ചോദിച്ചിട്ടുണ്ട്. ഇതിനായി ശബ്ദമുയര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.ബയോഗ്യാസ് പ്ലാന്‍റ് നിര്‍മാണത്തിനുള്ള സബ്സിഡി വര്‍ധിപ്പിക്കുക, ആത്മ പദ്ധതിക്ക് 90:10 അനുപാതത്തില്‍ ആനുകൂല്യം അനുവദിക്കുക, ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തുക എന്നിവയും നമ്മുടെ ആവശ്യങ്ങളാണ്.2014-15 സാമ്പത്തികവര്‍ഷം വരെ കേന്ദ്ര പദ്ധതികളായ ഞഗഢഥ, ചഎടങ, ഞഅഉ എന്നീ പദ്ധതികള്‍ക്ക് 100 ശതമാനം കേന്ദ്രസഹായം അനുവദിച്ചിരുന്നു. ആത്മ, കാര്‍ഷിക യന്ത്രവല്‍ക്കരണം എന്നീ പദ്ധതികള്‍ 90:10 എന്ന അനുപാതത്തിലും ചഒങ പദ്ധതി 85:15 എന്ന അനുപാതത്തിലുമാണ് നടപ്പിലാക്കിവരുന്നത്. എന്നാല്‍, 2015-16 മുതല്‍ എല്ലാ പദ്ധതികളും 60:40 അനുപാതം നടപ്പാക്കി. ഇതുമൂലം സംസ്ഥാനത്തിന് 40 ശതമാനം തുകയുടെ അധികബാധ്യത വന്നു. ഈ അവസ്ഥ മാറ്റി പഴയ നില പുനഃസ്ഥാപിക്കാന്‍ സംഘടിതമായ ശ്രമം ഉണ്ടാവണം.

റെയില്‍വേ രംഗത്തെ നമ്മുടെ ആവശ്യങ്ങള്‍ കാര്യമായി പരിഗണിക്കപ്പെടാത്ത നിലയാണുള്ളത്. പ്രത്യേക സോണ്‍, ഇലക്ട്രിഫിക്കേഷന്‍, പാത ഇരട്ടിപ്പിക്കല്‍, സൗകര്യങ്ങള്‍ ഒരുക്കല്‍, പുതിയ പാതകളുടെ സര്‍വ്വേ, ശബരിപാത തുടങ്ങി ആവശ്യങ്ങളെല്ലാം നിങ്ങള്‍ക്കറിയാവുന്നതാണ്. അവ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഉണ്ടാവണം.സര്‍ക്കുലേറ്റ് ചെയ്തിട്ടുള്ള നോട്ടില്‍ വിശദമായി എല്ലാ കാര്യങ്ങളും പ്രതിപാദിച്ചിട്ടുള്ള സാഹചര്യത്തില്‍ ഞാന്‍ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. പാര്‍ലമെന്‍റില്‍ കേരളത്തിന്‍റെ ശബ്ദം ഒന്നായിരിക്കണം. അത് നിങ്ങള്‍ മുമ്പത്തെപ്പോലെ തുടര്‍ന്നും ഉറപ്പുവരുത്തുമെന്ന കാര്യത്തില്‍ എനിക്ക് നിശ്ചയമുണ്ട്. ഇത്രമാത്രമേ ആമുഖമായി പറയുന്നുള്ളു.