പുരോഗമന കലാസാഹിത്യസംഘം : സംസ്ഥാന സമ്മേളനം

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത് വളരെ ശ്രദ്ധേയമായ ഒരു ഘട്ടത്തിലാണ്. എന്താണ് ഈ ഘട്ടത്തെ ശ്രദ്ധേയമാക്കുന്ന ഘടകം എന്ന ചോദ്യത്തിനുള്ള ഉത്തരം ഏറെ അന്വേഷിച്ചു കണ്ടെത്തേണ്ട ഒന്നല്ല. നമുക്കുചുറ്റും ദൈനംദിനമെന്നോണം വര്‍ധിച്ച തോതില്‍ മനുഷ്യത്വവിരുദ്ധമായ ഒരുപാടു കാര്യങ്ങള്‍ നടക്കുന്നു. ഒരുമയോടെ നില്‍ക്കേണ്ട ജനങ്ങള്‍ ഛിദ്രീകരിക്കപ്പെടുന്നു. മനുഷ്യന്‍ മനുഷ്യനെ ജാതീയതയുടെയും വര്‍ഗീയതയുടെയും അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു; വെറുക്കുന്നു.
മനുഷ്യത്വം നശിച്ചാല്‍ എല്ലാം നശിച്ചു. അതുകൊണ്ടുതന്നെ മനുഷ്യത്വത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുക എന്നതാണ് ഈ കാലത്ത് പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ കടമ. അത് ഏറ്റെടുക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ എന്ന് ആമുഖമായി തന്നെ ആശംസിക്കുകയാണ് ഞാന്‍.

കാലഘട്ടത്തിന്റെ കടമ ഏറ്റെടുക്കുക എന്നതു പുരോഗമന സാഹിത്യ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമൊന്നുമല്ല. പ്രസ്ഥാനത്തിന്റെ ഉദയം തന്നെയും അത്തരമൊരു കടമ ഏറ്റെടുക്കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു.
അതു മനസ്സിലാക്കാന്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്നു കണ്ണോടിക്കേണ്ടതുണ്ട്. അതിലേക്കു പിന്നീടു വരാം. ഒരു കാര്യം തുടക്കത്തില്‍ തന്നെ പറയട്ടെ; സാഹിത്യത്തെ വെള്ളം കടക്കാത്ത അറയായല്ല ഈ പ്രസ്ഥാനം ഒരുകാലത്തും കണ്ടിട്ടുള്ളത്. സമൂഹത്തിന്റെ അവിഭാജ്യ ഭാഗമായി തന്നെയാണ് കലയെയും സാഹിത്യത്തെയും സമീപിച്ചിട്ടുള്ളത്. കലയും സാഹിത്യവുമൊക്കെ സാമൂഹ്യ ജീവിതത്തിന്റെ മേല്പുര മാത്രമേ ആവുന്നുള്ളു എന്നും അതു നിലനില്‍കണമെങ്കില്‍ ഭൗതിക ജീവിത സാഹചര്യങ്ങളുടേതായ ഒരു അടിത്തറ ഉണ്ടാവണമെന്നും എന്നും വിശ്വസിച്ചിട്ടുള്ളവരാണ് ഈ പ്രസ്ഥാനത്തിന് രൂപം നല്‍കിയതുതന്നെ.

ഈ ഭൗതിക സാഹചര്യമെന്നു പറയുന്നത് സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസ്റ്റ് സങ്കല്പവും ഒക്കെയാണ്. ഇതാണ് അടിത്തറ. ഈ അടിത്തറ തകര്‍ന്നാല്‍ മേല്പുരയ്ക്കു മാത്രമായി നിലനില്‍കാനാവില്ല. അതായത് സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും ഒക്കെ ഇല്ലാതായാല്‍ പിന്നെ കലയ്ക്കും സാഹിത്യത്തിനും നിലനില്‍കാനാവില്ല. ഭയരഹിതമായി വരയ്ക്കാനോ എഴുതാനോ ആവില്ല. അത്തരം ഒരു അന്തരീക്ഷത്തില്‍ എഴുത്തുകാരന്റെ മനസ്സുപോലും ഞെരിച്ചമര്‍ത്തപ്പെടും.

പിന്നീട് സാഹിത്യത്തെക്കുറിച്ചു ചിന്തിക്കേണ്ടതില്ല. നാസിസത്തിന്റെ കാലത്ത് ജര്‍മനി പോളണ്ടിന്റെ പ്രവിശ്യയില്‍ തീര്‍ത്ത ഓഷ്വിറ്റ്സ് ഭേദ്യ അറകളില്‍ എത്രയോ എഴുത്തുകാരും കലാകാരുമാണ് ഒടുങ്ങിപ്പോയത്. ഹിറ്റ്ലറുടെ ഗില്ലറ്റിനു കീഴില്‍. അതല്ലെങ്കില്‍ ഗ്യാസ് ചേംബറിനുള്ളില്‍. അങ്ങനെ കലയെയും കലാകാരനെയും ഒടുക്കിയതിന്റെ ചരിത്രമാണ് നാസിസത്തിനും ഫാസിസത്തിനും ഉള്ളത്. അത്തരമൊരു പശ്ചാത്തലത്തിലാണ്, എഴുത്തുകാരാ നിങ്ങള്‍ ഏതു ചേരിയില്‍ എന്ന വിശ്വവിഖ്യാതമായ ചോദ്യം ഉയര്‍ന്നുവരുന്നത്. പണ്ട് മാക്സിം ഗോര്‍കി ചോദിച്ച ആ ചോദ്യം ഇന്നും പ്രസക്തമാണ്. മനുഷ്യത്വത്തിന്റെ സംരക്ഷകരുടെ ചേരിയുണ്ട്. അതിനെ ഞെരിച്ചമര്‍ത്തുന്നവരുടെ ചേരിയുമുണ്ട്. സമഭാവനയുടേതായ കാലമുണ്ടാവണമെന്നാഗ്രഹിച്ചു പ്രവര്‍ത്തിക്കുന്ന, സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ മുമ്പോട്ടുവെക്കുന്ന ചേരിയുമുണ്ട്. ലോകമാകെ കൊടിയ ചൂഷണത്തിനുള്ള ക്രൂരതയുടെ കമ്പോളമാവണമെന്നു കരുതുന്ന മുതലാളിത്തത്തിന്റെ ചേരിയുണ്ട്. സ്വതന്ത്ര രാജ്യങ്ങള്‍ സ്വതന്ത്രമായിത്തന്നെ പുലരണമെന്നാഗ്രഹിക്കുന്നവരുടെ ചേരിയുണ്ട്. സ്വതന്ത്ര രാജ്യങ്ങളെ വീണ്ടും കമ്പോളങ്ങളാക്കി അടിച്ചമര്‍ത്തി ഭരിക്കണമെന്നാഗ്രഹിക്കുന്ന സാമ്രാജ്യത്വത്തിന്റെ ചേരിയുമുണ്ട്.
മനുഷ്യമനസ്സുകള്‍ ഒരുമയോടെ നിലനില്‍കണമെന്നാഗ്രഹിക്കുന്നവരുടെ ചേരിയുണ്ട്. വര്‍ഗീയതകൊണ്ടും ജാതീയതകൊണ്ടും മനസ്സുകളുടെ ഒരുമ ഛിദ്രമാക്കണമെന്നാഗ്രഹിക്കുന്ന ചേരിയുമുണ്ട്.
ഇത്തരം വ്യത്യസ്ത ചേരികളുള്ള കാലത്തോളം ‘എഴുത്തുകാരാ നിങ്ങള്‍ ആരുടെ ചേരിയില്‍’ എന്ന ചോദ്യം പ്രസക്തമായി നില്‍ക്കും. സത്യവും അസത്യവും ഏറ്റുമുട്ടുമ്പോള്‍, ധര്‍മവും അധര്‍മവും ഏറ്റുമുട്ടുമ്പോള്‍, നീതിയും അനീതിയും ഏറ്റുമുട്ടുമ്പോള്‍, നിങ്ങള്‍ ഏതു ചേരിയില്‍ എന്ന ആ പഴയ ചോദ്യത്തിന് വര്‍ധിച്ച പ്രസക്തി കൈവരും. ഒരു ചേരിയിലുമില്ല എന്നു ഭംഗിവാക്കു പറയാം. എന്നാല്‍, തന്റെ നേര്‍ക്കുതന്നെ ഗില്ലറ്റിനുകളും ഗ്യാസ് ചേംബറുകളും എത്തുന്നതു വരെയേ ഏതു എഴുത്തുകാരനും നിഷ്പക്ഷനായിരിക്കാന്‍ കഴിയൂ എന്ന് ഓഷ്വിറ്റ്സിലെ എഴുത്തുകാര്‍ അറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് അവര്‍ നിലപാടെടുത്തതും മരണത്തെപ്പോലും ധീരമായി നേരിട്ടതും.
എഴുത്തുകാര്‍ അത്ര വലിയ ത്യാഗം ചെയ്യണമെന്നൊന്നും ഇന്നാരും പറയുന്നില്ല. ഒന്നു പ്രതികരിക്കണം. അത്രയേ പറയുന്നുള്ളു. നമ്മുടെ കണ്‍മുമ്പില്‍ എന്തൊക്കെയാണ് നടക്കുന്നത്? ഡോ. നരേന്ദ്ര ധാബോല്‍ക്കറും ഗോവിന്ദ് ബന്‍സാരയും ഡോ. കല്‍ബുര്‍ഗിയും ഒക്കെ ഒരേ രീതിയില്‍ വെടിയേറ്റു പിടഞ്ഞുവീണു മരിക്കുന്നു. ഇവര്‍ ചെയ്തത് എന്തു കുറ്റമാണ്? പേനയല്ലാതെ ആയുധമെടുത്തവരല്ല ഇവരാരും. ശാസ്ത്രചിന്തയും മനുഷ്യപുരോഗതിയും മുന്‍നിര്‍ത്തി ഇവര്‍ എഴുതി. മതനിരപേക്ഷമായ മനുഷ്യ ഐക്യത്തിനുവേണ്ടി ഇവര്‍ പ്രസംഗിച്ചു. അതില്‍ അസഹിഷ്ണുതയുള്ളവര്‍ എഴുത്തുകാരും ചിന്തകരുമായ ഇവരുടെ ജീവനൊടുക്കി. ആയുധത്തേക്കാള്‍ മൂര്‍ച്ചയുണ്ട് തൂലികയ്ക്ക് എന്നു തെളിയിച്ചുകൊണ്ടാണവര്‍ പിടഞ്ഞുവീണു മരിച്ചത്.

ദളിത് കുട്ടികളെ കൊല്ലുന്നു. എഴുത്തുകാരെ കൊല്ലുന്നു. പെരുമാള്‍ മുരുകനെപ്പോലുള്ളവരെ ഭീഷണിപ്പെടുത്തി എഴുത്തിന്റെ രംഗത്തുനിന്നു പിന്മാറ്റുന്നു. അസഹിഷ്ണുത ഇത്ര ഭീകരമായി അഭിപ്രായ സ്വാതന്ത്ര്യത്തെ, എഴുത്തിനുള്ള സ്വാതന്ത്ര്യത്തെ ഞെരിച്ചമര്‍ത്തിയ മറ്റൊരു ഘട്ടമില്ല. അടിയന്തിരാവസ്ഥയില്‍ പോലും സാഹിത്യകാരന്മാരെ തുടരെ കൊന്നൊടുക്കിയിട്ടില്ല. ഇത്തരമൊരു അവസ്ഥയുണ്ടാവുമ്പൊഴും നിഷ്പക്ഷരാണു തങ്ങള്‍ എന്നു പറഞ്ഞാലോ? അതുകൊണ്ടാണ് ‘എഴുത്തുകാരാ നിങ്ങള്‍ ഏതു ചേരിയില്‍’ എന്ന ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട് എന്നു പറയുന്നത്.

ചരിത്രത്തെയും വിദ്യാഭ്യാസത്തെയും സംസ്കാരത്തെയുമൊക്കെ കാവിവല്‍കരിക്കാന്‍ കുത്സിത നീക്കങ്ങള്‍ നടക്കുകയാണ്. വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ തന്നെ ആപത്തിന്റെ എത്രയോ സൂചനകള്‍ കാണാം. ചില മാസങ്ങള്‍ക്കു മുമ്പാണ് മലയാളത്തിന്റെ പ്രശസ്തനായ നോവലിസ്റ്റ് സേതുവിന് നാഷണല്‍ ബുക്‍ ട്രസ്റ്റിന്റെ അധ്യക്ഷസ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകേണ്ട അവസ്ഥയുണ്ടായത്. നാഷണല്‍ ബുക്‍ ട്രസ്റ്റ്, ഇന്ത്യയുടെ പുസ്തക പ്രസാധന രംഗത്തെ മികവാര്‍ന്ന പ്രമുഖ സ്ഥാപനമാണ്. സേതുവാകട്ടെ, എഴുത്തുകാരന്‍ എന്ന നിലയിലും പ്രൊഫഷണല്‍ എന്ന നിലയിലും അതിനു നല്ല നേതൃത്വം നല്‍കി വരികയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തെ പുകച്ച് പുറത്തുചാടിച്ചത്.

സാംസ്കാരിക സ്ഥാപനങ്ങളെയാകെ കാവിവല്‍കരിക്കുക എന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സേതുവിനെ പറഞ്ഞയച്ചത്. ആര്‍എസ്എസിന്റെ മുഖവാരികയായ ‘പാഞ്ചജന്യ’ത്തിന്റെ പത്രാധിപരായ ബല്‍ദേവ് ശര്‍മ എന്നൊരാളെ സേതുവിന്റെ കസേരയില്‍ പിടിച്ചിരുത്തി. സേതു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡുമൊക്കെ നേടിയിട്ടുള്ള പ്രശസ്ത സാഹിത്യകാരനാണ്. ബല്‍ദേവ് ശര്‍മയാകട്ടെ സാഹിത്യരംഗത്ത് ഇന്നേവരെ ആരും കേട്ടിട്ടുള്ളയാളേയല്ല. ആര്‍എസ്എസുകാരനാണ് എന്നതു മാത്രമാണ് യോഗ്യത. എന്തിനും ഉള്ള അടിസ്ഥാന യോഗ്യത ആര്‍എസ്എസുകാരനാവുക എന്നതാണിന്ന്. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റശേഷം തുടര്‍ച്ചയായി ഇത്തരം കാവിവല്‍കരണം നടക്കുകയാണ്. ഒരിക്കല്‍ ഡോ. കെ. എന്‍. പണിക്കരെപ്പോലുള്ള ചരിത്രകാരന്മാര്‍ നയിച്ചിരുന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്ററിക്കല്‍ റിസര്‍ച്ച് എന്ന ദേശീയ ചരിത്ര ഗവേഷണ കൗണ്‍സിലിനെ ചരിത്രകാരന്മാരുടെ നിരയില്‍ എവിടെയും സ്ഥാനമില്ലാത്ത ഒരു യെല്ലപ്രഗഡ സുദര്‍ശന റാവുവാണിന്നു നയിക്കുന്നത്. നരേന്ദ്രമോഡി സര്‍ക്കാര്‍ ഒരു ഉത്തരവിലൂടെ ബസുദേവ് ചാറ്റര്‍ജിയെ നീക്കി സുദര്‍ശന റാവുവിനെ അവരോധിക്കുകയായിരുന്നു. റാവുവിന്റെ യോഗ്യത സംഘപരിവാറുകാരനാണ് എന്നതു മാത്രമാണ്.

ഇങ്ങനെ പ്രശസ്തരായ ചരിത്രകാരന്മാരെയും സാഹിത്യകാരന്മാരെയും ഒക്കെ സംഘപരിവാര്‍ ചവിട്ടിത്തേയ്ക്കുമ്പോള്‍ വലിയതോതില്‍ നമ്മുടെ സാംസ്കാരിക പൊതുമണ്ഡലത്തില്‍ പ്രതിഷേധമുയരേണ്ടതാണ്. സുദര്‍ശനറാവുവിനെ ഐസിഎച്ച്ആര്‍ ചെയര്‍മാനാക്കിയപ്പോള്‍ റോമിലാ ഥാപ്പറെപ്പോലുള്ള ചരിത്ര രചയിതാക്കളുടെ പ്രതിഷേധമുയര്‍ന്നു. എന്നാല്‍, ഇവിടുത്തുകാരനായ സേതുവിനെ സംഘപരിവാറുകാരനു വഴിയൊരുക്കാന്‍വേണ്ടി എന്‍ബീറ്റീ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വലിച്ചെറിഞ്ഞപ്പോഴോ? ഇവിടെ എത്ര സാഹിത്യകാരന്മാര്‍ പ്രതിഷേധിച്ചു? പലരും അതു സേതുവിന്റെ വ്യക്തിപരമായ പ്രശ്നമായാണ് കണ്ടത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രശ്നമല്ല. നമ്മുടെ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും പ്രശ്നമാണ്.

സിലബസ് പരിഷ്കരണ ചുമതലയുള്ള സ്വയംഭരണ സ്ഥാപനമാണ് എന്‍സിഇആര്‍റ്റി. അതിന്റെ തലപ്പത്തുനിന്നു ചരിത്രപണ്ഡിതനായ ബിപിന്‍ ചന്ദ്ര മുതല്‍ റോമിലാ ഥാപ്പര്‍ വരെയുള്ളവരെ ഒഴിവാക്കി സംഘപരിവാറുകാരെ കുത്തിത്തിരുകിയതും ചരിത്രത്തെ വര്‍ഗീയ ചരിത്രമാക്കി തിരുത്തിയെഴുതി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കൊടുത്തതും നമുക്ക് മറക്കാറായിട്ടില്ല. അക്കാലത്താണ് ഹൈന്ദവേതര വിഭാഗങ്ങളെയാകെ സംഘപരിവാറിന്റെ വരുതിക്കു കൊണ്ടുവരാന്‍ വേണ്ടിയുള്ള പുരസ്കാര്‍-തിരസ്കാര്‍ സിദ്ധാന്തങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഹൈന്ദവമായ ജീവിതരീതി അംഗീകരിക്കുന്നവര്‍ക്ക് പുരസ്കാര്‍, അല്ലാത്തവര്‍ക്ക് തിരസ്കാര്‍. ദേശാഭിമാനത്തിന്റെ മാനദണ്ഡം, ഹിന്ദുവ്യവസ്ഥ അംഗീകരിക്കുന്നോ ഇല്ലയോ എന്നതാണ് എന്ന അവസ്ഥയുണ്ടായതും അന്നാണ്.

അന്നാണ് ബാബറി മസ്ജിദ് നിന്നിടത്ത് പണ്ടു ക്ഷേത്രമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെയെക്കൊണ്ട് കൃത്രിമ തെളിവുണ്ടാക്കിച്ചത്. അന്നാണ് വൈദിക ജ്യോതിഷം സര്‍വകലാശാലകളില്‍ നിര്‍ബന്ധിത പഠനവിഷയമാക്കിക്കൊണ്ടും യജ്ഞവും മറ്റുമൊക്കെ സിലബസിന്റെ ഭാഗമാക്കിക്കൊണ്ടും സര്‍ക്കാര്‍ ഉത്തരവുകളിറക്കിയത്. അന്നാണ് പാകിസ്ഥാനിലും ഇന്ത്യയിലുമായി പടര്‍ന്നുകിടക്കുന്ന ഹാരപ്പന്‍ സംസ്കാരം ഇന്ത്യയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് വരുത്തിത്തീര്‍ക്കാന്‍ സരസ്വതീ സംസ്കാരം എന്ന് ഹാരപ്പന്‍ സംസ്കാരത്തെ പുനര്‍നാമകരണം ചെയ്ത് അവതരിപ്പിച്ചത്.

ഇതൊക്കെ ഫാസിസത്തിന്റെ രീതികളാണ്. ഹിറ്റ്ലര്‍ പുതിയ ചരിത്രമെഴുതിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചതിനു സമാനമാണ് സംഘപരിവാര്‍ ഇന്ത്യന്‍ ചരിത്രത്തെ വികലമാക്കി വര്‍ഗീയത കലര്‍ത്തി അവതരിപ്പിക്കാന്‍ ശ്രമിച്ചത്.മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ ദിവസം, കാലം അന്ന് ആരംഭിക്കുന്നതേയുള്ളൂ എന്നു പ്രഖ്യാപിച്ചു. പുതിയ കലണ്ടറുണ്ടാക്കാന്‍ കല്പിച്ചു. സംഘപരിവാര്‍ ഇതു 2016-ാം ആണ്ടാണ് എന്ന് അംഗീകരിക്കുന്നില്ല. അവര്‍ക്കിത് 5000 കഴിഞ്ഞുള്ള ഏതോ ആണ്ടാണ്. തങ്ങള്‍ക്കു മാത്രം സ്വീകാര്യമായ ഒരു പരിഗണനകൊണ്ട് പൊതുസ്വീകാര്യതയുള്ള കാലഗണനയെ പകരംവെക്കലാണിത്. വര്‍ഗീയതയുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നമ്മുടെ പൊതുജനാധിപത്യ മണ്ഡലത്തെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കെ അതിനെ സംരക്ഷിച്ചു ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് പുരോഗമന കലാസാഹിത്യ സംഘം വ്യാപരിക്കേണ്ടത്. അത്തരത്തിലുള്ള ഇടപെടലുകള്‍ മുമ്പ് ഉണ്ടായതുകൊണ്ടാണ് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ക്ക് പരിമിതമായ തോതിലെങ്കിലും നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ഇടമുള്ളത്.

വര്‍ഗീയവാദവും ഭീകരവാദവും ഇന്ത്യയെ ഛിദ്രമാക്കാന്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ക്കെതിരെ വിശ്വാസികളും അല്ലാത്തവരും ഒക്കെ ഉള്‍പ്പെട്ട യോജിച്ച ചെറുത്തുനില്പാണിന്നാവശ്യം. ആ ചെറുത്തുനില്പിന്റെ ഐക്യനിരയെ വിശ്വാസത്തിന്റെ പേരുപറഞ്ഞ് ഭിന്നിപ്പിക്കാന്‍ ആര് എവിടെ നടത്തുന്ന ശ്രമവും വര്‍ഗീയ-ഭീകര ശകൃതികള്‍ക്കു മാത്രമേ സഹായകമാവുകയുള്ളു.വിശ്വാസിയോ അവിശ്വാസിയോ എന്നതല്ല പ്രശ്നം. മനുഷ്യജീവന്‍ രക്ഷിക്കാനും ജനങ്ങളുടെ ഒരുമ കാത്തുസൂക്ഷിക്കാനും രാഷ്ട്രത്തിന്റെ ഐക്യം ശക്തിപ്പെടുത്താനും ഒരുമിക്കുക എന്നതാണ് കാര്യം. ഗുജറാത്തില്‍ വംശഹത്യ നടത്തിയവരും ഒറീസയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചവരും മുംബൈയില്‍ നിരപരാധികളെ വെടിവെച്ചു കൊന്നവരുമൊക്കെ അവിശ്വാസികളല്ല, തികഞ്ഞ വിശ്വാസികളാണ്. വിശ്വാസമുണ്ടോ ഇല്ലയോ എന്നതല്ല മനുഷ്യത്വമുണ്ടോ ഇല്ലയോ എന്നതാവണം അളവുകോല്‍. ആ നിലയ്ക്കുള്ള ഒരു ബോധവും അതിന്റെ അടിസ്ഥാനത്തിലുള്ള ജനങ്ങളുടെ ഒരുമയും ഉണ്ടാവുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം; ഈ നാടിന്റെ ആവശ്യം. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന്റെ ദൗത്യം പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിക്കാന്‍ കൂടി ഈ അവസരം ഞാനുപയോഗിക്കുന്നു.
വര്‍ഗീയ വിധ്വംസക ശകൃതികള്‍ ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും എതിരാണ്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അഭിരമിക്കുന്നവരാണവര്‍. ഏകശിലാ രൂപത്തിലുള്ള മതരാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ വ്യഗ്രതപ്പെടുന്നവരാണവര്‍. ഹിന്ദു പാകിസ്ഥാനായി ഇന്ത്യയെ മാറ്റാനും നൂറ്റാണ്ടുകളുടെ പഴക്കമുള്ള അനാചാരങ്ങളെ പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുന്നവരാണവര്‍. ജാതിവ്യവസ്ഥയും ചാതുര്‍വര്‍ണ്യവും പുനഃസ്ഥാപിക്കാനും സ്ത്രീകള്‍ക്കുള്ള പരിമിതമായ സ്വാതന്ത്ര്യം പോലും നിഷേധിക്കാനും ശ്രമിക്കുന്നവരാണവര്‍.

അക്കൂട്ടര്‍ സമാന്തര സാഹിത്യസംരംഭങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഉണ്ടാക്കി മുമ്പോട്ടുവരുന്ന കാലമാണിത്. സാംസ്കാരികം എന്ന വാക്കുപോലും ഉച്ചരിക്കാനവകാശമില്ലാത്ത സാംസ്കാരിക വിരുദ്ധരുടെ സംരംഭങ്ങളാണവ. അവ ശക്തിപ്പെട്ട് ജനാധിപത്യത്തെയും മതനിരപേക്ഷതയെയും അവയ്ക്കുവേണ്ടി നിലകൊള്ളുന്ന എഴുത്തുകാരെയും ഇല്ലായ്മ ചെയ്യുകയാണ്. ഭരണഘടന പറയുന്ന ‘സയന്റിഫിക്‍ ടെംപര്‍’ എന്ന മൂല്യമുണ്ടല്ലൊ. അതിനു കടകവിരുദ്ധമായ നിലയിലുള്ള കെട്ടുകഥകള്‍ ചരിത്രമെന്ന പേരില്‍ പഠിപ്പിക്കുകയാണ്. സമൂഹത്തിലാകെ ഇരുട്ടുപടര്‍ത്തുകയാണ്. ഇതിനെതിരായ ബോധവല്‍കരണമെന്ന ദൗത്യമാണ് പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന് ഏറ്റെടുക്കാനുള്ളത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തേക്കുറിച്ചു ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ചുവല്ലോ. ആ ചരിത്രം തന്നെ ഇത്തരം വെല്ലുവിളികളോട് നേരിട്ട് ഏറ്റുമുട്ടിയതിന്റേതാണ്. സാര്‍വദേശീയ രംഗത്ത് പുരോഗമന സാഹിത്യപ്രസ്ഥാനം ഉദയംചെയ്തതുതന്നെ കൃത്യമായും ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തിന്റേതായിരുന്നു ആ പശ്ചാത്തലം. ഫാസിസ്റ്റ് വിരുദ്ധ മുന്നണിയും കൊളോണിയല്‍ രാജ്യങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധമുന്നണിയും എന്നത് 1935ല്‍ മോസ്കോവില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഏഴാം കോണ്‍ഗ്രസ് അംഗീകരിച്ച പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാക്സിം ഗോര്‍ക്കി പങ്കെടുത്ത പാരീസ് കോണ്‍ഫറന്‍സ് നടക്കുന്നത്. ആ കോണ്‍ഫറന്‍സിന്റെ മുഖ്യമുദ്രാവാക്യം ഫാസിസ്റ്റ് വിരുദ്ധ-സാമ്രാജ്യത്വവിരുദ്ധ പോരാട്ടം എന്നതായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ 1936ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സെഷന്‍ ലഖ്നൗവില്‍ കൂടിയപ്പോള്‍ കമ്യൂണിസ്റ്റ് എഴുത്തുകാരുടെ ഒരു പ്രത്യേകസമ്മേളനം ചേര്‍ന്നത്. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ സജാത് സഹീറിനെപ്പോലുള്ളവരായിരുന്നു അത് വിളിച്ചുകൂട്ടിയവരില്‍ പ്രധാനികള്‍. പിന്നീട് അദ്ദേഹം പാകിസ്ഥാനിലായി.
കമ്യൂണിസ്റ്റുകാരാണ് നേതൃത്വപരമായ പങ്കു വഹിച്ചതെങ്കിലും ആ സമ്മേളനത്തില്‍ കമ്യൂണിസ്റ്റുകാരല്ലെങ്കിലും ദേശീയവാദികളായ പ്രഗത്ഭരായ എഴുത്തുകാരുണ്ടായിരുന്നു. പ്രേംചന്ദ് ആയിരുന്നു അധ്യക്ഷന്‍. ടാഗോര്‍, സരോജിനി നായിഡു തുടങ്ങിയവരുടെ ആശീര്‍വാദവും ആ സമ്മേളനത്തിനുണ്ടായി. അന്ന് രൂപീകരിച്ച പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറത്തിന്റെ സമ്മേളനം 1936ല്‍ മഹാരാഷ്ട്രയിലെ ഫൈസ്പുരില്‍ ചേര്‍ന്നപ്പോള്‍ സാഹിത്യത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തുകാര്യം എന്ന ചോദ്യം ശക്തമായി ഉയര്‍ന്നുവന്നു. അശോക്മേത്ത ഉന്നയിച്ച ആ ചോദ്യത്തിന് സാര്‍വദേശീയ സാഹചര്യവും അത് സാഹിത്യകാരന്റെ ചിന്തയിലുളവാക്കുന്ന മാറ്റങ്ങളും വിശദീകരിച്ചുകൊണ്ട് ശക്തമായ മറുപടി നല്‍കിയത് സരോജിനി നായിഡുവാണ്.ഇതേത്തുടര്‍ന്നാണ് കേരളത്തിലും പുരോഗമന സാഹിത്യസംഘടനയുണ്ടാക്കാനുള്ള സമ്മേളനം വിളിച്ചുചേര്‍ത്തത്. 1937 ഏപ്രില്‍ 20ന് അങ്ങനെയാണ് ഇ എം എസിന്റെയും മറ്റും നേതൃത്വത്തില്‍ ജീവല്‍സാഹിത്യസംഘടന രൂപീകരിച്ചത്. ആ സംഘടന ഇന്ന് വിശാല പുരോഗമനസാഹിത്യപ്രസ്ഥാനമായി വളര്‍ന്നുനില്‍ക്കുന്നു.

പുരോഗമന സാഹിത്യപ്രസ്ഥാനം സാഹിത്യത്തിന് എന്തു നല്‍കി എന്നു ചോദിക്കുന്നവരുണ്ട്. അതിന് രണ്ട് ഉത്തരമുണ്ട്. ഈ പ്രസ്ഥാനമാണ് ദൈവത്തെയും രാജാവിനെയും കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ് ഉത്തമസാഹിത്യം എന്ന സങ്കല്പം തട്ടിയുടച്ച് അതിനെ മനുഷ്യനെയും അവന്റെ പൊള്ളുന്ന ജീവിതത്തെയും കുറിച്ചുള്ള പ്രതിപാദനങ്ങള്‍ കൊണ്ട് പകരംവച്ചത് എന്നതാണ് ഒരു ഉത്തരം. ആധുനിക മുതലാളിത്തം സാഹിത്യത്തില്‍ നിന്ന് മനുഷ്യനെയും അവന്റെ ജീവിത യാഥാര്‍ഥ്യങ്ങളെയും നിഷ്കാസനം ചെയ്യുന്ന പുതുകാലത്ത്, കലയുടെ ജനായത്തവല്‍ക്കരണ പ്രക്രിയയെ മുമ്പോട്ടുകൊണ്ടുപോയത് ഈ പ്രസ്ഥാനമാണ് എന്നതാണ് രണ്ടാമത്തെ ഉത്തരം. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, മലയാളത്തില്‍ മൗലിക സാഹിത്യമുണ്ടായിത്തുടങ്ങിയത് പുരോഗമന സാഹിത്യപ്രസ്ഥാനവും അതിലൂടെ കടന്നുവന്ന എഴുത്തുകാരും ഉണ്ടായപ്പോഴാണ്. പുരാണകൃതികളുടെയും ഇതിഹാസകൃതികളുടെയും പുനരാഖ്യാനങ്ങളോ ഉപജീവനാഖ്യാനങ്ങളോ മാത്രമായിരുന്ന സാഹിത്യത്തില്‍ മൗലികതയുടെ സ്ഫുരണങ്ങളുണ്ടായത് ബഷീറും തകഴിയും പൊന്‍കുന്നം വര്‍ക്കിയും കേശവദേവും ഒക്കെ സ്വന്തം സര്‍ഗപ്രതിഭകൊണ്ട് ജീവിതത്തോട് ഏറ്റുമുട്ടിയപ്പോഴാണ്. അതുവരെ സാഹിത്യത്തിന് പുറത്തുനിര്‍ത്തപ്പെട്ടിരുന്ന ചാത്തനും ചിരുതയുമൊക്കെ സാഹിത്യത്തില്‍ കഥാപാത്രങ്ങളായി. അവരുടെ ജ്വലിക്കുന്ന ജീവിതങ്ങള്‍ സാഹിത്യത്തിന്റെ ഇതിവൃത്തങ്ങളായി. ‘തോട്ടിയുടെ മകന്‍’ പോലുള്ള കൃതികളുണ്ടായി.

ജീവല്‍-പുരോഗമന സാഹിത്യഘട്ടങ്ങള്‍ ഉണ്ടാക്കിയ നേട്ടം മലയാളസാഹിത്യ ചരിത്രത്തിലാദ്യമായി അധ്വാനിക്കുന്ന ബഹുജനങ്ങള്‍ കലാസാഹിത്യകൃതികള്‍ ആസ്വദിക്കുന്നവര്‍ മാത്രമല്ല, അവയുടെ രചയിതാക്കള്‍ കൂടിയായി മാറി എന്നതാണ്. വരേണ്യ ന്യൂനപക്ഷത്തിന്റെ സ്വകാര്യസൂക്ഷിപ്പായിരുന്ന സാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത് ചരിത്രപ്രധാനമായ കാര്യംതന്നെയാണ്.
കമ്യൂണിസ്റ്റുകാരന്‍ രാഷ്ട്രീയം കൈകാര്യം ചെയ്താല്‍ കലാകാരന്‍ ഹൃദയച്ചുരുക്കം വന്നുപോകുമെന്നു പറഞ്ഞവരുണ്ട്. എന്നാല്‍, ആധുനിക കാലത്ത് കൂപമണ്ഡൂകങ്ങള്‍ക്ക് മാത്രമേ അങ്ങനെ പറയാന്‍ കഴിയൂ. ലോകവും കാലവും ആദരിക്കുന്ന പാബ്ലോ പിക്കാസോ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നു. ഒരു മെയ്ദിനമാണ് വിഖ്യാതമായ ‘ഗൂര്‍ണിക്ക’ വരച്ചുതുടങ്ങാന്‍ അദ്ദേഹം തെരഞ്ഞെടുത്തതുപോലും. പാബ്ലോ നെരൂദ മുതല്‍ അന്റോണിയോ ഗ്രാംഷി വരെയുള്ളവരെക്കുറിച്ച് എടുത്തുപറയേണ്ടതില്ല.
എഴുത്തുകാരനായിരുന്ന ഭീഷ്മസാഹ്നിയും ചലച്ചിത്രകാരനായിരുന്ന സഹോദരന്‍ ബല്‍രാജ് സാഹ്നിയും കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളായിരുന്നു. ഫെയ്സ് അഹമ്മദ് ഫെയ്സ് പാക്കിസ്ഥാന്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നു. ഇവരൊക്കെ കമ്യൂണിസ്റ്റുകാരായിപ്പോയതുകൊണ്ട് ഹൃദയച്ചുരുക്കമുള്ളവരായോ? ലോകമാകെ മാര്‍ക്സിലേക്ക് തിരിയുന്ന പുതുകാലത്ത് ഹൃദയച്ചുരുക്കവാദത്തോളം അസംബന്ധമായി മറ്റൊന്നില്ല. ഈ പശ്ചാത്തലം പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് സവിശേഷമായ പ്രസക്തി നല്‍കുന്നു.

സൈനിക സാമ്പത്തിക അധിനിവേശങ്ങള്‍ നമുക്ക് പ്രത്യക്ഷത്തില്‍ കാണാനാവും. എന്നാല്‍, ആഗോളവല്‍ക്കരണത്തിലൂടെയുള്ള സാംസ്കാരികരംഗത്തെ സാമ്രാജ്യത്വാധിനിവേശം ഇരുട്ടില്‍ പതിഞ്ഞ കാല്‍വയ്പുകളോടെയാണ് കടന്നുവരുന്നത്. സ്വന്തം ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിലുള്ള അഭിമാനം ഒരു ജനതയില്‍ നിന്ന് ചോര്‍ത്തിയെടുത്താല്‍ ഭൗതിക തലത്തില്‍ ആ ജനതയെ കീഴ്പ്പെടുത്താന്‍ സാമ്രാജ്യത്വത്തിന് എളുപ്പമാകും. അതുകൊണ്ടുതന്നെ സൂക്ഷ്മമായ ജാഗ്രത ആ രംഗത്തുണ്ടായേ പറ്റൂ. ആ നിലയ്ക്കുള്ള ഉണര്‍വ് സമൂഹമനസ്സിലുണ്ടാക്കുക എന്നതാണ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സമകാലിക കടമകളില്‍ പ്രധാനപ്പെട്ട ഒന്ന്.
ഇന്ത്യ എന്ന വികാരത്തെ ജാതി-വര്‍ഗീയ വികാരങ്ങള്‍ ആളിപ്പടര്‍ത്തി ഛിദ്രീകരിക്കാനുള്ള വിധ്വംസകശക്തികളുടെ ശ്രമങ്ങള്‍ ശക്തമാവുന്ന കാലമാണിത്. അതേസമയം, ഒറ്റമനസ്സായിനിന്ന് അതിനെ നേരിട്ട് സമഭാവനയുടെയും സാഹോദര്യത്തിന്റെയും ചിന്ത മനസ്സിലുറപ്പിച്ചു മുന്നേറാനുള്ള ഐക്യബോധത്തിന്റെ ചെറുത്തുനില്‍പ്പ് ശക്തമാവുന്ന ഘട്ടവുമാണ്. ഈ ചെറുത്തുനില്‍പ്പിന് ആര്‍ജവം പകരാനുള്ള കരുത്തിന്റെ നിത്യസംഭരണിയാണ് ഇന്ത്യയിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം.
അതിരുകളെ അതിലംഘിച്ചുകൊണ്ടുള്ള മൂലധനവ്യവസ്ഥ സ്വതന്ത്രരാഷ്ട്ര പദവികളെ ത്തന്നെ തട്ടിത്തെറിപ്പിച്ച് മുന്നേറുകയാണ്. അധിനിവേശ ഭാവുകത്വത്തിന്റെ കാര്‍പ്പെറ്റ് ബോംബിങ്ങില്‍ വികസ്വര രാഷ്ട്രങ്ങളുടെ സാംസ്കാരികസത്തകളും ഭാവുകത്വ സമ്പ്രദായങ്ങളും ഞെരിഞ്ഞമരുകയാണ്. ഓരോ ജനതയും സ്വന്തം ചരിത്ര-സംസ്കാര സ്വത്വങ്ങളിലൂന്നി ഇതിനെതിരായ ധീരപോരാട്ടങ്ങള്‍ നടത്തുന്ന കാലംകൂടിയാണിത്. ഈ പോരാട്ടത്തില്‍ ജനതയുടെയാകെ സാംസ്കാരിക ബോധത്തെ കണ്ണിചേര്‍ക്കുക എന്ന ദൗത്യമാണ് ഇന്ത്യന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് ഏറ്റെടുക്കാനുള്ളത്.

പുരോഗമന സാഹിത്യപ്രസ്ഥാനം രൂപംകൊണ്ട ലോക സാഹചര്യത്തേക്കാള്‍ ഭീതിദമാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ. മതപരമായ പ്രതിലോമ പ്രവണതകള്‍, ഗോമാംസ ഭക്ഷണത്തിനെതിരെയുള്ള അതിക്രമങ്ങള്‍, ജാതി- മത പീഡനങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍‍, ഭീകരവാദം, ആക്രമണോത്സുകമായ ഭക്തിരാഷ്ട്രീയം, മതരാഷ്ട്രവാദം, കര്‍ഷകഗ്രാമങ്ങളുടെ തകര്‍ച്ചയില്‍ നിന്നുണ്ടാകുന്ന വിശപ്പും ദാരിദ്ര്യവും, ജനാധിപത്യമൂല്യങ്ങളെ കടപുഴക്കി എറിയുന്ന സ്വേച്ഛാധിപത്യപ്രവണതകള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍, അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന കോര്‍പറേറ്റ് മൂലധനവികസനം, ആഭ്യന്തരവും ബാഹ്യവുമായ യുദ്ധോത്സുകത തുടങ്ങിയവയാണ് ഈ കാലഘട്ടത്തിലെ പ്രധാന പ്രശ്നങ്ങള്‍. ദളിത്-മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരമായ ആക്രമണങ്ങളും നമ്മളെ ആശങ്കപ്പെടുത്തുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ദൗത്യം പൂര്‍വാധികം ശക്തിയോടെ തുടരേണ്ടതുണ്ട് എന്നാണ്. അതിനു നിങ്ങള്‍ക്കു കഴിയട്ടേ എന്നാശംസിച്ചുകൊണ്ട് ഈ സമ്മേളനം ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.