ഹരിതകേരളം മിഷന്‍ ജനകീയ മുന്നേറ്റമാവണം

കടുത്ത വരള്‍ച്ച അഭിമുഖീകരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട കാലാവസ്ഥയെന്ന പ്രത്യേകത നമുക്ക് നഷ്ടപ്പെടുകയാണ്. ശരാശരി 30-32 ഡിഗ്രി സെല്‍ഷ്യസ് എന്ന താപനില 40 ഡിഗ്രി വരെയാവുന്ന അവസ്ഥയിലാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും നാടിന്റെ പ്രധാന ദൗത്യമാവണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രവും ഭാരത സര്‍ക്കാര്‍ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കാലാവസ്ഥാവ്യതിയാനം കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പാരിസ്ഥിതിക പ്രതിസന്ധിയെന്നതിനേക്കാള്‍ മനുഷ്യരാശി അഭിമുഖീകരിക്കുന്ന സാമൂഹിക, സാമ്പത്തിക പ്രതിസന്ധിയായിക്കൂടി കാലാവസ്ഥാവ്യതിയാനത്തെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താപനിലയിലെ വര്‍ധന കാരണം സമുദ്രനിരപ്പ് ഉയരുന്നത് ദീര്‍ഘമായ കടലോരമുള്ള കേരളത്തിനെ സംബന്ധിച്ച് ജീവനും സ്വത്തിനും ഭീഷണിയാണ്. മത്സ്യസമ്പത്തിന്റെ ശോഷണവും സംഭവിക്കും. ജലദൗര്‍ലഭ്യം, ഊര്‍ജ പ്രതിസന്ധി, കാര്‍ഷികോത്പാദനക്കുറവ്, അപൂര്‍വരോഗങ്ങള്‍ പടരുന്നത് ഇവയ്‌ക്കെല്ലാം കാലാവസ്ഥാവ്യതിയാനം കാരണമാവുന്നു. ആവുന്നിടത്തോളം സ്ഥലങ്ങളില്‍ മരം വെച്ചുപിടിപ്പിക്കുകയാണ് നമുക്കു ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം. എല്ലാ വീടുകളിലും മഴക്കുഴികള്‍ ഉണ്ടാവണം. നെല്‍വയലുകള്‍, കുന്നുകള്‍, കുളങ്ങള്‍ ഇവയുടെ സംരക്ഷണത്തിന് സമൂഹം മൊത്തത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഇവിടെയാണ് മഴവെള്ള സംഭരണത്തിന്റെയും ഉറവിട മാലിന്യ സംസ്‌കരണത്തിന്റെയും പ്രസക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സര്‍ക്കാര്‍ തുടങ്ങിയ ഹരിതകേരളം മിഷന്‍ നാടൊന്നാകെയിറങ്ങുന്ന, എല്ലാവരും ഭാഗഭാക്കാവുന്ന പദ്ധതിയാവണം. നീര്‍ത്തടാധിഷ്ഠിതമായി മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണത്തിന് ഒരു ജനകീയ മുന്നേറ്റമാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍ അധ്യക്ഷനായിരുന്നു. ഭാരത സര്‍ക്കാര്‍ കാലാവസ്ഥാവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.എസ്.ബാഹുലേയന്‍ തമ്പി, മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് എം.ചന്ദ്രദത്തന്‍, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പ് ഡയറക്ടര്‍ പദ്മ മഹന്തി, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ.ശേഖര്‍ എല്‍.കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.