മന്ത്രിസഭാ തീരുമാനങ്ങൾ 23/11/2016

1.ആറന്മുള ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് തത്വത്തിൽ അംഗീകാരം നൽകിയതുൾപ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ എല്ലാം റദ്ദാക്കാൻ തീരുമാനിച്ചു.

2.കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ പുതിയ ITI സ്ഥാപിക്കാൻ തീരുമാനിച്ചു.

3.സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകളിൽ അംഗങ്ങളായി നിയമിതരാകുന്ന സർക്കാരുദ്യോഗസ്ഥരല്ലാത്ത അംഗങ്ങൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നൽകാൻ തീരുമാനിച്ചു. രണ്ടു മുതൽ മൂന്നു വർഷം വരെ അംഗങ്ങളായിരുന്നവർക്ക് പ്രതിമാസം 7000 രൂപയും അഞ്ചോ അതിലധികമോ വർഷം അംഗങ്ങളായിരുന്നവർക്ക് പ്രതിമാസം 10000 രൂപയുമാണ് ആനുകൂല്യമായി നിശ്ചയിച്ചിരിക്കുന്നത്.

4.പ്രശസ്ത സംഗീതസംവിധായകനായ എം.കെ. അർജുനന്റെ ചികിത്സാച്ചെലവ് സംസ്ഥാനസർക്കാർ വഹിക്കാൻ തീരുമാനിച്ചു.

5.1994 നവംബർ 25ന് കൂത്തുപ്പറമ്പിൽ നടന്ന വെടിവയ്പിൽ പരിക്കേറ്റ് 22 വർഷമായി ചികിത്സയിൽ കഴിയുന്ന പുഷ്പന് 5 ലക്ഷം രൂപയും വീൽച്ചെയറും നൽകാൻ തീരുമാനിച്ചു. 8000 രൂപ പ്രതിമാസ പെൻഷൻ നൽകാനും തീരുമാനിച്ചു.

6.ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങൾ ഊർജസ്വലമാക്കുന്നതിന്റെ ഭാഗമായി നവംബർ ഇരുപത്തിയെട്ടാം തീയതി മേഖലാടിസ്ഥാനത്തിൽ യോഗങ്ങൾ വിളിച്ചുകൂട്ടാൻ തീരുമാനിച്ചു.

7.സംസ്ഥാനമിഷനുകളിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷനിൽ നിന്നും, മുനിസിപ്പൽ ചെയർപേഴ്സൺമാരുടെ ചേമ്പറിൽ നിന്നും, മേയർ കൗൺസിലിൽ നിന്നും ഓരോ പ്രതിനിധിയെ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ജില്ലാപ്രഞ്ചായത്തു പ്രസിഡന്റുമാരിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരിൽ നിന്നും ഓരോരുത്തരെ വീതവും ഉൾപ്പെടുത്തും.

8.മതധർമസ്ഥാപനങ്ങൾക്ക് ‘തിരുപ്പുവാരം’ (annuity) എന്ന പേരിൽ നൽകുന്ന നഷ്ടപരിഹാര തുക മൂന്നിരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചു. ഓരോ 5 വർഷം കഴിയുമ്പോഴും തുകയിൽ 25% വർധന വരുത്താനും തീരുമാനിച്ചു.

9.കേരളസംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷനിൽ നിലവിലൊഴിവുള്ള മെമ്പറുടെ സ്ഥാനത്തേക്ക് ശ്രീ. മുള്ളൂർക്കര മുഹമ്മദലി സഖാഫിയെ (തൃശൂർ) നിയമിക്കാൻ തീരുമാനിച്ചു.

10.State Institute of Rural Development (SIRD)നെ കിലയുമായി സംയോജിപ്പിക്കാൻ തീരുമാനിച്ചു.