ഹരിതകേരളം മിഷന്‍: ജനപങ്കാളിത്തം ഉറപ്പാക്കണം

ഹരിതകേരളം മിഷന്‍ സാക്ഷരതാ പ്രസ്ഥാനത്തിനുശേഷമുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ വലിയ തോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായി ഡിസംബര്‍ എട്ട് മാറണം. കേരളം ഹരിതവും, ശുചിത്വ പൂര്‍ണ്ണവും, കൃഷിയില്‍ സ്വയം പര്യാപ്തവുമാകുക എന്നതാണ് മിഷന്റെ ലക്ഷ്യം. ഹരിതകേരളം മിഷന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിക്കുന്നതുമായി ബന്ധപ്പെട്ട് 14 ജില്ലകളുടെയും ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ കളക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതകേരളം മിഷന്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍, ആശ്രമങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, റോട്ടറി,ലയണ്‍സ് ക്‌ളബ്ബുകള്‍ തുടങ്ങി എല്ലാവരെയും ഒരുമിപ്പിച്ചാവണം പങ്കാളിത്തം ഉറപ്പാക്കേണ്ടത്. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ നാനാ തുറകളിലുള്ള എല്ലാ വ്യക്തിത്വങ്ങളെയും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രചാരണത്തിനായി നവമാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം. മിഷന്റെ ആദ്യഘട്ടമായി കുളങ്ങള്‍, തോടുകള്‍, നീരുറവകള്‍,എന്നിവ ആദ്യം വീണ്ടെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളം ഫലപ്രദമായി ഉപയോഗിക്കാനാവശ്യമായ സംവിധാനങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം ഉണ്ടാവണം. മഴവെള്ള സംഭരണം, മഴക്കുഴികളുടെ നിര്‍മാണം, കിണറുകളുടെ റീചാര്‍ജിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. കാര്‍ഷികോത്പാദനക്ഷമത വര്‍ധിപ്പിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കൃഷിയുടെ അന്‍പത് ശതമാനവും ജൈവകൃഷിയാക്കാന്‍ പശ്ചാത്തലമൊരുക്കും. സംസ്ഥാനത്തെ കീടനാശിനി വിമുക്തമാക്കും. പഴം, പച്ചക്കറി കൃഷികള്‍ പ്രോത്സാഹിപ്പിക്കും. അവ സൂക്ഷിക്കാനാവശ്യമായ ശീതീകരണ സംവിധാനം ഒരുക്കും.കാര്‍ഷികസേനകള്‍ക്ക് രൂപം നല്‍കും. അവര്‍ക്കാവശ്യമായ ഉപകരണങ്ങളും നല്‍കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയെ നേരിടാന്‍ സംസ്ഥാനത്തുടനീളം മരങ്ങള്‍ വെച്ചുപിടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവ നാടിന് ഉപകാരപ്രദമായ മരങ്ങളാവണമെന്നും മരങ്ങള്‍ ആര്, എവിടെയൊക്കെ നട്ടു എന്നത് സംബന്ധിച്ച ശാസ്ത്രീയമായ കണക്കുകള്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മിഷന്‍ വിജയകരമായി പൂര്‍ത്തീകരിക്കുമ്പോഴേക്കും സുസ്ഥിര വിനോദസഞ്ചാരകേന്ദ്രമായി കേരളത്തിന് മാറാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ കടകംപള്ളി സുരേന്ദ്രന്‍(തിരുവനന്തപുരം), വി.എസ്.സുനില്‍ കുമാര്‍(കൊല്ലം), മാത്യു ടി തോമസ്(പത്തനംതിട്ട),ജി.സുധാകരന്‍(ആലപ്പുഴ), എം.എം.മണി(ഇടുക്കി), സി.രവീന്ദ്രനാഥ്(എറണാകുളം), എ.സി.മൊയ്തീന്‍(തൃശ്ശൂര്‍), പി.തിലോത്തമന്‍(പാലക്കാട്), കെ.ടി ജലീല്‍(മലപ്പുറം), കെ.കെ.ശൈലജ ടീച്ചര്‍(കോഴിക്കോട്),എ.കെ.ശശീന്ദ്രന്‍ (വയനാട്), കടന്നപ്പള്ളി രാമചന്ദ്രന്‍(കണ്ണൂര്‍), ഇ.ചന്ദ്രശേഖരന്‍(കാസര്‍കോട്) ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, ഹരിതകേരളം വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍.സീമ, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തില്‍, എം.എല്‍.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡണ്ടൂമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ , കളക്ടര്‍മാര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.