തദ്ദേശവിളകള്‍ ഉത്പാദിപ്പിക്കുന്നതില്‍ സംസ്ഥാനം മുന്‍ഗണന നല്‍കണം

സംസ്ഥാനത്ത് കാര്‍ഷിക മേഖലയുടെ വികസനത്തിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ തദ്ദേശ വിളകളുടെ ഉത്പാദനത്തില്‍ വര്‍ധനയുണ്ടാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സര്‍വകലാശാലകള്‍ നടത്തുന്ന ഗവേഷണങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുന്നതായിരിക്കണം. വിളകളുടെയും വിത്തുകളുടെയും സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായിരിക്കാനും വിഷം ചേര്‍ന്ന വിളകള്‍ സംസ്ഥാനത്തു വിതരണം ചെയ്യപ്പെടാതിരിക്കാനും കര്‍ശന നടപടികള്‍ വേണം. കാര്‍ഷികോത്പന്നങ്ങള്‍ കേടുകൂടാതെ സംരക്ഷിക്കാന്‍ ശീതീകരിച്ച സ്റ്റോറേജ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പട്ടികവര്‍ഗ മേഖലകളിലെ കൃഷി പ്രോത്സാഹിപ്പിക്കപ്പെടണം. നൂതന രീതിയിലുള്ള ജലസേചന മാര്‍ഗങ്ങളും സാങ്കേതികവിദ്യകളും സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളില്‍ നിലവിലെ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങളില്‍ വ്യക്തത വേണമെന്നും കൃഷിഭൂമികള്‍ തരിശിടാന്‍ അനുവദിക്കരുതെന്നും കാര്‍ഷിക കര്‍മസേനകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം ഊര്‍ജ്ജിതമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.