സഹകരണപ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണം

സഹകരണമേഖലയിലെ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണമേഖലയിലെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണപ്രതിസന്ധി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമസഭ പാസാക്കിയ നിയമത്തിന് അനുസൃതമായാണ് കേരളത്തിന്റെ സഹകരണമേഖല പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം സംഘങ്ങളും കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്നുണ്ട്. ഒരു പരിശോധനയ്ക്കും സര്‍ക്കാര്‍ എതിരല്ല. സാമ്പത്തികകാര്യങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പരിശോധിക്കുന്നതില്‍ തടസ്സമില്ല. കള്ളപ്പണ ആരോപണമുണ്ടെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റിന് പരിശോധിക്കുന്നതിലും പ്രശ്‌നമില്ല. സഹകരണമേഖല ജനങ്ങളുടെ വിശ്വാസം നേടി സുതാര്യമായി പ്രവര്‍ത്തിക്കുന്ന മേഖലയാണ്. കാര്‍ഷിക വായ്പയുള്‍പ്പെടെ ഏറ്റവും കൂടുതല്‍ നല്‍കി വിശ്വാസം നേടിയതുകൊണ്ടാണ് പിടിച്ചുനില്‍ക്കാനാകുന്നത്. പ്രാഥമിക സഹകരണങ്ങള്‍ കോര്‍ ബാങ്കിംഗ് സൗകര്യത്തിലൂടെ ജില്ലാ ബാങ്കുകളുമായി ബന്ധിപ്പിക്കണം. ഇതിനായി ബാങ്കുകളുടെ സോഫ്ട്‌വെയറുകള്‍ ഏകീകൃതമാക്കണം. സംസ്ഥാന സഹകരണ ബാങ്കുകള്‍ ജില്ലാ ബാങ്കുകളുടെ പ്രശ്‌നം പരിഹരിക്കാനും സഹായിക്കാനും നേതൃത്വം വഹിക്കണം. സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ ബാങ്കുകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ക്രെഡിറ്റ് മേഖലയില്‍ സഹകരണമേഖലയെ സഹായിക്കാന്‍ നബാര്‍ഡും തയാറാകണം. സഹകരണവകുപ്പും പ്രശ്‌നപരിഹാരത്തിന് കൂടെയുണ്ടാകും. പ്രാഥമിക സഹകരണ മേഖലയില്‍ ഏതെങ്കിലും ബാങ്ക് വഴിവിട്ട് നടപടി സ്വീകരിച്ചാല്‍ സംരക്ഷിക്കില്ല. ജില്ലാ സഹകരണ ബാങ്കുകളില്‍ മിറര്‍ അക്കൗണ്ടുകള്‍ ആരംഭിച്ച് പ്രാഥമിക ബാങ്കുകളില്‍ എത്തുന്നവര്‍ക്ക് പണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വായ്പക്കും ഇതേ മാനദണ്ഡം പാലിക്കാം. ഭാവിയില്‍ റുപ്പയ കാര്‍ഡ് ഉപയോഗം ഉള്‍പ്പെടെയുള്ള രീതിയിലേക്ക് സഹകരണ ബാങ്കുകള്‍ക്ക് മാറാന്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഹകരണമേഖലയില്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍ വ്യക്തമാക്കി. സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, നബാര്‍ഡ് പ്രതിനിധി തുടങ്ങിയവര്‍ പങ്കെടുത്തു.