ഹരിതകേരള മിഷൻ ഉദ്ഘാടനം

ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി ആരംഭിച്ച മിഷനുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഹരിതകേരള മിഷന് ഇന്ന് തുടക്കം കുറിക്കാനായി. കേരളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മശ്രീ കെ.ജെ. യേശുദാസും മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും സഹകരണം-ദേവസ്വം വകപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഭൂപരിഷ്കരണത്തിനു ശേഷം നടക്കുവാന്‍ പോകുന്ന ഏറ്റവും വലിയ ഭരണനടപടിയാണ് ഹരിതകേരളം പദ്ധതി. പ്രകൃതിസമൃദ്ധിയാല്‍ സമ്പന്നമായിരുന്നു നമ്മുടെ സംസ്ഥാനം. എന്നാല്‍ ഈ സമൃദ്ധി നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അശാസ്ത്രീയമായ വികസനസങ്കല്‍പങ്ങള്‍ വികലമാക്കിയ നമ്മുടെ മണ്ണിനേയും പ്രകൃതിയേയും തിരിച്ചുപിടിക്കുകയെന്നതാണ് ഹരിതകേരളം പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.

എണ്ണം കൊണ്ടും അളവുകൊണ്ടും ഈ രാജ്യത്തെ മറ്റേത് പ്രദേശത്തേക്കാളും ജലസമൃദ്ധമാണ് നമ്മുടെ നാട്. ശുദ്ധജലത്തിന്റെ ലഭ്യതയില്‍ ഗണ്യമായ ഇടിവാണ് കഴിഞ്ഞ കുറച്ചുകാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍ക്കാലത്ത് കിണറുകളും കുളങ്ങളും പുഴകളും വരണ്ടുണങ്ങുന്നു. മഴലഭ്യതയില്‍ ഉണ്ടാകുന്ന കുറവ് കൊണ്ടാണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. നമ്മുടെ നാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം പെയ്യുന്ന മഴയുടെ വലിയൊരു ഭാഗവും കടലിലേക്ക് ഒഴുകിപ്പോകുന്ന സ്ഥിതിവിശേഷമാണുള്ളത്. മഴക്കുഴികളും, മറ്റ് മഴവെള്ള സംഭരണസംവിധാനങ്ങളും സജ്ജമാക്കുന്നത് വഴി ഇതില്‍ ഗുണപരമായ ഒരു മാറ്റം കൊണ്ടുവരാന്‍ സാധിക്കും. നവീന സാങ്കേതികവിദ്യയുപയോഗിച്ച് തയ്യാറാക്കുന്ന നദീതട മാസ്റ്റര്‍പ്ലാനുകളുടെ അടിസ്ഥാനത്തില്‍ നദികളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള തടയണകളും മറ്റ് സംവിധാനങ്ങളും നിര്‍മിക്കാനാവും.

കുടിവെളള ക്ഷാമം മനുഷ്യരെ മാത്രമല്ല, വന്യജീവികളെയും വളര്‍ത്തുമൃഗങ്ങളെയും ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഹരിതകേരളത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ജലസുരക്ഷാപദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ എല്ലാവര്‍ക്കും സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യം. സമ്പൂര്‍ണ കിണര്‍ റീച്ചാര്‍ജ് പദ്ധതിയിലൂടെ നമ്മുടെ സംസ്ഥാനത്തെ പ്രധാന കുടിവെള്ളസ്രോതസ്സായ കിണറുകളിലെ ജലലഭ്യത സുസ്ഥിരമായി ഉറപ്പുവരുത്തും. കുളങ്ങള്‍, തോടുകള്‍, നദികള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളിലെ ജലലഭ്യത അഞ്ചുവര്‍ഷം കൊണ്ട് വളരെ ശ്രദ്ധേയമാംവിധം വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നാണു കരുതുന്നത്. 2030 ആകുമ്പോഴേക്ക് 29 ശതമാനം അധികം കുടിവെള്ളവും 81 ശതമാനം അധികം ജലസേചനാവശ്യത്തിനുള്ള വെള്ളവും കേരളം കണ്ടെത്തേണ്ടതുണ്ട്. ഇതുകൂടി മനസ്സില്‍വെച്ചാണ് ഈ പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്.

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി സമൂഹത്തില്‍ പ്രബലമായ ഉപഭോഗസംസ്കാരത്തിനെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ളതാണ് നാം കണ്ടുപരിചയിച്ച വികസനമാതൃകകള്‍. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അതീതമായി വിഭവങ്ങളെ ഉപയോഗിച്ചു തീര്‍ക്കുന്ന ഈ ഉപഭോഗത്വരയുടെ അനന്തരഫലമാണ് നാം നേരിടുന്ന മാലിന്യപ്രതിസന്ധി. മാലിന്യോല്‍പാദനത്തിന് ആനുപാതികമായി സംസ്കരണ സംവിധാനങ്ങളുടെ വികസനത്തിനും വിപുലീകരണത്തിനും ഊന്നല്‍ നല്‍കാത്തതുകൊണ്ട് മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകുന്നു. പൊതുജനാരോഗ്യത്തിന് ഗുരുതരമായ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്. വൃത്തിയും വെടിപ്പുമുള്ള ഒരു കേരളം ഉത്തരവാദിത്തബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുക എന്നതാണ് ഹരിതകേരളത്തിന്റെ ഭാഗമായ മാലിന്യസംസ്കരണ കര്‍മപദ്ധതിയുടെ ഉദ്ദേശം.

പരിസ്ഥിതിസൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ-മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുവാനും ഇക്കാര്യത്തില്‍ ഒരു ലോകോത്തര മാതൃക സൃഷ്ടിക്കുവാനുമാണ് ശുചിത്വ-മാലിന്യസംസ്കരണ കര്‍മപദ്ധതി ലക്ഷ്യമിടുന്നത്. ശുചിത്വമാലിന്യ സംസ്കരണ കര്‍മപദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്ക് ജനപങ്കാളിത്തം നിശ്ചയമായും ഉണ്ടാവണം. നമ്മുടെ ശീലങ്ങളിലും ജീവിതശൈലിയുമുള്ള മാറ്റവും നിര്‍ണായകമാണ്.

വ്യക്തിഗത ശുചിത്വത്തിന് മുന്‍ഗണന കൊടുക്കുന്നവരാണ് മലയാളികള്‍. എങ്കിലും സാമൂഹികമായി, ശുചിത്വം എന്ന ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കുറ്റകരമായ നിസ്സംഗതയാണ് നാം പ്രകടിപ്പിക്കുന്നതെന്ന് പറയാതെ വയ്യ. പൊതു ഇടങ്ങള്‍ മാലിന്യരഹിതമായി സൂക്ഷിക്കപ്പെടുന്ന, സാമൂഹികശുചിത്വം ഒരു ഉത്തരവാദിത്തമായി കാണുന്ന ഒരു സംസ്കാരം ശീലമാക്കുവാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. തീവ്രമായതും തുടര്‍ച്ചയുള്ളതുമായ പ്രചരണ-ബോധവല്‍ക്കരണ പരിപാടികള്‍ ഇതിനാവശ്യമാണ്.
ആശുപത്രികള്‍, ഹോട്ടലുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങള്‍, പൊതു ഓഫീസുകള്‍ എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണത്തിന് പ്രത്യേക പരിഗണന നല്‍കും. ജൈവ-അജൈവ മാലിന്യങ്ങളുടെ ശേഖരണ-സംഭരണ-സംസ്കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അജൈവമായ മാലിന്യത്തിന്റെ തോത് ഹരിത മര്യാദ (ഗ്രീന്‍ പ്രോട്ടോക്കോള്‍) നടപ്പിലാക്കിക്കൊണ്ട് കുറയ്ക്കും. പേപ്പര്‍, ഗ്ലാസ്, മെറ്റല്‍, ഇലക്റ്റ്രോണിക് വേസ്റ്റ് തുടങ്ങിയ മാലിന്യങ്ങളുടെ പുനഃരുപയോഗ-പുനഃചംക്രമണ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. വാര്‍ഡ് അടിസ്ഥാനത്തില്‍ വീടുകളില്‍ നിന്നും ശേഖരിക്കപ്പെടുന്ന അജൈവമാലിന്യം സംഭരിക്കുന്നതിനും പുനഃചംക്രമണം ചെയ്യുന്നതിനും വ്യവസായ വകുപ്പുമായി ചേര്‍ന്ന് റീസൈക്ലിംങ്ങ് പാര്‍ക്കുകള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. ജൈവമാലിന്യ സംസ്കരണത്തിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന ജൈവവളം കാര്‍ഷികവകുപ്പുമായി സഹകരിച്ച് വിപണനം ചെയ്യുവാനുള്ള സംവിധാനം രൂപപ്പെടുത്തും.

ഹരിതകേരളം പദ്ധതി ഒരുവശത്ത് ജലസ്രോതസ്സുകളടക്കം കേരളത്തെയാകെ ശുചീകരിക്കുമ്പോള്‍ മറുവശത്ത് പച്ചക്കറി അടക്കമുള്ള കൃഷിക്ക് വലിയ ഊന്നല്‍ നല്‍കുന്നു. പച്ചക്കറിക്കുപോലും അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഈ നാട്ടില്‍ 70 ലക്ഷത്തിലധികം വീടുകളുണ്ട്. ഓരോ വീടിനും അനുബന്ധമായി ചെറിയതോതിലെങ്കിലും പച്ചക്കറി കൃഷിയുണ്ടായാല്‍ കേരളത്തില്‍ ആ രംഗത്ത് സ്വയംപര്യാപ്തത നേടാം. മിഷന്‍ ഗൗരവപൂര്‍വം ഏറ്റെടുത്തിട്ടുള്ള കാര്യമാണിത്.

മാലിന്യ പുനഃചംക്രമണത്തിലൂടെയും ജലസേചന പദ്ധതികളുടെ സംയോജനത്തിലൂടെയും കൂടുതല്‍ മേഖലകളില്‍ കാര്യക്ഷമമായ ജല ഉപയോഗം സാധ്യമാക്കുന്നതു വഴി കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കുകയും സാമ്പത്തികവളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് കാര്‍ഷിക മേഖലയിലെ ഇടപെടലിലൂടെ ഉദ്ദേശിക്കുന്നത്. പങ്കാളിത്തകൃഷി, കര്‍ഷക കൂട്ടായ്മകള്‍, വ്യക്തികള്‍ക്ക് പ്രോല്‍സാഹനം എന്നിവ വഴി ഉല്‍പാദന മേഖലയ്ക്ക് ഊര്‍ജമേകും. കടുത്ത ഭക്ഷ്യക്ഷാമംമൂലം പൊറുതിമുട്ടിയിരുന്ന റഷ്യ, വിപ്ലവാനന്തരം കുറഞ്ഞ കാലയളവ് കൊണ്ടാണ് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ചത്. വിപ്ലവത്തിന് മുമ്പ് കഷ്ടപാടിലും വറുതിയിലും കഴിഞ്ഞ ക്യൂബന്‍ ജനത വിപ്ലവശേഷം ചെറിയ കാലം കൊണ്ടാണ് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ലോകമാകെ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചത്. അത്രയൊന്നുമില്ലെങ്കിലും വലിയ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കിലും സംഘടിതമനുഷ്യശേഷിയുടെ ശരിയായ ഉപയോഗത്തിലൂടെയും ആസൂത്രണമികവിലൂടെയും നാം തന്നെ പലതും നേടിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ കേരളത്തില്‍ തന്നെയുണ്ടല്ലോ. മനുഷ്യവിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ സാക്ഷരതാ യജ്ഞവും ജനകീയാസൂത്രണപ്രസ്ഥാനവും വിജയിപ്പിച്ച അനുഭവം നമുക്കുണ്ട്. സമ്പൂര്‍ണസാക്ഷരതാ യജ്ഞത്തിന് സമാനമായ ജനപങ്കാളിത്തവും ജനകീയാസൂത്രണ പ്രവര്‍ത്തനത്തിന് സമാനമായ സംഘാടനരീതിയുമാണ് ഹരിതകേരളം പദ്ധതിയെ വിജയിപ്പിക്കുക.

രാഷ്ട്രീയം, മതം, ജാതി തുടങ്ങിയവയ്ക്ക് അതീതമായി ആബാലവൃദ്ധം ജനങ്ങളെയും അണിനിരത്തിയുള്ള ഒരു മനുഷ്യമഹാസഖ്യത്തിന്റെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണ് ഈ മിഷന്‍ വിജയിപ്പിക്കുന്നതിനാവശ്യം. അതിനായി ഏവരും മുന്നോട്ട് വരുമെന്ന് എനിക്കുറപ്പുണ്ട്. ഈ ഭൂമി നമ്മോടുകൂടി അവസാനിക്കരുത്. വരും തലമുറകള്‍ക്കുവേണ്ടി കൂടിയുള്ളതാണിത്. വരും തലമുറകള്‍ക്ക് ശ്വസിക്കാന്‍ ശുദ്ധവായു ഉണ്ടാവണം. കുടിക്കാന്‍ ശുദ്ധജലമുണ്ടാവണം. കഴിക്കാന്‍ ശുദ്ധമായ ആഹാരമുണ്ടാവണം. അതൊക്കെ ഉറപ്പാക്കുന്ന അന്തരീക്ഷം ഒരുക്കിക്കൊടുക്കാനുള്ള മഹാസംരംഭത്തിനാണ് ഇന്നു നാം തുടക്കം കുറിച്ചത്.