ഗുരുദേവ സന്ദേശങ്ങള്‍ക്ക് സാര്‍വദേശീയതലത്തില്‍ തന്നെ വര്‍ധിച്ച പ്രസക്തിയുള്ള ഒരു ഘട്ടത്തിലാണ് ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകള്‍ തീവ്രവാദത്തിലേക്കും അതിനപ്പുറം ഭീകരവാദത്തിലേക്കും നീങ്ങുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നിത്യേന നമ്മുടെ മനസ്സുകളെ കലുഷമാക്കുന്നു. വംശീയ വേര്‍തിരിവുകളാലും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘര്‍ങ്ങളാലും ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ചോരപ്പുഴകളൊഴുകുന്നു. മനുഷ്യര്‍ക്ക് വംശീയമായ വിദ്വേഷത്തിന്റെ തീജ്വാലകളില്‍നിന്നു രക്ഷപ്പെടാന്‍ കൂട്ടപലായനം ചെയ്യേണ്ടിവരുന്നു. മനുഷ്യന് മനുഷ്യനെ കഴുത്തറുത്തു കൊല്ലുന്നതിന്റെ മുതല്‍ ഒരു ജനതയെ മുച്ചൂടും നശിപ്പിക്കുന്ന കാര്‍പ്പറ്റ് ബോംബിങ്ങിന്റെ വരെ വാര്‍ത്തകള്‍ നമ്മളെ വിറങ്ങലിപ്പിക്കുന്നു. എല്ലായിടത്തും ചോര്‍ന്നുപോകുന്നതു മനുഷ്യത്വമാണ്.
ചോര്‍ന്നുപോകുന്ന മനുഷ്യത്വം മനുഷ്യരിലുള്ചേര്ക്കുവാന് എന്താണു വഴി? ഇതാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങള്‍ക്കുള്ള പ്രസക്തി മനസ്സില്‍ വരിക. എതിര് ജാതിയില്‍, എതിര് മതത്തില്‍, എതിര് വംശത്തില്‍ പിറന്നവനാണെന്നതിന്റെ പേരിലാണല്ലൊ അതിക്രൂരമായി കൊല്ലുന്നത്. ഇങ്ങനെ ചെയ്യുന്നവരിലേക്ക് ‘പലമതസാരവുമേകം’ എന്ന ഗുരുസന്ദേശം എത്തിക്കാന്‍ കഴിഞ്ഞാല്‍… ‘കൊല്ലുന്നതുമെങ്ങനെ ജീവികളെ’ എന്ന ഗുരുവിന്റെ കാവ്യശകലം എത്തിക്കാന്‍ കഴിഞ്ഞാല്‍? ‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്ന ഗുരുവചനത്തിന്റെ വെളിച്ചം എത്തിക്കാന്‍ കഴിഞ്ഞാല്‍…? ‘മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്ന, മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്ന, ഗുരുദര്‍ശനം എത്തിക്കാന്‍ കഴിഞ്ഞാല്‍? അതായിരിക്കും നിഷ്ഠൂരതയെ മനുഷ്യത്വം കൊണ്ടു പകരംവെക്കാനും അങ്ങനെ വര്‍ഗീയ വംശീയ വിദ്വേഷങ്ങളെയും അവയുടെ അടിസ്ഥാനത്തിലുള്ള നരമേധങ്ങളെയും ഒഴിവാക്കാനുമുള്ള വഴി.
ഇങ്ങനെ ആലോചിക്കുന്നതു കൊണ്ടാണ് ഗുരുസന്ദേശങ്ങള്‍ക്ക് സാര്‍വദേശീയവും സര്‍വകാലികവുമായ പ്രസക്തിയുണ്ട് എന്നു ഞാന്‍ പറയുന്നത്. ഇതിന്റെ മറുവശമാണ്, കേരളത്തില്‍ വംശീയ വിദ്വേഷം ഇത്ര ഭീകരമായ തോതില്‍ ആളിപ്പടരാതിരിക്കുന്നതു ഗുരു ജീവിച്ചു മനുഷ്യത്വം പടര്‍ത്തിയ മണ്ണാണിവിടെയുള്ളത് എന്നതുകൊണ്ടാണ് എന്ന കാര്യവും.
അതുകൊണ്ട് ആമുഖമായി തന്നെ എനിക്കു പറയാനുള്ളത് ഗുരു സന്ദേശങ്ങള്‍ ലോകമെമ്പാടും പടര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തണമെന്നതാണ്.
ഇതോടൊപ്പം മറ്റൊരു കാര്യം കൂടി അറിയിക്കട്ടെ. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായാണ് ഞാന്‍ ശിവഗിരി തീര്‍ത്ഥാടന പരിപാടിയിലേക്കു വരുന്നത്. സര്‍ക്കാര്‍ നയങ്ങളും നിലപാടുകളും ഏതു വിധത്തിലായിരിക്കണമെന്ന് ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും മറ്റു പലതിനുമൊപ്പം ഗുരുസന്ദേശങ്ങളിലെ ജീവകാരുണ്യഭാവം വഴികാട്ടാറുണ്ട്.
‘ദൈവദശക’ത്തില്‍ ‘അന്നവസ്ത്രാദിമുട്ടാതെ’ എന്ന് ഒരു പ്രയോഗമുണ്ടല്ലൊ. ലൈഫ് എന്ന പേരിലുള്ള മിഷന് രൂപപ്പെടുത്തുമ്പോള്‍ തീര്‍ച്ചയായും ഗുരുദേവന്റെ ഈ വാക്കുകളും ഞങ്ങളുടെ മനസ്സില്‍ ഒരു പ്രേരണപോലെ തിളങ്ങിനിന്നിട്ടുണ്ട്. ഉപജീവന സംവിധാനങ്ങളോടു കൂടി ലക്ഷക്കണക്കിനു ഭവനരഹിതര്‍ക്ക് പാര്‍പ്പിടമൊരുക്കി കൊടുക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയാണ് ലൈഫ് മിഷന്.
ഗുരു ശുദ്ധിയെയും വൃത്തിയെയും ശുചിത്വത്തെയും കുറിച്ചു പറഞ്ഞു. ജലസ്രോതസ്സുകളെയാകെ ശുദ്ധീകരിക്കുന്ന മിഷന് രൂപപ്പെടുത്തുമ്പോള്‍, അതില്‍ ഗുരുവിന്റെ ശുചിത്വസങ്കല്പം പ്രതിഫലിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്കറിയാം.
ഗുരു സാശ്രയത്വത്തെക്കുറിച്ചു പറഞ്ഞു. പച്ചക്കറി ഉല്‍പാദനമടക്കമുള്ള രംഗങ്ങളില്‍ സ്വാശ്രയത്വത്തിലേക്കു നീങ്ങാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍, അവിടെ നടപ്പാവുന്നതു ഗുരുചിന്ത കൂടിയാണ് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു.
ഇതൊക്കെ വിശദീകരിക്കാനുള്ള സന്ദര്‍മല്ല ഇത് എന്ന് എനിക്കറിയാം. എങ്കിലും ഗുരുചിന്തകള്‍ സര്‍ക്കാര്‍ നടപടികളെപ്പോലും സ്വാധീനിക്കുന്നതിന്റെ വിധം ഒന്നു സൂചിപ്പിച്ചു എന്നേയുള്ളു. വീണ്ടും ശിവഗിരി തീര്‍ത്ഥാടനത്തിലേക്കു തന്നെ വരട്ടെ.
മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശം ലോകത്താകെ പടര്‍ത്തിയ തീര്‍ത്ഥാടനകേന്ദ്രമാണ് ശിവഗിരി. കാലത്തിന്റെയും ലോകത്തിന്റെയും മനുഷ്യമനസ്സുകളുടെയും ഇരുളടഞ്ഞ കോണുകളിലേക്കാണ് നിരുപാധികമായ മനുഷ്യസ്നേഹത്തിന്റെ വെളിച്ചം ശിവഗിരിയില്‍നിന്നു പടര്‍ന്നുകയറിയത്. ആ വെളിച്ചം കാലത്തെ മാറ്റിയെടുത്തു. ലോകത്തെ മാറ്റിയെടുത്തു. മനുഷ്യമനസ്സുകളെയും മാറ്റിയെടുത്തു. ജാതിക്കും മതത്തിനും എല്ലാവിധ വിഭാഗീയ വേര്‍തിരിവുകള്‍ക്കും അതീതമായ മഹത്വപൂര്‍ണമായ ആ സന്ദേശം ഉള്‍ക്കൊള്ളാന്‍ വര്‍ഷംതോറും കൂടുതല്‍ കൂടുതല്‍ പേര് ശിവഗിരിയിലേക്കെത്തുന്നു.
സത്യത്തില്‍ ശിവഗിരി തീര്‍ത്ഥാടനം പൂര്‍ണമാവുന്നത് ശിവഗിരിക്കുന്നിലേക്കു പതിനായിരക്കണക്കിനാളുകള്‍ ഒഴുകിയെത്തുന്നിടത്തല്ല. മറിച്ച് അവിടേക്കെത്തുന്ന പതിനായിരങ്ങള്‍ ശ്രീനാരായണ ഗുരുവിന്റെ കാരുണ്യപൂര്‍വമായ മഹാസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നിടത്തും, അവ ഉള്‍ക്കൊണ്ടു മടങ്ങിപ്പോയി സ്വന്തം ജീവിതത്തിലും പൊതുജീവിതത്തിലും പകര്‍ത്തുന്നിടത്തുമാണ്. ശിവഗിരിയിലേക്കു കൂടുതല്‍ കൂടുതല്‍ ആളുകള്‍ വര്‍ഷംതോറും തീര്‍ത്ഥാടകരായി എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സംഘാടകര്‍ നിഷ്കര്‍ഷ കാട്ടുന്നുണ്ട്. വരുന്ന തീര്‍ത്ഥാടകരെല്ലാം ശ്രീനാരായണഗുരുവിന്റെ മാനവികതയുടെ മഹാസന്ദേശം അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു എന്ന് ഉറപ്പുവരുത്തുന്നതില്‍കൂടി ഈ നിഷ്കര്‍ഷ ഉണ്ടാവണം എന്നാണ് എനിക്കു പറയാനുള്ളത്.
ഗുരുസന്ദേശം ഉള്‍ക്കൊള്ളുന്നതില്‍ ശ്രദ്ധവെക്കാതെ നടത്തുന്ന തീര്‍ത്ഥാടനങ്ങള്‍ പൊള്ളയായ ആചാരാനുഷ്ഠാനങ്ങള്‍ മാത്രമായി തരംതാണു പോകും. അന്ധമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് എതിരെയായിരുന്നു ഗുരു എന്നും പ്രവര്‍ത്തിച്ചുപോന്നിരുന്നത് എന്നതിന്റെ പശ്ചാത്തലത്തില്‍ നോക്കിയാല്‍ പൊള്ളയായ ആചാരം ഗുരുനിന്ദപോലും ആയിപ്പോവും. അതുണ്ടാവാതിരിക്കാനാണ് ഗുരുവിന്റെ മഹത്വമാര്‍ന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനുള്ളതാവണം ഓരോ തീര്‍ത്ഥാടകന്റെയും യാത്ര എന്നുറപ്പുവരുത്തണമെന്നു ഞാന്‍ പറഞ്ഞത്.
ഇവിടെയാണ് എന്തായിരുന്നു യഥാര്‍ത്ഥ ഗുരുസന്ദേശം എന്ന ചോദ്യത്തിലേക്കു നാം വരുന്നത്. മനുഷ്യസ്നേഹമായിരുന്നു ഗുരുവിന്റെ സന്ദേശം. ആ സ്നേഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ല. അത്തരം വേര്‍തിരിവുകള്‍ കല്പിക്കാന് ആരെങ്കിലും ശ്രമിച്ചാല്‍ ഗുരു അതു സഹിക്കുമായിരുന്നില്ല. അങ്ങനെയുള്ള ഗുരുവിനെത്തന്നെ ജാതിയുടെയോ മതത്തിന്റെയോ വേലികെട്ടി അതിനുള്ളില്‍ പ്രതിഷ്ഠിക്കാന്‍ ആരെങ്കിലും ശ്രമിച്ചാലോ? അതില്‍കവിഞ്ഞ ഗുരുനിന്ദയുണ്ടാവാനില്ല. അക്കാര്യം ഓര്‍മിക്കണം. ഓര്‍മിച്ചാല്‍ മാത്രം പോര, അത്തരം ശ്രമങ്ങള്‍ക്കെതിരായി ജാഗ്രത പുലര്‍ത്തണം. ആ ജാഗ്രതയുണ്ടായില്ലെങ്കില്‍ ഗുരു എന്തിനൊക്കെവേണ്ടി നിലകൊണ്ടോ അതിനൊക്കെ എതിരായ പക്ഷത്തേക്കു ഗുരുവിനെ തട്ടിയെടുത്തു കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവും. ഗുരു എന്തിനൊക്കെയെതിരെ പൊരുതിയോ അതിന്റെയൊക്കെ വക്താവായി ഗുരുവിനെത്തന്നെ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവും. അതുണ്ടായിക്കൂട. അത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ അനുവദിക്കില്ല എന്ന് ഉറച്ചുപ്രഖ്യാപിക്കാന്‍ കഴിയണം.
‘മനുഷ്യാണാം മനുഷ്യത്വം ജാതി’ എന്നു പറഞ്ഞ മഹാനുഭാവനാണു ശ്രീനാരായണ ഗുരു. എന്താണ് ആ വരിയുടെ അര്‍ത്ഥം? മനുഷ്യന്റെ ജാതി മനുഷ്യത്വം ആണ് എന്നുതന്നെ. ‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്നാണു ഗുരു പഠിപ്പിച്ചത്. ജാതിയെയും മതത്തെയും കുറിച്ചുള്ള ഗുരുവിന്റെ കാഴ്ചപ്പാടാകെ ഈ വാക്കുകളിലുണ്ട്. എന്നിട്ടും അതൊന്നും മനസ്സിലാവാത്തപോലെ, ഇന്നു ചിലര്‍ പെരുമാറുന്നു. ഇത് നിര്‍ഭാഗ്യകരമാണ്.
ഗുരുവിനു ജാതിയില്ല എന്നു മനസ്സിലാക്കണം. ഗുരുവിനു മതമില്ല എന്നു മനസ്സിലാക്കണം. ലോകത്ത് മനുഷ്യരായിപ്പിറന്ന മുഴുവനാളുകള്‍ക്കും എല്ലാ കാലവും ഗുരുവായിരിക്കേണ്ട ഒരു മഹാവ്യക്തിത്വത്തെ നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി തളച്ചിടുന്നതു ശരിയാണോ?
ഗുരുവിന്റെ ജാതി എന്താണ് എന്ന് ഒരാള്‍ ഒരിക്കല്‍ ഗുരുവിനോടുതന്നെ ചോദിച്ചതും ഗുരു അതിനു കൃത്യമായി മറുപടി പറഞ്ഞതും ചരിത്രം കൃത്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ‘നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും വത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വിഭാഗക്കാര്‍ നമ്മെ അവരുടെ വിഭാഗത്തില്‍പ്പെട്ടവനായി വിചാരിക്കുന്നു. അക്കാരണത്താല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു’. ഇതാണ് ഗുരുവിന്റെതായി ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ള വാക്കുകള്‍. ഒരു സംശയത്തിനും ആ വാക്കുകള്‍ പഴുതു നല്‍കുന്നില്ല. എന്നിട്ടും ഗുരു ഹിന്ദുമതാചാര്യനാണെന്നു പറഞ്ഞാലോ? ഇക്കാര്യങ്ങളില്‍ അന്തിമമായി ഗുരുവിന്റെ സ്വന്തം വാക്കുകള്‍ തന്നെയുള്ളപ്പോള്‍ വ്യാഖ്യാതാക്കള്‍ ആയി നടിച്ച് ആരും പുത്തന്‍ ഭാഷ്യവുമായി ഇറങ്ങേണ്ടതില്ല. ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്ഷികഘട്ടത്തില് ഇതാണു നാം മനസ്സിലുറപ്പിക്കേണ്ട പ്രധാന കാര്യം.
സര്‍വമത സമ്മേളനം എന്ന സങ്കല്‍പ്പം മുന്നോട്ടുവയ്ക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു ശ്രീനാരായണഗുരു. 1924ലായിരുന്നു അത്. ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം’ എന്ന് സമ്മേളനപ്പന്തലില്‍ എഴുതിവച്ചു അദ്ദേഹം. എന്താണ് അതിനര്‍ത്ഥം? മതങ്ങള്‍ തമ്മില്‍ വാദിച്ച് കലഹിക്കരുത് എന്നതുതന്നെ! ‘പല മതസാരവുമേകം’ എന്ന് പഠിപ്പിച്ച ഗുരു ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ആര്യസമാജത്തിന്റെവരെ പ്രതിനിധികളെ പങ്കെടുപ്പിച്ച് സര്‍വമത സമ്മേളനം നടത്തിയ ഗുരുവിന്റെ സ്മൃതി തുടിച്ചുനില്ക്കുന്ന പവിത്രമായ സ്ഥലമാണ് ശിവഗിരി. ആ ശിവഗിരി എന്നും എല്ലാവര്ക്കും അവകാശപ്പെട്ടതായിത്തന്നെ തുടരണം. ‘ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം’ എന്നതായിരുന്നല്ലോ ഗുരുവിന്റെ സങ്കല്പം. അരുവിപ്പുറമായാലും ചെമ്പഴന്തിയായാലും ശിവഗിരിയായാലും ഗുരുവുമായി ബന്ധപ്പെട്ട ഏതു സ്ഥാനവും സ്ഥാപനവും എല്ലാവര്‍ക്കുമായി എന്നും തുറന്നിരിക്കണം. ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ മാത്രമായി പരിമിതപ്പെട്ടുപോകരുത്.
എസ്എന്‍ഡിപി യോഗത്തിന്റെ സമ്മേളനത്തില്‍ ഗുരു അവസാനം പങ്കെടുത്തത് കോട്ടയത്തുവച്ചാണ്. ആ സമ്മേളനത്തില്‍വച്ച് ഗുരു നല്കിയ സംഘടനാ സന്ദേശം എല്ലാവരും മനസ്സിലുറപ്പിക്കണം. ‘സംഘടനയുടെ ഉദ്ദേശ്യം ഒരു പ്രത്യേക വര്‍ഗക്കാരെ മാത്രം ചേര്‍ത്ത് ഒരു സമുദായത്തെ സൃഷ്ടിക്കുക എന്നതാവരുത്’ എന്നാണ് ആ അവസാന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഗുരു ഓര്‍മിപ്പിച്ചത് എന്ന കാര്യം വിസ്മരിച്ചുകൂടാ. നമ്മുടെ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി ചേര്‍ക്കുന്നതായിരിക്കണം എന്നുകൂടി ഗുരു അന്ന് പറഞ്ഞുവച്ചു. ഇതില്‍നിന്നൊക്കെ ഗുരുവിന്റെ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള സങ്കല്പം വ്യക്തമാവുന്നുണ്ട്. ഇതു കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഗുരുവിനെ ജാതിമത കള്ളികളിലേക്ക് പരിമിതപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നതിനെ ഗുരുവിനെ ആദരിക്കുന്നവര്‍ എതിര്‍ക്കേണ്ടതുണ്ട്.
മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്നാണ് ഗുരു പറഞ്ഞത്. മതമേതായാലും എന്നുള്ളത് ശ്രദ്ധിക്കണം. മതമേതായാലും കുഴപ്പമില്ല എന്നും ഒരു മതവും ഇല്ലെങ്കിലും കുഴപ്പമില്ല എന്നും അല്ലേ അതിന്റെ ശരിയായ അര്‍ഥം. മതത്തിനല്ല, മനുഷ്യനാണ് പ്രാധാന്യം എന്നല്ലേ ഗുരു ഉദ്ദേശിച്ചത്. ഇത്രയേറെ പുരോഗമനപരമായി ഉണര്‍ന്നു ചിന്തിച്ച ഗുരുവിനെ ഏതെങ്കിലും ഒരു മതത്തിന്റെ കള്ളിയിലൊതുക്കണോ? ഗുരുവിനെ താഴ്ത്തിക്കെട്ടലല്ലേ അത് എന്ന് ആലോചിക്കണം. മതത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന ഒരാള്‍ക്ക് മുമ്പോട്ടുവയ്ക്കാവുന്ന ചിന്തയല്ല ‘മതമേതായാലും’ എന്നത്. മതം അപ്രധാനവും മനുഷ്യന് പ്രധാനവും എന്ന അര്‍ഥത്തില്‍ത്തന്നെയാണത് മനസിലാക്കേണ്ടത്. പക്ഷേ, ഒരു കാര്യമുണ്ട്. മതം അദ്ദേഹത്തിന്റെ വിമര്‍ശനപരമായ വിലയിരുത്തലുകള്‍ക്ക് അധികം വിഷയമായിട്ടില്ല. അതിന് കാരണവുമുണ്ട്. മതാന്ധതയേക്കാള്‍ ജാത്യാന്ധത നിറഞ്ഞ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിന് മുമ്പില്‍. അതുകൊണ്ടുതന്നെ ജാതിയുടെ അന്ധത തുടച്ചുനീക്കുന്നതിലായി അക്കാലത്ത് അദ്ദേഹത്തിന്റെ അടിയന്തരശ്രദ്ധ.
ഈ ജാതീയതയാകട്ടെ, സവര്‍ണര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ക്കും അവര്‍ണര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടവര്‍ക്കുമിടയില്‍ മാത്രമായിരുന്നില്ല. ഈഴവരുടെ ഇടയില്‍ത്തന്നെയും അന്ന് ആഢ്യന്മാരും അല്ലാത്തവരും എന്ന വേര്‍തിരിവുണ്ടായിരുന്നു. ഈഴവസമുദായത്തിലെ ഒരു ആഢ്യപ്രമാണിയുടെ വീട്ടില്‍ വിവാഹത്തിന്റെ സദ്യയ്ക്കുചെന്ന കുമാരനാശാനെ ആഢ്യന്മാരുടെ പന്തിയിലിരിക്കാന്‍ സമ്മതിക്കാതെ ഇറക്കിവിട്ട സംഭവമുണ്ട്. സ്വന്തം സമുദായത്തിലെ ആഢ്യപ്രമാണി ഇറക്കിവിട്ട ദിവസംതന്നെ എ ആര് രാജരാജവര്‍മ സ്വന്തം വീടിനകത്ത് ഒപ്പമിരുത്തി തനിക്ക് ഊണുനല്കിയ സംഭവം ആശാന് കണ്ണീരോടെ പിന്നീട് അനുസ്മരിച്ചിട്ടുമുണ്ട്. സഹോദരന് അയ്യപ്പന് പിന്നീട് മിശ്രഭോജനം നടത്തിയപ്പോള്‍ ഈഴവപ്രമാണിമാരില്‍ ചിലര്‍തന്നെ അതിനെ എതിര്‍ത്തുവെന്നതും ചരിത്രം. ഈഴവര്‍ അവര്‍ക്ക് താഴെയുള്ളതെന്ന് കരുതപ്പെട്ട ജാതിയില്‍പെട്ടവര്‍ക്ക് ഒപ്പമിരുന്ന് ആഹാരം കഴിക്കാന്‍ തയ്യാറായിരുന്നില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ ജാതിവിവേചനം ഗുരുവിന്റെ പ്രധാന പരിഗണനയായത് സ്വാഭാവികം മാത്രമാണ്.
ഗുരു വിഗ്രഹപ്രതിഷ്ഠ നടത്തി എന്നുപറഞ്ഞ് വിഗ്രഹപ്രതിഷ്ഠകള്‍ വ്യാപകമാക്കാനും ഗുരു ക്ഷേത്രം സ്ഥാപിച്ചു എന്നുപറഞ്ഞ് ക്ഷേത്രങ്ങള്‍ കൂടുതലായി നിര്‍മിക്കാനും ഇക്കാലത്ത് ശ്രമം നടക്കുന്നുണ്ട്. വിഗ്രഹങ്ങളുടെയും ക്ഷേത്രങ്ങളുടെയും കാര്യത്തില്‍ ഗുരു എന്താണ് അര്‍ത്ഥമാക്കിയത് എന്നത് കാണാതിരുന്നുകൂട.
അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരു പിന്നീട് ചിലയിടങ്ങളില്‍ പ്രതീകങ്ങളെയാണ് പ്രതിഷ്ഠിച്ചത്. കളവങ്കോടത്താകട്ടെ കണ്ണാടിയാണ് പ്രതിഷ്ഠിച്ചത്. ചിലയിടത്ത് അക്ഷരം പ്രതിഷ്ഠിച്ചു. മറ്റുചിലയിടത്ത് ദീപം പ്രതിഷ്ഠിച്ചു. വിഗ്രഹത്തിനും വിഗ്രഹാരാധനയ്ക്കും അമിതപ്രാധാന്യം കല്പ്പിച്ചിരുന്നെങ്കില് ഗുരു കണ്ണാടിയും മറ്റും പ്രതിഷ്ഠിക്കുമായിരുന്നോ? കളവങ്കോടത്ത് കണ്ണാടി പ്രതിഷ്ഠിച്ചതിലൂടെ ഗുരു പകരാന്‍ ശ്രമിച്ച അര്‍ഥം ‘നിങ്ങള്‍ നിങ്ങളെത്തന്നെ മനസ്സിലാക്കണം’ എന്നതല്ലേ? അത് കാണാതിരിക്കാന്‍ പാടുണ്ടോ? കാരമുക്കില്‍ ഗുരു പ്രതിഷ്ഠിച്ചത് ദീപമാണ്. മനസ്സില്‍നിന്ന് ഇരുട്ട് അകലണമെന്ന സന്ദേശമല്ലേ അതിനുപിന്നിലുള്ളത് എന്ന് ചിന്തിക്കണം. മുരുക്കുംപുഴയില്‍ സത്യം, ധര്‍മം, ദയ, ശാന്തി എന്നീ വാക്കുകളാണ് ആലേഖനംചെയ്ത് പ്രതിഷ്ഠിച്ചത്. ഈ മൂല്യങ്ങളില്‍ സമൂഹം അടിയുറച്ചുനില്ക്കണം എന്നതല്ലേ അതിനര്‍ഥം?
ഗുരു നടത്തിയ വിഗ്രഹപ്രതിഷ്ഠകള്‍ക്ക് ചില സന്ദേശങ്ങള്‍ സമൂഹത്തിന് കൊടുക്കുക എന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഗുരു കല്‍പ്പിച്ചിരുന്നില്ല എന്നു ഞാന്‍ പറയുന്നത് ഗുരുവിന്റെതന്നെ വാക്യം മുന്‍നിര്‍ത്തിയാണ്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് ഒരു അവകാശം സ്ഥാപിക്കാനും സാമുദായികമായ ഉച്ചനീചത്വങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനുമാണ്. അക്കാലത്ത് ബ്രാഹ്മണര്‍ക്കേ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ അധികാരമുണ്ടായിരുന്നുള്ളു. ആ അധികാരവും അവകാശവും അവരില്‍നിന്നും സാധാരണക്കാരനുവേണ്ടി പിടിച്ചെടുക്കുകയായിരുന്നു ഗുരു ആ പ്രതിഷ്ഠാകര്‍മത്തിലൂടെ. ഗുരുതന്നെ ഒരു ഘട്ടത്തില്‍ പറഞ്ഞില്ലേ, ‘ഇനി ക്ഷേത്രനിര്‍മാണമല്ല, വിദ്യാലയ നിര്‍മാണമാണ് ജനതയ്ക്ക് വേണ്ടത്’ എന്ന്? പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം എന്നും ഗുരു പറഞ്ഞു. അതിന്റെ അര്‍ഥം മനസ്സിലാക്കാതെ വിഗ്രഹത്തിലും ക്ഷേത്രത്തിലും കേന്ദ്രീകരിച്ചാല്‍ നമുക്ക് നഷ്ടമാകുന്നത് ഗുരു മുമ്പോട്ടുവച്ച മഹത്തായ മാനവികസന്ദേശങ്ങളുടെ സത്തയായിരിക്കും.
ചാതുര്‍വര്‍ണ്യത്തിന്റെ തേര്‍വാഴ്ചയില്‍ ഞെരിഞ്ഞമര്‍ന്നുകിടന്നിരുന്ന ഒരു സമൂഹത്തെ അത്മാഭിമാനം പകര്‍ന്ന് ഉയര്‍ത്തിയെടുക്കുകയും നവോത്ഥാനത്തിന്റെ വെളിച്ചത്തിലൂടെ നയിച്ച് ഉയര്‍ത്തിക്കൊണ്ടുവരികയുമാണ് ഗുരു ചെയ്തത്. അടിമകളെപ്പോലെ കഴിഞ്ഞിരുന്ന ഒരു അധഃസ്ഥിത ജനസമൂഹത്തെ നട്ടെല്ല് നിവര്‍ത്തി തലയുയര്‍ത്തി നില്ക്കാന് കെല്‍പ്പുള്ളവരാക്കി മാറ്റുകയാണ് ഗുരു ചെയ്തത്.
ഒരുവശത്ത് സാമുദായികമായ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനം. മറുവശത്ത് മദ്യപാനംപോലുള്ള ദുസ്വഭാവങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം. ഇനിയുമൊരു വശത്ത് വിദ്യാഭ്യാസത്തിനുവേണ്ടിയും സ്വാശ്രയത്വത്തിനുവേണ്ടിയുമുള്ള പ്രവര്‍ത്തനം. ഈ മൂന്ന് പ്രവര്‍ത്തനപഥങ്ങളെ സമന്വയിപ്പിച്ചു ശ്രീനാരായണ ഗുരു. ഇത് കാണാതെ ഗുരുവിനെ ആത്മീയതയുടെ അന്വേഷകന് മാത്രമായി പരിമിതപ്പെടുത്തിക്കാണരുത്. ഏകാന്തമായ ഏതോ ഗുഹയില്‍ പോയിരുന്ന് ജീവിതാന്ത്യംവരെ പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് ഈ സമൂഹത്തെ മാറ്റിമറിക്കാന്‍ സന്ദേശങ്ങള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും ഇടപെടുകയായിരുന്നു ഗുരു. പ്രാര്‍ത്ഥനയല്ല, പ്രവൃത്തിയേ സാമൂഹ്യമാറ്റം വരുത്തൂ എന്ന് പഠിപ്പിക്കുകയായിരുന്നു ഗുരു.
‘സംഘടനകൊണ്ട് ശക്തരാകണം’ എന്ന മുദ്രാവാക്യം അക്കാലത്ത് എത്രയോ പുരോഗമനപരമായിരുന്നുവെന്നും ഇക്കാലത്തും അത് എത്രയോ പ്രസക്തമാണെന്നും ആലോചിക്കുക. മറ്റൊരു ഗുരുവും ഇങ്ങനെ പറഞ്ഞിട്ടില്ല എന്നും ഓര്‍ക്കുക. വടക്ക് തീയമഹാസഭയും തെക്ക് ഈഴവ മഹാസഭയും ഉള്ള ഘട്ടത്തില്‍ ശ്രീനാരായണഗുരു രൂപപ്പെടുത്തിയ സംഘടനയ്ക്ക് അദ്ദേഹം ജാതിപ്പേരല്ല നല്‍കിയത് എന്നും ഓര്‍മിക്കണം. അവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കണമെന്നല്ലാതെ മറ്റ് വിഭാഗങ്ങള്‍ക്കെതിരെ സംഘടിക്കണമെന്നല്ല അദേഹം പറഞ്ഞിട്ടുള്ളത് എന്നും ഓര്‍മിക്കണം. മാനവികതയുടെ മഹാസന്ദേശമാണ് ഗുരു നല്‍കിയത്. അല്ലാതെ ജാതീയതയുടെ സങ്കുചിത സന്ദേശമല്ല. അയിത്തത്തിന്റെ രൂക്ഷതയ്ക്കെതിരായി ഗാന്ധിജി തന്റെ ‘ഹരിജന്‍’ എന്ന പ്രസിദ്ധീകരണത്തില്‍ ലേഖനമെഴുതിയതിനു പിന്നില്‍പോലും ശ്രീനാരായണ ചിന്തകളുടെ സ്വാധീനമുണ്ട് എന്നുകാണാം.
കാക്കിനാട കോണ്‍ഗ്രസ് സമ്മേളനത്തില്‍ അയിത്തോച്ചാടനപ്രമേയം വന്നതുപോലും ശ്രീനാരായണഗുരുവിന്റെ സ്വാധീനംകൊണ്ടാണ്. ആ പ്രമേയം അവതരിപ്പിച്ച ടി കെ മാധവന് അതിനുവേണ്ട ഊര്‍ജ്ജം ലഭിച്ചത് ശ്രീനാരായണഗുരുവിന്റെ ചിന്തകളില്‍ നിന്നാണ്.
പില്ക്കാലത്ത് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന വൈക്കം, ശുചീന്ദ്രം, തിരുവാര്‍പ്പ്, തളി തുടങ്ങിയ ഇടങ്ങളിലെ സത്യഗ്രഹസമരങ്ങള്‍ സാധ്യമായതുപോലും ചരിത്രത്തില്‍ ശ്രീനാരായണ ഗുരു ഒരു പ്രത്യേക ഘട്ടത്തില്‍ ഇടപെട്ടതുകൊണ്ടുണ്ടായ മാറിയ ചിന്തകള്‍ മൂലമാണ്. ക്ഷേത്രത്തില്‍ കയറി ആരാധിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിനു പിന്നില്‍പ്പോലും അതിന് വളരെമുമ്പ് ജീവിച്ച ഗുരുവിന്റെ ചിന്തകള്‍ പകര്‍ന്ന കരുത്തുണ്ട് എന്ന് കാണാന്‍ വിഷമമില്ല.
സ്വസമുദായത്തില്‍ ഒതുങ്ങുന്നതായിരുന്നില്ല ശ്രീനാരായണ ഗുരുവിന്റെ ഇടപെടല്‍. ശിവഗിരി ആശ്രമത്തിലെ പ്രധാന ഭാഗത്ത് ഹരിജന്‍ കുട്ടികളെ അദ്ദേഹം നിയോഗിച്ചു. ആനന്ദതീര്ത്ഥനെപ്പോലുള്ള ബ്രാഹ്മണ സമുദായത്തിലെ വ്യക്തികളെ പ്രധാന ശിഷ്യന്മാരായി സ്വീകരിക്കുകയും ചെയ്തു. ഈ ആനന്ദതീര്ത്ഥനാണ് പിന്നീട് ഗുരുവായൂര്‍ അമ്പലനടയില്‍ അയിത്തത്തിനെതിരായ പോരാട്ടവുമായി ചെന്നത് എന്നോര്‍ക്കണം.
ബ്രാഹ്മണ സമുദായത്തിലെ മറക്കുടയും ഘോഷസമ്പ്രദായവും അവസാനിപ്പിക്കല്‍, വിധവാവിവാഹം, പുനര്‍വിവാഹം തുടങ്ങിയവ നടപ്പാക്കല്‍ എന്നിവയ്ക്കായി പില്ക്കാലത്ത് ഇ എം എസിന്റെയും വി ടിയുടെയും എം ആര് ബിയുടെയും ഭവത്രാതന് നമ്പൂതിരിയുടെയും ഒക്കെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റങ്ങള്ക്കുപോലും കരുത്തുപകര്‍ന്ന ഘടകങ്ങളിലൊന്ന് ശ്രീനാരായണഗുരു പ്രസരിപ്പിച്ച ചിന്തകളാണ്. ഗുരുവിന്റെ സമകാലികനായിരുന്ന ചട്ടമ്പിസ്വാമികള്‍ അക്കാലത്തുതന്നെ നായര്‍ സമുദായത്തിന്റെ നവീകരണത്തിനുവേണ്ടി നടത്തിയ ശ്രമങ്ങളും ഈ പശ്ചാത്തലത്തില്‍ വിലയിരുത്തേണ്ടതുണ്ട്.
ഈഴവ സമുദായത്തില്‍ തന്നെ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നു. പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങള്‍, മുണ്ടുകൊട, ശൈശവ വിവാഹം, പുലയവിരോധം, കെട്ടുകല്യാണം, പുലകുളി തുടങ്ങി പല വിധത്തിലുള്ള ജീര്‍ണാചാരങ്ങള്‍. ആ അനാചാരങ്ങള്‍ക്കെതിരായ അവബോധം ശ്രീനാരായണഗുരു സമുദായത്തില്‍ പടര്‍ത്തി. അതിന്റെ അലകളാകട്ടെ, ബ്രാഹ്മണ-നായര്‍ സമുദായങ്ങളിലും പുലയ-പറയ സമുദായങ്ങളിലും ഒക്കെ പടര്‍ന്നു. ആ പ്രക്രിയയിലാണ് കേരളം ഭ്രാന്താലയമെന്ന അവസ്ഥയില്‍നിന്ന് പതിയെ മാറിത്തുടങ്ങിയത്.
ഇത്തരമൊരു മനുഷ്യത്വഹീനമായ സാമൂഹ്യാവസ്ഥ നേര്‍ക്കുനേര്‍ കാണുകയും നേരിട്ടനുഭവിക്കുകയും ചെയ്തതുകൊണ്ടുതന്നെയാവണം മോക്ഷപ്രാപ്തിക്കുള്ള ഉപാധികള്‍ തേടിയ സന്യാസിമാരില്‍നിന്ന് വ്യത്യസ്തനായി ശ്രീനാരായണഗുരു ജീവിതപ്രാപ്തിക്കുതകുന്ന വഴികള്‍ തേടി വഴിമാറി സഞ്ചരിച്ചത്. ഏകാന്ത തപസ്സ് വിട്ട് സമൂഹത്തിലേക്കിറങ്ങിയത്. സ്വര്ഗജീവിതത്തെക്കുറിച്ച് പറഞ്ഞ് ജനങ്ങളെ പ്രലോഭിപ്പിക്കാതെ ഈ ലോകജീവിതം മാറ്റിമറിക്കാനുള്ള വഴികളിലൂടെ സഞ്ചരിച്ചത്.
ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാര്‍ക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം കേരളത്തെ സങ്കല്‍പ്പിച്ചത്. അത് സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ.
ഗുരു അവസാനിപ്പിക്കാന്‍ ശ്രമിച്ച ദുരാചാരങ്ങളെല്ലാം അതിശക്തമായി നമ്മുടെ സമൂഹത്തിലേക്ക് മടങ്ങിവരുകയാണ് ഇന്ന്. നിര്‍ഭാഗ്യകരമാണിത്. പുലകുളി പോലുള്ള സാമുദായിക അനാചാരങ്ങള്‍ തിരിച്ചുവരുന്നു. ഗുരുവിന്റെ പേരില്‍ നടത്തുന്ന ഘോഷയാത്രകളില്‍ പോലും ശരീരത്തില്‍ ശൂലം തറച്ചും മറ്റും നീങ്ങുന്നവരെ കാണാന്‍ കഴിയുന്നു. ഇത്തരം അനാചാരങ്ങള്‍ക്കെതിരെയാണ് ഗുരു തന്റെ ജീവിതംകൊണ്ട് പോരാടിയത് എന്നത് മറന്നുകൂട.
ഭ്രാന്താലയമായിരുന്ന കേരളത്തെ ഗുരു അടക്കമുള്ള നവോത്ഥാന നായകര്‍ മനുഷ്യാലയമാക്കി മാറ്റിയെടുത്തു എന്നാണ് നമ്മള് അഭിമാനപൂര്‍വം പറയാറുള്ളത്. എന്നാല്‍, ഈ ആധുനിക കേരളത്തിലാണ് മന്ത്രവാദ കൊലപാതകങ്ങള്‍ വരെ നടക്കുന്നത്.
ഭാര്യ പ്രസവത്തോടെ മരിച്ചത് ജനിച്ച പെണ്‍കുഞ്ഞിന്റെ ജന്മദോഷം കൊണ്ടാണെന്നും ആ പെണ്‍കുട്ടി തുടര്‍ന്നു ജീവിച്ചാല്‍ താനും മരിച്ചുപോകുമെന്നും വിശ്വസിച്ച് ഈ കേരളത്തില്‍ ഒരു മധ്യവയസ്കന് തന്റെ 14 വയസ്സ് പ്രായമായ പെണ്‍കുട്ടിയെ കെട്ടിത്തൂക്കി കൊന്നത് ഈ ആധുനിക കേരളത്തിലാണ്.
അപസ്മാരം അടക്കമുള്ള രോഗങ്ങള്‍ മന്ത്രവാദംകൊണ്ട് മാറ്റിക്കൊടുക്കാം എന്നുപറഞ്ഞ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദുര്മന്ത്രവാദികളുടെ എണ്ണം പെരുകുന്നു. മഷിനോട്ടം, ചാത്തന്‍സേവ, ആഭിചാരകര്‍മങ്ങള്‍ തുടങ്ങിയവ നടത്തിക്കൊടുക്കുമെന്ന് ഒരു ഉളുപ്പുമില്ലാതെ മലയാള പത്രപ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി ചിലര്‍ പരസ്യം കൊടുക്കുന്നു. അതിന്റെ പിന്നാലെ കൂട്ടത്തോടെ ചെന്ന് അന്ധവിശ്വാസികള്‍ കെണിയില്‍ ചാടുന്നു.
ടെലിവിഷന്‍ തുറന്നാല്‍ മന്ത്രമോതിരത്തിന്റെയും ധനാഗമയന്ത്രത്തിന്റെയും വശീകരണയന്ത്രത്തിന്റെയും ഏലസിന്റെയും വലംപിരി ശംഖിന്റെയും ഒക്കെ പരസ്യങ്ങളേ കാണാനും കേള്‍ക്കാനും ഉള്ളൂ എന്നുവന്നിരിക്കുന്നു. അക്ഷയത്രിതീയ എന്നൊരു ‘നാള്’ പരസ്യം ചെയ്ത് അന്ന് സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാകും എന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണാഭരണശാലകള്‍ കോടികള്‍ കൊയ്യുന്നു. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍ പോലും അതിന്റെ പ്രോട്ടോടൈപ്പ് ഉണ്ടാക്കി ചില ശാസ്ത്രജ്ഞന്മാര് തന്നെ മന്ത്രതന്ത്രങ്ങള്ക്കായി വെക്കുന്നു. ചൊവ്വാദോഷത്തിന്റെ പേരുപറഞ്ഞ് ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് വിവാഹം നിഷേധിക്കുന്നു.
ഇതെല്ലാം നടക്കുന്ന കേരളത്തെ നവോത്ഥാന കേരളം എന്ന് നമ്മള് എങ്ങനെ വിളിക്കും. ഇതൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന് നമ്മളെങ്ങനെ ലോകത്തോട് പറയും. ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. സര്‍വ്വശക്തനാണെന്നു പറഞ്ഞ് തുള്ളിവന്ന വെളിച്ചപ്പാടിനെ ‘പക്ഷെ, വായില്‍ പല്ലില്ലല്ലോ’ എന്ന് പരിഹാസത്തോടെ ആക്ഷേപിച്ച് തിരിച്ചയച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണിത്. ചാത്തന് ബാധ ഒഴിപ്പിക്കാന്‍ ചെന്ന ആളോട് ‘ചാത്തന് ഒരു കത്തു തരാം’ എന്നുപറഞ്ഞ ഗുരുവിന്റെ നാട്. ആ നാട്ടിലിന്ന് ദുരാചാരത്തിന്റെ ദുര്‍മൂര്‍ത്തികള്‍ ഉറഞ്ഞുതുള്ളുകയാണ്. ഈ അവസ്ഥയ്ക്ക് അറുതിവരുത്താന്‍ ഉള്ള പ്രചോദനകേന്ദ്രമായാണ് ഗുരുചിന്തകളെ കാണേണ്ടത്. അന്ധവിശ്വാസത്തിന്റെ പേരില്‍ പാവങ്ങളെ ബലിയാടുകളാക്കുന്ന ദുര്‍മന്ത്രവാദങ്ങള്‍ അവസാനിപ്പിക്കാന്‍ അന്ധവിശ്വാസവിരുദ്ധ നിയമങ്ങള്‍ പോലെയുള്ളവ സാധ്യമാകുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. പക്ഷെ, നിയമനിര്‍മാണംകൊണ്ട് മാത്രം മാറ്റാവുന്നതല്ല ഇത്. ആശയപരമായ ബോധവല്‍ക്കരണം വളരെ പ്രധാനമാണ്. അതിന് ആവശ്യമായത്ര ഊര്‍ജം ഗുരുചിന്തകള്‍ നമുക്ക് പകര്‍ന്നുതരുന്നുണ്ട്.
ഏതു നിമിഷത്തിലും ജനാധിപത്യത്തെപ്പോലും റദ്ദാക്കിക്കൊണ്ട് വര്‍ഗീയത ഫാസിസ്റ്റ് രൂപത്തില്‍ ഇന്ത്യയ്ക്കുമേല്‍ പിടിമുറുക്കാമെന്ന നില. ഈ ഘട്ടത്തില്‍ മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി പുനരര്‍പ്പണം നടത്തുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങള്‍ക്ക് വേണ്ടത്ര ഊര്‍ജം പകരുന്നരുണ്ട് ശ്രീനരായണ ഗുരുവിന്റെ സ്മൃതികളും ശിവഗിരിയും. അവിടെനിന്ന് പ്രസരിക്കുന്ന മതാതീതമായ മാനവികതയുടെ സന്ദേശം ലോകത്താകെ പടരേണ്ടതുണ്ട്. ശിവഗിരി തീര്‍ത്ഥാടനം അതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കൂടി ഉപകരിക്കണം എന്ന ചിന്ത പങ്കുവെച്ചുകൊണ്ട് ഉപസംഹരിക്കട്ടെ.