നബാര്‍ഡ് സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ ഉദ്ഘാടനം

സംസ്ഥാനത്തെ സഹകരണ മേഖല കള്ളപ്പണ കേന്ദ്രമല്ല എന്ന് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി വ്യക്തമാക്കിയത് സഹകരണമേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണെങ്കിലും റിസര്‍വ് ബാങ്ക് ഇങ്ങനെ പറഞ്ഞതിന് നന്ദിയുണ്ട്. ഏറ്റവും വലിയ അവമതിപ്പിനാണ് കേരളത്തിലെ സഹകരണ മേഖല ഇരയായത്. ഈ മേഖലയാകെ കള്ളപ്പണക്കാരുടെ കേന്ദ്രമാണെന്നാണ് പ്രചരിപ്പിച്ചത്. ഒപ്പം വിതണ്ഡ സാങ്കേതികവാദങ്ങളും ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ സഹകരണ മേഖലയുടെ വികാരം മനസ്സിലാക്കി നിലകൊണ്ടത് നബാര്‍ഡാണ്. സംസ്ഥാനത്തെ സഹകരണമേഖലയുടെ ശക്തിയും ദൗര്‍ബല്യവും ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ പ്രസ്ഥാനമാണ് നബാര്‍ഡ്. തങ്ങളുടെ കുഞ്ഞുങ്ങളെ പ്രതിസന്ധി ഘട്ടത്തില്‍ ഉപേക്ഷിക്കാന്‍ നബാര്‍ഡ് തയ്യാറായിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡ് കേരള റീജ്യണല്‍ ഓഫീസ് സംഘടിപ്പിച്ച സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ വായ്പാമേഖലയില്‍ ഏറ്റവും മികച്ചത് കേരളത്തിലെ വായ്പാമേഖലയാണെന്നതില്‍ തര്‍ക്കമില്ല. ജനങ്ങളുമായുള്ള ആത്മബന്ധം സഹകരണമേഖലയുടെ പ്രത്യേകതയാണ്. ആ ജനകീയമുഖത്തിന്റെ ഭാഗമായാണ് നീതി സ്റ്റോറുകളും മറ്റും നടത്തുന്നത്. ജനകീയമായ കാര്യങ്ങള്‍ വേണ്ട, ബാങ്കിംഗ് ഇടപാടുകള്‍ മാത്രം മതിയെന്നാണ് പറയുന്നത്. അതുമാത്രമായാല്‍ ജനകീയ സ്ഥാപനമായി നിലനില്‍ക്കാനാവില്ല. ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതലുള്ള സഹകരണ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോള്‍ സ്വീകരിച്ച തെറ്റായ നിലപാട് തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സംബന്ധിച്ച്, വായ്പ സാമ്പത്തിക വികസനത്തിന് നിര്‍ണായകമായ കാലഘട്ടമാണിതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്ക് വായ്പാധിഷ്ഠിത നിക്ഷേപം ആവശ്യമാണ്. ബജറ്റിന്റെ സാധ്യതകള്‍ക്ക് പരിമിതിയുണ്ട്. നോട്ട് പിന്‍വലിക്കലിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ആറ് ശതമാനത്തില്‍ താഴെയായിരിക്കും. സഹകരണ ബാങ്കുകള്‍ക്ക് 24,000 രൂപയേ പിന്‍വലിക്കാന്‍ കഴിയൂ എന്ന നിബന്ധന അടിയന്തരമായി പുന:പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജ്യണല്‍ ഡയറക്ടര്‍ നരസിംഹ സ്വാമി, സംസ്ഥാനതല ബാങ്കിംഗ് സമിതി കണ്‍വീനര്‍ എന്‍.ശിവശങ്കരന്‍, കാത്തലിക് സിറിയന്‍ ബാങ്ക് എം.ഡി സി.വി.ആര്‍ രാജേന്ദ്രന്‍, നബാര്‍ഡ് ഡിജിഎം ഉഷ.പി.ടി, ജനറല്‍ മാനേജര്‍ പി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 2017-18ലെ വായ്പാസാധ്യതകളും മേഖലകളും സംബന്ധിച്ച സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍ 2017-18 മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ച സഹകരണ ബാങ്കുകള്‍ക്കും കര്‍ഷക ഉത്പാദക സ്ഥാപനങ്ങള്‍ക്കും കര്‍ഷക ക്‌ളബ്ബുകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ ധനമന്ത്രി വിതരണം ചെയ്തു. കാര്‍ഷിക വിദഗ്ധനായ ആര്‍.ഹേലിയെ ചടങ്ങില്‍ ആദരിച്ചു.