വിവരാവകാശ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുത്

വിവരാവകാശ നിയമം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കായി വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രേഖകള്‍ ഇരുമ്പു മറയ്ക്കകത്ത് സൂക്ഷിക്കേണ്ട ആവശ്യമില്ല. പൊതുജീവിതത്തിലെ ശുദ്ധി നിലനിര്‍ത്തുന്നതിനാവശ്യമായ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഈ നിയമം ആവശ്യമാണ്. എന്നാല്‍ വ്യക്തിപരമായി ഇത് ദുരുപയോഗം ചെയ്യുന്നത് തിരിച്ചറിയണം. ഇങ്ങനെ ദുരുപയോഗം നടക്കുന്നുണ്ട് എന്ന കാരണത്താല്‍ വിവരങ്ങള്‍ ആര്‍ക്കും നിഷേധിക്കാനും പാടില്ല.

അറിയാനുള്ള അവകാശം സംരക്ഷിക്കുന്ന ഈ നിയമം രാജ്യത്തുണ്ടായ സുപ്രധാന നിയമമാണ്. ഭരണതലത്തില്‍ ജനങ്ങള്‍ക്ക് ഇടപെടാനുള്ള അവസരം ഇത് നല്‍കുന്നു. സര്‍ക്കാരിന്റെ പൊതു അധികാരകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളെല്ലാം ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. ഭരണകൂടം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. അതിന്റെ വിനിയോഗത്തെക്കുറിച്ച് അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്. അഴിമതിക്കാരെ ജനമദ്ധ്യത്തില്‍ തുറന്നുകാട്ടാനും കുറ്റക്കാരെ ശിക്ഷിപ്പിക്കാനും ഈ നിയമത്തിലൂടെ കഴിയും.

അഴിമതിരഹിതവും സുതാര്യവുമായ ഭരണമാണ് നമ്മുടെ നാടിനാവശ്യം. കൂടുതല്‍ ജനങ്ങളിലേക്ക് അഴിമതിരഹിതമായ ഭരണം എത്തിക്കുക എന്നതാണ് വിവരാവകാശ നിയമത്തിന്റെ പ്രസക്തി. അഴിമതിയും തീരുമാനമെടുക്കുന്നതിലെ കാലതാമസവുമാണ് സംശുദ്ധ ഭരണകൂടത്തിന്റെ ഏറ്റവും വലിയ ശത്രു. സമൂഹത്തില്‍ നാള്‍ക്കുനാള്‍ അഴിമതി അര്‍ബുദം പോലെ വ്യാപിക്കുകയാണ്. ഇത് ഭരണവ്യവസ്ഥയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നു. ജനങ്ങളുടെ ക്ഷേമത്തിനായാണ് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ഇത് ലക്ഷ്യപ്രാപ്തിയിലെത്താതെ മറ്റുവഴിയിലൂടെ ചോര്‍ന്നുപോകുന്ന അവസ്ഥ ഒഴിവാക്കുന്നതിന് ഇത്തരം നിയമങ്ങള്‍ ശക്തമായി നിലനില്‍ക്കേണ്ടതുണ്ട്.

പാര്‍ലമെന്റ് ഈ നിയമം പാസാക്കിയ വര്‍ഷം തന്നെയാണ് കേരളത്തിലും ഇത് നടപ്പിലാക്കിയത്. സംസ്ഥാനത്ത് വിവരാവകാശ കമ്മീഷനില്‍ അഞ്ച് കമ്മീഷണര്‍മാരുടെ കുറവുണ്ട്. കോടതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണിതെങ്കിലും കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. വിവരാവകാശ കമ്മീഷനേയും വിവിധ വകുപ്പുകളേയും ബന്ധിപ്പിച്ചുള്ള സോഫ്റ്റ്‌വെയര്‍ എന്ന ആശയം കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അത് സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കും. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ വിവരാവകാശ നിയമത്തെക്കുറിച്ച് ഉള്‍പ്പെടുത്താനും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ., പൊതുഭരണ വകുപ്പ് സെക്രട്ടറി ഷീല തോമസ്, മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍, മുന്‍ വിവരാവകാശ കമ്മീഷണര്‍ എം.എന്‍. ഗുണവര്‍ധനന്‍, നിയമ വിദഗ്ധയും അഡീഷണല്‍ സെക്രട്ടറിയുമായ എസ്.എ. രാജലക്ഷ്മി, സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി എന്‍ വിജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.