ഗുണമേന്‍മയുള്ള വൈദ്യുതി ഉറപ്പാക്കാന്‍ പ്രസരണശേഷി വര്‍ധിക്കണം

വൈദ്യുതി സുരക്ഷാ അന്താരാഷ്ട്ര ശില്‍പശാലയ്ക്ക് തുടക്കമായി ഉപയോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള വൈദ്യുതി എത്തിക്കാന്‍ പ്രസരണശേഷി വര്‍ധിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വൈദ്യുതി ലൈന്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളുണ്ടാകുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടാജ് വിവാന്റയില്‍ സംഘടിപ്പിച്ച വൈദ്യുതി സുരക്ഷ സംബന്ധിച്ച ദ്വിദിന അന്താരാഷ്ട്ര ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിനാകെ വൈദ്യുതി ലഭ്യമാക്കാന്‍ എല്ലാവരുടേയും സഹകരണം അനിവാര്യമാണ്. ലൈന്‍ പോകുന്ന സ്ഥലത്തുള്ള വൃക്ഷങ്ങളാണ് ഒഴിവാക്കേണ്ടി വരുന്നത്. ഭൂമിയും മറ്റ് സംവിധാനങ്ങളും കുഴപ്പമില്ലാതെ അവിടെയുണ്ട്. ഇത് ബോധ്യപ്പെടുത്തി നാടിന്റെ നന്‍മയ്ക്കായി ലൈന്‍ പൂര്‍ത്തിയാകണം എന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഭൂമിക്കടിയിലൂടെയുള്ള ഗ്യാസ് പൈപ്പ് ലൈനുള്‍പ്പെടെയുള്ള കാര്യങ്ങളിലും ഇതേനിലപാടാണുള്ളത്.

സംസ്ഥാനം ഉത്പാദിപ്പിക്കുന്നതും കേന്ദ്രവിഹിതവും ചേര്‍ന്നാലും ആവശ്യമുള്ളതിന്റെ വളരെക്കുറവ് വൈദ്യുതി മാത്രമാണ് ലഭിക്കുന്നത്. മറ്റുസ്ഥലങ്ങളില്‍നിന്ന് എത്തിക്കുന്ന വൈദ്യുതി കൊണ്ടാണ് കാര്യങ്ങള്‍ നിറവേറ്റുന്നത്. ആ വൈദ്യുതി കൃത്യമായി എത്തിക്കണമെങ്കില്‍ പ്രസരണശേഷി വര്‍ധിക്കണം.

സമ്പൂര്‍ണ വൈദ്യുതവത്കരണം ലക്ഷ്യമിട്ടാണ് കെ.എസ്.ഇ.ബിയും സര്‍ക്കാരും നീങ്ങുന്നത്. എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കുമ്പോള്‍ ഗുണമേന്‍മ പ്രധാനമാണ്. കൃത്യമായി വൈദ്യുതി ലഭ്യമാകുക, തുടര്‍ച്ചയായി ലഭിക്കുക, വോള്‍ട്ടേജ് വ്യത്യാസമില്ലാതിരിക്കുക, ഉപയോക്താവിന് പ്രശ്‌നങ്ങളുണ്ടായാല്‍ പരിഹരിക്കുന്നതിന് അതിവേഗത്തില്‍ സംവിധാനം ഒരുക്കാനാവുക എന്നിവകൂടി ചേര്‍ന്നാലേ ഉദ്ദേശിക്കുന്നതലത്തില്‍ എത്താനാകൂ. ചെലവ് കുറഞ്ഞരീതിയിലും, കൂടിയരീതിയിലും ഉത്പാദിപ്പിക്കാനാവുന്ന വൈദ്യുതി പൂള്‍ ചെയ്ത് താങ്ങാവുന്ന വിലയ്ക്ക് നല്‍കുകയാണ് വേണ്ടത്.

ചെറിയ ജലവൈദ്യുത പദ്ധതികള്‍ കൊണ്ടുമാത്രം നാടിന്റെ ആവശ്യം നിറവേറ്റാനാകില്ല. ഒരുകാലത്ത് നല്ലതായി നടന്ന കായംകുളത്തെ എന്‍.ടി.പി.സി വൈദ്യുതിപദ്ധതി ഇപ്പോള്‍ അടഞ്ഞ നിലയാണ്. ഇങ്ങനെയുള്ള വൈദ്യുതികേന്ദ്രങ്ങള്‍ സജീവമാക്കാനാകണം. എന്നാലേ, മെഗാപദ്ധതികള്‍ ഇവിടെയുണ്ടാകൂ. അതോടൊപ്പം താപവൈദ്യുതി നിലയങ്ങളുടെയും സോളാര്‍ വൈദ്യുതിയുടെ കാര്യത്തില്‍ ഗൗരവമായി നീങ്ങേണ്ടതുണ്ട്. 200 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന കാസര്‍കോട് സോളാര്‍നിലയം ഈവര്‍ഷം തന്നെ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇത്തരം നല്ല നീക്കങ്ങള്‍ ഉത്പാദനരംഗത്ത് നടക്കേണ്ടതുണ്ട്.

വൈദ്യുതി ലൈനില്‍ ജോലിചെയ്യുമ്പോള്‍ മരിച്ചുവീഴുന്ന സംഭവങ്ങള്‍ ആവശ്യമായ കരുതല്‍ ഉണ്ടെങ്കില്‍ ഒഴിവാക്കാം. ലൈനില്‍ കയറുമ്പോള്‍ വൈദ്യുതി എവിടെനിന്നാണ് പ്രവഹിക്കുന്നത് എന്നറിഞ്ഞ് വിവരം നല്‍കല്‍ പ്രയാസമുള്ള കാര്യമല്ല. അപകടം ഒഴിവാക്കാനുള്ള കരുതലുകള്‍ നല്ല രീതിയില്‍ ചെയ്യേണ്ടതുണ്ട്. മനുഷ്യജീവനുകള്‍ രക്ഷിക്കാനുള്ള അത്തരം നീക്കങ്ങള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടാകും. വൈദ്യുതി ഉപകരണങ്ങളുടേയും വയറിംഗിന്റെയും ഗുണമേന്‍മ ഉറപ്പുവരുത്താനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ധാരണക്കുറവ് കൊണ്ടും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ നിലവാരക്കുറവ് കൊണ്ടും വൈദ്യുതി അപകടങ്ങളുണ്ടാകുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. ഗുണനിലവാരമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ നടപ്പാക്കിയ വിജയകരമായ മാതൃകകള്‍ പ്രയോഗത്തില്‍ക്കൊണ്ടുവരാനുള്ള ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജി.എസ്.എല്‍.വി ഡയറക്ടര്‍ ആര്‍. ഉമാമഹേശ്വരന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ. വിജയകുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.സി. അനില്‍കുമാര്‍ സ്വാഗതവും അഡീ. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. രാഘവന്‍ നന്ദിയും പറഞ്ഞു. വൈദ്യുതി സുരക്ഷാമേഖലയിലെ നൂതന സംവിധാനങ്ങളെപ്പറ്റി അറിവ് പകരാനും വൈദ്യുതി അപകടരഹിത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇന്ന് (ഫെബ്രുവരി 18) വൈകിട്ട് നാലിന് സമാപനസമ്മേളനത്തില്‍ എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയാ പി. ഐസക് മുഖ്യാതിഥിയായിരിക്കും. സെമിനാറിനോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഹാളില്‍ വൈദ്യുതി സുരക്ഷാ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.