മലയാളത്തെ വൈജ്ഞാനിക ഭാഷയായി ഉയര്‍ത്തണം

ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പോലും മലയാളത്തില്‍ രചിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ മലയാളം വൈജ്ഞാനിക ഭാഷയായി വളരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷാദിനാഘോഷം വിജെടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയുടെ വ്യാപനത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഏതു രംഗത്തും ഏതുരാജ്യത്തെ പൗരനും മാതൃഭാഷ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ അവകാശം ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവര്‍ മലയാളികളാണ്. മാതൃഭാഷയോട് സ്‌നേഹവും കൂറുമില്ലാത്തവരുമായി നാം മാറുന്നത് ഉത്കണ്ഠയോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഭാഷ മലയാളത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഭരണം ഇംഗ്ലീഷിലായാലേ ശരിയാകൂ എന്ന വിചാരമുള്ള ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ട്. കുറിപ്പുകളെല്ലാം മലയാളത്തിലാവണം. ഭരണഭാഷ മലയാളത്തിലാക്കണമെന്ന തീരുമാനത്തിനെതിരെ മന:പൂര്‍വം പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്. കോടതിഭാഷ മലയാളത്തിലാക്കണമെന്ന് എണ്‍പതുകളില്‍ തന്നെ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സാര്‍വത്രികമായി നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തിലും കൂടുതല്‍ ഇടപെടലുകള്‍ വേണ്ടിവരുന്ന അവസ്ഥയാണ്. വളര്‍ന്നു വരുന്ന കുഞ്ഞിന്റെ മനസ്സിന്റെ ഭാഷയാണ് മാതൃഭാഷ. അത് തിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുണ്ട്. ഭാഷയെപ്പറ്റിയുള്ള സമ്മര്‍ദ്ദങ്ങള്‍ കുട്ടികളുടെ വ്യക്തിത്വത്തെ ഞെരിച്ചമര്‍ത്തുമെന്നും ആത്മവിശ്വാസത്തെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയുണ്ടാവും. സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലെ ഭരണഭാഷാ സെല്ലിന്റെ പ്രവര്‍ത്തനം പരിശോധിക്കും. നാംതന്നെ നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കില്‍ ശ്രേഷ്ഠഭാഷാ പദവി കൊണ്ട് കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോവുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വന്നുകൂടരുത്. പുതുക്കലുകളിലൂടെയേ ഭാഷയ്ക്ക് വളരാനാവൂ. ഭാഷയെ നവീകരിച്ച് ശക്തിപ്പെടുത്താനുളള പുനരര്‍പ്പണത്തിന് മാതൃഭാഷാ ദിനാഘോഷം സഹായകമാകട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളം മിഷന്‍ പ്രസിദ്ധീകരിച്ച പൂക്കാലം എന്ന പ്രസിദ്ധീകരണം സുഗതകുമാരിക്കു നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ ഡോ. സുജ സൂസന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. സുഗതകുമാരി മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡോ. സി.ആര്‍ പ്രസാദ്, മലയാളം മിഷന്‍ രജിസ്ട്രാര്‍ സുരേഷ് കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.