മന്ത്രിസഭാ തീരുമാനങ്ങള്‍ 22/02/2017

1. പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ശക്തിപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വകുപ്പ് ആസ്ഥാനത്ത് നിലവിലുളള മൂന്ന് ഡിസൈന്‍ യൂണിറ്റുകള്‍ പുനസംഘടിപ്പിച്ച് ഏഴ് ഡിസൈന്‍ യൂണിറ്റുകള്‍ രൂപീകരിക്കും. എറണാകുളത്തും കോഴിക്കോടും രണ്ട് പുതിയ മേഖലാ ഡിസൈന്‍ ഓഫീസുകള്‍ ആരംഭിക്കും. ഇതിനായി അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരുടെ 18 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. ബാക്കി തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്തും.
ജീവനക്കാരെ പുനര്‍വിന്യസിച്ചുകൊണ്ടു തിരുവനന്തപുരത്ത് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ മേഖലാ ലബോറട്ടറി രൂപീകരിക്കും. എറണാകുളത്തും, കോഴിക്കോടുമാണ് നിലവില്‍ മേഖലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികളുള്ളത്. മൂന്ന് മേഖലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികളിലും പുതിയ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കാനും തീരുമാനിച്ചു.

2. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ധനകാര്യ വകുപ്പിന്റെ വ്യവസ്ഥകള്‍ക്കു വിധേയമായി ശമ്പള പരിഷ്കരണം അനുവദിക്കാന്‍ തീരുമാനിച്ചു.

3. ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് 01-04-2013 മുതല്‍ മുന്‍കാല പ്രാബ്യലത്തോടെ പുതുക്കിയ ശമ്പളം അനുവദിക്കാന്‍ തീരുമാനിച്ചു.

4. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശത്തിന്‍റെ വിസ്തീര്‍ണ്ണം 9107 ച.കീ. ആയി നിജപ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്‍റിനോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു.

5. താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് – 2, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് – 1, പ്രോസസ് സെര്‍വര്‍ – 4, അറ്റന്‍ഡര്‍ – 1 , എന്നീ തസ്തികകള്‍ സൃഷ്ടിക്കും

6. ശരീരത്തില്‍ മണ്ണണ്ണ വീണ് തീപിടിച്ച് മരിച്ച തിരുവനന്തപുരം വിളപ്പില്‍ സ്വദേശി സ്റ്റെല്ലയുടെ മകള്‍ അനിത.എസ്- ന് റവന്യൂ വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ജോലി നല്‍കും.

7. ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഫയല്‍ ചെയ്ത കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി എസ്. ബി. പ്രേമചന്ദ്ര പ്രഭുവിനെ നിയമിച്ചു.

8. തിരുവനന്തപുരം സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ആരോഗ്യ വകുപ്പും ചേര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായത്തോടെ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുളള കേരള ബ്ലെഡ് ബാങ്ക് സൊസൈറ്റിക്ക് ഭരണാനുമതി നല്‍കി.

9. അബ്കാരി കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി എക്സൈസ് വകുപ്പില്‍ നടപ്പാക്കിയിരുന്ന ആംനെസ്റ്റി സ്കീമിന്‍റെ (ഒറ്റത്തവണ തീര്‍പ്പാക്കല്‍) കാലാവധി 2017 മാര്‍ച്ച് 31 ആക്കി നിജപ്പെടുത്തി.

10. പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് കണ്ണൂരില്‍ അന്തര്‍ദേശീയ ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനു തത്വത്തില്‍ അംഗീകാരം നല്‍കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയുളള ഈ പദ്ധതിക്ക് മുന്നൂറു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

11. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുളള ഡ്രെയിനേജുകള്‍ ഫീഡര്‍ റോഡുകള്‍, ലൈറ്റിംഗിനുളള സ്ഥലമെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുളള പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി. പതിനാറ് തോടുകളുടെ നിര്‍മ്മാണത്തിനായി 18.09 കോടി രൂപയുടെയും കാരാത്തോട്, കോത്തേരിതോട് എന്നിവയുടെ വിസ്തീര്‍ണ്ണം കൂട്ടുന്നതിനും, സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനുമായി 31.50 കോടി രൂപയുടെയും ഭരണാനുമതിയാണു നല്‍കിയിട്ടുള്ളത്.അടുത്ത മണ്‍സൂണിനു മുമ്പായി പണി പൂര്‍ത്തിയാക്കണം എന്ന വ്യവസ്ഥയില്‍ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കാനും തീരുമാനിച്ചു.