ജയിലുദ്യോഗസ്ഥര്‍ നിയമവാഴ്ചയില്‍ വിശ്വസിക്കുന്നവരാവണം

ജയില്‍ ഉദ്യോഗസ്ഥര്‍ എല്ലാറ്റിലുമുപരി നിയമവാഴ്ചയെ വിശ്വസിക്കുന്നവരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഈശ്വരനെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് സര്‍ക്കാരിന് പ്രശ്‌നമല്ല. അവര്‍ നിയമവാഴ്ചയെ അംഗീകരിക്കുന്നുണ്ടോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. ഈശ്വരന്‍ പല രൂപത്തിലാണ് വരുന്നത്. കഴിഞ്ഞദിവസം കേരളത്തിലെ ഒരു ജയിലില്‍ പശുവിന്റെ രൂപത്തിലാണ് ഈശ്വരന്‍ വന്നത്. പശുദൈവത്തെ പൂജിക്കാനും ചിലര്‍ തയ്യാറായി. അത് നിയമ വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂജപ്പുരയില്‍ തിരുവനന്തപുരം സിക്കാ, വിയ്യൂര്‍ കണ്ണൂര്‍ സിക്കാ എക്സ്റ്റന്‍ഷന്‍ സെന്ററുകളിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ജയിലുകള്‍ തിരുത്തല്‍ കേന്ദ്രങ്ങളാണ്. കുറ്റവാളികളില്‍ പലരും സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ട് കുറ്റവാളികളായിപ്പോയവരാണ്. കുറ്റവാസനയുള്ള കൊടും കുറ്റവാളികളെയും യാദൃച്ഛികമായി കുറ്റം ചെയ്യേണ്ടിവന്നവരെയും വേര്‍തിരിച്ചു കാണണം. കുറ്റവാളികളെ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടാത്ത വിധത്തില്‍ മാനസികമായ തിരുത്തല്‍ പ്രക്രിയ ജയിലുകളില്‍ നടക്കണമെന്നും യാതൊരുവിധത്തിലുള്ള അഴിമതിയുടെയും ഭാഗമാകില്ലെന്ന് ജയിലുദ്യോഗസ്ഥര്‍ പ്രതിജ്ഞയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വനിതയടക്കം 128 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ട്രെയിനികളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലന കാലയളവില്‍ മികവു പുലര്‍ത്തിയ സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിച്ചു. ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖ, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ട്രെയിനികളുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.