വരള്‍ച്ച: മേയ് അവസാനംവരെ ജലലഭ്യത ഉറപ്പാക്കണം

മേയ് അവസാനംവരെ ജലലഭ്യത ഉറപ്പാക്കുന്ന ജലസ്രോതസ്സുകള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു. സ്രോതസ്സ് ഉറപ്പാക്കി പട്ടിക റവന്യൂവകുപ്പിന് നല്‍കണം. വരള്‍ച്ച നേരിടാനുള്ള നടപടികള്‍ സംബന്ധിച്ച് അവലോകനം നടത്താന്‍ ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലദുരുപയോഗം തടയാന്‍ സ്‌ക്വാഡുകളെ നിയോഗിക്കണം. ജലദുരുപയോഗം തടയാനും ജലസംരക്ഷണത്തിനും വ്യാപക പ്രചാരണം ആരംഭിക്കണം. കുടിവെള്ള വിതരണത്തിനാകണം ജില്ലകളില്‍ പ്രാമുഖ്യം നല്‍കേണ്ടത്. ജില്ലകളില്‍ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ജലസ്രോതസ്സുകളുടെ നിലവാരം ഉറപ്പാക്കണം. മോശമായ സ്രോതസ്സുകളില്‍ എത്രയെണ്ണം ശുചീകരണം നടത്തി ഉപയോഗപ്രദമാക്കാമെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഇതിനായി ജല അതോറിറ്റിയുടെയും ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെയോ സഹായം തേടണം. പുതിയ ഭൂഗര്‍ഭ സ്രോതസ്സുകള്‍ കണ്ടെത്തി കുടിവെള്ള വിതരണത്തിന് ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കണം. 15 ദിവസം കൊണ്ട് ഇത്തരത്തില്‍ പരിശോധന ജില്ലകളില്‍ പൂര്‍ത്തിയാക്കണം. കുടിവെള്ള കിയോസ്‌കുകള്‍ എത്ര സ്ഥലത്ത് സ്ഥാപിക്കാനായി, എത്രമാത്രം ഫലപ്രദമായി എന്ന് മനസിലാക്കി തുടര്‍നടപടികള്‍ കൈക്കൊള്ളണം. ഇത് സംബന്ധിച്ച പ്രതിവാര റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് നല്‍കണം.

കുടിവെള്ള വിതരണത്തിനുള്ള വാഹനങ്ങളുടെ നിരക്ക് ആര്‍.ടി.ഒ നിശ്ചയിക്കുന്ന നിരക്കിലായിരിക്കണം. അതിലും കുറഞ്ഞ നിരക്കില്‍ പഞ്ചായത്തുകള്‍ വഴി കരാര്‍ ഉറപ്പിക്കാനായാല്‍ ആവഴിക്ക് ശ്രമിക്കണം. ടാങ്കറുകള്‍ക്ക് ജി.പി.എസ് ഏര്‍പ്പെടുത്തുന്നതിന് ചെലവ് കൂടുതലെങ്കില്‍ ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഐ.ടി വകുപ്പിന്റെ സഹായം തേടണം. ജില്ലാതല ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആന്റ് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.