എന്‍ഡോസള്‍ഫാന്‍ ധനസഹായ വിതരണം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ കരുതല്‍ കഴിഞ്ഞ പത്തുമാസത്തിനകം പ്രകടമായിട്ടുള്ളതാണ്. കഴിഞ്ഞ ജനുവരിയില്‍ നവകേരളയാത്രയുടെ മുന്നോടിയായി ഒരുദിവസം ദുരിതബാധിതരോടോപ്പം ചെലവഴിക്കുകയും ഈമേഖലയിലെ പൊതുപ്രവര്‍ത്തകരുമായി സംവദിക്കുകയും ചെയ്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പ്രതിജ്ഞാബദ്ധമാണെന്ന് അന്ന് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്ത 127 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു. ദുരിതബാധിതര്‍ക്ക് 1000 രൂപ വീതം ഓണത്തിന് സഹായവും നല്‍കി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുളള സര്‍ക്കാറിന്‍റെ സമീപനം വ്യക്തമാക്കിയതാണ്. ദുരിതബാധിതര്‍ക്ക് 10 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ചു.

ആശ്വാസകിരണം പദ്ധതിയും ചികിത്സാ സഹായവും തുടരുകയാണ്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുളള സെല്‍ പുനഃസംഘടിപ്പിച്ചിട്ടുണ്ട്.

ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം രൂപ വീതവും ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവും
ഗഡുക്കളായി നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതനുസരിച്ച് ആദ്യ രണ്ടു ഗഡുക്കള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് മൂന്നാം ഗഡുവായി 56.76 കോടി രൂപ വിതരണം ചെയ്യുന്നത്.

പൂര്‍ണമായും കിടപ്പിലായ 257 പേര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ആകെ 5.14 കോടി രൂപയാണ് അനുവദിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ച 1161 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 23.22 കോടി രൂപയും ശാരീരിക വൈകല്യം ബാധിച്ച 985 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 9.85 കോടി രൂപയും കാന്‍സര്‍ രോഗികളായ 437 പേര്‍ക്ക് ഒരു ലക്ഷം വീതം ആകെ 4.37 കോടി രൂപയും മരണപ്പെട്ടവരുടെ ആശ്രിതരായ 709 പേര്‍ക്ക് രണ്ടു ലക്ഷം വീതം ആകെ 14.18 കോടി രൂപയുമാണ് അനുവദിച്ചത്. ചികിത്സയ്ക്കായി ബാങ്ക് വായ്പയെടുത്തവരുടെ ജപ്തിനടപടികളിേډല്‍ ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം ഈ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 2006 മുതലാണ് ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ ആരംഭിച്ചത്. അതിനെത്തുടര്‍ന്ന് ഗഡുക്കളായി നഷ്ടപരിഹാരവും പെന്‍ഷനും നല്‍കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്കെതിരെ മുഖം തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. 450 കോടി രൂപയുടെ ക്ഷേമപദ്ധതികള്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നപ്പോഴും കേന്ദ്രസര്‍ക്കാര്‍ കീടനാശിനി കമ്പനികളോടൊപ്പം നില്‍ക്കുകയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കീടനാശിനി കമ്പനികള്‍ മൂന്നു മാസത്തിനകം അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി കാസര്‍കോട്ടെ ദുരിതബാധിത ഗ്രാമപ്രദേശങ്ങളില്‍ നീതിയുടെ വെളിച്ചം തെളിയിക്കുന്നതാണ്. കീടനാശിനി കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാറിനും ഇനി ദുരിതബാധിതരുടെ പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ മനുഷ്യശരീരത്തില്‍ കടന്നാലുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കി നീതിപീഠത്തിന് നിരാകരിക്കാനാകാത്തവിധം നടത്തിയ വാദത്തിന്‍റെ വിജയമാണ് സുപ്രീം കോടതി വിധി. ആറു വര്‍ഷമായി ഡിവൈഎഫ്ഐ നടത്തിയ നീതിക്കുവേണ്ടിയുളള പോരാട്ടത്തിന്‍റെ വിജയമാണിത്. ഈ പോരാട്ടത്തിനെല്ലാം പിന്തുണനല്‍കിയവരെയും വിധിക്കായി ക്ഷമയോടെ കാത്തിരുന്ന ഇവിടത്തെ ജനങ്ങളെയും അഭിവാദ്യം ചെയ്തുകൊള്ളുന്നു. ഏപ്രില്‍ ആദ്യവാരം സ്പെഷല്‍ മെഡിക്കല്‍
ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അടിയന്തിര ചികിത്സ ആവശ്യമുള്ള ദുരിതബാധിതരെ പ്രത്യേകം പരിഗണിക്കുന്നതാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെട്ട മുഴുവന്‍ രോഗികള്‍ക്കും ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നത് സംബന്ധിച്ച് ഉടന്‍ നടപടിയുണ്ടാകുമെന്നും നിങ്ങളെ അറിയിച്ചുകൊണ്ട് ധനസായ വിതരണം ഉദ്ഘാടനം ചെയ്യുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ അഭിവാദനങ്ങള്‍.