ആദ്യ കേരള മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ അടിസ്ഥാനപരമായ പങ്കുവഹിച്ച ഒരു ചരിത്രസംഭവത്തിന്‍റെ അറുപതാം വാര്‍ഷികമാണ് നാം ഇവിടെ ആഘോഷിക്കുന്നത്. ഐക്യകേരളം രൂപപ്പെട്ടശേഷം ഉണ്ടായ ആദ്യ തെരഞ്ഞെടുപ്പിലൂടെ ഉയര്‍ന്നുവന്ന ആദ്യ മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം.

ഇത്രമേല്‍ സന്തോഷത്തോടെ ആഘോഷിക്കാന്‍ നമുക്ക് അധികം രാഷ്ട്രീയാനുഭവങ്ങളില്ല എന്നതാണു സത്യം. തിരു-കൊച്ചി-മലബാര്‍ എന്നിങ്ങനെ വിഘടിച്ചു കിടന്നിരുന്ന പ്രദേശങ്ങളാകെ ഭാഷാടിസ്ഥാനത്തില്‍ ഒന്നായി ഐക്യകേരളം രൂപപ്പെട്ടു എന്നതുതന്നെ മലയാളിയുടെ സ്വപ്നത്തിന്‍റെ സാഫല്യമായിരുന്നു. തൊട്ടുപിന്നാലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പിലൂടെ ഒരു മന്ത്രിസഭ ഉണ്ടാകുന്നു. ആ മന്ത്രിസഭയാകട്ടെ ലോകചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെടും വിധം ബാലറ്റിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയതിന്‍റെ ആദ്യ രാഷ്ട്രീയാനുഭവമായിരുന്നു. ഇങ്ങനെ നോക്കിയാല്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് 1957ല്‍ ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍ വരുന്നതുതന്നെ.

അധികാരത്തില്‍ വന്നതില്‍ മാത്രമല്ല ഈ ചരിത്രം കുറിക്കല്‍ ഉണ്ടായത്. ഭരണത്തിലിരുന്ന ഇരുപത്തെട്ടു മാസങ്ങളിലെ മിക്കവാറും എല്ലാ ഉത്തരവുകളും നടപടികളും നിയമനിര്‍മാണങ്ങളും ചരിത്രം കുറിക്കുന്നതായി. ഒടുവില്‍ 1959ല്‍ അധികാരം നഷ്ടപ്പെട്ടതോ, അതും ചരിത്രം കുറിച്ചു. നിയമസഭയില്‍ ഭൂരിപക്ഷമുള്ള മന്ത്രിസഭയെ ഭരണഘടനയുടെ 356-ാം വകുപ്പുപയോഗിച്ച് ജനാധിപത്യവിരുദ്ധമായി പുറത്താക്കിയ നടപടികളുടെ തുടക്കം എന്ന നിലയില്‍. ഇ എം എസ് മന്ത്രിസഭയുടെ അധികാരനഷ്ടവും അധികാരപ്രാപ്തി എന്ന പോലെ തന്നെ ചരിത്രം കുറിക്കുന്നതായി എന്നര്‍ത്ഥം. ഇത്രമേല്‍ ചരിത്രം സൃഷ്ടിച്ച മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലില്ല.

പല ധാരണകളെയും തിരുത്തിക്കുറിച്ചുകൊണ്ടുകൂടിയാണ് 1957 ചരിത്രം സൃഷ്ടിച്ചത്. സായുധവിപ്ലവത്തിലൂടെ മാത്രമേ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരൂ എന്ന ധാരണ തിരുത്തിക്കുറിച്ചു. ഒരു രാഷ്ട്രത്തിലപ്പാടെയായേ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരൂ എന്ന ധാരണ തിരുത്തിക്കുറിച്ചു. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്‍ററി വഴി അപ്പാടെ നിരാകരിക്കപ്പെടേണ്ടതാണ് എന്ന ധാരണ തിരുത്തിക്കുറിച്ചു. ഇങ്ങനെയുള്ള തിരുത്തിക്കുറിക്കലുകള്‍ കൊണ്ടുകൂടി ആ മന്ത്രിസഭ ചരിത്രം കുറിച്ചു.

അന്നത്തെ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിയമസഭാജയം അപ്രതീക്ഷിതമൊന്നുമായിരുന്നില്ല. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പിലും തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിലും കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ അവിശ്വസനീയമോ അല്‍ഭുതകരമോ ഒന്നുമായിരുന്നില്ല,ചിലര്‍ കരുതുംപോലെ ആ ജയം. എങ്കിലും നിയമസഭയിലേക്കു കമ്യൂണിസ്റ്റ് പാര്‍ടി ഭൂരിപക്ഷം നേടി ജയിച്ചുവന്ന് മന്ത്രിസഭ രൂപീകരിക്കുമെന്നു വന്നപ്പോള്‍ ലോകം തന്നെ അല്‍ഭുതപ്പെട്ടു.

ആ രാഷ്ട്രീയഘട്ടത്തില്‍, മുന്‍ മാതൃകകളില്ലാത്ത സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് പുതുമാതൃകകള്‍ സൃഷ്ടിക്കേണ്ടിയിരുന്നു. കീഴ്വഴക്കങ്ങളുടെ അഭാവത്തില്‍ പുതിയ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കേണ്ടിയിരുന്നു. ആ രാഷ്ട്രീയ വെല്ലുവിളികള്‍ ഫലപ്രദമായി ഏറ്റെടുക്കുകയാണ് അന്ന് കമ്യൂണിസ്റ്റ് പാര്‍ടി ചെയ്തത്. ഒരു രാജ്യത്തിന്‍റെ ഒരു സംസ്ഥാനത്തു മാത്രമായി അധികാരത്തില്‍ വന്നാല്‍ എന്തു ചെയ്യണം? തങ്ങളുടെ സങ്കല്‍പത്തിലുള്ളതല്ലാത്ത ഒരു ഭരണഘടനയുടെ പരിമിതിക്കുള്ളില്‍ നിന്ന് പുതിയ സാഹചര്യത്തെ എങ്ങനെ നേരിടണം? ഈ രാഷ്ട്രീയ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തലായിരുന്നു ആ സര്‍ക്കാര്‍ നേരിട്ട ആദ്യ സമസ്യ.

സോവിയറ്റ് യൂണിയന്‍റെയും ചൈനയുടെയും ഒക്കെ അനുഭവം വ്യത്യസ്തമായിരുന്നു. ഒരു രാജ്യം അപ്പാടെ കമ്യൂണിസ്റ്റ് ഭരണത്തിലാവുകയായിരുന്നു അവിടൊക്കെ. ഇവിടെ അതല്ല സ്ഥിതി. ഒരു രാജ്യത്തിന്‍റെ ഒരു പ്രദേശത്തു മാത്രം കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വരികയാണ്. ഇതായിരുന്നു 1957ലെ മന്ത്രിസഭയുടെ പ്രശ്നം. ആ മന്ത്രിസഭയ്ക്ക് പൂര്‍വ മാതൃകകളുണ്ടായിരുന്നില്ല. ലോകത്തെവിടെയും സമാനസാഹചര്യത്തില്‍, സമാനരീതിയില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നിരുന്നില്ല. അതുകൊണ്ടുതന്നെ എങ്ങനെ മുന്നോട്ടുപോകണം എന്നതു സംബന്ധിച്ച മാതൃകകളുടെ അഭാവത്തില്‍ സ്വന്തമായ മാതൃക സൃഷ്ടിക്കുകയേ കരണീയമായിരുന്നുള്ളു. ആ വെല്ലുവിളി കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്തു.

ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥിതിയില്‍ അതിനെ നിര്‍വചിക്കുന്ന ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന നിലപാടോ മനസ്സിലുള്ളതെല്ലാം ചെയ്യാനാവും എന്ന നിലപാടോ അല്ല കൈക്കൊണ്ടത്. പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കേണ്ടത് എന്നും അതിനുള്ളില്‍ നിന്നുകൊണ്ടു ജനജീവിതത്തിന്
ആശ്വാസം പകരാന്‍ കഴിയുന്നത് പരമാവധി ചെയ്യുമെന്നും ജനങ്ങളോടു പറഞ്ഞു; അവരെ ബോധ്യപ്പെടുത്തി; അവരെ വിശ്വാസത്തിലെടുത്തു. മുഖ്യമന്ത്രി ഇ എം എസ് തന്‍റെ ആദ്യ നയപ്രഖ്യാപനപ്രസംഗത്തില്‍ തന്നെ പരിമിതികളും സാധ്യതകളും
വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്‍ററി വഴി പൂര്‍ണമായും നിരാകരിക്കേണ്ടതാണെന്ന നിലപാടോ എല്ലാം ആത്യന്തികമായി പാര്‍ലമെന്‍ററി വഴിക്കുതന്നെ പരിഹരിച്ചെടുക്കാമെന്ന നിലപാടോ അല്ല കൈക്കൊണ്ടത്. ഒരു സംസ്ഥാനത്തു മാത്രമായി അധികാരത്തില്‍ വരുന്നത് വിപ്ലവവീര്യം കുറച്ചുകളയുമെന്ന നിലപാടോ രാജ്യത്താകെ വരാന്‍ കഴിയുന്ന കാലത്തുമാത്രം അധികാരം മതി എന്ന നിലപാടോ അല്ല കൈക്കൊണ്ടത്. അങ്ങനെ മൗലികമായ ചിന്തകള്‍കൊണ്ടു തീര്‍ത്ത വഴിയാകട്ടെ, ലോകത്തുതന്നെ പുതിയ ഒരു മാതൃക ഉയര്‍ത്തിക്കാട്ടി.

ഭരണഘടനയുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ, അതുവരെ രാജ്യത്ത് പ്രഖ്യാപിച്ചിട്ടും നടപ്പാക്കാതിരുന്നതും എന്നാല്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതുമായ കാര്യങ്ങള്‍ കണ്ടെത്തി മുമ്പോട്ടുപോയി. അതാകട്ടെ, പുതിയ ഒരു മാതൃക സൃഷ്ടിച്ചു. ആ വഴി പിന്നീട് പശ്ചിമ ബംഗാളിനും ത്രിപുരയ്ക്കും മാതൃകയായി എന്നതാണു സത്യം.

നയം മാറ്റം ജനജീവിതത്തില്‍ പ്രതിഫലിച്ചു. കുടികിടപ്പുകാരെ കൈവശഭൂമിയില്‍നിന്ന് ഒഴിപ്പിക്കുന്നതു നിരോധിച്ചുകൊണ്ട് അധികാരത്തില്‍ എത്തിയതിന്‍റെ ആറാം ദിവസം തന്നെ ഇറക്കിയ ഓര്‍ഡിനന്‍സ്, കാര്‍ഷികബന്ധ ബില്‍, വിദ്യാഭ്യാസനിയമം, തൊഴില്‍സമരങ്ങളില്‍ മുതലാളിമാര്‍ക്കുവേണ്ടി പൊലീസ് ഇടപെടുന്നത് അവസാനിപ്പിക്കല്‍, ഭൂപരിഷ്ക്കരണം,
നിയമനം നിഷ്പക്ഷവും നീതിപൂര്‍വകവുമാക്കാന്‍ പി എസ് സി സ്ഥാപിക്കല്‍, അധികാരവികേന്ദ്രീകരണം തുടങ്ങിയ ശ്രദ്ധേയമായ എത്രയോ നടപടികള്‍! സമൂഹത്തില്‍ അത് ദൂരവ്യാപകമായ ചലനങ്ങളാണുണര്‍ത്തിയത്.

കുടിയാډാര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭൂമിയില്‍ അവകാശം സ്ഥാപിച്ചുകൊടുത്തു. കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിച്ചു. കൊടിയ ചൂഷണത്തിന്‍റെ കുത്തകപ്പാട്ട വ്യവസ്ഥ നിര്‍ത്തിച്ചു. ഭൂപ്രഭുക്കളുടെ ഭൂമിക്ക് പരിധി നിര്‍ണയിച്ചു. മിച്ചം വന്ന ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. ഭൂ-ഉടമാബന്ധവും കാര്‍ഷികബന്ധവും അഴിച്ചുപണിതു. അധ്യാപകര്‍ക്ക് ജോലിസ്ഥിരത ഉറപ്പാക്കി. അധ്യാപകരെ പിരിച്ചുവിടുന്നത് അവസാനിപ്പിച്ചു. കേരളത്തിന്‍റെ മുഖച്ഛായ അടിസ്ഥാനപരമായും മാറ്റി ആ സര്‍ക്കാര്‍. ആത്മാഭിമാനമുള്ള ഒരു പുതിയ പൗരന്‍ അങ്ങനെ പിറന്നു. ജډിത്വത്തിനെതിരായ വീറുറ്റ പേരാട്ടങ്ങളുടെ വഴികളിലൂടെയാണ് കമ്യൂണിസ്റ്റുകാര്‍ ജനമനസ്സുകളിലും ഭരണാധികാരത്തിലും കടന്നുചെന്നത്. ആ പോരാട്ടഘട്ടങ്ങളില്‍ മുമ്പോട്ടുവെച്ച മുഖ്യമുദ്രാവാക്യം ഭൂപരിഷ്കരണമായിരുന്നു; കാര്‍ഷികബന്ധങ്ങളുടെ അഴിച്ചുപണിയായിരുന്നു; ജډിമാരുടെ തേര്‍വാഴ്ചകളവസാനിപ്പിക്കലായിരുന്നു.

കുടികിടപ്പുകാരെ എപ്പോള്‍ വേണമെങ്കിലും ജډിക്ക് കുടിലോടെ പറിച്ചെറിയാം. കൂലി കൊടുത്താലായി ഇല്ലെങ്കിലുമായി. കുടിയാന്‍ അടിമയെപ്പോലെ ഭൂസ്വാമിക്കു മുമ്പില്‍ നിന്നുകൊള്ളണം. നിവര്‍ന്നുനിന്നാല്‍ ധിക്കാരമായി കാണും. ഇത്തരമൊരു നീചമായ
നാടുവാഴിത്ത ഭൂപ്രഭുത്വ വാഴ്ച പൊളിക്കാനും ഭൂപരിഷ്കരണമെന്ന പോരാട്ടഘട്ടത്തിലെ മുദ്രാവാക്യം സാക്ഷാല്‍കരിക്കാനുമാണ് ആ മന്ത്രിസഭ ഏറ്റവും വലിയ പ്രാധാന്യം നല്‍കിയത്. ഭൂബന്ധങ്ങള്‍ അഴിച്ചുപണിതതു കേരളത്തിലെ ജാതിഘടനയ്ക്കു കനത്ത പ്രഹരമേല്‍പിക്കല്‍ കൂടിയായി. സമഭാവനയുടേതായ ഒരു അന്തരീക്ഷം കേരളത്തില്‍ രൂപപ്പെടുത്തുന്നതില്‍ അതു വലിയ പങ്കാണു വഹിച്ചത്. കുടിയൊഴിക്കല്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിനു തൊട്ടുപിന്നാലെയാണ് മണ്ണില്‍ പണിയെടുക്കുന്നവനെ കൊടിയ ചൂഷണത്തിന്‍റെ നുകത്തില്‍ കെട്ടിയിടാന്‍ ഭൂപ്രമാണിമാര്‍ ആയുധമാക്കിയിരുന്ന കുത്തകപ്പാട്ട വ്യവസ്ഥ റദ്ദാക്കിയതും. കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചു. മിച്ചഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. സമഗ്രമായ ഭൂപരിഷ്കരണത്തിന്‍റെ പ്രാരംഭം കുറിക്കലായിരുന്നു ആ നടപടികള്‍.

തൊട്ടുപിന്നാലെ തന്നെ കാര്‍ഷികബന്ധങ്ങള്‍ പുനര്‍നിര്‍വചിക്കുന്ന ഭൂപരിഷ്കരണ നിയമനടപടികളിലേക്കു കടന്നു. വടക്കും തെക്കും ഭൂഉടമാബന്ധങ്ങള്‍ ഒരുപോലെ ആയിരുന്നില്ല. മലബാറിന്‍റെയും തിരുവിതാംകൂറിന്‍റെയും സവിശേഷതകള്‍ പഠിച്ച് റിപ്പോര്‍ട്ടുണ്ടാക്കാന്‍ കമ്മിറ്റിയെ വെച്ചു. അങ്ങനെ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിക്കുന്നിടത്തേക്കെത്തി. ഒപ്പം തന്നെ, വിദ്യാഭ്യാസബില്ലും രൂപപ്പെടുത്തി. അധ്യാപകന്‍റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ബില്‍. മാനേജ്മെന്‍റിന്‍റെ അധ്യാപക വിരുദ്ധാധികാരം വെട്ടിമാറ്റുന്ന ബില്‍.

ഇതൊക്കെ കൂടി ആയതോടെയാണ് ആ സര്‍ക്കാരിനെതിരായി സമുദായശക്തികളും മറ്റും തെരുവിലിറങ്ങിയത്. അതു പിന്നീട് ഏതുവിധത്തിലുള്ള നീക്കങ്ങളായി എന്നതിന്‍റെ രാഷ്ട്രീയത്തിലേക്കു ഞാനിപ്പോള്‍ കടക്കുന്നില്ല. അതിനുള്ള സന്ദര്‍ഭമല്ല ഇത്. ഏതായാലും നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തോടെ അണിയറയിലേക്കു പിന്‍വാങ്ങിയ ജാതിവര്‍ഗീയ ശക്തികള്‍ പിന്നീട് രാഷ്ട്രീയത്തിന്‍റെ മുന്‍നിരയിലേക്കു വരുന്നത് ആ ഘട്ടത്തിലാണ്
എന്നത് ചരിത്രസത്യമാണ്. പിന്നീടിങ്ങോട്ട് ഇടയ്ക്കിടയ്ക്ക് ജാതിവര്‍ഗീയ സാമുദായിക ശക്തികളുടെ സമ്മര്‍ദങ്ങളും ഇടപെടലുകളും ഭരണരാഷ്ട്രീയ തലങ്ങളില്‍ ശക്തിയായി വരുന്നത് നാം കണ്ടു എന്നതും സത്യമാണ്. സാമുദായിക വര്‍ഗീയശക്തികളുടെ രാഷ്ട്രീയ രക്ഷാകര്‍തൃത്വമേറ്റെടുക്കുന്ന നടപടി ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപാര്‍ടികളില്‍ ചിലരില്‍നിന്ന് അന്ന് ഉണ്ടായില്ലായിരുന്നെങ്കില്‍ ഈ വിപത്ത് ഇങ്ങനെ ഇവിടെ ശക്തിപ്പെടുമായിരുന്നില്ല എന്നതു പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

കേവലം 28 മാസമേ ഇ എം എസ് മന്ത്രിസഭ അധികാരത്തിലിരുന്നുള്ളു. എന്നാല്‍, ആധുനിക കേരളത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള അടിത്തറ ഒരുക്കാന്‍ അതിനു കഴിഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്ന പ്രക്രിയയ്ക്കിടയില്‍ പുറത്താക്കപ്പെട്ട സര്‍ക്കാരാണത്. എന്നിട്ടും പ്രകടനപത്രികയിലെ 94 ഇനങ്ങളില്‍ 72 എണ്ണവും ആ ഹ്രസ്വകാലയളവില്‍ തന്നെ നടപ്പാക്കി എന്നത് എടുത്തുപറയണം. 1967ല്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴും 57ന്‍റെ തുടര്‍നടപടികളുമായാണ് മുമ്പോട്ടുപോയത്. ഭൂപരിഷ്കരണബില്‍ അടക്കമുള്ളവ ഉദാഹരണങ്ങള്‍. കേരളം ഇപ്പോഴും ഒരു ഗൃഹാതുരത്വത്തോടെയാണ് വി ആര്‍ കൃഷ്ണയ്യരും ജോസഫ് മുണ്ടശ്ശേരിയും എ ആര്‍ മേനോനും ഒക്കെ ഉള്‍പ്പെട്ട ആ മന്ത്രിസഭയെ കാണുന്നത്.

ചുരുങ്ങിയ ഘട്ടത്തിലേ നിലനിന്നുള്ളുവെങ്കിലെന്ത്? ഭൂപരിഷ്കരണത്തിലൂടെ ജډിത്വം നിര്‍മാര്‍ജനം ചെയ്ത സംസ്ഥാനമെന്നും ആ വഴിക്ക് കേരളവികസന മാതൃകയ്ക്ക് അടിത്തറയൊരുക്കിയ സംസ്ഥാനമെന്നുമുള്ള പദവി, 57ലെ ആ മന്ത്രിസഭ കേരളത്തിനു നേടിത്തന്നു.

ഭാവനാപൂര്‍ണമായ വികസനപദ്ധതികളും ആശ്വാസ നടപടികളുമായാണ് 1957ലെ ഇ എം എസ് മന്ത്രിസഭ മുമ്പോട്ടുനീങ്ങിയത്. അത് കാര്‍ഷികബന്ധ പരിഷ്കരണത്തിലും വിദ്യാഭ്യാസ പരിഷ്കരണത്തിലും മാത്രമായി നിന്നില്ല. വടക്കന്‍ ജില്ലകളിലെ വിദ്യാഭ്യാസ പോരായ്മ പരിഹരിക്കാന്‍ വേണ്ടത്ര വിദ്യാലയങ്ങള്‍ അനുവദിക്കല്‍, ജയില്‍ പരിഷ്കാരം, ന്യൂനപക്ഷ സമുദായങ്ങളുടെ ദേവാലയ നിര്‍മാണത്തിനുള്ള വിലക്ക് നീക്കല്‍ തുടങ്ങി എത്രയോ നടപടികള്‍! കര്‍ഷകത്തൊഴിലാളിക്ക് മിനിമം കൂലി, 900 ചെറുകിട ജലസേചന പദ്ധതികള്‍, 1613ല്‍നിന്ന് 2128 ആയി ഫാക്ടറികള്‍ വര്‍ധിക്കുന്ന സ്ഥിതി, ട്രേഡ് യൂണിയന്‍ അവകാശങ്ങളുടെ പരിരക്ഷ, പഞ്ചായത്ത്-ജില്ലാ കൗണ്‍സില്‍ ബില്ലുകള്‍ ഉള്‍പ്പെടെയുള്ള അധികാരവികേന്ദ്രീകരണ നടപടികള്‍, സംവരണത്തിന്‍റെ തോത് വര്‍ധന എന്നിങ്ങനെ എത്രയോ കാര്യങ്ങളില്‍ ആ സര്‍ക്കാരിന്‍റെ സല്‍പ്രവൃത്തികള്‍ പ്രതിഫലിച്ചുനിന്നു. അടിസ്ഥാനപരവും ഊര്‍ജസ്വലവും പുരോഗമനപരവുമായ മാറ്റം എന്ത് എന്ന് കേരളം അനുഭവിച്ചറിയുകയായിരുന്നു. കേരളത്തിന്‍റെ ദിശ മാറുകയായിരുന്നു ആ സര്‍ക്കാരിലൂടെ.

ആ മാറ്റത്തിന്‍റെ പ്രക്രിയയിലാണ് അതുവരെ വിധേയരായി നിന്നവര്‍ ആത്മാഭിമാനത്തോടെ നിവര്‍ന്നുനിന്നത്. കുനിഞ്ഞ ശിരസുകള്‍ ഉയര്‍ന്നത്. ഭയഗ്രസ്തമായ മനസ്സുകള്‍ ധീരതയിലേക്കുണര്‍ന്നത്. പുതിയ മലയാളി പിറന്നത്.

സ്വാഭാവികമായും സ്ഥാപിതതാല്‍പര്യക്കാര്‍ സര്‍ക്കാരിനെതിരെ ഒത്തുകൂടി. കലാപങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങളായി. ‘വിമോചനസമരം’ എന്നു പേരിട്ട ഒരു സമരം അരങ്ങേറി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആ മന്ത്രിസഭ ജനാധിപത്യവിരുദ്ധമായി പുറത്താക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജനാധിപത്യഹത്യയായി അതു ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു.

57ലെ മന്ത്രിസഭ പുറത്താക്കപ്പെട്ടത് ഭൂരിപക്ഷമില്ലാതിരുന്നിട്ടോ ജനവിശ്വാസം നഷ്ടപ്പെട്ടിട്ടോ കാലുമാറ്റമുണ്ടായിട്ടോ അല്ല എന്നോര്‍ക്കണം. ചിലരുടെ അധികാരദുരയും സാമുദായിക രാഷ്ട്രീയവും ഫ്യൂഡല്‍ ജډി മാടമ്പിത്തവും ഒരുമിച്ചുചേര്‍ന്ന് അട്ടിമറി നടത്തുകയായിരുന്നു. കമ്യൂണിസ്റ്റുകാരെ സഹിക്കാന്‍ വയ്യാത്ത അമേരിക്കന്‍ സാമ്രാജ്യത്വം സിഐഎ വഴി അട്ടിമറിക്കുള്ള ഭൗതിക സാഹചര്യങ്ങളൊരുക്കിക്കൊടുത്തു.

പിരിച്ചുവിട്ടതുകൊണ്ട് മന്ത്രിസഭ പോയി. എന്നാല്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ജനപിന്തുണ പോയില്ല. 1957ല്‍ 40.74 ശതമാനം വോട്ടു കിട്ടിയെങ്കില്‍ എല്ലാ സാമുദായികശക്തികളും കഴിയുന്നത്ര രാഷ്ട്രീയ പാര്‍ടികളും എതിര്‍നിരയില്‍ അണിനിരന്നിട്ടും 60ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് വോട്ടു കൂടുകയാണു ചെയ്തത്. വോട്ട് 40.74 ശതമാനത്തില്‍നിന്ന് 43.8 ശതമാനമായി ഉയര്‍ന്നു.

അന്ന്, ജാതി വര്‍ഗീയ മത-സാമുദായിക ശക്തികള്‍ ഒരു പക്ഷത്തും സിഐഎ പോലുള്ള ഒരു സാമ്രാജ്യത്വ ഏജന്‍സി മറുപക്ഷത്തും നിന്നുകൊണ്ട് കേരളത്തിനുപകാരപ്രദമായ നടപടികളുമായി നീങ്ങിയ ഇ എം എസ് മന്ത്രിസഭയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ അതിന് രാഷ്ട്രീയമായി അരങ്ങൊരുക്കുംവിധം നിന്നില്ലായിരുന്നെങ്കില്‍, കേരളത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ചരിത്രം പുരോഗമനപരമായ ഒരു നല്ല വഴിക്കാകുമായിരുന്നു എന്നത് തീര്‍ച്ചയാണ്.

പേട്രിക് മൊയ്നിഹാന്‍റെ ഗ്രന്ഥത്തില്‍ മുതല്‍ അമേരിക്കന്‍ ആഭ്യന്തരവകുപ്പ് ഡീക്ലാസിഫൈ ചെയ്തു പരസ്യപ്പെടുത്തിയ രഹസ്യരേഖകളില്‍ വരെ ഇ എം എസ് മന്ത്രിസഭയെ അട്ടിമറിക്കുന്നതിലെ സിഐഎയുടെ പങ്കാളിത്തവും അമേരിക്ക അതിനായി നല്‍കിയ സാമ്പത്തികസഹായവും മറ്റും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലും, അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യയെ ഛിദ്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തിലും, ജാതിവര്‍ഗീയ സമ്മര്‍ദങ്ങളില്‍നിന്നു രാഷ്ട്രീയത്തെ മോചിപ്പിച്ചെടുക്കേണ്ടതിന്‍റെ ആവശ്യകതയുടെ പശ്ചാത്തലത്തിലും കോണ്‍ഗ്രസ് ഒരു പുനശ്ചിന്തനം നടത്തണം- വിമോചനസമരവും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കിയ നടപടിയും ശരിയായോ എന്ന്. ജനാധിപത്യത്തെയും നാടിന്‍റെ പുരോഗതിയെയും അതു ശക്തിപ്പെടുത്തുകയാണോ യഥാര്‍ത്ഥത്തില്‍ ചെയ്തത് എന്ന്. ആ പരിശോധന കേരളത്തിന്‍റെ പുരോഗതിക്ക് സഹായകമാവുകയേ ഉള്ളൂ.

കോണ്‍ഗ്രസിന്‍റെ തന്നെ സംസ്ഥാന ഭരണങ്ങള്‍ക്കെതിരായി ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിക്കപ്പെടുന്ന അവസ്ഥ പിന്നീട് ഉണ്ടായി. ഈ പശ്ചാത്തലത്തിലെങ്കിലും ഭരണഘടനയുടെ 356-ാം വകുപ്പിന്‍റെ ദുരുപയോഗത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവേണ്ടതല്ലേ? ജനാധിപത്യപരമായി അധികാരത്തിലേറുന്ന മന്ത്രിസഭയെ ജനാധിപത്യവിരുദ്ധമായ ഉത്തരവിലൂടെ പുറത്താക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ഏറ്റുപറയേണ്ടതല്ലേ. ആ പ്രക്രിയക്ക് തുടക്കം കുറിച്ച 59ലെ നടപടി തെറ്റായിപ്പോയി എന്നു ജനങ്ങളോടു സമ്മതിക്കേണ്ടതല്ലേ? ഈ സവിശേഷ ഘട്ടത്തിലെങ്കിലും അതിനുള്ള ജനാധിപത്യപരമായ വിശാലമനസ്കത ഉണ്ടാവും എന്നു ഞാന്‍ കരുതട്ടെ.

ചരിത്രം സൃഷ്ടിച്ച ആ മന്ത്രിസഭയുടെ പൈതൃകം നേരായും അര്‍ഹതപ്പെട്ട സര്‍ക്കാരാണിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേതായി കേരളത്തില്‍ അധികാരത്തിലുള്ളത്. ഇപ്പോള്‍ നടപ്പാക്കിവരുന്ന നാലു മിഷനുകളിലടക്കം ഇതു പ്രതിഫലിച്ചുകാണാം.നാളിതുവരെ നടന്നിട്ടുള്ളവികസന പ്രക്രിയകളില്‍ നിന്നെല്ലാം ഒഴിവാക്കപ്പെട്ട ഏറ്റവും ദുരിതമനുഭവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ഇനിയും അവര്‍ കാത്തിരിക്കേണ്ട എന്ന സന്ദേശമാണ് ഈ മിഷനുകളിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്.

കേരളസംസ്ഥാനം രൂപംകൊണ്ടശേഷം ഭരണത്തില്‍ വന്നിട്ടുള്ളപ്പോഴൊക്കെ കേരളത്തിന്‍റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ അടിത്തറയിട്ട നിരവധി പരിഷ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചരിത്രമാണ് ഇടതുപക്ഷ സര്‍ക്കാരുകളുടേത്. ആ ചരിത്രദൗത്യങ്ങളുടെ കാലിക പ്രസക്തിയുള്ള തുടര്‍ച്ചയായാണ് നവ കേരളം സൃഷ്ടിക്കാനുതകുന്ന നാലു മിഷനുകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

ശുചിത്വവും, മാലിന്യ സംസ്ക്കരണവും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. ആവശ്യത്തിന് മഴ ലഭിക്കുന്നുണ്ടെങ്കില്‍ കൂടി സംസ്ഥാനം ഇടയ്ക്കിടെ വരള്‍ച്ചയുടെ വറുതിയിലേക്ക് വഴുതിവീഴുന്നത് തുടര്‍ക്കഥകളാകുന്നു. ജലം സംരക്ഷിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയില്‍ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതൊക്കെ മനസ്സില്‍ വെച്ചാണ് ഹരിതകേരളം മിഷന്‍ നടപ്പിലാക്കുന്നത്.

സ്വന്തമായി ഭൂമിയില്ലാത്തവര്‍, ആദിവാസി, ദളിത് വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കൊക്കെ സ്വൈരജീവിതമുറപ്പാക്കാന്‍ കഴിയണം. തൊഴിലെടുത്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. വെള്ളവും വെളിച്ചവും ഒക്കെയുള്ള അന്തസ്സുള്ള പാര്‍പ്പിടങ്ങള്‍ നല്‍കാന്‍ കഴിയണം. ലൈഫ് മിഷനിലൂടെ കേരളത്തെ പൂര്‍ണമായും ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കി തീര്‍ക്കുവാന്‍ സാധിക്കും.

വിദ്യാഭ്യാസ മേഖലയില്‍ വിവരസാങ്കേതിക വിദ്യയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെയും ആധുനിക സംവിധാനങ്ങളിലൂടെയും നിലവാരം ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കേണ്ടതായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ നമ്മുടെ സ്കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതോടൊപ്പം ഇവിടുത്തെ വിദ്യാര്‍ഥികളെ ലോകത്തെവിടെയുമുള്ള സമപ്രായക്കാരായ കുട്ടികളോടു മത്സരിക്കാന്‍ പ്രാപ്തരാക്കും.

താങ്ങാനാവാത്ത ചികിത്സാച്ചെലവുകള്‍ സാധാരണക്കാരായ രോഗികളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്നു. പൊതുആരോഗ്യ സംവിധാനത്തിന്‍റെ രോഗാവസ്ഥ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് പാവപ്പെട്ടവരെത്തന്നെയാണ്. അതുകൊണ്ടുതന്നെ ആരോഗ്യരംഗത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ ജനസൗഹൃദപരമാക്കാനാണ് ആര്‍ദ്രം മിഷനിലൂടെ ഉദ്ദേശിക്കുന്നത്.

നാടിന്‍റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു മുമ്പോട്ട് കൊണ്ടുപോവുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. പരിമിതമാണ് നമ്മുടെ ധനശേഷിയെങ്കിലും ആ പരിമിതി ഇതിനു രണ്ടിനും തടസ്സമായിക്കൂടാ എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. ധനശേഷി ആര്‍ജ്ജിച്ചതിനു ശേഷം വികസനം എന്ന് കരുതിയിരുന്നാല്‍ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. ഇതുകൊണ്ടാണ് ഒരുവശത്ത് അടിസ്ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (ഗകകഎആ) കൂടുതല്‍ അധികാരം നല്‍കി പുനഃസംഘടിപ്പിച്ചതും മറുവശത്ത് കടാശ്വാസ പദ്ധതികള്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിരക്കുവര്‍ധന, അടച്ചുപൂട്ടിയ വ്യവസായസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ടുപോകുന്നതും.

1957ലെ മന്ത്രിസഭയുടെ പ്രചോദനമാണ് ഈ വിധത്തിലുള്ള ദ്വിമുഖ പരിപാടികളുമായി ആത്മവിശ്വാസത്തോടെ മുമ്പോട്ടുനീങ്ങാന്‍ വേണ്ട കരുത്ത് നല്‍കുന്നത്. 1957 ഞങ്ങള്‍ക്ക് എക്കാലവും ഒരു പ്രകാശഗോപുരമായിരിക്കും. അതു നീട്ടിത്തരുന്ന വെളിച്ചത്തിലൂടെ തന്നെ പുതിയ കാലത്തിന്‍റെ വെല്ലുവിളികളെ ഏറ്റെടുത്ത് മുമ്പോട്ടുപോകുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് ഉപസംഹരിക്കുന്നു.